12വര്‍ഷങ്ങള്‍ക്ക് മുമ്പ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തുവന്ന മലവാടി ആർട്ട്സ് ക്ലബ്ബിലൂടെയാണ് നിവിന്‍ പോളിയും അജു വര്‍ഗീസും ഉള്‍പ്പെടുന്ന ഒരുപിടി നടന്മാര്‍ മലയാള സിനിമയിലേക്ക് എത്തിയത്.
പിന്നീട് നിവിനും അജുവും ഒന്നിച്ച നിരവധി ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ് ഉണ്ടായത്. എന്നാല്‍ ഏബ്രിഡ് ഷൈന്‍ നിവിന്‍ കൂട്ടുകെട്ടില്‍ പുറത്തുവന്ന ചിത്രങ്ങളില്‍ എന്തുകൊണ്ട് അജു വര്‍ഗീസ് ഇല്ല എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് എബ്രിഡ് ഷൈന്‍.
1983ക്കും, ആക്ഷന്‍ ഹീറോ ബിജുവിനും ശേഷം ഇരുവരും ഒന്നിക്കുന്ന മഹാവീര്യറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് എബ്രിഡ് ഷൈന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
1983ല്‍ നിവിന്‍ പറഞ്ഞിട്ട് അജുവിനെ കാസ്റ്റ് ചെയ്തിരുന്നു എന്നും അജു ഒരു ദിവസം ഷൂട്ട് ചെയ്തിരുന്നു എന്നും ഏബ്രിഡ് ഷൈന്‍ പറയുന്നു. പക്ഷെ പിന്നീട് ഡെയ്റ്റ് പ്രശ്‌നങ്ങള്‍ മൂലം അജുവിന് അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല എന്നും എബ്രിഡ് ഷൈന്‍ കൂട്ടിചേര്‍ക്കുന്നു.
‘1983ല്‍ നിവിന്‍ പറഞ്ഞിട്ട് അജുവിനെ കാസ്റ്റ് ചെയ്തിരുന്നു. ഒരു ദിവസം അജു വന്ന് അഭിനയിക്കുകയും ചെയ്തതാണ്. കഥാപാത്രത്തിന്റെ 40 വയസിന് താഴോട്ടുള്ള രീതിയിലായിരുന്നു ചിത്രം ഷൂട്ട് ചെയ്തത്. ഈ 40 വയസിന്റെ കുറച്ച് ഭാഗത്ത് മാത്രമാണ് അജു അഭിനയിച്ചത് പിന്നീട് അത് പൂര്‍ത്തിയാക്കാന്‍ അജുവിന് ഡെയ്റ്റ് പ്രശ്‌നങ്ങള്‍ കൊണ്ട് പറ്റിയില്ല. ഇതുപോലെ തന്നെ ആക്ഷന്‍ ഹീറോ ബിജുവിലും അജുവിനെ കാസ്റ്റ് ചെയ്തിരുന്നു. പക്ഷെ അപ്പോഴും ഡെയ്റ്റ് ക്ലാഷ് ആയത് കൊണ്ട് അതും അഭിനയിക്കാന്‍ സാധിച്ചില്ല.’; ഏബ്രിഡ് ഷൈന്‍ പറയുന്നു.
മഹാവീര്യറില്‍ അജുവിന് പറ്റിയ റോളുകള്‍ ഇല്ലായിരുന്നു എന്നും ഏബ്രിഡ് ഷൈന്‍ കൂട്ടിചേര്‍ക്കുന്‍ന്നുണ്ട്. ജൂലൈ 21 നാണ് മഹാവീര്യര്‍ തിയേറ്ററില്‍ എത്തുക. മൂത്തോന് ശേഷം നിവിന്‍ പോളിയുടെ തിയേറ്ററിലെത്തുന്ന ചിത്രമാണ് മഹാവീര്യര്‍.
ആസിഫ് അലി, ലാല്‍, ലാലു അലക്സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ മറ്റ് പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയെഴുതിയതും ഏബ്രിഡ് ഷൈനാണ്. സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.
ചിത്രസംയോജനം മനോജ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാ സംവിധാനം അനീസ് നാടോടി, വസ്ത്രാലങ്കാരം ചന്ദ്രകാന്ത്, മെല്‍വി. ജെ, ചമയം ലിബിന്‍ മോഹനന്‍, മുഖ്യ സഹ സംവിധാനം ബേബി പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.