2023ല്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. നിലവില്‍ ഈ വര്‍ഷം അവസാനിക്കാന്‍ കുറച്ചു ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ എതിരാളികളില്ലാത്ത റൊണാള്‍ഡോ തന്നെയായിരിക്കും ടോപ്പ് സ്‌കോറര്‍ സ്ഥാനത്തിനര്‍ഹന്‍ എന്നുറപ്പായികഴിഞ്ഞിട്ടുണ്ട്.
സൗദി പ്രോ ലീഗില്‍ അല്‍ ഇത്തിഹാദിനെതിരെ നടന്ന മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിക്കൊണ്ട് മികച്ച പ്രകടനം കാഴ്ചവെച്ച റൊണാള്‍ഡോ 2023 ലെ ടോപ്പ് സ്‌കോറര്‍ പട്ടികയില്‍ മികച്ച മുന്നേറ്റം നടത്തിയിരുന്നു.
അല്‍ നസറിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് നിലവില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം. 53 ഗോളുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് പോര്‍ച്ചുഗീസ് സൂപ്പര്‍താരം അടിച്ചുകയറ്റിയത്.
റൊണാള്‍ഡോക്ക് ശക്തമായ എതിരാളികളായി ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയും ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്നും ആണുള്ളത്. ഇരുവരും 52 ഗോളുകള്‍ ആണ് നേടിയത്. നാലാം സ്ഥാനത്തായി 50 ഗോളുകള്‍ നേടിക്കൊണ്ട് മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരം ഏര്‍ലിങ് ഹാലണ്ടുമുണ്ട്.
2023 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങള്‍
(താരം, ഗോള്‍ എന്നീ ക്രമത്തില്‍)
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ-53
കിലിയന്‍ എംബാപ്പെ- 52
ഹാരി കെയ്ന്‍ – 52
ഏര്‍ലിങ് ഹാലണ്ട്-50
ഗര്‍ഭന്‍ കോഗ്ലാന്‍ – 41
ഡെനിസ് ബൗംഗ – 40
ജര്‍മന്‍ കാനോ- 40
റൊമേലു ലുക്കാക്കു- 40
ബര്‍ണബാസ് വര്‍ഗ – 39
സാന്റിയാഗോ ഗിമെനെസ് -39
ഈ വര്‍ഷം ഇനി എംബാപ്പെക്കും ഹാരി കെയ്നും മത്സരങ്ങളില്ല.. എന്നാല്‍ നാലാം സ്ഥാനത്തുള്ള ഹാലണ്ടിന് മത്സരം ഉണ്ട് എന്നുള്ളത് ഏറെ ശ്രദ്ധേയമായ ഒന്നാണ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഡിസംബര്‍ 30ന് ഷഫീല്‍ഡ് യുണൈറ്റഡിനെതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഈ വര്‍ഷത്തെ അവസാന മത്സരം. ഈ മത്സരത്തില്‍ നോര്‍വീജിയന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ നാലു ഗോള്‍ നേടിയാല്‍ മാത്രമേ റൊണാള്‍ഡോയെ മറികടന്ന് ഈ വര്‍ഷത്തെ ടോപ്പ് സ്‌കോറര്‍ സ്ഥാനം സ്വന്തമാക്കാന്‍ സാധിക്കൂ.
Content Highlight: who will win 2023 Top scorer award.