ലക്‌നൗ: ഇത്തവണ ലക്‌നൗ ലോക്‌സഭാ മണ്ഡലത്തില്‍ മികച്ച വിജയം നേടാനാകുമെന്ന വിശ്വാസമുണ്ടെന്ന് മണ്ഡലത്തിലെ പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി പൂനം സിന്‍ഹ. 1991മുതല്‍ ബി.ജെ.പി ഭരിക്കുന്ന മണ്ഡലത്തില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി.
ബി.ജെ.പിയില്‍ നിന്നും അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യയായ പൂനം സിന്‍ഹ ഒരുമാസം മുമ്പാണ് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്.
എന്‍.ഡി.ടി.വിയോട് സംസാരിക്കവേ വലിയ ആത്മവിശ്വാസമാണ് പൂനം പ്രകടിപ്പിച്ചത്. ‘ സമയവും സാഹചര്യവും മാറി. ഇത് 2019 ആണ്. 2014 അല്ല. ജനങ്ങള്‍ അസംതൃപ്തരാണ്. പ്രചാരണം നടത്തിയ വേളയിലെല്ലാം ജനങ്ങള്‍ മാറ്റം വേണമെന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. അതിനാല്‍ എനിക്കു പ്രവര്‍ത്തിക്കാന്‍ പറ്റിയ സമയം ഇതാണ്.’ പൂനം സിന്‍ഹ പറഞ്ഞു.
പേടിയുണ്ടോയെന്ന ചോദ്യത്തിന് ‘ആരുടെ ഭാര്യയാണ് ഞാന്‍? ആത്മവിശ്വാസം, അതിന്റെ പേരാണ് ശത്രുഘ്‌നന്‍ സിന്‍ഹ. ആ ആത്മവിശ്വാസത്തിന്റെ ചെറിയൊരു അംശം എനിക്കും ലഭിച്ചിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. നല്ലൊരു പോരാട്ടം കാഴ്ചവെക്കാനും ജയിക്കാനും കഴിയുമെന്ന് നല്ല വിശ്വാസമുണ്ട്. ഞാന്‍ വളരെ സന്തുഷ്ടയുമാണ്.’ അവര്‍ പറഞ്ഞു.
അതേസമയം ലക്‌നൗവിലെ ഫലം പ്രവചിക്കാനാവില്ലെന്നാണ് എതിരാളിയായ രാജ്‌നാഥ് സിങ് പറഞ്ഞത്. ‘എനിക്ക് ഒന്നും പ്രവചിക്കാന്‍ കഴിയില്ല. തീരുമാനം ഞാന്‍ ലക്‌നൗവിലെ വോട്ടര്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നു.’ എന്നാണ് അദ്ദേഹം പറഞ്ഞത്.
1991 മുതല്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കുന്ന മണ്ഡലമാണ് ലക്‌നൗ. 91 മുതല്‍ 2009 വരെ വാജ്‌പേയിയാണ് ഇവിടെ മത്സരിച്ചത്. 2014ലാണ് രാജ്‌നാഥ് സിങ് ലക്‌നൗവില്‍ ആദ്യമായി മത്സരിച്ചത്. റീത്ത ബഹുഗുണ ജോഷിയെയാണ് രാജ്‌നാഥ് സിങ് അന്ന് പരാജയപ്പെടുത്തിയത്. അവരിപ്പോള്‍ ബി.ജെ.പിയിലാണ്.