| Thursday, 8th March 2018, 10:38 am

എന്തുകൊണ്ട് ശ്രീലങ്കന്‍ അഭയാര്‍ത്ഥികളോട് കാണിച്ച കരുണ റോഹിംഗ്യന്‍ മുസ്‌ലീങ്ങളോട് കാണിച്ചുകൂടാ? കേന്ദ്രനയത്തെ സുപ്രീംകോടതിയില്‍ പൊളിച്ചടുക്കി പ്രശാന്ത് ഭൂഷണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു നല്‍കിയ പരിഗണന എന്തുകൊണ്ട് റോഹിംഗ്യന്‍ മുസ്‌ലീങ്ങള്‍ക്ക് നല്‍കിക്കൂടായെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. റോഹിംഗ്യകള്‍ക്കുവേണ്ടി ഹാജരായ അദ്ദേഹം സുപ്രീം കോടതിക്കുമുമ്പാകെയാണ് ഈ ചോദ്യമുയര്‍ത്തിയത്.

കേന്ദ്രവും തമിഴ്‌നാട് സര്‍ക്കാറും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ, ആരോഗ്യകാര്യങ്ങളില്‍ പരിഗണന നല്‍കിയിരുന്നു. എന്നാല്‍ റോഹിംഗ്യകള്‍ക്ക് ഇതും നിഷേധിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“എന്തിനാണ് ഈ വിവേചനം? ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുണ്ടാക്കിയ അതേ നിയമം റോംഹിംഗ്യകള്‍ക്കും ബാധകമാണ്. അവരുടെ കാര്യത്തിലും അത് പ്രാബല്യത്തില്‍ വരുത്തണം.” ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തലവനായ ബെഞ്ചിനുമുമ്പാകെ അദ്ദേഹം അറിയിച്ചു.

മറ്റു രാജ്യങ്ങളില്‍ നിന്നും മുസ്‌ലീങ്ങള്‍ ഒഴികെ, ഹിന്ദുക്കള്‍, സിക്കുകാര്‍ എന്നിങ്ങനെയുള്ളവരെ ഇങ്ങോട്ട് സ്വാഗതം ചെയ്യുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ നയമെന്നും പ്രശാന്ത് ഭൂഷണ്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്തുകൊണ്ട് മറ്റു രാജ്യങ്ങളിലെ മുസ്‌ലീങ്ങള്‍ക്ക് ഇതേ പരിഗണന നല്‍കുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടിഫിക്കേഷനില്‍ “വെല്‍ക്കം” എന്ന വാക്കില്ലെന്നു പറഞ്ഞാണ് മെഹ്ത ഇതിനെ പ്രതിരോധിച്ചത്. എന്നാല്‍ “വെല്‍ക്കം” എന്നത് പെരുപ്പിച്ചു കാണിക്കലായാല്‍ തന്നെ തത്വത്തില്‍ അതല്ലേ നിലവിലെ നയമെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.


Also Read:‘പൊക്കിള്‍ക്കൊടിപോലും മുറിയ്ക്കാതെ അവനെയും എടുത്ത് ഓടി’ പ്രസവത്തിനിടെ ആക്രമിക്കാനെത്തിയ മ്യാന്‍മര്‍ സൈന്യത്തില്‍ നിന്നും രക്ഷപ്പെട്ട കഥ പറഞ്ഞ് റോഹിംഗ്യന്‍ യുവതി


അതേസമയം, റോഹിംഗ്യന്‍ വിഷയവുമായി ബന്ധപ്പെട്ട കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ സുപ്രീം കോടതി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയ്ക്കു പത്തുദിവസത്തെ സമയം അനുവദിച്ചു. മാര്‍ച്ച് 19നാണ് ഈ കേസില്‍ വാദം തുടരുക.

മ്യാന്‍മര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ കൂടുതല്‍ റോഹിംഗ്യന്‍ മുസ്‌ലീങ്ങള്‍ എത്തുന്നത് തടയരുത് എന്ന് കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന പ്രശാന്ത് ഭൂഷണിന്റെ ഹര്‍ജിയിലും കേന്ദ്രസര്‍ക്കാര്‍ പ്രതികരണമറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.


Related News:‘ലോകം അറിയണം: 13ദിവസം മുമ്പ് അവര്‍ എന്നെ ബലാത്സംഗം ചെയ്തത്: റോഹിംഗ്യന്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍


20% റോഹിംഗ്യകള്‍ മാത്രമാണ് മ്യാന്‍മറിലുള്ളത്. അവരുടെയും ജീവന് ഭീഷണിയുണ്ട്. അവര്‍ കൂട്ടക്കുരുതി ചെയ്യപ്പെട്ടേക്കാം. എന്നാല്‍ അതിര്‍ത്തിയില്‍ വലിയ തോതില്‍ വിന്യസിക്കപ്പെട്ട ബി.എസ്.എഫുകാര്‍ മുളകുപൊടിയും, ഗ്രനേഡുകളും ഉപയോഗിച്ച് അവര്‍ ഇന്ത്യയിലേക്ക് കടക്കുന്നത് തടയുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

“എന്താണ് ഈ വിഷയത്തില്‍ ബി.എസ്.എഫിന്റ നിലപാട് എന്ന് എനിക്കറിയേണ്ടതുണ്ട്” എന്നായിരുന്നു ഭൂഷണിന്റെ പരാമര്‍ശത്തോടുള്ള മെഹ്തയുടെ പ്രതികരണം.

ഇന്ത്യയെ അഭയാര്‍ത്ഥികളുടെ തലസ്ഥാനമാക്കി മാറ്റാനുള്ള ശ്രമമാണോ നിങ്ങളുടേത് എന്നു ചോദിച്ചാണ് മെഹ്ത പ്രശാന്ത് ഭൂഷണിന്റെ ചോദ്യത്തെ എതിരിട്ടത്. “ഇന്ത്യ അഭയാര്‍ത്ഥി തലസ്ഥാനമാകണമെന്നാണോ നിങ്ങളുടെ താല്‍പര്യം? ഈ വാദം അംഗീകരിച്ചാല്‍ അത് പെട്ടെന്നു തന്നെ അങ്ങനെയാവും?” എന്നും അദ്ദേഹം പറഞ്ഞു.

Video Stories

We use cookies to give you the best possible experience. Learn more