'കോഴിക്കോട്ട് ആര് വന്നാലും ഹല്‍വയും സുലൈമാനിയും കൊടുക്കും, ഹല്‍വ കൊടുത്ത കൈകൊണ്ട് തന്നെ ബി.ജെ.പിയെ തോല്‍പിക്കുകയും ചെയ്യും'
കോഴിക്കോട്: ആര് വന്നാലും ഹല്‍വയും സുലൈമാനിയും കൊടുക്കുന്നത് കോഴിക്കോടിന്റെ ആതിഥ്യ മര്യാദയുടെ ഭാഗമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഹല്‍വ കൊടുത്ത കൈകൊണ്ട് തന്നെ കോഴിക്കോട്ടുകാര്‍ ബി.ജെ.പിയെ തോല്‍പിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സര്‍വകലാശാല സെനറ്റുകളിലേക്ക് സംഘപരിവാറുകാരെ നോമിനേറ്റ് ചെയ്തതിന്റെ ഭാഗമായി പ്രതിഷേധം നടന്നുകൊണ്ടിരിക്കെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ കഴിഞ്ഞ ദിവസം കോഴിക്കോട് മിഠായിത്തെരുവില്‍ സന്ദര്‍ശനം നടത്തുകയും ഹല്‍വ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് മീഡിയ വണ്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
‘ കോഴിക്കോട് ആര് വന്നാലും ഹല്‍വയും സുലൈമാനിയും കൊടുക്കും. അത് കോഴിക്കോടിന്റെ പ്രത്യേകതയാണ്. ആതിധേയ മര്യാദയുടെ പര്യായമാണ് കോഴിക്കോടും കേരളവും. എന്നാല്‍ ഹല്‍വ കൊടുത്ത അതേ കൈകൊണ്ട് തന്നെ ഗവര്‍ണര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ അവര്‍ തോല്‍പിക്കുയും ചെയ്യും. അത്തരത്തിലുള്ള രാഷ്ട്രീയ പ്രബുദ്ധതയുടെ നാടാണ് കോഴിക്കോടും കേരളവുമൊക്കെ.
ഗവര്‍ണര്‍ മിഠായിത്തെരുവിലൂടെ നടക്കുമ്പോള്‍ ശ്രദ്ധിച്ചു നോക്കിയിരുന്നെങ്കില്‍ എത്ര മായ്ച്ചാലും മായാത്ത ചോരക്കറ കാണാമായിരുന്നു. അത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാവപ്പെട്ട കുട്ടികള്‍ക്കും പഠിക്കണമെന്ന ആഗ്രഹത്തിന്റെ ഭാഗമായി അന്നത്തെ സര്‍ക്കാറിനെതിരെ നടത്തിയ സമരങ്ങളെ പൊലീസ് അതിഭീകരമായി മര്‍ദിച്ചു. ആ മര്‍ദ്ദനത്തിന്റെ ഭാഗമായുള്ള ചോരക്കറ ഇന്നും മിഠായിത്തെരുവില്‍ കാണാന്‍ സാധിക്കും. അന്ന് സമരം നടത്തിയ സംഘടനയുടെ പേര് എസ്.എഫ്.ഐ എന്നായിരുന്നു. ആ സംഘടനയെ എങ്ങനെയൊക്കെ ഗവര്‍ണര്‍ ആക്ഷേപിച്ചുവോ, അതിനൊക്കെയുള്ള മറുപടി ഇന്നലെ മിഠായിത്തെരുവ് നല്‍കിയിട്ടുണ്ട്.
മിഠായിത്തെരുവില്‍ വലിയ തീപിടുത്തമുണ്ടായിരുന്നു. ആ തീപിടുത്തത്തില്‍ തങ്ങളുടെ ജിവന്‍ പോയാലും തീ അണക്കാന്‍ ഫയര്‍ഫോഴ്‌സിനൊപ്പം തങ്ങളുമുണ്ടെന്ന് പ്രഖ്യാപിച്ച തൊഴിലാളികളും വ്യാപാരികളും ജനങ്ങളുമാണ് മിഠായിത്തെരുവിലുള്ളത്. അവര്‍ക്കൊപ്പം സമീപത്തെ കലാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഓടിയെത്തി. അവര്‍ ഒരു ബാനറിന് കീഴില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ആ സംഘടനയുടെ പേരും എസ്.എഫ്.ഐ എന്നാണ്. ഇതൊക്കെ ഗവര്‍ണര്‍ക്ക് ഇന്നലെ മനസ്സിലാക്കാനായി എന്നതാണ് ആ നടത്തത്തിന്റെ ഗുണം.
ഇന്ത്യയില്‍ മറ്റേതെങ്കിലും ഒരു ഗവര്‍ണര്‍ക്ക് ഇങ്ങനെ നടക്കാന്‍ പറ്റുമോ. ഇവിടെ ക്രമസമാധാനം ഭദ്രമാണ്. അദ്ദേഹത്തിന്റെ സംസ്ഥാനമായ യു.പിയില്‍ ഇങ്ങനെ നടക്കാന്‍ പറ്റുമോ. കേരളത്തിന്റെ ക്രമസമാധാനം ഭദ്രമാണെന്ന് അദ്ദേഹത്തിന്റെ നടത്തത്തിലൂടെ തെളിയിച്ചിരിക്കുകയാണ്. അതിനദ്ദേഹത്തിന് നന്ദി പറയുന്നു, മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
CONTENT HIGHLIGHTS: Whoever comes to Kozhikode will give halwa and Sulaimani and will defeat BJP with the same hand that gave halwa: Minister Muhammad Riyas