എന്തുകൊണ്ടാണ് കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയം എതിര്‍ക്കപ്പെടുന്നത്?
Details Story
എന്തുകൊണ്ടാണ് കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയം എതിര്‍ക്കപ്പെടുന്നത്?
ശ്രിന്‍ഷ രാമകൃഷ്ണന്‍
Thursday, 30th July 2020, 7:53 pm

രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അടിമുടി മാറ്റങ്ങള്‍ ഉള്‍ച്ചേര്‍ത്ത പുതിയ വിദ്യാഭ്യാസ നയം കേന്ദ്ര മന്ത്രി സഭ അംഗീകരിച്ചിരിക്കുകയാണ്. പ്രാഥമിക വിദ്യാഭ്യാസ രംഗത്തും, ഉന്നത വിദ്യാഭ്യാസ മേഖലയിലും വലിയ അഴിച്ചുപണി നടത്തിയ വിദ്യാഭ്യാസ നയം ചര്‍ച്ചയാകുമ്പോള്‍ പുതിയ മാറ്റം രാജ്യത്തെ വിദ്യഭ്യാസ മേഖലയെ എങ്ങിനെയെല്ലാം ബാധിക്കുമെന്ന് നാം പരിശോധിക്കേണ്ടതുണ്ട്.

2014ലെ ബി.ജെ.പി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ വിദ്യാഭ്യാസ നയത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് വ്യക്തമാക്കിയിരുന്നു. 34 വര്‍ഷത്തിന് ശേഷമാണ് പുതിയ വിദ്യാഭ്യായ നയം ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 2018 ഡിസംബറിലാണ് മുന്‍ ഐ.എസ്.ആര്‍.ഒ മേധാവികൂടിയായിരുന്ന കെ. കസ്തൂരി രംഗന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖ സമര്‍പ്പിക്കുന്നത്. 2019മെയിലെ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഈ കരട് രേഖ അഭിപ്രായരൂപീകരണത്തിനായി പൊതുമധ്യത്തില്‍ വെക്കുകയും ചെയ്തിരുന്നു.

അന്ന് വിദ്യാഭ്യാസ നയത്തിന്റെ കേന്ദ്രീകൃത സ്വഭാവത്തിനെതിരെയും സംസ്കൃതം നിര്‍ബന്ധിത പാഠ്യവിഷയമാക്കിക്കൊണ്ടുള്ള തീരുമാനത്തിനെതിരെയുമെല്ലാം വലിയ രീതിയില്‍ വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു. ഇതില്‍ ചില മാറ്റങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ നീരീക്ഷകര്‍ ഉന്നയിച്ച പല നിര്‍ണായക വിഷയങ്ങളിലും യാതൊരു മാറ്റവും വന്നിട്ടില്ല. രാജ്യത്തിന്റെ വിദ്യാഭ്യാസ നയം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാത്തതിനെതിരെയും ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇതിന് പുറമെ 90 കളില്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ അവതരിപ്പിച്ച കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം എന്ന പേര് എടുത്ത് കളയുകയും ഇത് വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.

പേരുമാറ്റുന്നത് കൊണ്ട് എന്താണ് പ്രശ്നം?

മാനവവിഭശേഷി എന്ന പേര് മാറ്റി വിദ്യാഭ്യാസവകുപ്പ് എന്നാക്കുന്നത് തെറ്റില്ലെന്ന് തോന്നുമെങ്കിലും ഇതിലൂടെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാഭ്യാസത്തെ സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ നിന്നും മാറ്റി പൂര്‍ണമായും കേന്ദ്രീകൃതമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത് എന്നാണ് വിദ്യാഭ്യാസ നിരീക്ഷകര്‍ ഉന്നയിക്കുന്ന ഒരു പ്രധാന വിമര്‍ശനം. പുതിയ വിദ്യാഭ്യാസ നയത്തില്‍ സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍ കേന്ദ്രം കടന്നുകയറുകയാണ് എന്ന വിമര്‍ശനം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലീലും ഉന്നയിക്കുന്നുണ്ട്.

വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട പോളിസി രൂപീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗം കേട്ടിട്ടേയില്ലെന്ന് കേരളത്തിന്റെ മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ ഇ.ടി മുഹമ്മദ് ബഷീര്‍ പറയുന്നു. പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാതെ ക്യാബിനറ്റ് കൂടി തീരുമാനിക്കേണ്ട കാര്യമാണോ ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസ നയം എങ്ങിനെയായിരിക്കണമെന്നത് എന്ന പ്രസ്‌ക്തമായ മറ്റൊരു ചോദ്യം കൂടി അദ്ദേഹം ഉന്നയിക്കുന്നുണ്ട്.

പതിനെട്ട് വയസുവരെ സാര്‍വത്രിക വിദ്യാഭ്യാസം ഉറപ്പാക്കുമെന്നാണ് പുതിയ വിദ്യാഭ്യാസ നയം പറയുന്നത്. 10 പ്ലസ് ടു എന്ന ഇപ്പോഴത്തെ സമ്പ്രദായത്തിന് പകരം 5+3+3+4 എന്നീ ഘട്ടങ്ങളായിരിക്കും പുതിയ വിദ്യാഭ്യാസ നയത്തിലുണ്ടാവുക. അതായത് മൂന്ന് വയസുമുതല്‍ എട്ട് വയസ്സു വരെയുള്ള ആദ്യ ഘട്ടം. എട്ട് മുതല്‍  11 വരെയുള്ള രണ്ടാം ഘട്ടം 11 മുതല്‍ 14 വരെ മൂന്നാം ഘട്ടം. അംഗന്‍വാടിമുതലുള്ള അല്ലെങ്കില്‍ മൂന്ന് വയസുമുതല്‍ വരെയുള്ള കുട്ടികളെയും സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വലിയ തരത്തിലുള്ള ഘടനാപരമായ വ്യത്യാസമാണ് ഉണ്ടാക്കാന്‍ പോകുന്നത്.

ഇതില്‍ ആറാം ക്ലാസുമുതലുള്ള കുട്ടികള്‍ക്ക് തൊഴില്‍ അധിഷ്ഠിതമായ സ്‌കില്ലുകളും നല്‍കുമെന്ന് പുതിയ വിദ്യാഭ്യാസ നയത്തില്‍ പറയുന്നു. ഇതിന്റെ ഭാഗമായി സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ വിവിധ തൊഴിലധിഷ്ഠിത പാഠഭാഗങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി. തൊഴിലിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് നല്‍കാനും പുതിയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നു. ഈ നയത്തിനെതിരും വലിയ തരത്തിലുള്ള വിമര്‍ശനം ഉയരുന്നുണ്ട്.

ഒമ്പത് വയസുമുതലുള്ള കുട്ടികള്‍ക്ക് തൊഴില്‍ വിദ്യാഭ്യാസം നല്‍കുന്നതോടെ ഇവരില്‍ പലരും ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് എത്താതെ പോകുകയും ഒരു വരേണ്യ വര്‍ഗത്തിന്റെ മാത്രം അവകാശമായി ഉന്നതവിദ്യാഭ്യാസം മാറുമെന്നുമാണ് ഉയരുന്ന അഭിപ്രായം. ഇത് ജാതിവ്യവസ്ഥ നില നില്‍ക്കുന്ന ഇന്ത്യ പോലൊരു സമൂഹത്തില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് പറയുന്നു. ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശന പരീക്ഷ കൂടി വേണമെന്നത് പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നാണ് ഉയരുന്ന മറ്റൊരു വാദം.

പുതിയ വിദ്യാഭ്യാസ നയത്തില്‍ എന്‍ട്രി എക്സിറ്റ് ഓപ്ഷനുകളോട് കൂടി നാല് വര്‍ഷ ബിരുദ പരിപാടികള്‍ അവതരിപ്പിക്കുകയും, എം.ഫില്‍ കോഴ്സുകള്‍ എടുത്ത് കളയുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ബിരുദം നാല് വര്‍ഷമാക്കുന്നത് എന്തിനാണ് എന്നത് കസ്തൂരിരംഗന്‍ കമ്മിറ്റിയ്ക്ക് വ്യക്തമാക്കാന്‍ സാധിച്ചിട്ടില്ലെന്ന്  കെ.എന്‍ ഗണേശ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ ഇനി ഇംഗ്ലീഷ് മീഡിയം ഒഴിവാക്കി കുട്ടികള്‍ക്ക് മാതൃഭാഷയില്‍ പഠിക്കാമെന്ന് പുതിയ വിദ്യാഭ്യാസം നയം നിര്‍ദേശിക്കുന്നു. മാതൃഭാഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന  ഈ തീരുമാനത്തെ പലരും അംഗീകരിക്കുന്നുണ്ട്. അതേസമയം അന്തര്‍ദേശീയ ഭാഷ എന്ന തലത്തില്‍ ഇംഗ്ലീഷ് അവഗണിക്കപ്പെടാന്‍ കഴിയാത്ത തരത്തിലുള്ള പ്രാധാന്യമുണ്ടെന്നും ഇത് മറച്ചുവെച്ചുകൊണ്ട് ഇന്ത്യയ്ക്ക് മുന്നേറാന്‍ സാധിക്കില്ലെന്നും മറ്റൊരു വാദം ഉയരുന്നുണ്ട്.

നേരത്തെ വിദ്യഭ്യാസ നയത്തിന്റെ കരട് രേഖ അവതരിപ്പിച്ച പശ്ചാത്തലത്തില്‍ വലിയ രീതിയില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നത് ഹിന്ദി നിര്‍ബന്ധ ഭാഷയാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവതരിപ്പിച്ച വിദ്യാഭ്യാസ നയത്തില്‍ നിന്ന് ഹിന്ദി നിര്‍ബന്ധ പഠനവിഷയമാക്കുക എന്ന തീരുമാനം നീക്കം ചെയ്തിട്ടുണ്ട്. ത്രിഭാഷ ഫോര്‍മുലയ്ക്കാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. സംസ്‌കൃതം തെരഞ്ഞെടുത്ത് പഠിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അത് ചെയ്യാം. ഇതിന് പുറമെ മറ്റ് ക്ലാസിക്കല്‍ ഭാഷകളും ആവശ്യമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുത്ത് പഠിക്കാം.

കേരളം ഉന്നയിച്ച നിരവധി ആശങ്കകളെ കേന്ദ്രം അവതരിപ്പിച്ച ദേശീയ വിദ്യാഭ്യാസ നയത്തില്‍ അവഗണിച്ചുവെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറയുന്നത്. ഗ്രോസ് എന്‍ റോള്‍മെന്റ് അനുപാതം അമ്പത് ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ കേന്ദ്രം പറയുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട അധിക സാമ്പത്തിക ബാധ്യത എവിടെ നിന്ന് കണ്ടെത്തുമെന്നതിനെക്കുറിച്ച് കേന്ദ്രം പ്രതിപാദിക്കുന്നേയില്ല

അഫിലിയേഷന്‍ സംവിധനത്തെ ഇല്ലാതാക്കുന്നതും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് സ്വയം ഭരണാവകാശം നല്‍കുന്നതും പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെയും ഗ്രാമങ്ങളിലെയും കോളേജുകളെ വലിയ രീതിയില്‍ ബാധിക്കും. ഇതൂകൂടാതെ പൊതു  സ്വകാര്യ സ്ഥാപനങ്ങളെ ഒരേ അളവുകോല്‍ ഉപയോഗിച്ചാണ് ഈ നയത്തില്‍ വിലയിരുത്തിയിരിക്കുന്നത്. ഇത് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ഒരു അതിപ്രസരം വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാക്കുന്നതിന് ഇടയാക്കുമെന്നും നിരീക്ഷണങ്ങളുണ്ട്. വിദ്യാഭ്യാസത്തിന്റെ hg സ്വാകാര്യവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതും വിദ്യാഭാസത്തെ അതിന്റെ ഉള്ളടക്കത്തില്‍ നിന്നും മാറി പൂര്‍ണമായും വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റുന്നതുമാണ് പുതിയ വിദ്യാഭ്യാസം നയമെന്നാണ് ഉയരുന്ന മറ്റൊരു ആക്ഷേപം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക