| Friday, 31st December 2021, 12:25 pm

ആര്‍.എസ്.എസിനെതിരെയുള്ള പോസ്റ്റ്; മലയാളിയെ കര്‍ണാടക പൊലീസ് വേട്ടയാടുന്നതിന് മുഖ്യമന്ത്രി മറുപടി പറയണം: വി.ടി. ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആര്‍.എസ്.എസിനെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ കേരള പൊലീസും കര്‍ണാടക പൊലീസും താന്‍ ജോലി ചെയ്യുന്നിടത്തുവന്ന് ചോദ്യം ചെയ്തെന്നുള്ള ചന്ദ്രമോഹന്‍ കൈതാരത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ടി. ബല്‍റാം.

ഈ പറയുന്നത് പോലെ കേരള പൊലീസും കര്‍ണാടകക്കാര്‍ക്കൊപ്പം ഈ മലയാളിക്കെതിരായ വേട്ടയാടലില്‍ പങ്കാളിയായിട്ടുണ്ടെങ്കില്‍ അത് അതീവ ഗുരുതരമായ ഒരു കാര്യമാണെന്നും കേരളത്തിന്റെ ആഭ്യന്തര മന്ത്രി അതാരായിരുന്നാലും മറുപടി പറയേണ്ടുന്ന വിഷയമാണിതെന്നും വി.ടി ബല്‍റാം പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന ഇവിടെ നിലനില്‍ക്കുന്നിടത്തോളം കാലമെങ്കിലും ആര്‍.എസ്.എസ് എന്ന ഹിന്ദുത്വ ഭീകര സംഘടന വിമര്‍ശനത്തിന് അതീതരല്ലെന്നും വി.ടി ബല്‍റാം പറഞ്ഞു.

ബെംഗളൂരുവില്‍ താന്‍ ജോലി ചെയ്യുന്ന പ്ലാന്റില്‍ കേരള- കര്‍ണാടക പൊലീസെത്തി ആര്‍.എസ്.എസിനെതിരെയുള്ള പോസ്റ്റുകള്‍ ഇട്ടോയെന്ന് ചോദിച്ചെന്നും തന്റെ ഫോണ്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ അവര്‍ കൊണ്ടുപോയെന്നും ചന്ദ്രമോഹന്‍ കൈതാരം കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.

തന്റെ ഫേസ്ബുക്ക അക്കൗണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പൂട്ടാന്‍ സാധ്യതയുണ്ടെന്നും ചന്ദ്രമോഹന്‍ ഫേസ്ബുക്കില്‍ പറഞ്ഞിരുന്നു.

ഇതിനുപിന്നാലെയാണ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വി.ടി. ബല്‍റാം രംഗത്തെത്തിയത്.

പൊലീസില്‍ ആര്‍.എസ്.എസുകാര്‍ ഉണ്ടെന്നും അതിലെന്താണ് തെറ്റെന്നും ചോദിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

പൊലീസില്‍ മാത്രമല്ല ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഉള്ളതെന്നും രാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും ആര്‍.എസ്.എസുകാരാണെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

പൊലീസ് സ്റ്റേഷനുകളില്‍ നിര്‍ണായക ജോലികള്‍ ആര്‍.എസ്.എസ് അനുകൂലികള്‍ കൈയടക്കുന്നെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

സ്റ്റേഷന്‍ ജോലികള്‍ ചെയ്യുന്നവരില്‍ ആര്‍.എസ്.എസ് അനുകൂലികളുണ്ട്. ഇടത് അനുകൂല പൊലീസുകാര്‍ ജോലിഭാരം കുറവുള്ള തസ്തികകള്‍ തേടി പോകുകയാണ്.

പലര്‍ക്കും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കയറാനാണ് താല്‍പര്യം. സ്പെഷ്യല്‍ ബ്രാഞ്ച് പോലെ ആയാസം കുറഞ്ഞ ജോലിയിലേക്ക് പോകാനും ചിലര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നു. അവര്‍ പോകുമ്പോള്‍ ആ ഒഴിവില്‍ ആര്‍.എസ്.എസ് അനുകൂലികള്‍ കയറി കൂടുകയാണെന്നും കോടിയേരി പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Whoever the Home Minister is, he should respond to this hunt against Malayalees: VT Balram

We use cookies to give you the best possible experience. Learn more