| Friday, 9th May 2014, 5:29 pm

വനിതാ കമ്മീഷനെന്താ ഫോണെടുത്താല്‍?

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്ത്രീകള്‍ അത്യാവശ്യത്തിന് വിളിക്കുമ്പോള്‍ ഫോണെടുക്കുവാനും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുവാനും തയ്യാറല്ലാത്ത വനിതാ കമ്മീഷന്‍ ഉദ്യോഗസ്ഥരെ പറഞ്ഞുവിടുന്നതാണ് നല്ലത്. ജോലിയില്ലാതെ എത്രയോ പേര്‍ വെറുതെ നടക്കുന്നുണ്ട്.


അന്വേഷണം/ എം. ഇര്‍ഷാദ്‌

അത്യാവശ്യമായി വനിതാ കമ്മീഷനിലേക്കൊന്നു വിളിക്കണം. വനിതാ കമ്മീഷന്‍ നാടൊട്ടുക്കും റേഡിയോയിലും ടിവിയിലും പോസ്റ്ററിലുമെക്കെ പ്രദര്‍ശിപ്പിക്കുന്ന നമ്പറുകളിലേക്ക് വിളിച്ചു നോക്കാം. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ന്റെ ഔദ്യോഗിക നമ്പറായ 04936- 23000509 ലേക്ക് വിളിച്ചിനോക്കിയിട്ട് ഒരു മറുപടിയുമില്ല. 2302590, 230789, 2309878 എന്ന നമ്പറുകളിലും മറുപടിയില്ല.

പറയാനുള്ള കാര്യം അത്യാവശ്യമാണ്. അതുകെണ്ട് വനിതാ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറി കോണ്‍ടാക്റ്റ് അസ് (contact us) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ നല്‍കിയിരിക്കുന്നത് ഇതേ നാലു നമ്പറുകള്‍ തന്നെ. ഇനി എന്തു ചെയ്യും. കേരളത്തില്‍ വനികള്‍ക്ക് നേരെ എന്ത് അക്രമമുണ്ടായാലും വനിതകള്‍ക്ക് എന്ത് ബോധിപ്പിക്കാനുണ്ടെങ്കിലും ബന്ധപ്പെടുക എന്ന് പറഞ്ഞിട്ട് ബന്ധപ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ എന്ത് ചെയ്യും?

മേല്‍പറഞ്ഞ നമ്പറുകളിലേക്ക് നിങ്ങള്‍ വിളിക്കുകയാണെങ്കില്‍ ഒന്നുകില്‍ ബീപ്.. ബീപ്.. എന്നു കേള്‍ക്കാം. (ബീപ് ശബ്ദം കേട്ടാല്‍ ബ്യുസിയാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല, റിസീവര്‍ ഫോണില്‍ നിന്നും എടുത്തു വച്ചതായിരിക്കാനാണ് സാധ്യത.) അല്ലെങ്കില്‍ നിര്‍ത്താതെ ബെല്ലടിച്ചു കൊണ്ടേയിരിക്കും. ആരും എടുക്കുകയൊന്നുമില്ല.

ഒരുപാട് പണം ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന പ്രചാരണ പരിപാടികള്‍ അര്‍ത്ഥപൂര്‍ണ്ണമാകണമെങ്കില്‍ ഈ നമ്പറുകളില്‍ വിളിച്ചാല്‍ ഫോണെടുക്കാന്‍ കൂടി ആളുണ്ടാകേണ്ടതില്ലേ? എന്തിനാണ് ഒരു ഉപകാരവുമില്ലാത്ത ഒരുപാട് ഉദ്യോഗസ്ഥരെ ഈ ഇനത്തില്‍ തീറ്റിപ്പോറ്റുന്നത്?

സ്ത്രീകള്‍ അത്യാവശ്യത്തിന് വിളിക്കുമ്പോള്‍ ഫോണെടുക്കുവാനും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുവാനും തയ്യാറല്ലാത്ത വനിതാ കമ്മീഷന്‍ ഉദ്യോഗസ്ഥരെ പറഞ്ഞുവിടുന്നതാണ് നല്ലത്. ജോലിയില്ലാതെ എത്രയോ പേര്‍ വെറുതെ നടക്കുന്നുണ്ട്.

എന്തുകൊണ്ടാണ് വനിതാ കമ്മീഷന്‍ ഓഫീസുകളില്‍ ഫോണെടുക്കാത്തതെന്ന് ചോദിക്കാന്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി റോസക്കുട്ടി ടീച്ചറുടെ ഔദ്യോഗിക മൊബൈല്‍ നമ്പറായ 9846068989 ലേക്ക് വിളിച്ചു: ബീപ്.. ബീപ്..

സര്‍ക്കാര്‍ കാര്യം ഇപ്പോഴും മുറ പോലെത്തന്നെ. ഇത് ഒരു വനിതാ കമ്മീഷന്റെ കാര്യം മാത്രമല്ല. ശിശുക്ഷേ വകുപ്പിലോ സാമുഹ്യ ക്ഷേമവകുപ്പിലോ സംഗതി വ്യത്യസ്ഥമാണെന്ന് ആരും ധരിക്കുന്നണ്ടാവില്ല.

We use cookies to give you the best possible experience. Learn more