'ആരുടേതാണീ ഗാനം' പ്രേക്ഷക ശ്രദ്ധ നേടി
Movie Day
'ആരുടേതാണീ ഗാനം' പ്രേക്ഷക ശ്രദ്ധ നേടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th June 2012, 10:31 am

ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ബള്‍ഗേറിയന്‍ സംവിധായിക അഡേല പീവയുടെ “ആരുടേതാണീ ഗാന”മെന്ന(Whose is this song) ഡോക്യുമെന്ററി പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. ബാള്‍ക്കന്‍ രാജ്യങ്ങള്‍ക്ക് പൊതുവായുള്ള ഒരു ഗാനത്തിന്റെ സ്വത്വമന്വേഷിച്ചുള്ള സംവിധായികയുടെ യാത്രയാണീ ചിത്രം.

ഭൂപടത്തിലെ അതിരുകള്‍ക്കപ്പുറത്ത് മനുഷ്യന് എല്ലായിടങ്ങളിലും പൊതുവായി ചിലതുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണത്. ഗ്രീസിലെയും മാസിഡോണിയയിലെയും തുര്‍ക്കിയിലെയും ബള്‍ഗേറിയയിലെയും ജനങ്ങള്‍ ഒരേ ഗാനം തങ്ങളുടെ മാത്രമാണെന്ന് കരുതുന്നു. ഓരോരുത്തര്‍ക്കും അവരവരുടേതായ ന്യായീകരണങ്ങളുമുണ്ട്. ഒരേ പാട്ടു തന്നെ മതപരമായും, അനുരാഗഗാനമായും, വിപ്ലവഗാനമായും മാറുന്നു. ഒരുവേള യുദ്ധോത്സുകരായ സൈനികര്‍ക്ക് ഊര്‍ജമാകുന്നുമുണ്ട് ഈ ഗാനം. വാക്കുകളും വരികളും കാലദേശങ്ങള്‍ക്കനുസരിച്ച് മാറുന്നുവെന്ന് മാത്രം. തീര്‍പ്പുകളിലെത്താതെ തന്നെ തന്റെ അന്വേഷണം സംവിധായിക അവസാനിപ്പിക്കുകയാണ്.

ഒരേഗാനം പങ്കുവയ്ക്കുന്ന ജനങ്ങള്‍ക്കിടയില്‍ അദൃശ്യമായ സ്‌നേഹത്തിന്റെ ഇഴകളുണ്ടാകുമെന്ന് കരുതി ദേശാന്തരം നടത്തുന്ന സംവിധായിക ഒടുവില്‍ കണ്ടെത്തുന്നത് മനുഷ്യര്‍ പരസ്പരം വെറുക്കാന്‍ കണ്ടെത്തുന്ന കാരണങ്ങളാണ്. ദേശീയവും, വംശീയവും, ചരിത്രപരവുമായ കാരണങ്ങള്‍. ചരിത്രത്തിന്റെ അസാമാന്യമായ ഭാരം കാഴ്ചപ്പാടുകളെ വികലമാക്കുന്നുവെന്ന് മറ്റൊരു രാജ്യത്തെ അപരിചിതനായ ഡ്രൈവര്‍ സംവിധായികയോട് പറയുന്നുണ്ട് ചിത്രത്തിലൊരിടത്ത്.

ചിത്രത്തിന്റെ പ്രദര്‍ശനത്തിനുശേഷം സംവിധായിക അഡേല പീവ പ്രേക്ഷകരുമായി ആശയവിനിമയം നടത്തി. നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ച് അനേകവര്‍ഷങ്ങള്‍കൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പ്രദര്‍ശനം ജര്‍മ്മനിയില്‍ തടസ്സപ്പെട്ടതും ചിത്രീകരണത്തിനിടെ ക്ഷുഭിതരായ ജനങ്ങളുടെ പ്രതികരണവുമൊക്കെ അഡേല വിശദീകരിച്ചു.

തന്റെ നാട്ടില്‍ നിലനിന്നിരുന്ന കമ്യൂണിസ്റ്റ് ഭരണകൂടം തകര്‍ന്നില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ തനിക്ക് ഇങ്ങനെയൊരു ചിത്രം ഒരുക്കാന്‍ കഴിയുമായിരുന്നില്ലെന്ന് അഡേല പീവ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ഫിലിംസ് ഡിവിഷന്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ചിത്രം കണ്ട ശേഷം ഒരു ഇന്ത്യന്‍ മാധ്യമവിദ്യാര്‍ത്ഥി ഇതു തന്റെ നാട്ടിലെ ഗാനമാണെന്ന് ചൂണ്ടിക്കാട്ടി കത്തെഴുതിയ കാര്യം അഡേല ഓര്‍മ്മിപ്പിച്ചു. ചിത്രത്തിലെ ഗാനം ബംഗാളി വരികളോടുകൂടി സദസ്സില്‍ നിന്നും ഒരാള്‍ പാടിക്കേട്ടപ്പോള്‍ സംവിധായിക അദ്ഭുതത്തോടെ കേട്ടിരുന്നു. ഒരു ഗാനം അങ്ങനെ നാടുകള്‍ താണ്ടി എല്ലാവരുടേതുമാകുന്ന കാഴ്ച.

ജൂണ്‍ 8 മുതല്‍ 12 വരെയാണ് ഫെസ്റ്റിവല്‍