താമരശ്ശേരി: ഇക്കഴിഞ്ഞ 20 ാം തിയതിയാണ് വട്ടിപ്പലിശ ഇടപാടിനായി പണയപ്പെടുത്തിയ ഭൂമി തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് പലിശ ഇടപാടുകാരന്റെ വീട്ടുമുറ്റത്ത് വീട്ടമ്മയായ സ്ത്രീ സമരം നടത്തിയത്.
തിരുവമ്പാടി പള്ളിക്കുന്നേല്‍ ഫ്രാന്‍സിസിന്റെ വീട്ടുമുറ്റത്തായിരുന്നു താമരശ്ശേരി പോര്‍ങ്ങോട്ടൂര്‍ ഓടങ്ങല്‍ അനിലിന്റെ ഭാര്യ റീന സമരം നടത്തിയത്.
തന്റെ പേരിലുള്ള നാല് ക്വാര്‍ട്ടേഴ്സ് ഉള്‍ക്കൊള്ളുന്ന 18 സെന്റ് സ്ഥലം മകളുടെ വിവാഹത്തിന് പണം നല്‍കാമെന്ന് പറഞ്ഞതിനാല്‍ ഫ്രാന്‍സിസിന് പണയപ്പെടുത്തിയെന്നും പണം നല്‍കാതെ കബളിപ്പിച്ചുവെന്നുമായിരുന്നു റീനയുടെ പരാതി.
“”ഫ്രാന്‍സിസുമായി വര്‍ഷങ്ങളായി വട്ടിപ്പലിശ ഇടപാട് നടത്തുന്നുണ്ട്. ഒരിക്കല്‍ പണയപ്പെടുത്തിയ ഭൂമി തിരിച്ചുതന്നതില്‍ വിശ്വസിച്ചാണ് വീണ്ടും പണയപ്പെടുത്തിയത്. അനില്‍ നേരത്തെ അഞ്ച് തവണ ലാഭം വാങ്ങുകയും 22000 വീതം മൂന്ന് വര്‍ഷം പലിശ നല്‍കുകയും ചെയ്തു. പിന്നീട് മകളുടെ വിവാഹത്തിന് പണം നല്‍കാമെന്ന് പറഞ്ഞ് ബാങ്കിലായിരുന്ന ആധാരം ഏഴ് ലക്ഷം അടച്ച് ഫ്രാന്‍സിസ് തിരിച്ചെടുക്കുകയും സ്വന്തം പേരിലേക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍ ബാക്കി പണം നല്‍കയില്ല. മധ്യസ്ഥര്‍ ഇടപെട്ടപ്പോള്‍ രണ്ടര ലക്ഷം രൂപ മാത്രം നല്‍കി. മുതലും പലിശയും നല്‍കാന്‍ തയ്യാറാണെങ്കിലും സ്വത്ത് തിരിച്ച് നല്‍കാന്‍ ഫ്രാന്‍സിസ് തയ്യാറാകുന്നില്ല””- റീന പറയുന്നു.
കടക്കെണിയിലായതിനാല്‍ ആത്മഹത്യയുടെ വക്കിലാണെന്നും ഭൂമി തിരിച്ചുനല്‍കിയില്ലെങ്കില്‍ ഫ്രാന്‍സിസിന്റെ വീട്ടുമുറ്റത്ത് ആത്മഹത്യ ചെയ്യുമെന്നുമാണ് റീന പറയുന്നത്. റീനയുടേത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. വട്ടിപ്പലിശക്കാരുടെ ചതിയില്‍ അകപ്പെട്ട് ഭൂമിയും സ്വത്ത് നഷ്ടമാകുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്.
പുതിയ ബാങ്കിംഗ് പോളിസിയുടെ കുഴപ്പംകൊണ്ടാണ് ഇത്തരത്തില്‍ സാധാരണക്കാര്‍ വട്ടിപ്പലിശക്കാരെ സമീപിക്കുന്നതെന്നാണ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫീസ് ഇന്ത്യയുടെ മുന്‍ അഖിലേന്ത്യ പ്രസിഡന്റായ എ.കെ രമേശ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.
“”നാഷണലൈസ് ബാങ്കുകള്‍ മുന്‍പ് ചെയ്ത സേവനങ്ങള്‍ ഇനി മുതല്‍ നല്‍കേണ്ടതില്ലെന്നാണ് വേള്‍ഡ് ബാങ്കിന്റെ നിര്‍ദേശം. അതുവെച്ച് കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. നിയോ ലിബറല്‍ പോളിസിയുടെ ഭാഗമായിട്ട് മൊത്തത്തില്‍ പോളിസിക്കകത്ത് വന്ന മാറ്റം കാരണം മറ്റു മേഖലകളില്‍ നിന്നും സാധാരണക്കാര്‍ പിന്നോട്ടടിക്കുന്നത് പോലെ തന്നെ ഈ മേഖലയിലും പിന്നോട്ട് പോകുന്നു.
1991 ന് ശേഷം ഇതുവരെയുണ്ടായിരുന്ന ബാങ്കിങ് പോളിസി മാറിവരികയാണ്. 40 ശതമാനം പ്രൈവറ്റ് സെക്ടറില്‍ നിന്നും കൊടുക്കേണ്ടിയിരുന്ന വായ്പ 10 ശതമാനമാക്കി ചുരുക്കാനാണ് നിരസിംഹം കമ്മിറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അതിന്റെ ഭാഗമായി പൂര്‍ണമായും നേരത്തെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്ന വായ്പ ചുരുങ്ങിയിരിക്കുന്നു.””- എ.കെ രമേശ് പറയുന്നു.
വളരെ എളുപ്പത്തില്‍ വായ്പ ലഭ്യമാകുന്നു എന്നതുതന്നെയാണ് സാധാരണക്കാരെ സ്വകാര്യ പലിശ ഇടപാടുകാരിലേക്ക് എത്തിക്കുന്നതെന്നാണ് കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് തലവന്‍ വിജയകൃഷ്ണന്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്.
“” ലോണിനായി ആളുകള്‍ ബാങ്കിലേക്ക് വരുമ്പോള്‍ ബാങ്കിന് അതിന്റേതായ നടപടി ക്രമങ്ങള്‍ ഉണ്ട്. വളരെ എളുപ്പത്തില്‍ ലോണ്‍ കൊടുക്കാന്‍ പറ്റില്ല. അതേസമയം ഒരു ജാമ്യവും ആവശ്യപ്പെടാതെ വട്ടിപ്പലിശക്കാരന്‍ ആളുകള്‍ക്ക് വായ്പ കൊടുക്കും. അതുകൊണ്ടാണ് ജനങ്ങള്‍ ഇത്തരത്തില്‍ അവരെ സമീപിക്കുന്നത്. അവര്‍ വീട്ടിലെത്തും. നിത്യേന വന്ന് പൈസ പിരിക്കും. ഇതൊക്കെ ആളുകളെ സംബന്ധിച്ച് സൗകര്യമാണ്. പണം തിരിച്ചു കിട്ടിയില്ലെങ്കില്‍ ഭീഷണിപ്പെടുത്തി അത് വാങ്ങാനുള്ള സംവിധാനം അവന്റെ കൈയിലുണ്ട്.
ബാങ്കില്‍ ലോണിന് വരുകയാണെങ്കില്‍ സ്വത്ത് വേണം. അല്ലെങ്കില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ജാമ്യം വേണം. ഇതൊന്നും ഇതില്‍ ഇല്ല. സഹകരണ ബാങ്കുകള്‍ ഒരു പരിധി വരെ ഇതിന് തടയിട്ടിട്ടുണ്ട്. ഒരു പരിധിവരെ കൊള്ളപ്പലിശക്കാരെ നേരിടാന്‍ കഴിഞ്ഞത് സഹകരണബാങ്കുള്‍ വന്നതുകൊണ്ടാണ്. അത് കുറച്ചുകൂടി ഡെവലപ് ചെയ്താല്‍ സ്ത്രീകള്‍ക്ക് മാത്രമായി ഇത്ര തുക കൊടുക്കണമെന്ന് ഓര്‍ഡര്‍ ഉണ്ടാക്കിയാല്‍ എല്ലാ സഹകരണ ബാങ്കുകളും അതിന് തയ്യാറാകും.”” – വിജയകുമാര്‍ വ്യക്തമാക്കുന്നു.
റിസര്‍വ് ബാങ്കിന്റെ ഗവര്‍ണര്‍ ആവുന്നതിന് മുന്‍പുള്ള രഘുറാം രാജന്റെ റിപ്പോര്‍ട്ടിനകത്ത് വളരെ കൃത്യമായി പറഞ്ഞിരിക്കുന്നത് നാട്ടുംപുറങ്ങളിലെ കര്‍ഷകര്‍ക്ക് പട്ടണങ്ങളില്‍ നിന്നും പാന്റ്‌സ് ധരിച്ചുവരുന്ന ജീവനക്കാരെ വിശ്വാസമില്ലെന്നും പകരം നാട്ടുംപുറത്ത് സദാസമയം തുറന്നുവെച്ച ഗുണ്ടികക്കാരനെയാണ് അവര്‍ക്ക് വിശ്വാസമാണെന്നുമാണ്. അതുകൊണ്ട് എളുപ്പത്തില്‍ ലഭ്യമാകുന്ന ഗുണ്ടികക്കാരനെ ആക്‌സസ് ചെയ്താല്‍ മതിയെന്നായിരുന്നു രഘുറാം രാജന്റെ നിര്‍ദേശമെന്നും എ.കെ രമേശ് പറയുന്നു.
“”മുന്‍ഗണനാ വിഭാഗങ്ങള്‍ക്കായുള്ള നിര്‍വചനം തന്നെ മാറ്റിയിരിക്കുന്നു. ലോകത്താകമാനം ഈ പാവപ്പെട്ട മനുഷ്യന്‍മാര്‍ക്ക് വായ്പ കിട്ടുന്നതിന് വേണ്ടി എന്താണ് സൗകര്യം എന്ന ചോദ്യം പ്രസക്തമാണ്. കണ്‍സള്‍ട്ടേറ്റീവ് ഗ്രൂപ്പ് ഫോര്‍ അസിസ്റ്റന്‍സ് ടു ദ പുവര്‍ (സി.ജി.എ.പി) എന്ന വേള്‍ഡ് ബാങ്കിന്റെ ഒരു ശാഖയുണ്ട്. അവര്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയിരിക്കുന്നത് മിക്ക രാജ്യങ്ങളിലും അമിത പലിശ നിയന്ത്രണ നിയമങ്ങള്‍ ഉണ്ടെന്നും അതുകൊണ്ടാണ് പലിശ കിട്ടാത്തത് എന്നുമാണ്. യഥാര്‍ത്ഥത്തില്‍ പലിശ എത്രയെന്നുള്ളതല്ല പ്രശ്‌നം വായ്പ കിട്ടലാണ്. അതിനാണ് മൈക്രോ ഫൈനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് വെക്കുന്നത്.
ലഘുവായ്പ പദ്ധതിക്ക് വേണ്ടി അവര്‍ 1997 ലഘുവായ്പ ഉച്ചകോടി നടത്തി. മൈക്രോ ഫൈനാന്‍സ് സമ്മിറ്റ് എന്ന രീതിയില്‍. ആ സമ്മിറ്റില്‍ അവര്‍ പറഞ്ഞത് വായ്പ കിട്ടലാണ് പ്രശ്‌നം, പലിശ എത്ര എന്നതല്ല എന്നതാണ്. അതില്‍ അവര്‍ പറഞ്ഞത് സാധാരണക്കാരനും ഇടത്തരക്കാരനും ബാങ്കില്‍ നിന്ന് പുറത്തേക്ക് പോകുകയും അതിന് പകരം മൈക്രോഫൈനാന്‍സുകാര്‍ അവിടെ എത്തുന്നു എന്നുമാണ്.
മൈക്രോ ഇന്‍സ്റ്റിറ്റിയൂഷനിലേക്ക് കടന്നുവരുന്നത് വലിയ മള്‍ട്ടി നാഷണല്‍ കമ്പനികളും വന്‍കിട നിക്ഷേപക തമ്പ്രാക്കളുമാണ്. അവര്‍ക്ക് വന്‍കിട പലിശയക്ക് ഇവര്‍ വായ്പ കൊടുത്തുകൊണ്ടിരിക്കുന്നു. അങ്ങനെയാണ് ആന്ധ്രയില്‍ വലിയ കര്‍ഷക ആത്മഹത്യ പോലും നടന്നത്. അതുകൊണ്ട് തന്നെ ഇത് സര്‍ക്കാര്‍ പൊളിസിയുടെ ഭാഗം തന്നെയാണ്. “”- എ.കെ രമേശ് പറയുന്നു.
അതേസമയം എത്രയാണ് പലിശയെന്നോ എത്ര നഷ്ടം ഉണ്ടെന്നോ ഒന്നും നോക്കാതെ സാധാരണക്കാര്‍ പണം വാങ്ങുകയാണെന്നും വട്ടിപലിശക്കാര്‍ അത് പരമാവധി മുതലെടുക്കുകയുമാണെന്നും വിജയകുമാര്‍ പറയുന്നു.
ഈടായി നല്‍കിയ സ്വത്ത് തിരിച്ചുചോദിക്കുമ്പോള്‍ പലിശ ഇടപാടുകാര്‍ കോടതിയില്‍ പോകാന്‍ ആവശ്യപ്പെടുമെന്നും കടക്കെണിയിലായവര്‍ക്ക് കോടതിയില്‍ പോകാന്‍ കഴിയാത്തതിനാല്‍ സ്വത്ത് നഷ്ടപ്പെടുകയാണ് പതിവെന്നും റീനയുടെ ഭര്‍ത്താവ് അനില്‍ പറയുന്നു. രണ്ടാഴ്ച മുന്‍പ് താമരശ്ശേരി ഡി.വൈ.എസ്.പിക്ക് റീന നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നില്ല. ദമ്പതികള്‍ വീട്ടുമുറ്റത്ത് സമരം ആരംഭിച്ചതോടെ ഫ്രാന്‍സിസ് റൂറല്‍ എസ്.പിക്ക് പരാതി നല്‍കി. രാത്രിയോടെ തിരുവമ്പാടി പൊലീസ് സ്ഥലത്തെത്തുകയും സമരം അവസാനിപ്പിച്ച് സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
2014ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി “ഓപ്പറേഷന്‍ കുബേര” എന്ന പേരില്‍ ഉയര്‍ന്ന പലിശയ്ക്ക് പണം കടമായി നല്‍കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിരുന്നു.
ജില്ലകള്‍ വേര്‍തിരിച്ച് നടത്തിയ അന്വേഷണത്തിലും റെയ്ഡിലും അന്ന് ചെറുകിടക്കാര്‍ മുതല്‍ വമ്പന്മാര്‍ വരെ നിയമനടപടികള്‍ നേരിട്ടിരുന്നു.
എന്നാല്‍ കാലക്രമേണ “ഓപ്പറേഷന്‍ കുബേര”യില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ സംസ്ഥാനത്ത് വീണ്ടും ബ്ലേഡ് മാഫിയ തലപൊക്കിയെന്നാണ് ഉയരുന്ന പരാതി.