നിങ്ങളുടെ മേശപ്പുറത്തുവെച്ച ആ പണം എടുക്കാന്‍ എന്തുകൊണ്ട് ബാങ്കുകളോട് ആവശ്യപ്പെടുന്നില്ല: മോദിയോട് വിജയ് മല്യ
national news
നിങ്ങളുടെ മേശപ്പുറത്തുവെച്ച ആ പണം എടുക്കാന്‍ എന്തുകൊണ്ട് ബാങ്കുകളോട് ആവശ്യപ്പെടുന്നില്ല: മോദിയോട് വിജയ് മല്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th February 2019, 10:54 am

 

ന്യൂദല്‍ഹി: ബാങ്കുകളോട് പണം എടുക്കാന്‍ എന്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെടുന്നില്ലെന്ന് വിജയ് മല്യ. പാര്‍ലമെന്റില്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തോട് പ്രതികരിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് മല്ല്യ ഇക്കാര്യം ആവശ്യപ്പെടുന്നത്.

” പ്രധാനമന്ത്രി പാര്‍ലമെന്റിലെ അദ്ദേഹത്തിന്റെ അവസാന പ്രസംഗത്തില്‍ ഒരു വ്യക്തി 9000 കോടിയുമായി കടന്നുകളഞ്ഞെന്ന് പേരുപരാമര്‍ശിക്കാതെ പറഞ്ഞിരുന്നു. മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നും അത് എന്നെ ഉദ്ദേശിച്ചു മാത്രമാണെന്നാണ് തോന്നിയത്. പ്രധാനമന്ത്രിയോട് ബഹുമാനത്തോടെ ചോദിക്കട്ടെ, എന്തുകൊണ്ട് അദ്ദേഹം ഞാന്‍ മേശപ്പുറത്തുവെച്ച പണം ബാങ്കുകളോട് എടുക്കാന്‍ നിര്‍ദേശിക്കുന്നില്ല. കുറഞ്ഞത് കിങ്ഫിഷറിന് അനുവദിച്ച പബ്ലിക് ഫണ്ടില്‍ നിന്നും ആ പണം റിക്കവറി ചെയ്‌തെടുക്കാന്‍ കഴിയില്ലേ.” മല്യ ചോദിക്കുന്നു.


കര്‍ണാടക ഹൈക്കോടതിക്കു മുമ്പാകെ താനൊരു ഒത്തുതീര്‍പ്പ് വ്യവസ്ഥ മുന്നോട്ടുവെച്ചിരുന്നെന്നും ട്വീറ്റില്‍ മല്യ പറയുന്നു. ” ഇതിനെ അര്‍ത്ഥശൂന്യമായി കണ്ട് തള്ളിക്കളയരുത്. അത് അങ്ങേയറ്റം ആത്മാര്‍ത്ഥവും, വ്യക്തവും സത്യസന്ധവും, പൂര്‍ത്തിയാക്കാന്‍ കഴിയുന്നതുമായ ഓഫറായിരുന്നു. പന്ത് ഇപ്പോള്‍ നിങ്ങളുടെ കോര്‍ട്ടിലാണ്. എന്തുകൊണ്ട് കെ.എഫ്.എയ്ക്കു നല്‍കിയ പണം ബാങ്കുകള്‍ എടുക്കുന്നില്ല.?” അദ്ദേഹം ചോദിച്ചു.

കിങ് ഫിഷര്‍ എയര്‍ലൈന്‍സിനുവേണ്ടി കടമെടുത്ത 9000 കോടി തിരിച്ചടക്കാതെ 2016 മാര്‍ച്ച് രണ്ടിനാണ് മല്യ ഇന്ത്യ വിട്ടത്. ഇപ്പോള്‍ യു.കെയില്‍ കഴിയുന്ന മല്യയെ ഇന്ത്യയ്ക്കു കൈമാറാമെന്ന് ബ്രിട്ടന്‍ അറിയിച്ചിരുന്നു.

ജാമ്യത്തില്‍ കഴിയുന്ന മല്യയെ ഇന്ത്യക്കു വിട്ടുനല്‍കാവുന്നതാണെന്ന് യു.കെ.യിലെ കോടതി കഴിഞ്ഞ ഡിസംബറില്‍ വിധിച്ചിരുന്നു. ഈ തീരുമാനം ബ്രട്ടീഷ് ആഭ്യന്തര സെക്രട്ടറി ഈമാസം ആദ്യം അംഗീകരിച്ചിരുന്നു.