പത്മാവത് കരിവാരി തേക്കുന്നത് അലാവുദ്ദീന്‍ ഖില്‍ജിയെ മാത്രം; ചിത്രം ചരിത്രത്തെ മാറ്റി മറിക്കാനുള്ള സംഘപരിവാര്‍ ശ്രമമാണെന്ന് ചരിത്രകാരന്മാര്‍
Padmavati controversy
പത്മാവത് കരിവാരി തേക്കുന്നത് അലാവുദ്ദീന്‍ ഖില്‍ജിയെ മാത്രം; ചിത്രം ചരിത്രത്തെ മാറ്റി മറിക്കാനുള്ള സംഘപരിവാര്‍ ശ്രമമാണെന്ന് ചരിത്രകാരന്മാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 25th January 2018, 7:31 pm

മുംബൈ: വിവാദ ചിത്രം പത്മാവത് കണ്ടവരൊക്കെ ചോദിക്കുന്നത് ഒരു കാര്യമാണ്. ഇങ്ങനെയായിരുന്നോ അലാവുദ്ദീന്‍ ഖില്‍ജി. രോമാവൃതമായ നെഞ്ച് വിരിച്ച് എതിരാളികളേയും സ്വന്തക്കാരേയും ഒരേ പോലെ അരിഞ്ഞ് തള്ളുന്ന ക്രൂരനായ ഖില്‍ജിയാണ് ബന്‍സാലിയുടേത്.

ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് ഇന്നലെ പത്മാവത് റിലീസിനെത്തിയത്. ചിത്രത്തിനെതിരെ പ്രതിഷേധവുമായി കര്‍ണി സേന ഇപ്പോഴും രംഗത്തുണ്ട്. ചിത്രത്തില്‍ പത്മാവതിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് അവരുടെ ആരോപണം. എന്നാല്‍ പത്മവാതിയെ അല്ല അലാവുദ്ദീന്‍ ഖില്‍ജിയെയാണ് ചിത്രം മോശമായി ചിത്രീകരിക്കുന്നതെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.

രണ്‍വീര്‍ സിംഗ് അവതരിപ്പിക്കുന്ന ഖില്‍ജി കരിമഷിയെഴുതിയ “വിശക്കുന്ന” കണ്ണുകളുള്ളവനാണ്. ബാര്‍ബേറിയന്‍സിനെ പോലെ മാംസം കടിച്ചു പറിച്ച് കഴിക്കുകയും രോമക്കുപ്പായം ധരിക്കുകയും ചെയ്യുന്നവനാണ്. എന്നാല്‍ ചരിത്രകാരനായ റാണാ സഫ്‌വി പറുന്നത് ഖില്‍ജികള്‍ വളരെയധികം ഔപചാരികത പുലര്‍ത്തിയിരുന്നവരാണെന്നാണ്.

” പേര്‍ഷ്യയില്‍ നിന്നുമാണ് ഖില്‍ജിമാര്‍ വന്നത്. പേര്‍ഷ്യയിലെ പോലെ തന്നെ കോഡ് ഓഫ് കണ്ടക്ടും ഉപചാരവും പാലിച്ചവരാണവര്‍. ഭക്ഷണത്തിലും വസ്ത്രത്തിലും തീന്‍മേശ ഒരുക്കുന്നതിലും.” റാണ പറയുന്നു.

ബന്‍സാലിയുടെ പത്മാവതി ഉടലെടുത്തിരിക്കുന്നത് പതിനാറാം നൂറ്റാണ്ടില്‍ മാലിക്ക് മുഹമ്മദ് ജയാസി എഴുതിയ കവിതയില്‍ നിന്നുമാണ്. ഖില്‍ജിയുടെ മരണത്തിനും രണ്ട് നൂറ്റാണ്ട് ശേഷമാണ് കവിത എഴുതപ്പെടുന്നത്.

“ഖില്‍ജിയുടെ ആക്രമണത്തിനും നൂറ്റാണ്ടുകള്‍ ശേഷമാണ് കവിത എഴുതപ്പെടുന്നത്. അവാധി ഭാഷയിലാണ് കവിത എഴുതിയത്. രാജസ്ഥാനി ഡയലക്ടല്ല അത്. ജയാസി വെറെ നാട്ടുകാരനാണ്.” ജെ.എന്‍.യുവിലെ അസോസിയേറ്റ് പ്രൊഫസറായ അരുണിമ ഗോപിനാഥ് പറയുന്നു.

ഖില്‍ജിയുടെ കാലത്തെ കവിയായിരുന്ന അമിര്‍ ഖുര്‍സോ അലാവുദ്ദീന്‍ ഖില്‍ജിയുടെ ഭരണത്തെ കുറിച്ചും മറ്റും വിശദമായി പറയുന്നുണ്ട്. അദ്ദേഹം ഖില്‍ജിയെ ക്രൂരനായ ഒരു ബാര്‍ബേറിയനായി അവതരിപ്പിക്കുന്നില്ല.


പോറല്‍ പോലും എല്‍ക്കാതെ രജ്പുത്ര അഭിമാനം; വില്ലന് കയ്യടിപ്പിക്കുന്ന രണ്‍വീര്‍; പത്മാവത് പറയുന്നതും പറയാത്തതും


ഖില്‍ജിയെ ബാര്‍ബേറിയനായ അവതരിപ്പിക്കുന്നതിന് പിന്നില്‍ അദ്ദേഹത്തെ വില്ലനും എതിരാളിയായ രത്തന്‍ സിംഗിനെ “ഉത്തമ നായകനായും” ആക്കി മാറ്റുക എന്ന ലക്ഷ്യമാണെന്നും സഫ്‌വി പറയുന്നു. ” ഖില്‍ജി ക്രൂരനായിരുന്നുവെന്ന് അദ്ദേഹത്തിന് തന്നെ ബോധ്യമുണ്ടായിരുന്നു. എങ്കിലും സ്ത്രീകള്‍ക്ക് പിന്നാലെ ഓടി നടന്ന് രാജ്യം കീഴടക്കുന്ന സ്വഭാവക്കാരനായിരുന്നില്ല. സാമ്രാജ്യം വികസിപ്പിക്കുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.” അവര്‍ പറയുന്നു.

അതേസമയം ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമമാണ് ഖില്‍ജിയെ കാടനായി ചിത്രീകരിക്കുന്നതിന് പിന്നിലെന്നും ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. “ഇസ് ലാമിക് ഭരണാധികാരികളെ വില്ലന്മാരായി ചിത്രീകരിക്കാനുള്ള ശ്രമം വളരെ വ്യക്തമായി തന്നെ നടക്കുന്നുണ്ട്. ഒന്നും വസ്തുതകളുടെയോ ചരിത്രത്തിന്റെയോ അടിസ്ഥാനത്തിലല്ല.” അലഹബാദ് സര്‍വ്വകലാശാലയിലെ ചരിത്ര വിഭാഗം തലവനായ ഹീറം ചതുര്‍വേദി പറയുന്നു.

കഴിഞ്ഞ വര്‍ഷം രാജസ്ഥാനിലെ സ്‌കൂളുകളിലെ ചരിത്ര ടെക്സ്റ്റ് ബുക്കുകളില്‍ മഹാറാണാ പ്രതാപുമായുള്ള യുദ്ധത്തില്‍ അക്ബര്‍ പരാജയപ്പെട്ടതായി പറഞ്ഞതും അതിനെ പിന്തുണച്ച് മന്ത്രിമാര്‍ അടക്കം രംഗത്തെത്തിയതും ഹീറം ചൂണ്ടിക്കാണിക്കുന്നു. “ചരിത്രം മാറ്റിയെഴുതാന്‍ കഴിയില്ല. അതിനാണ് അവര്‍ ശ്രമിക്കുന്നത്.”

അക്ബറിനെ കുറിച്ച് പുസ്തകമെഴുതിയ ചരിത്രകാരനെതിരെ നടന്ന ആക്രമണവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അക്ബറിന്റെ പേരിനൊപ്പം പറയാറുള്ള മഹാനായ എന്ന പ്രയോഗം ഉപേക്ഷിക്കാനും സംഘപരിവാര്‍ ശ്രമിക്കുന്നുണ്ടെന്നും ചരിത്രകാരന്മാര്‍ ആരോപിക്കുന്നു.