| Tuesday, 3rd November 2020, 12:33 pm

ഒരു ഭാഗത്ത് നിതീഷ് മുക്ത ബീഹാര്‍; മറുഭാഗത്ത് മാറ്റത്തിനായുള്ള വോട്ട്; ബീഹാര്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ബി.ജെ.പിക്ക് നിര്‍ണായകമാകുന്നതെങ്ങനെ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ബീഹാറില്‍ ഇന്ന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്. മധ്യ ബീഹാറിലെ തിര്‍ഹട്ട്, മിഥിലാഞ്ചല്‍ കോസി മേഖലകള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും പട്‌ന, നളന്ദ ജില്ലകളിലെ ചില പ്രദേശങ്ങളിലുമാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.

17 ജില്ലകളിലായി 94 സീറ്റുകളിലേക്കാണ് രണ്ടാംഘട്ട വോട്ടിംഗ് നടക്കുന്നത്. വോട്ട് രേഖപ്പെടുത്താനായി മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും തേജസ്വിയുടെ അമ്മയുമായ റാബ്രി ദേവിയും പട്‌നയിലെ വെറ്റിനറി കോളെജിലെത്തി വോട്ട് രേഖപ്പെടുത്തി. ബീഹാറില്‍ മാറ്റവും പുരോഗതിയും അത്യാവശ്യമാണെന്ന് വോട്ടിംഗ് കഴിഞ്ഞ് പുറത്തിങ്ങവെ റാബ്രി ദേവി പറഞ്ഞു.

എല്‍.ജെ.പി തലവനായ ചിരാഗ് പാസ്വാന്‍ ഖാഗരിയയിലെ പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. നിതീഷ് മുക്ത് ബീഹാറിനായി വോട്ട് ചെയ്യണമെന്നായിരുന്നു പാസ്വാന്‍ പറഞ്ഞത്. ബീഹാര്‍ ജനത നിതീഷ് കുമാറിനെ പുറത്താക്കിയെന്നും അദ്ദേഹം പറഞ്ഞു.

ആകെ 243 നിയമസഭാ മണ്ഡലങ്ങളാണ് ബീഹാറിലുള്ളത്. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ജനതാദളും ഒരുമിച്ച് ജനവിധി തേടിയ ഘട്ടത്തില്‍ ഈ 94 സീറ്റുകളില്‍ 70 സീറ്റുകള്‍ സഖ്യം നേടിയിരുന്നു. ആര്‍.ജെ.ഡിക്ക് 33 സീറ്റുകളും ജെ.ഡി.യുവിന് 30 സീറ്റുകളും കോണ്‍ഗ്രസിന് ഏഴ് സീറ്റുകളുമായിരുന്നു അന്ന് ലഭിച്ചത്.

ജെ.ഡി.യുവിന്റെ ശക്തികേന്ദ്രങ്ങള്‍ എന്നറിയപ്പെടുന്ന സ്ഥലത്താണ് ഇന്നത്തെ വോട്ടെടുപ്പ് നടക്കുന്നത്. എന്നാല്‍ ജെ.ഡി.യു മഹാസഖ്യത്തില്‍ പുറത്ത് വന്ന് എന്‍.ഡി.എയ്‌ക്കൊപ്പമായതിനാല്‍ ഈ ജനവിധി ബി.ജെ.പിക്ക് നിര്‍ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലാണ് ബി.ജെ.പി ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത് എന്നതും പാര്‍ട്ടിക്ക് ഈ തെരഞ്ഞെടുപ്പ് എത്രത്തോളം നിര്‍ണായകമാണ് എന്നത് ചൂണ്ടിക്കാണിക്കുന്നതാണ്. 94 സീറ്റുകളില്‍ 46 സീറ്റുകളില്‍ ബി.ജെ.പി മത്സരിക്കുന്നുണ്ട്. അഞ്ച് സീറ്റുകളില്‍ ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെട്ട വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും ബാക്കി 43 സീറ്റുകളില്‍ ജെ.ഡി.യുവുമാണ് മത്സരിക്കുന്നത്.

അതേസമയം ആര്‍.ജെ.ഡി 56 സീറ്റുകളിലും കോണ്‍ഗ്രസ് 24 സീറ്റുകളിലും സി.പി.ഐയും സി.പി.ഐ.എം.എല്‍ ലിബറേഷന്‍ ആറ് സീറ്റുകളിലും സി.പി.ഐയും സി.പി.ഐ.എമ്മും നാല് സീറ്റുകളില്‍ വീതവുമാണ് മത്സരിക്കുന്നത്.

ബീഹാറിലെ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടന്നത് മഹാസഖ്യത്തിലെ ഇടതു പാര്‍ട്ടികളായ സി.പി.ഐ, സി.പി.ഐ.എം, സി.പി.ഐ.എം.എല്‍ ലിബറല്‍ എന്നിവര്‍ക്ക് മേല്‍ക്കൈ ഉള്ള പ്രദേശങ്ങളിലായിരുന്നു.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ തേജസ്വി യാദവ് ജനവിധി തേടുന്നത് ഘോപൂരില്‍ നിന്നാണ്. തേജസ്വിയുടെ സഹോദരനും മുന്‍ മന്ത്രിയുമായ ഹസന്‍പൂരില്‍ നിന്നുള്ള തേജ് പ്രതാപ് യാദവും രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.

ഇവര്‍ക്ക് പുറമെ നിതീഷ്‌കുമാര്‍ സര്‍ക്കാരിലെ നാല് മന്ത്രിമാരും ഇന്ന് ജനവിധി തേടുന്നുണ്ട്.

രാവിലെ ഏഴ് മണിക്കാരംഭിച്ച വോട്ടിംഗ് വൈകീട്ട് ആറുമണിയോടെ അവസാനിക്കും. അതേസമയം നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ നേരത്തെ തന്നെ വോട്ടിംഗ് അവസാനിപ്പിക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bihar Second face election become more important than others

We use cookies to give you the best possible experience. Learn more