ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് വേണ്ടിയാണ് ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ രാജാക്കന്‍മാര്‍ ആരെന്നറിയാന്‍ റെഡ് ബോള്‍ ക്രിക്കറ്റിലെ ഭീമന്‍മാര്‍ കൊമ്പുകോര്‍ക്കുന്ന മത്സരത്തില്‍ ഫലം അപ്രവചനീയമാണ്.
ഇരുടീമിന്റെയും സ്‌ക്വാഡ് ഡെപ്ത് തന്നെയാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. എണ്ണം പറഞ്ഞ ബാറ്റര്‍മാരും അവരെ എറിഞ്ഞിടാന്‍ പോന്ന ബൗളര്‍മാരും എന്തിനും തയ്യാറായി നില്‍ക്കുന്ന ഓള്‍ റൗണ്ടര്‍മാരുമാണ് ഇരു ടീമിന്റെയും കരുത്ത്. ഈ ആവേശം വാനോളമുയരുമ്പോള്‍ ഇനിയെല്ലാ കണ്ണുകളും ജൂണ്‍ ഏഴ് മുതല്‍ അഞ്ച് ദിവസം ഓവലിലേക്ക് നീളും.
ഐ.പി.എല്‍ ഫൈനലിലെ മഴ ചതിച്ചതുപോലെ ഡബ്ല്യൂ.ടി.സി ഫൈനലിനും മഴ ഭീഷണിയുണ്ട്. ആദ്യ നാല് ദിവസവും കാലാവസ്ഥ അനുകൂലമാവുമെങ്കിലും അവസാന ദിവസമായ ജൂണ്‍ 11ന് മഴ പെയ്യാന്‍ സാധ്യത കല്‍പിക്കുന്നുണ്ട്. അക്യൂവെതര്‍ റിപ്പോര്‍ട്ട് അനുസരിച്ച് 56 ശതമാനമാണ് മഴക്ക് സാധ്യത. മഴ കാരണം കളി വൈകുകയാണെങ്കില്‍ റിസര്‍വ് ദിനവും അനുവദിച്ചിട്ടുണ്ട്.
ക്രിക്കറ്റിലെ മറ്റ് ഫോര്‍മാറ്റുകളെ പോലെ ജയവും പരാജയവും മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിലുള്ളത്. മത്സരം സമനിലയിലാകുന്നതും ടെസ്റ്റില്‍ പതിവാണ്.
അങ്ങനെയെങ്കില്‍ മത്സരം സമനിലയില്‍ കലാശിക്കുകയോ ഫലം ഇല്ലാതെ പോവുകയോ ചെയ്താല്‍ ചാമ്പ്യന്‍ഷിപ്പ് ആര്‍ക്ക് ലഭിക്കും എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യങ്ങളില്‍ പ്രധാനം.
പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയെ ചാമ്പ്യന്‍മാരായി പ്രഖ്യാപിക്കുമോ അതോ ഇരു ടീമിനെയും വിജയികളായി പ്രഖ്യാപിക്കുമോ എന്നതാണ് പലരുടെയും സംശയം.
അഥവാ മത്സരം സമനിലയില്‍ അവസാനിക്കുകയോ ഫലം ഇല്ലാതെ പോവുകയോ ചെയ്താല്‍ ഇന്ത്യയെയും ഓസീസിനെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കും എന്നത് തന്നെയാണ് ഇതിനുള്ള ഉത്തരം.
പത്ത് വര്‍ഷമായി ഒരു ഐ.സി.സി കിരീടമില്ല എന്ന ചീത്തപ്പേര് മാറ്റിയെടുക്കാന്‍ തന്നെയായിരിക്കും രോഹിത്തും സംഘവും ലക്ഷ്യമിടുന്നത്. വിരാട് കോഹ്‌ലി അടിത്തറയിട്ട ഒരു ടീമിനെ രോഹിത് ശര്‍മ നയിച്ച് കപ്പ് നേടുന്നതിനേക്കാള്‍ വലിയ സന്തോഷമൊന്നും തന്നെ ഇന്ത്യന്‍ ആരാധകര്‍ക്ക് ലഭിക്കാനില്ല.
ഇത് രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ തവണ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ട് മടങ്ങാനായിരുന്നു ഇന്ത്യയുടെ വിധി.
Content Highlight: Who will win WTC if the match ended in a draw?