| Thursday, 13th June 2024, 8:27 am

ബീഹാറിനും ആന്ധ്രാപ്രദേശിനും പ്രത്യേക പദവി ലഭിക്കാൻ സാധ്യതയില്ല; പകരം പാക്കേജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ആന്ധ്രാപ്രദേശിനും ബീഹാറിനും പ്രത്യേക പദവി നൽകണമെന്ന ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷികളായ ടി.ഡി.പിയുടെയും ജെ.ഡി(എസ് ) ന്റെയും ആവശ്യങ്ങൾ തള്ളപ്പെട്ടതായി സൂചന. കഴിഞ്ഞ ദിവസം നടന്ന മുന്നണി ചർച്ചയ്ക്ക് ശേഷം ഇരു പാർട്ടികളുടെയും ആവശ്യങ്ങൾ തള്ളിയെന്നാണ് റിപ്പോർട്ട്.

ആന്ധ്രാപ്രാദേശിന്റെയും ബീഹാറിന്റെയും സാമ്പത്തിക നിലവാരം പരിഗണിച്ചാൽ അവയേക്കാൾ പ്രത്യേക പരിഗണനയും ഉയർന്ന ഗ്രാന്റുകളും അർഹിക്കുന്ന സംസ്ഥാനങ്ങൾ ഇന്ത്യയിൽ ഉണ്ടെന്നും അവയെ പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്നും ബി.ജെ.പി മുന്നണി ചർച്ചയിൽ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുൻപ് പ്രത്യേക പദവിയുണ്ടായിരുന്ന സംസ്ഥാനങ്ങളുടെ ഫണ്ട് വിതരണം 90 :10 എന്ന തോതിലും സാധാരണ സംസ്ഥാനങ്ങളുടെ ഫണ്ട് വിതരണം 70 :40 എന്ന തോതും ആയിരുന്നു. എന്നാൽ ഇത്തവണ അതിനും മാറ്റം വന്നിരിക്കുകയാണ്.

പ്രത്യേക പദവി ലഭിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളിൽ 90 ശതമാനം ഫണ്ടും നൽകുന്നത് കേന്ദ്രസർക്കാർ തന്നെയായിരിക്കും. ബാക്കിയുള്ള 10 ഫണ്ട് ശതമാനം മാത്രം സംസ്ഥാനങ്ങൾ കണ്ടെത്തിയാൽ മതി. എന്നാൽ പ്രത്യേക പദവികളില്ലാത്ത സംസ്ഥാനങ്ങൾക്ക് 60 :40 എന്ന തോതിലാണ് ഫണ്ട് വിതരണം. കേന്ദ്ര സർക്കാർ 60 ശതമാനവും സംസ്ഥാന സർക്കാർ ബാക്കി 40 ശതമാനവും നൽകണം.

ആന്ധ്രാപ്രദേശിനും ബീഹാറിനും പ്രത്യേക പദവി ഗ്രാന്റുകളോ നൽകാത്തത് ബി.ജെ.പിയുടെ തന്ത്രമാണെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്.

ഇരു സംസ്ഥാനങ്ങൾക്കും പ്രത്യേക പദവി നൽകിയാൽ സഖ്യ കക്ഷികളും പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങളും ഇതേ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരുമോയെന്ന ഭയം ബി.ജെ.പിക്കുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇരു സംസ്ഥാനങ്ങൾക്കും പ്രത്യേക പദവിക്ക് പകരം പാക്കേജുകൾ അനുവദിക്കുമെന്ന് സർക്കാർ പറയുന്നുണ്ട്. ആന്ധ്രാപ്രദേശിലെ അമരാവതി നഗരം നിർമിക്കാനായുള്ള ഫണ്ട് കേന്ദ്രം നൽകുമെന്നും ചർച്ചയിൽ പറഞ്ഞതായി വാർത്തകൾ പുറത്തുവരുന്നുണ്ട്.

പ്രത്യേക പദവി ലഭിക്കേണ്ട സംസ്ഥാനങ്ങൾ അരവിന്ദ് പാനഗാരിയയുടെ നേതൃത്വത്തിലുള്ള പതിനാറാമത്തെ ഫിനാൻസ് കമ്മീഷന്റെ കീഴിൽ അപേക്ഷിക്കേണ്ടതാണ്. പ്രത്യേക പദവി ലഭിക്കാൻ അർഹരായ സംസ്ഥാനങ്ങളെ കണ്ടെത്താൻ ഫിനാൻസ് കമ്മീഷൻ അംഗങ്ങൾ ജൂൺ അവസാനത്തോടെ ഓരോ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രത്യേക ഉദ്യോഗസ്ഥരെയും കൂടിക്കാഴ്ച നടത്തുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Content Highlight: Why Bihar, Andhra are unlikely to get special status, package instead

We use cookies to give you the best possible experience. Learn more