എന്തുകൊണ്ടാണ് ബാഴ്‌സലോണ ആരാധകര്‍ ഫിഗോയെ വെറുക്കുന്നത്?
Football
എന്തുകൊണ്ടാണ് ബാഴ്‌സലോണ ആരാധകര്‍ ഫിഗോയെ വെറുക്കുന്നത്?
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 9th August 2023, 12:11 pm

പോര്‍ച്ചുഗീസ് ക്ലബ്ബായ സ്‌പോര്‍ട്ടിങ്ങില്‍ നിന്ന് 1995ലാണ് ഫിഗോ ബാഴ്‌സലോണയിലെത്തുന്നത്. 94-95 സീസണില്‍ വളരെ മോശം ഫോമില്‍ തുടര്‍ന്ന ബാഴ്‌സക്ക് ഫിഗോയുടെ വരവ് ഊര്‍ജം പകര്‍ന്നു. തുടര്‍ച്ചയായ രണ്ട് സ്പാനിഷ് ലീഗ് കിരീടങ്ങളും 1997ലെ യുവേഫ സൂപ്പര്‍ കപ്പും അദ്ദേഹം ബാഴ്‌സക്കായി നേടിക്കൊടുത്തു. കാറ്റലൂണിയയിലെ സ്വാതന്ത്ര്യത്തെ അനുകൂലിച്ച് വരെ സംസാരിച്ച താരത്തെ ആരാധകര്‍ നെഞ്ചിലേറ്റി.

ഫിഗോയുടെ ഡ്രിബ്ലിങ് മികവ് അന്നത്തെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒരു മായാക്കാഴ്ച്ചയായിരുന്നു. ഫിഗോയുടെ കഴിവുകളില്‍ ആകര്‍ഷിച്ച അന്നത്തെ റയല്‍ മാഡ്രിഡ് എക്‌സിക്യൂട്ടീവ് ഫ്‌ളോറെന്റീനോ പെരേസ് അദ്ദേഹത്തെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തി.

എന്നാല്‍ പെരേസിന്റെ ലക്ഷ്യം യഥാര്‍ത്ഥത്തില്‍ പ്രസിഡന്റ് ഇലക്ഷന്‍ ജയിക്കുക എന്നതായിരുന്നു. 1995ല്‍ നടന്ന ഇലക്ഷനില്‍ വെറും 695 വോട്ടുകള്‍ക്കാണ് പെരേസ് തോറ്റത്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്താല്‍ മാത്രമെ ഇലക്ഷനില്‍ ജയിക്കാനാകൂ എന്ന് മനസിലാക്കിയ പെരേസ് റയല്‍ ആരാധകര്‍ ക്ലബ്ബിലെത്തണമെന്ന് ആഗ്രഹിച്ച ഫിഗോയെ പെരേസ് നോട്ടമിട്ടു.

ഫിഗോയ്ക്ക് ക്ലബ്ബ് വിടണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെങ്കിലും ബാഴ്‌സയിലെ സാലറി വര്‍ധിപ്പിക്കാന്‍ വേണ്ടി താരം റയലിന്റെ ഓഫര്‍ സ്വീകരിച്ചു. എന്നാല്‍ അത് താരത്തിന് വലിയ തിരിച്ചടിയാവുകയായിരുന്നു. പ്രീ കോണ്‍ട്രാക്ടിലുണ്ടായിരുന്ന ക്ലോസ് പ്രകാരം പെരേസ് പ്രസിഡന്റ് സ്ഥാനത്തെത്തിയാല്‍ ഫിഗോ തീര്‍ച്ചയായും ലോസ് ബ്ലാങ്കോസുമായി സൈന്‍ ചെയ്തിരിക്കണം. ഒടുവില്‍ പെരേസ് ജയിക്കുകയും ബാഴ്‌സ വിടാന്‍ ആഗ്രഹമില്ലാതിരുന്ന ഫിഗോയ്ക്ക് കരാര്‍ പാലിക്കേണ്ടിയും വന്നു.

2000ല്‍ 60 മില്യണ്‍ യൂറോക്ക് ഫിഗോ അരേനയിലേക്ക് ചേക്കേറി. താരത്തിന്റെ നീക്കത്തോടെ നിരാശരായ ആരാധകരുടെ കണ്ണില്‍ ഫിഗോ വഞ്ചകനായി. ഫിഗോയുടെ ട്രാന്‍സ്ഫറോട് ക്ഷമിക്കാന്‍ ബാഴ്‌സ ആരാധകര്‍ തയ്യാറായിരുന്നില്ല.

രണ്ട് വര്‍ഷം നടന്ന എല്‍ ക്ലാസിക്കോയിലും ഫിഗോയ്‌ക്കെതിരെ ബാഴ്‌സ ആരാധകര്‍ ബാനറുകള്‍ ഉയര്‍ത്തി. അവര്‍ ചതിയനെന്ന് മുദ്രകുത്തി. സന്ദര്‍ഭോചിതമയ ട്രാന്‍സ്ഫറായിരുന്നിട്ട് കൂടി വലിയ വഞ്ചനയായിട്ടാണ് ആരാധകര്‍ അതിനെ കണ്ടിരുന്നത്.

എന്നാല്‍ റയലിലും ഫിഗോ തന്റെ ഫോം തുടര്‍ന്നു. ലോസ് ബ്ലാങ്കോസിനായി രണ്ട് ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യന്‍സ് ലീഗും ഒരു യുവേഫ കപ്പും അദ്ദേഹം നേടി.

Content Highlights: Why Barcelona fans hate Figo?