ന്യൂദല്‍ഹി: ആദില്‍ അഹ്മദ് ദറിനെപ്പോലെയുള്ള കശ്മീരി യുവാക്കള്‍ എന്തുകൊണ്ട് വിഘടനവാദികളും തീവ്രവാദികളുമാകുന്നു എന്നത് പ്രധാനപ്പെട്ടതാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. സ്വന്തം ജീവന്‍ ഹനിക്കാന്‍ വരെ ഇവര്‍ തയ്യാറാകുമ്പോള്‍ അതിനിവരെ പ്രേരിപ്പിക്കുന്നത് എന്ത് എന്നതിനെകുറിച്ച് നമ്മള്‍ മനസ്സിലാക്കണമെന്നും തിരിച്ചറിയണമെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.
ഒരുപാട് കശ്മീരി യുവാക്കള്‍ തീവ്രവാദികളായി മരിക്കാന്‍ തയ്യാറാകുന്നു. ഇതിന്റെ തോത് വര്‍ഷാവര്‍ഷം വര്‍ധിക്കുകയാണ്. അതേസമയം ഇതിലേക്ക് നയിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് കൂടി നാം തിരിച്ചറിയണം. അതും ചര്‍ച്ചയാകണം- പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു.
ആദില്‍ തീവ്രവാദിയായത് പട്ടാളക്കാര്‍ അകാരണമായി മര്‍ദിച്ചതിനാലാണെന്ന മാതാപിതാക്കളുടെ തുറന്നുപറച്ചിലിന് ശേഷമായിരുന്നു പ്രശാന്ത് ഭൂഷണി
ന്റെ ട്വീറ്റ്. മൂന്ന് വര്‍ഷം മുമ്പ് ആദിലിനെ ഇന്ത്യന്‍ പട്ടാളം അകാരണമായി മര്‍ദിച്ചെന്നും കളിയാക്കിയെന്നുമാണ് പിതാവിന്റെ വെളിപ്പെടുത്തല്‍. വാര്‍ത്ത ഇന്നലെ ഇന്ത്യാ ടുഡേ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യിരുന്നു.
കശ്മീരില്‍ ഇന്ത്യന്‍ പട്ടാളം നേരിടുന്നത്രയും ചാവേറാക്രമണം ഇറാഖിലും അഫ്ഗാനിലും അമേരിക്കന്‍ സേന നേരിടേണ്ടി വരുന്നില്ലെന്നും പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു.
നേരത്തെ ഭീകരാക്രമണത്തിന്റെ പേരില്‍ ഉയരുന്ന തീവ്ര ദേശീയതയെ വിമര്‍ശിച്ച് ബോളിവുഡ് നടി റിച്ച ഛദ്ദ രംഗത്ത് എത്തിയിരുന്നു. യുദ്ധമോ യുദ്ധ സമാനമായ സാഹചര്യമോ ഒരുക്കരുതെന്നും ഇപ്പോള്‍ ചിന്തിക്കാനും കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കാനുമുളള വികാരമാണ് കാണിക്കേണ്ടത് എന്നായിരുന്നു റിച്ചയുടെ ട്വീറ്റ്.
ALSO READ: പുല്‍വാമ ഭീകരാക്രമണം; മുഹമ്മദ് ബിന്‍ സല്‍മാന്റെ പാക്കിസ്ഥാന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി
ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ ഇന്നലെ വൈകീട്ട് 3.15 ഓടെയാണ് സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. 39 സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനികവാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്.
1980ന് ശേഷം ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണ് കശ്മീരില്‍ സൈനികര്‍ക്കെതിരെയുണ്ടായത്. 2001ല്‍ ശ്രീനഗര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെടുകയും നാല്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു