| Tuesday, 21st November 2023, 7:36 pm

ഒരു വശത്ത് ഇന്ത്യയെ തോൽപിച്ച ഓസ്‌ട്രേലിയ, എതിർവശത്ത് ഫലസ്തീൻ; ഇന്ത്യൻ വലതുപക്ഷം ആരെ പിന്തുണക്കും?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ലോകകപ്പിൽ ഇന്ത്യയെ തോൽപിച്ച ഓസ്ട്രേലിയയുടെ ‘അടുത്ത മത്സരം’ ഫലസ്തീനുമായി. ഫുട്ബോളിലാണെന്ന് മാത്രം. ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഗ്രൂപ്പ് ഐയിലെ ടീമുകളായ ഫലസ്തീനും ഓസ്ട്രേലിയയും നേർക്കുനേർ വരുമ്പോൾ ഇന്ത്യയിലെ വലതുപക്ഷം ആരെ പിന്തുണക്കുമെന്നാണ് സമൂഹ മാധ്യമങ്ങളിൽ ചോദ്യം ഉയരുന്നത്.

ക്രിക്കറ്റ്‌ ലോകകപ്പ് മത്സരത്തിൽ 2003ലെ കണക്കുകൾ തീർക്കാൻ ഇറങ്ങിപ്പുറപ്പെട്ട ഇന്ത്യ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു. ഇതിന് പകരം ചോദിക്കാൻ ഫുട്ബോൾ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഫലസ്തീനെ പിന്തുണക്കാൻ തയ്യാറാകുമോ എന്നാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച നടക്കുന്നത്.

‘ഭാരതത്തിലെ സംഘികളുടെ അവസ്ഥയാണ് ആലോചിച്ചത്. ഇന്ത്യയെ തോൽപ്പിച്ച ഓസ്‌ട്രേലിയക്കെതിരെ നിൽക്കണം. പക്ഷേ സഹ ഫാസിസ്റ്റുകളായ ഇസ്രഈൽ കൊന്നൊടുക്കുന്ന ഫലസ്തീനെ പിന്തുണക്കാനും പറ്റില്ലല്ലോ,’ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിൽ പറയുന്നു.

ഇസ്രഈലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ എക്സ് അക്കൗണ്ടിൽ ഉൾപ്പെടെ ഇന്ത്യൻ വലതുപക്ഷത്തിന്റെ ഇസ്രഈൽ പ്രേമം പ്രകടമാണ്.

നേരത്തെ വെസ്റ്റ് ബാങ്കിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരം നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് കുവൈത്തിലേക്ക് മാറ്റിവെക്കുകയായിരുന്നു. മാച്ച് ഫീസിന്റെ ഒരു ഭാഗം ഗസയിലെ ജനങ്ങൾക്കായി മാറ്റിവെക്കുമെന്ന് ഓസ്‌ട്രേലിയൻ താരങ്ങൾ അറിയിച്ചിരുന്നു.

സംഘർഷത്തെ തുടർന്ന് ഒക്ടോബറിൽ മലേഷ്യയിൽ വെച്ച് നടന്ന ഫുട്ബോൾ ടൂർണമെന്റിൽ നിന്ന് ഫലസ്തീൻ ടീം പിന്മാറിയിരുന്നു. നിരവധി കളിക്കാർ പരിശീലനം തുടരാൻ ജോർദാനിലേക്ക് താമസം മാറിയിരുന്നു. ഒളിമ്പിക് യോഗ്യതാ മത്സരത്തിൽ കളിക്കേണ്ടിയിരുന്ന മൂന്ന് താരങ്ങൾ ഗസയിൽ അകപ്പെട്ടുപോയതായി അറബ് ന്യൂസ്‌ റിപ്പോർട്ട് ചെയ്തിരുന്നു.

ദീർഘ നാളായി കുടുംബത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ടീം അംഗങ്ങൾ പരിശീലനത്തിന് പോകുമ്പോഴും ഹോട്ടലിലേക്ക് പോകുമ്പോഴുമെല്ലാം ഗസയിൽ എന്താണ് നടക്കുന്നത് എന്ന് അറിയാൻ ഫോണിൽ തന്നെ സമയം ചെലവഴിക്കുകയാണ് പതിവെന്ന് കുവൈത്തിയിലെ യോഗ്യതാ മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ ഹെഡ് കോച്ച് മക്രം ദബൂബ് പറഞ്ഞു.

1998ലാണ് ഫലസ്തീന് ഫിഫ അംഗത്വം ലഭിച്ചത്. 2018ൽ പുരുഷ ടീം 73-ാം റാങ്കിൽ എത്തിയിരുന്നു. 2013ലാണ് വനിതാ ടീം രൂപീകരിക്കപ്പെട്ടത്.

Content Highlight: Whom will Indian right wing support – Palestine or Australia who defeated India?

We use cookies to give you the best possible experience. Learn more