|

എന്തിന് യതി നരസിംഹാനന്ദയുടെ വിദ്വേഷ പ്രസംഗം ട്വീറ്റ് ചെയ്തു, നിങ്ങൾക്ക് എഫ്.ഐ.ആർ ഫയൽ ചെയ്യാമായിരുന്നില്ലേ? മുഹമ്മദ് സുബൈറിനോട് അലഹബാദ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലഹബാദ്: യതി നരസിംഹാനന്ദയുടെ വിദ്വേഷ പ്രസംഗം എന്തിനാണ് ട്വീറ്റ് ചെയ്തതെന്നും അതിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാമായിരുന്നില്ലേയെന്ന് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനോട് അലഹബാദ് ഹൈക്കോടതി. യതി നരസിംഹാനന്ദയുടെ വിദ്വേഷ പ്രസംഗം ട്വീറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് തനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെതിരെ മുഹമ്മദ് സുബൈർ നൽകിയ ഹരജി പരിഗണിക്കവെയാണ് അലഹബാദ് ഹൈക്കോടതിയുടെ ചോദ്യം.

യതി നരസിംഹാനന്ദ സമൂഹത്തിൽ വിദ്വേഷം ഉണ്ടാക്കുന്ന വിഷയങ്ങൾ ട്വീറ്റ് ചെയ്യുമ്പോൾ സുബൈറും അത് പോലെ പ്രവർത്തിക്കുകയാണോ എന്ന് കോടതി ചോദിച്ചു.

‘യതി നരസിംഹാനന്ദ സമൂഹത്തിൽ വിദ്വേഷം ഉണ്ടാക്കുന്ന വിഷയങ്ങൾ ട്വീറ്റ് ചെയ്യുമ്പോൾ പൊലീസിൽ പരാതി നൽകുന്നതിന് പകരം നിങ്ങളും അതുപോലെ പെരുമാറുകയാണോ? നിങ്ങൾ അദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ? യതിയുടെ സംസാരം നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്യണം,’ ജസ്റ്റിസ് സിദ്ധാർത്ഥ വർമ, ജസ്റ്റിസ് രാം മനോഹർ നാരായൺ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

എക്‌സിലെ സുബൈറിൻ്റെ പോസ്‌റ്റിലൂടെ അദ്ദേഹം സാമൂഹത്തിൽ വിദ്വേഷം സൃഷ്‌ടിക്കാൻ ശ്രമിക്കുകയാണെന്ന് ഹൈക്കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. യതി നരസിംഹാനന്ദയുടെ വിദ്വേഷ പ്രസംഗം പരാമർശിച്ചും മോശം പെരുമാറ്റം ഉയർത്തിക്കാട്ടിയതും തൻ്റെ സംസാര സ്വാതന്ത്ര്യം ആണെന്ന് സുബൈർ ഹൈക്കോടതിയെ അറിയിച്ചു.

സുബൈർ മാത്രമല്ല, നിരവധി ലേഖനങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഇതേ വിഷയത്തെക്കുറിച്ച് പോസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും അവയിൽ നിന്നും വ്യത്യസ്തമായി സുബൈർ ഒന്നും പറഞ്ഞിട്ടില്ലെന്നും സുബൈറിന്റെ അഭിഭാഷകൻ പറഞ്ഞു. ഒപ്പം തൻ്റെ കക്ഷിയുടെ ട്വീറ്റിന് മൂന്ന് മണിക്കൂർ മുമ്പ് യതിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിന്റെ വാദം ഇനി ഡിസംബർ 20തിന് വീണ്ടും കേൾക്കും.

യതി നരസിംഹാനന്ദയുടെ സഹപ്രവർത്തകൻ്റെ പരാതിയെത്തുടർന്ന് വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയതായി ആരോപിച്ച് സുബൈറിനെതിരെ കഴിഞ്ഞ മാസം ഗാസിയാബാദ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഒക്‌ടോബർ മൂന്നിനാണ് നരസിംഹാനന്ദയുടെ പഴയ പരിപാടിയുടെ വീഡിയോ ക്ലിപ്പ് സുബൈർ പോസ്റ്റ് ചെയ്‌തത്. നരസിംഹാനന്ദ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ അടങ്ങിയ ക്ലിപ്പുകളാണ് സുബൈർ എക്‌സിൽ പോസ്റ്റ് ചെയ്തത്.

Content Highlight: Why Create Social Disharmony? : Allahabad HC Questions Mohd Zubair For Posting On ‘X’ About Yati Narsinghanand Speech Instead Of Filing FIR