ലോകഫുട്ബാളിലെ തന്നെ ഏറ്റവും മഹത്തരമായ പുരസ്കാരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നതാണ് ബാലൻ ഡി ഓർ. ഒരു കലണ്ടർ വർഷത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരത്തിനാണ് ഫ്രഞ്ച് ഫുട്ബോൾ മാഗസിൻ ഈ പുരസ്കാരം നൽകുന്നത്.
അർജന്റൈൻ ഇതിഹാസ താരം ലയണൽ മെസിയാണ് ഏറ്റവും കൂടുതൽ തവണ ബാലൻ ഡി ഓർ കരസ്ഥമാക്കിയ താരത്തിന്റെ പേരിലുള്ള റെക്കോർഡ് സ്വന്തമായിട്ടുള്ളത്. ഏഴ് തവണയാണ് മെസി ഈ പുരസ്കാരത്തിനർഹനായിരിക്കുന്നത്.
എന്നാൽ ബാലൻ ഡി ഓറിനെക്കാളും പ്രധാനപ്പെട്ട മറ്റൊരു പുരസ്കാരമാണ് സൂപ്പർ ബാലൻ ഡി ഓർ. ഫ്രഞ്ച് ഫുട്ബോൾ മാഗസിൻ തന്നെ നൽകുന്ന ഈ പുരസ്കാരം 30 വർഷത്തിൽ ഒരിക്കൽ മാത്രമേ പ്രഖ്യാപിക്കൂ.
ചരിത്രത്തിൽ ഒറ്റ തവണ മാത്രം പ്രഖ്യാപിക്കപ്പെട്ട ഈ പുരസ്കാരത്തിന് അർഹനായത് 1989ൽ അർജന്റൈൻ താരമായ ആൽഫ്രഡോ ഡി സ്റ്റെഫാനൊയാ.
മുപ്പത് വർഷങ്ങൾക്കിപ്പുറം ഈ പുരസ്കാരം പ്രഖ്യാപിക്കപ്പെടുമ്പോൾ മറ്റൊരു അർജന്റീനക്കാരൻ അത് നേടുമോ എന്നാണ് ലോകം കാത്തിരിക്കുന്നത്.
സൂപ്പർ ബാലൻ ഡി ഓർ പുരസ്കാരത്തിനുള്ള സാധ്യത പട്ടിക സോഷ്യൽ മീഡിയകളിലടക്കം പ്രചരിക്കുമ്പോൾ സാക്ഷാൽ ലയണൽ മെസി തന്നെയാണ് പുരസ്കാരം നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന താരം. മെസിയുടെ തൊട്ട് പിന്നിലുള്ളത് പോർച്ചുഗീസ് താരം റൊണാൾഡോയാണ്.
ബാലൻ ഡി ഓർ സാധ്യത പട്ടികയിൽ പിന്നിലായെങ്കിലും സൂപ്പർ ബാലൻ ഡി ഓറിൽ പട്ടികയിൽ ഏറെ മുന്നിലാണ് താരം.
ബ്രസീലിന്റെ ഇതിഹാസ താരം റൊണാൾഡോ നസാരിയോ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളപ്പോൾ നാലാം സ്ഥാനത്തുള്ളത് സിനദിൻ സിദാനാണ്.
റോബർട്ടോ ലെവൻഡോസ്കി, ലൂക്കാ മോഡ്രിച്ച്, കരീം ബെൻസെമ, നെയ്മർ, സാദിയോ മാനെ, എംബാപ്പെ മുതലായ താരങ്ങളാണ് 55 പേർ അടങ്ങിയ സാധ്യതാ പട്ടികയിൽ ഇടം പിടിച്ച നിലവിൽ കളിക്കുന്ന മറ്റു താരങ്ങൾ.