| Monday, 25th December 2023, 8:00 pm

ഷമിക്ക് ആര് പകരക്കാരനാകും: സുനില്‍ ഗവാസ്‌ക്കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കക്കെതിരെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ കണങ്കാലിന് പരിക്ക് പറ്റി മാറിനില്‍ക്കുകയാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. ഷമിക്ക് പകരം ഏതുതാരത്തെയാണ് ടീമില്‍ ഉള്‍പ്പെടുത്തുന്നതെന്ന് ചര്‍ച്ചയില്‍ മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌ക്കറും അഭിപ്രായം പറഞ്ഞിരുന്നു. നിലവില്‍ തെരഞ്ഞെടുത്ത താരത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചെങ്കിലും ആ സംശയം തെറ്റാണെന്ന് സ്റ്റാര്‍ പേസര്‍ തെളിയിക്കുമെന്ന പ്രതീക്ഷയിലാണ് ഗവാസ്‌കര്‍.

കിസീകോ റബാഡയുടെയും ലുങ്കി എങ്കിഡിയുടെയും അഭാവത്തില്‍ ഇന്ത്യന്‍ ബാറ്റര്‍ മാര്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അനുകൂലമായ സ്ഥിതി ഉണ്ടാകുമെന്നും ഗവാസ്‌കര്‍ എടുത്തുകാട്ടി. എന്നാല്‍ ഇന്ത്യന്‍ ബൗളിങ് നോക്കിയാല്‍ പരിക്ക് പറ്റി പുറത്തുപോയ ഷമിക്ക് പകരക്കാരനായി മുകേഷ് കുമാറിനെയാണ് തെരഞ്ഞെടുത്തതെന്ന് ഗവാസ്‌കര്‍ വിശദീകരിച്ചു. പരിക്കില്‍ നിന്നും തിരിച്ചെത്തിയ പ്രസിദ് കൃഷ്ണയുടെ തയ്യാറെടുപ്പിനെ കുറിച്ചും ഗവാസ്‌കര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

‘പ്രസിദ് കൃഷ്ണയെ കുറിച്ച് എനിക്ക് ആശങ്കയുണ്ട്. അദ്ദേഹം പരിക്കില്‍ നിന്ന് തിരിച്ചെത്തിയിരിക്കുകയാണ്. ഒരു ദിവസം 15 മുതല്‍ 20 ഓവര്‍ ബൗള്‍ ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവില്‍ എനിക്ക് വിശ്വാസമില്ല. ഞാന്‍ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം അദ്ദേഹം അങ്ങനെ ചെയ്താല്‍ ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെക്കും എന്നാണ് അര്‍ത്ഥം. അത് എന്നെ വളരെയധികം സന്തോഷിപ്പിക്കും. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരാണ്. ഓപ്പണിങ് ബൗളര്‍മാര്‍,’അദ്ദേഹം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

പ്രോട്ടിയാസിനെതിരെ അവരുടെ തട്ടകത്തില്‍ ഇന്ത്യക്ക് ഒരിക്കല്‍പോലും വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് മറ്റൊരു വിഷയമാണ്. ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചാല്‍ 31 വര്‍ഷത്തെ കാത്തിരിപ്പിനാണ് ടീം ഇന്ത്യ വിരാമമിടുക. സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്ര നേട്ടത്തിനാണ് ഇന്ത്യ പടയൊരുക്കുന്നത്. ഗവാസ്‌കര്‍ ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 2023 ഏകദിന ലോകകപ്പിനു ശേഷം രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ടീമില്‍ തിരിച്ചെത്തിയത് വലിയ ഊര്‍ജ്ജം പകരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൗത്ത് ആഫ്രിക്കയുടെ ബൗളിങ് നിരക്കെതിരെ സ്‌കോര്‍ ചെയ്യാന്‍ സന്ദര്‍ശകര്‍ക്ക് കഴിയുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

Content Highlight: Who will replace Shami in the upcoming Test against South Africa?

We use cookies to give you the best possible experience. Learn more