| Saturday, 17th October 2020, 10:51 am

സി.പി.ഐ.എം എന്തുകൊണ്ട് പ്രധാനമന്ത്രി പദം നിരസിച്ചു? 'ചരിത്രപരമായ വിഡ്ഢിത്തത്തിന്' പിന്നിലെ കാരണങ്ങള്‍ പറഞ്ഞ് യെച്ചൂരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ ഇടതുപക്ഷ ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധ തീരുമാനമായി വിലയിരുത്തപ്പെടുന്ന പ്രധാനമന്ത്രി പദം നിരസിക്കലിന് പിന്നിലെ കാരണങ്ങള്‍ തുറന്നുപറഞ്ഞ് സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100ാം വാര്‍ഷികത്തോടനുബന്ധിച്ച് എഴുത്തുകാരന്‍ സക്കറിയ മലയാള മനോരമക്ക് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് യെച്ചൂരി അന്ന് പാര്‍ട്ടിയില്‍ നടന്ന ചര്‍ച്ചകളെക്കുറിച്ച് പറഞ്ഞത്.

കോണ്‍ഗ്രസിനും ബി.ജെ.പിക്കും സാധിച്ചതുപോലെ ഇന്ത്യന്‍ രാഷ്ട്രീയത്തെ മൊത്തത്തില്‍ അഭിമുഖീകരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മടിച്ചു. ജ്യോതി ബസുവിന് പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തപ്പോള്‍ അത് നിരസിച്ചത് ഇതിന്റെ ഉദാഹരണമാണ്. നരേന്ദ്ര മോദിയുടെ ഇന്ത്യയില്‍നിന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഒരു ദിവസത്തേക്കെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രി എന്നതുതന്നെ വിപ്ലവമാകില്ലായിരുന്നോ എന്നായിരുന്നു സക്കറിയയുടെ ചോദ്യം.

അന്ന്, കൂട്ടുകക്ഷി സര്‍ക്കാരിന്റെ ഭാഗമാകുമ്പോള്‍, പാര്‍ട്ടിയുടെ സീറ്റുകളുടെ എണ്ണം കുറവായതിനാല്‍ പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നെന്ന് യെച്ചൂരി പറഞ്ഞു. അതേസമയം ജ്യോതി ബസു പ്രധാനമന്ത്രിയായാല്‍, സോവിയറ്റ് യൂണിയന്റെ പതനശേഷം ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രിയെന്ന് ലോകത്തിനു മുന്നില്‍ എടുത്തുകാട്ടാനാവുമെന്നത് ചര്‍ച്ചാവിഷയമായെന്നും യെച്ചൂരി പറഞ്ഞു.

‘ജ്യോതി ബസുവിന്റെ വിഷയമെടുത്താല്‍, ഞങ്ങള്‍ക്ക് പെട്ടെന്ന് പ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്യപ്പെടുന്ന സ്ഥിതിയാണുണ്ടായത്. ഈ വിഷയത്തില്‍ പാര്‍ട്ടിയില്‍ വലിയ തോതില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. പാര്‍ട്ടിക്കു മുന്നിലുള്ള പ്രശ്‌നമിതായിരുന്നു. ഞങ്ങള്‍ക്ക് പാര്‍ലമെന്റിലുള്ളത് 32 പേര്‍ മാത്രമാണ്. ഭൂരിപക്ഷത്തിനും സര്‍ക്കാരുണ്ടാക്കാനും 272 പേര്‍ വേണം.

അപ്പോള്‍ സ്വാഭാവികമായും കൂട്ടുകക്ഷി സര്‍ക്കാരാവും, പാര്‍ട്ടിയുടെ ശക്തി 32 മാത്രമാവും. ഈ 32 വെച്ചുകൊണ്ട്, പ്രകടനപത്രികയില്‍ ജനത്തിനു പാര്‍ട്ടി നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാനാവുമോ? ഇല്ലെങ്കില്‍, പ്രധാനമന്ത്രി വാഗ്ദാനം നടപ്പാക്കുന്നില്ലെന്നും അതു വഞ്ചനയെന്നും ജനം കരുതും. മറ്റൊരു പ്രശ്‌നം, ഞങ്ങളുള്‍പ്പെടുന്ന സഖ്യത്തിലെ 240 പേര്‍. അവരുടെ അജണ്ടകളെ ഞങ്ങള്‍ എതിര്‍ക്കുന്നതാണ്. അപ്പോള്‍, ജ്യോതി ബസു പ്രധാനമന്ത്രിയെന്ന നിലയില്‍ ആ അജണ്ടകള്‍ നടപ്പാക്കുന്നതും ജനവഞ്ചനയാവും.

മറുവശത്ത്, ജ്യോതി ബസു പ്രധാനമന്ത്രിയായാല്‍, സോവിയറ്റ് യൂണിയന്റെ പതനശേഷം ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പ്രധാനമന്ത്രിയെന്ന് ലോകത്തിനു മുന്നില്‍ എടുത്തുകാട്ടാനാവും. അത് രാജ്യാന്തരമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഉത്തേജകമാവും. ഒപ്പം, ഇടത് അജണ്ട ജനത്തിനു മുന്നില്‍ വെക്കാനുള്ള അവസരവും ലഭിക്കും. അതു നടപ്പാക്കാന്‍ ഞങ്ങളെ അനുവദിക്കുന്നില്ല, അതിനാല്‍ കൂടുതല്‍ ഭൂരിപക്ഷം തരിക എന്നു പറയാനാവും. ഇതായിരുന്നു ഭിന്നത.

പ്രധാനമന്ത്രിപദം സ്വീകരിക്കേണ്ടതില്ലെന്നു കേന്ദ്ര കമ്മിറ്റി തീരുമാനിച്ചശേഷം വിഷയം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നിലെത്തി. ചര്‍ച്ച നടന്നു. വോട്ടെടുപ്പുണ്ടായി. ഒടുവില്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇനി അങ്ങനെയൊരു അവസരം വന്നാല്‍, എപ്പോഴെങ്കിലും വരുമെങ്കില്‍, അപ്പോള്‍ കേന്ദ്ര കമ്മിറ്റി തീരുമാനമെടുക്കണം. രണ്ടു വശങ്ങളും പരിഗണിച്ച്, സര്‍ക്കാരിന്റെ നയത്തെ എത്രത്തോളം സ്വാധീനിക്കാനാവും എന്നതു കണക്കിലെടുക്കണം.’ യെച്ചൂരി പറഞ്ഞു.

1996ലാണ് സി.പി.ഐ.എമ്മിന് പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്യപ്പെടുന്നത്. വാജ്‌പേയ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കാനാകാതെ പുറത്തുപോയതിന് പിന്നാലെ പ്രാദേശിക പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച സഖ്യത്തിന്റെ ഭാഗമാകുന്നതിന് വേണ്ടിയായിരുന്നു ഈ വാഗ്ദാനം. എന്നാല്‍ കൂട്ടുകക്ഷി സര്‍ക്കാരില്‍ മാര്‍ക്‌സിസ്റ്റ് ആശയങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് തീരുമാനിച്ചുക്കൊണ്ട് പാര്‍ട്ടി വാഗ്ദാനം നിരസിക്കുകയായിരുന്നു.

അന്ന് ബംഗാള്‍ മുഖ്യമന്ത്രിയും ദേശീയ നേതാവുമായ ജ്യോതി ബസുവിനെയായിരുന്നു പ്രധാനമന്ത്രിയാകാന്‍ ക്ഷണിച്ചിരുന്നത്. പാര്‍ട്ടി നിര്‍ദേശ പ്രകാരം സ്ഥാനം നിരസിച്ചെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധമെന്നായിരുന്നു പിന്നീട് ഈ തീരുമാനത്തെ ജ്യോതി ബസു വിളിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Why CPIM refused the offer to be Prime Minister of India, Sitaram Yechuri explains the reasons

We use cookies to give you the best possible experience. Learn more