| Wednesday, 10th March 2021, 9:48 am

'ഞങ്ങളെല്ലാവരും വലിയ ദുഃഖത്തിലാണ്'; ഹാരിയുടെയും മേഗന്റെയും വംശീയ ആരോപണങ്ങളോട് പ്രതികരിച്ച് രാജകുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: കടുത്ത വംശീയത നേരിടേണ്ടി വന്നുവെന്ന പ്രിന്‍സ് ഹാരിയുടെയും മേഗന്റെയും പ്രസ്താവനകളോട് പ്രതികരിച്ച് ബ്രിട്ടീഷ് രാജകുടുംബം. ഹാരിയും മേഗനും കടന്നുപോയ ദുരനുഭവങ്ങളില്‍ ഖേദിക്കുന്നുണ്ടെന്നും അവരിരുവരും എല്ലായ്‌പ്പോഴും കുടുംബത്തില്‍ ഏറെ സ്‌നേഹിക്കപ്പെടുന്ന അംഗങ്ങളായിരിക്കുമെന്നും ക്വീന്‍ എലിസബത്ത് 11 പറഞ്ഞു.

മാധ്യമപ്രവര്‍ത്തക ഒപ്ര വിന്‍ഫ്രി ഹാരിയും മേഗനുമായി നടത്തിയ അഭിമുഖം ആഗോളതലത്തില്‍ ചര്‍ച്ചയായതിന് പിന്നാലെയായിരുന്നു വിഷയത്തില്‍ പ്രതികരണവുമായി ക്വീന്‍ എലിസബത്ത് മുന്നോട്ടു വന്നത്.

” മേഗനും ഹാരിക്കും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ എത്ര പ്രയാസമേറിയതായിരുന്നു എന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും വലിയ പ്രയാസമുണ്ട്. വംശീയതയെക്കുറിച്ച് അവര്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. അവരുടെ പരാമര്‍ശങ്ങള്‍ വളരെ ഗൗരവത്തോടെ തന്നെ എടുക്കും,” ക്വീന്‍ എലിസബത്ത് പറഞ്ഞു.

ഒപ്രാ വിന്‍ഫ്രിയുമായുള്ള അഭിമുഖത്തിന് ശേഷം ഹാരിയുടെയും മേഗന്റെയും ആരോപണങ്ങളോട് പ്രതികരിക്കാന്‍ ബ്രിട്ടീഷ് രാജകുടുംബത്തിനുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ക്വീന്‍ എലിസബത്ത് പ്രസ്താവന ഇറക്കിയത്.

നിരന്തരം വംശീയാധിക്ഷേപങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് മേഗന് ആത്മഹത്യാ ചിന്തകള്‍ ഉണ്ടായിരുന്ന കാലത്ത് എന്ത് ചെയ്യണമെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും ഹാരി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. രാജകുടുംബത്തിലെ ആരുമായും ഇത് തുറന്നു സംസാരിക്കാനും സാധിക്കില്ലായിരുന്നുവെന്നും ഹാരി കൂട്ടിച്ചേര്‍ത്തു.

‘വംശീയ വിവേചനത്തിനെതിരെ എന്റ കുടുംബം ശക്തമായ ഒരു നിലപാട് എടുത്തില്ല എന്നതില്‍ താന്‍ ഏറെ ദുഃഖിക്കുന്നുണ്ട്. സംസാരിക്കാന്‍ പോലും ആരുമില്ലാതിരുന്ന ഒരു സാഹചര്യമായിരുന്നു നേരിട്ടത്. പ്രശ്‌നങ്ങള്‍ മേഗനെ മാത്രം ബന്ധപ്പെട്ടായിരുന്നില്ല. അവള്‍ പ്രതിനിധാനം ചെയ്യുന്ന വംശത്തെകൂടി സംബന്ധിക്കുന്നതായിരുന്നു,” ഹാരി അഭിമുഖത്തില്‍ പറഞ്ഞു.

രാജകുടുംബത്തില്‍ നിന്നും പുറത്തുപോകാന്‍ കാരണം മേഗനാണോ എന്ന ചോദ്യത്തിന് ഹാരിക്ക് വേണ്ടി ഞാന്‍ എല്ലാം ഉപേക്ഷിച്ചുവെന്നാണ് മേഗന്‍ മറുപടി നല്‍കിയത്. മേഗന് വേണ്ടിയല്ലാതെ മറ്റാര്‍ക്കെങ്കിലും വേണ്ടി ഇത്തരമൊരു തീരുമാനം എടുക്കുമായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല, എനിക്ക് സാധിക്കുമായിരുന്നില്ല, ഞാനും അവിടെ കുടുങ്ങിപ്പോയിരിക്കുകയായിരുന്നു എന്നാണ് ഹാരി പറഞ്ഞത്.

‘ ഞാന്‍ ഈ വ്യവസ്ഥിതിക്കുള്ളില്‍ കുടുങ്ങിപ്പോയ ആളാണ്. എന്റെ അച്ഛനും, സഹോദരനുമെല്ലാം അങ്ങനെ തന്നെയാണ്. അവര്‍ക്ക് പുറത്തുകടക്കാന്‍ സാധിക്കില്ല,” ഹാരി പറഞ്ഞു.

രാജകുടുംബത്തില്‍ നിന്നും പുറത്തുവന്നതിന് ശേഷമുള്ള ഹാരിയുടെയും മേഗന്റെയും ആദ്യ അഭിമുഖമായിരുന്നു സി.ബി.എസില്‍ സംപ്രേക്ഷണം ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: “Whole Family Saddened”: Queen Vows To Address Harry-Meghan Racism Claims

We use cookies to give you the best possible experience. Learn more