അല്‍ നസര്‍ ജയത്തോടെ തങ്ങളുടെ എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് ക്യാമ്പെയ്ന്‍ ആരംഭിച്ചിരിക്കുകയാണ്. ഇറാനിയന്‍ ടീമായ പെര്‍സപോലിസിനെ അവരുടെ തട്ടകമായ ആസാദി സ്‌റ്റേഡിയത്തിലെത്തി പരാജയപ്പെടുത്തിയാണ് റൊണാള്‍ഡോയും സംഘവും ചാമ്പ്യന്‍സ് ലീഗ് പോരാട്ടം റോയലാക്കിയത്.
മത്സരത്തില്‍ റൊണാള്‍ഡോ അത്യപൂര്‍വ നേട്ടവും കൈവരിച്ചിരുന്നു. കരിയറില്‍ തോല്‍വിയറിയാത്ത 1,000 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ റെക്കോഡാണ് താരം സ്വന്തമാക്കിയത്. എന്നാല്‍ അല്‍ നസറിന്റെ വിജയമോ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ റെക്കോഡ് നേട്ടമോ നേരില്‍ കാണാന്‍ ഒരാള്‍ പോലും സ്‌റ്റേഡിയത്തിലുണ്ടായിരുന്നില്ല.
78,000 ആരാധകരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ആസാദി സ്‌റ്റേഡിയത്തിലേക്ക് ഒരാള്‍ക്ക് പോലും കഴിഞ്ഞ മത്സരത്തില്‍ പ്രവേശനുമുണ്ടായിരുന്നില്ല. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ സ്റ്റേഡിയം ബാന്‍ ഉള്ളതിനാലാണ് പെര്‍സപൊലിസ് ആരാധകര്‍ക്ക് റൊണാള്‍ഡോയുടെ മത്സരം കാണാന്‍ സാധിക്കാതിരുന്നത്.
ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ പരാതിക്ക് പിന്നാലെയാണ് പെര്‍സപൊലിസിന് സ്റ്റേഡിയം ബാന്‍ നേരിടേണ്ടി വന്നത്. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിന്റെ 2021-22 സീസണിലെ വിവാദമായ സംഭവങ്ങളായിരുന്നു ഇതിന് വഴിയൊരുക്കിയത്.
സീസണില്‍ എഫ്.സി ഗോവക്കെതിരായ മത്സരത്തിന് മുമ്പായിരുന്നു സംഭവങ്ങളുടെ തുടക്കം. മൈന്‍ഡ് ഗെയിംസിന്റെ ഭാഗമായി 18ാം നൂറ്റാണ്ടിലെ ഇറാന്റെ ഇന്ത്യന്‍ അധിനിവേശത്തെ കുറിച്ചുള്ള പോസ്റ്റുകള്‍ പെര്‍സപൊലിസ് പങ്കുവെച്ചിരുന്നു. ഇത്തരത്തില്‍ പെര്‍സപൊലിസ് എഫ്.സി ഗോവയെയും പരാജയപ്പെടുത്തുമെന്നായിരുന്നു പോസ്റ്റില്‍ പറഞ്ഞിരുന്നത്. വന്‍ വിവാദത്തിനാണ് ഇത് കാരണമായത്.
ഇതിന് പിന്നാലെ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന് പരാതി നല്‍കുകയും തുടര്‍ന്ന് പെര്‍സപൊലിസ് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.
എന്നാല്‍ നടപടിയുമായി എ.എഫ്.സി മുമ്പോട്ട് പോവുകയായിരുന്നു. ടീമിന്റെ അടുത്ത എ.എഫ്.സി ഹോം മാച്ച് ആളൊഴിഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കണമെന്നായിരുന്നു കോണ്‍ഫെഡറേഷന്‍ ശിക്ഷ വിധിച്ചത്.
എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിന്റെ 2022-23 സീസണില്‍ യോഗ്യത നേടാന്‍ പെര്‍സപൊലിസിന് സാധിച്ചിരുന്നില്ല. ഇക്കാരണത്താല്‍ അല്‍ നസറിനെതിരായ മത്സരത്തിലാണ് ടീമിന് സ്റ്റേഡിയം ബാന്‍ നേരിടേണ്ടി വന്നത്.
സംഭവത്തിന് ശേഷമുള്ള തങ്ങളുടെ ആദ്യ ഹോം മത്സരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അല്‍ നസറിനെതിരയാണെന്നറിഞ്ഞതോടെ പെര്‍സപൊലിസ് ആരാധകര്‍ എഫ്.സി ഗോവയോടും എ.ഐ.എഫ്.എഫിനോടും മാപ്പുപറഞ്ഞ് രംഗത്തെത്തിയിരുന്നു. പരാതി പിന്‍വലിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എഫ്.സി ഗോവ പങ്കുവെച്ച പോസ്റ്റുകള്‍ക്ക് കമന്റുകളായാണ് ഇവര്‍ മാപ്പുപറഞ്ഞത്.
അതേസമയം, മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് അല്‍ നസര്‍ വിജയിച്ചുകയറിയിരുന്നു. അല്‍ അലാമിക്കായി മുഹമ്മദ് കാസിം ഒരു ഗോള്‍ നേടിയപ്പോള്‍ ഡാനിയല്‍ എസ്‌മൈലിഫറിന്റെ സെല്‍ഫ് ഗോളും അല്‍ നസറിന്റെ വലയിലെത്തി.
ഒക്ടോബര്‍ രണ്ടിനാണ് എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നസറിന്റെ അടുത്ത മത്സരം. ഇസ്തിക്ലോലാണ് എതിരാളികള്‍. റിയാദിലെ കെ.എസ്.യു ഫുട്‌ബോള്‍ ഫീല്‍ഡാണ് വേദി.
Content highlight: Why Al Nassr vs Persepolis match played in an empty stadium?