ന്യൂദൽഹി: മഹാദേവ് വാതുവെപ്പ് ആപ്പ് കേസിന്റെ ചുരുളഴിയുമ്പോൾ ബോളിവുഡ് താരങ്ങളിലേക്ക് അന്വേഷണം നീളുന്നു. ആപ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ, ശ്രദ്ധ കപൂർ, ഹുമ ഖുറേഷി, കപിൽ ശർമ, ഹിന ഖാൻ എന്നിവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുകയാണ് ഇ.ഡി.
ക്രിക്കറ്റ്, ടെന്നീസ്, ഫുട്ബോൾ, പോക്കർ, കാർഡ് ഗെയ്മുകൾ ഉൾപ്പെടുന്ന ഗെയ്മിങ് ആപ്പാണ് മഹാദേവ് ഓൺലൈൻ ബുക്ക്. രാജ്യത്തെ തെരഞ്ഞെടുപ്പുകളിലും ഉപയോക്താക്കൾക്ക് വാതുവെപ്പ് നടത്താറുണ്ട്.
ആപ്പിന്റെ ഉടമസ്ഥർ 200 കോടി രൂപ ലാഭമുണ്ടാക്കുന്നുണ്ടെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തിരുന്നു. ഗെയിം കളിച്ച് ലാഭമുണ്ടാക്കാമെന്ന് പ്രേരിപ്പിച്ച് അവർ വെബ്സൈറ്റുകളിൽ കോൺടാക്ട് നമ്പർ പരസ്യം ചെയ്യും. ആഡിൽ ക്ലിക്ക് ചെയ്യുമ്പോൾ പ്രത്യേക വാട്സ്ആപ്പ് നമ്പറുകളെ ബന്ധപ്പെടാൻ ആവശ്യപ്പെടും.
ഈ നമ്പറിൽ ബന്ധപ്പെടുന്നവർക്ക് മറ്റു രണ്ട് നമ്പറുകൾ നൽകും. ഒന്ന് പണം നിക്ഷേപിക്കാനും വാതുവെപ്പ് നടത്തുന്ന ഐ.ഡിയുടെ പോയിന്റ് കളക്റ്റ് ചെയ്യാനും. മറ്റൊരു നമ്പർ വെബ്സൈറ്റിനെ സമീപിച്ച് നേടിയ പോയിന്റ് പണമായി തിരികെ നേടാനുമുള്ളതാണ്.
ഉപയോക്താക്കൾ പണം നിക്ഷേപിക്കുന്നത് ദുബായ് ആസ്ഥാനമായ ബിനാമി അക്കൗണ്ടിലാണെന്ന് റിപ്പോർട്ടുകളുണ്ട്.
സൗരഭ് ചന്ദ്രകാർ, രവി ഉപ്പൽ എന്നിവരാണ് ആപ്പിന് പിന്നിലെന്ന് ഇ.ഡി പറയുന്നു. ഫെബ്രുവരിയിൽ നടന്ന സൗരഭ് ചന്ദ്രകാറിന്റെ 200 കോടി രൂപയുടെ വിവാഹചടങ്ങാണ് ഇ.ഡി അന്വേഷണത്തിന് വഴിവെച്ചത്.
ചന്ദ്രകാറിന്റെ കുടുംബാംഗങ്ങൾ പ്രൈവറ്റ് ജെറ്റിലായിരുന്നു വിവാഹത്തിനായി എത്തിച്ചേർന്നത്. ടൈഗർ ഷ്റോഫ്, സണ്ണി ലിയോൺ, ആതിഫ് അസ്‌ലം, റാഹത് ഫത്തേഹലി ഖാൻ, ഭാഗ്യശ്രീ, നേഹ കക്കർ, പുൽകിത് സാമ്രാത് തുടങ്ങിയവർ പങ്കെടുത്തിരുന്നു.
ആപ്പ് പ്രമോട്ട് ചെയ്യാൻ ലഭിച്ച പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അറിയാനാണ് രൺബീർ കപൂറിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്. ആപ്പ് പ്രമോട്ടർമാർ ഏറ്റവും കൂടുതൽ പണം നൽകുന്ന സെലിബ്രിറ്റികളിലൊരാൾ രൺബീർ കപൂറാണെന്ന് റിപ്പോർട്ടുകളുണ്ട്. സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളിലും മഹാദേവ് ആപ്പ് അദ്ദേഹത്തെ ഫീച്ചർ ചെയ്യുന്നുണ്ട്.
ശ്രദ്ധ കപൂറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതും ആപ്പ് പ്രമോട്ട് ചെയ്തതിന്റെ പേരിലാണ്. ശ്രദ്ധയ്ക്കും ബിനാമി, ഹവാലാ ഇടപാടുകൾ വഴിയാണ് പണം നൽകിയത് എന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്.
ആപ്പിന്റെ പ്രമോട്ടർമാർ പണം എങ്ങനെയാണ് കൈമാറിയത് എന്ന വിവരങ്ങൾ അറിയാൻ വേണ്ടിയാണ് കപിൽ ശർമ, ഹുമ ഖുറേഷി, ഹിന ഖാൻ എന്നിവരെ ഇ.ഡി വിളിപ്പിച്ചത്. ഹാജരാകുവാൻ കപിൽ ശർമ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇ.ഡി ഇത് അനുവദിക്കുമോ എന്ന് വ്യക്തമല്ല.
അതേസമയം, കേസിലെ പ്രതികൾ എന്ന നിലയിലല്ല താരങ്ങളെ വിളിപ്പിച്ചത് എന്ന് ഇ.ഡി പറഞ്ഞു. എങ്ങനെയാണ് ആപ്പ് പ്രവർത്തിക്കുന്നത് എന്ന് മനസ്സിലാക്കാനും നിയമവിരുദ്ധമായി ആപ്പിന്റെ ഉടമസ്ഥർ കോടിക്കണക്കിന് രൂപ സമ്പാദിച്ചതിനെ കുറിച്ച് അറിയാനുമാണ് താരങ്ങളെ ചോദ്യം ചെയ്യുന്നത് എന്നാണ് ഇ.ഡി പറയുന്നത്.
റായ്പൂർ, ഭോപ്പാൽ, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ 39 ഇടങ്ങളിൽ റെയ്ഡ് നടത്തിയ ഇ.ഡി നിയമവിരുദ്ധമായ 417 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.
Content Highlight: BJP’s NDA Allies Sing a Different Tune, Reiterate Demand for Caste Census