ന്യൂദല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഏതാനും മാസങ്ങളായി മൃഗങ്ങള്‍ക്ക് മനുഷ്യരേക്കാള്‍ പ്രാധാന്യം ലഭിക്കുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ഗോ സംരക്ഷണത്തിന്റെ പേരില്‍ മനുഷ്യര്‍ അക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് രാജ്യത്തുള്ളത്.
കന്നുകാലികള്‍ക്കായി നിരവധി പദ്ധതികള്‍ വിവിധ സംസ്ഥാനങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. ഓരോ 15 മിനിട്ടിലും രാജ്യത്ത് സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് ഇരയാകുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്.
ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ സ്ത്രീകള്‍ക്ക് പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള “എളുപ്പമാര്‍ഗം” നിര്‍ദ്ദേശിച്ച് കൊണ്ട് വനിതാ ഫോട്ടോഗ്രാഫറുടെ ക്യാംപെയിന്‍ ആരംഭിച്ചത്. പശുവിന് മനുഷ്യരേക്കാള്‍ വിലയുള്ള ഇന്ത്യയില്‍ ബലാത്സംഗത്തിനിരയാകാതിരിക്കാന്‍ പശുവിന്റെ തലയുള്ള മാസ്‌ക് ധരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതാണ് ക്യാംപെയിന്‍.
കൊല്‍ക്കത്ത സ്വദേശിയായ 23കാരി സുജാത്രോ ഘോഷാണ് വ്യത്യസ്ത ക്യാംപെയിനുമായി ലോകശ്രദ്ധ നേടിയത്. പശുവിന്റെ മുഖമുള്ള മുഖം മൂടിയുമായി ഇന്ത്യാ ഗേറ്റിനു മുന്നില്‍ നില്‍ക്കുന്ന സ്ത്രീ, ക്ലാസ്സ് റൂമില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥിനി, ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീ തുടങ്ങി നിരവധി ചിത്രങ്ങളാണ് ഇരുപത്തി മൂന്നുകാരിയുടെ ക്യാംപെയിനിലൂടെ പ്രചരിക്കുന്നത്.
“എന്റെ രാജ്യത്ത് സ്ത്രീകളേക്കാള്‍ പ്രാധാന്യം പശുക്കള്‍ക്കാണെന്നറിഞ്ഞ് ഞാന്‍ അമ്പരന്നുപോയി. പശുവിന്റെ പേരില്‍ തെരുവില്‍ ലഹള നടക്കുന്നിടത്ത് ഒരു സ്ത്രീ ബലാത്സംഗത്തിനിരയായാല്‍ അവള്‍ക്ക് നീതി ലഭിക്കാന്‍ ഒരുപാട് കാലമെടുക്കും” സുജാത്ര ഘോഷ് ബി.ബി.സിയോട് പറഞ്ഞു.
“എവിടെയെങ്കിലും ഒരു പശു കൊല്ലപ്പെട്ടാല്‍ ഹിന്ദു തീവ്രവാദികള്‍ അതിന് കാരണക്കാരെന്ന് സംശയിക്കുന്നവരെ കൊല്ലുകയോ ക്രൂരമായി മര്‍ദ്ദിക്കുകയോ ആണ് ചെയ്യുന്നത്.” അവര്‍ പറയുന്നു. രാജ്യത്ത് ഗോ രക്ഷയുടെ പേരിലുള്ള അക്രമങ്ങള്‍ വര്‍ധിച്ചത്. 2014 ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദാദ്രിയില്‍ ബീഫിന്റെ പേരില്‍ നടന്ന കൊലപാതകമാണ് തന്നെ ഇത്തരത്തിലൊരു ക്യാംപെയിനിലേക്ക് നയിച്ചതെന്നും സുജാത്രോ പറയുന്നു. സുജാത്രോയുടെ ക്യാംപെയിനിന് ഇന്ത്യന്‍ മാധ്യമങ്ങളെ കൂടാതെ അന്തര്‍ ദേശീയ മാധ്യമങ്ങളും വന്‍ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്.
ക്യാംപെയിനിന്റെ ഭാഗമായി പശുവിന്റെ തലയുള്ള മാസ്‌ക് ധരിച്ച് പല സ്ഥലങ്ങളിലും സഞ്ചരിച്ചാണ് സുജാത്ര ഫോട്ടോഷൂട്ട് നടത്തിയത്. തന്റെ യാത്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ സുജാത്രോ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇവയടക്കമാണ് മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
You must read this പീഡിപ്പിക്കുന്ന സൈനികരുടെ സ്വകാര്യ ഭാഗങ്ങള്‍ സ്ത്രീകള്‍ മുറിച്ചെടുക്കണം; വീണ്ടും വിവാദ പ്രസ്താവനയുമായി അസം ഖാന്‍