ഐ.പി.എല്‍ 2023ന്റെ ഫൈനല്‍ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. മെയ് 28ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റെയ്‌നിങ് ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.
ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തിയാണ് പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ വമ്പന്‍ മാര്‍ജിനിലില്‍ പരാജയപ്പെടുത്തിയെത്തിയ മുംബൈ ഇന്ത്യന്‍സിനെ രണ്ടാം ക്വാളിഫയറില്‍ തകര്‍ത്താണ് ടൈറ്റന്‍സ് ഫൈനലില്‍ കയറിയത്.
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഏത് ടീം വിജയിച്ചാലും ഐ.പി.എല്‍ റെക്കോഡിലും അവര്‍ തങ്ങളുടെ പേര് എഴുതിച്ചേര്‍ക്കുമെന്നുറപ്പാണ്.
ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് വിജയിക്കുന്നതെങ്കില്‍ അഞ്ചാം കിരീടമാണ് ചെപ്പോക്കിലേക്കെത്തുക. ഇടനെഞ്ചില്‍ അഞ്ചാം നക്ഷത്രം തുന്നിച്ചേര്‍ക്കുന്നതിനോടൊപ്പം ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ കിരീടം നേടിയ ടീം എന്ന മുംബൈ ഇന്ത്യന്‍സിന്റെ റെക്കോഡിനൊപ്പമെത്താനും സൂപ്പര്‍ കിങ്‌സിനാകും.
ചിരവൈരികളുടെ റെക്കോഡ് നേട്ടം പൊളിച്ചെഴുതുക എന്നതിനേക്കാളുപരി തല ധോണിയെ കിരീടമണിയിച്ച് പടിയിറക്കുക എന്ന വൈകാരിക തലവും മഞ്ഞക്കുപ്പായക്കാര്‍ക്കുണ്ടാകും.
ഇനി അഥവാ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റന്‍സാണ് വിജയിക്കുന്നതെങ്കില്‍ സൂപ്പര്‍ കിങ്‌സിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും കുത്തകയാണ് തകരുക. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തിയവരെന്ന നേട്ടത്തില്‍ രോഹിത്തിന്റെയും ധോണിയുടെയും പേരിനൊപ്പം ഹര്‍ദിക്കിന്റെ പേരും എഴുതിച്ചേര്‍ക്കപ്പെടും.
2010ല്‍ ആദ്യമായി കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് 2011ല്‍ റോയല്‍ ചലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തി നിലനിര്‍ത്തിയപ്പോള്‍ 2020ലാണ് മുംബൈ ആ നേട്ടം ആവര്‍ത്തിച്ചത്.
2019ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഒറ്റ റണ്‍സിന് തകര്‍ത്ത് കിരീടം സ്വന്തമാക്കിയ മുംബൈ തൊട്ടടുത്ത വര്‍ഷം ദല്‍ഹി ക്യാപ്പിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് കിരീടം നിലനിര്‍ത്തി.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയാല്‍ ഒന്നലധികം കിരീടം നേടുന്ന നാലാമത് ടീമാകാനും ടൈറ്റന്‍സിന് സാധിക്കും. ചെന്നൈ, മുംബൈ കൊല്‍ക്കത്ത എന്നിവരാണ് ഇതിന് മുമ്പ് ഒന്നിലധികം കിരീടം നേടിയത്.
Content Highlight: Whoever wins in IPL 2023 final will create unique record