|

എം.സി കമറുദ്ദീന് പകരം ലീഗിന്റെ മുഖം കാക്കാന്‍ മഞ്ചേശ്വരത്ത് എത്തുന്നതാര്? വിജയം ആവര്‍ത്തിക്കാന്‍ ലീഗ്; തന്ത്രങ്ങള്‍ മെനഞ്ഞ് ബി.ജെ.പി

അളക എസ്. യമുന

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം. 2016 ലെ തെരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കിയ മത്സരമായിരുന്നു മഞ്ചേശ്വരത്ത് നടന്നത്.

ബി.ജെ.പിയും മുസ്‌ലിം ലീഗും നേര്‍ക്കുനേര്‍ പോരാടിയ മണ്ഡലത്തില്‍ വിജയം കൊയ്തത് ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്നു. ലീഗിന്റെ പി.ബി. അബ്ദുള്‍ റസാഖിനോട് നേരിയ വോട്ടിന്റെ വ്യത്യാസത്തിലാണ് ബി.ജെ.പിയുടെ കെ.സുരേന്ദ്രന്‍ പരാജയപ്പെട്ടത്.
പി.ബി. അബ്ദുള്‍ റസാഖിന്റെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലും എം.സി. കമറുദ്ദീനിലൂടെ വിജയം ലീഗിനൊപ്പമായിരുന്നു.

നേരിയ വോട്ടുകള്‍ക്ക് മാത്രം കൈവിട്ടുപോയ മഞ്ചേശ്വരം മണ്ഡലം ഇത്തവണ എന്തു വില കൊടുത്തും സ്വന്തമാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. അതിനുള്ള തന്ത്രങ്ങളും മെനഞ്ഞു തുടങ്ങി.

മഞ്ചേശ്വരത്ത് ചിത്രം തെളിയുന്നു

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മഞ്ചേശ്വരത്ത് ആരൊക്കെ മത്സരിക്കുമെന്നകാര്യത്തില്‍ മുന്നണികളില്‍ പ്രാഥമിക ധാരണ ആയതായാണ് വിവരങ്ങള്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി കെ.ആര്‍.ജയാനന്ദ, മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി ടി.ഇ.അബ്ദുള്ള എന്നിവരായിക്കും മത്സരിക്കുക. പ്രഥമപരിഗണനയിലുള്ളത് ഈ പേരുകളാണ്.

കഴിഞ്ഞ മൂന്ന് തവണ വിജയം ഉറപ്പിച്ചിട്ടും കൈവിട്ടുപോയ മണ്ഡലം ഇത്തവണ പിടിച്ചെടുക്കാനുള്ള തന്ത്രം മെനഞ്ഞാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്തിനെ രംഗത്തിറക്കുന്നത്. ഉപതെരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച് വിജയം നേടിയ സിറ്റിംഗ് എം.എല്‍.എ എം.സി.കമറുദ്ദീന്‍ സ്വര്‍ണ്ണനിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായി ജയിലില്‍ ആയതിനാല്‍ ഇത്തവണ സീറ്റ് നല്‍കാന്‍ സാധ്യത ഇല്ല.

പകരം കാസര്‍ഗോഡ് മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാനും ജില്ലാ ലീഗ് പ്രസിഡന്റുമായ ടി.ഇ.അബ്ദുള്ളയുടെ പേരാണ് പ്രഥമ പരിഗണനയുള്ളത്. അതേസമയം ജില്ലാ ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ഹാജിയുടെ പേരും ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ മഞ്ചേശ്വരത്തിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥികളെ വേണ്ടെന്ന നിലപാടുമായി ഒരുവിഭാഗം ലീഗ് പ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്. പക്ഷേ, ടി.ഇ.അബ്ദുള്ളയാകുമ്പോള്‍ ഈ എതിര്‍പ്പുകളെ മറികടക്കാന്‍ കഴിയുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.

സി.എച്ച്.കുഞ്ഞമ്പുവിന് ശേഷം മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റംഗവും യുവനേതാവുമായ കെ.ആര്‍ ജയാനന്ദയെ മത്സരിപ്പിക്കാനാണ് സി.പി.ഐ.എം ആലോചിക്കുന്നത്. ജയാനന്ദയിലൂടെ ന്യൂനപക്ഷ വോട്ടുകള്‍ ഏകോപിപ്പിക്കാമെന്നാണ് വിലയിരുത്തുന്നത്.

2011 ല്‍ കെ.സുരേന്ദ്രനും പി.ബി.അബ്ദുള്‍റസാഖും നേരിട്ടുള്ള മത്സരത്തില്‍ 5828 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അബ്ദുള്‍റസാഖ് വിജയിച്ചത്. വിജയപ്രതീക്ഷയുമായി മത്സരിച്ച സി.പി.ഐ.എമ്മിലെ മുന്‍ എം.എല്‍.എ സി.എച്ച്.കുഞ്ഞമ്പു മൂന്നാംസ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. 2016 ല്‍ മണ്ഡലത്തില്‍ മത്സരം തനിആവര്‍ത്തനമായപ്പോള്‍ 89 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പി.ബി.അബ്ദുള്‍റസാഖ് സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. ഇതിനെതിരെ സുരേന്ദ്രന്‍ നിയമയുദ്ധം തുടരുന്നതിനിടെയാണ് അബ്ദുള്‍ റസാഖ് എം.എല്‍.എ മരണപ്പെട്ടത്. തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ലീഗ് ജില്ലാ പ്രസിഡന്റായ എം.സി.കമറുദ്ദീന്‍ മത്സരിച്ചത്. ബി.ജെ.പിയിലെ രവീശ തന്ത്രി കുണ്ടാറിനെ 7923 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കമറുദ്ദീന്‍ പരാജയപ്പെടുത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുകളുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ നല്ല മുന്നേറ്റം കാഴ്ചവെക്കാമെന്നാണ് ബി.ജെ.പിയും ഇടതുമുന്നണിയും കണക്കുകൂട്ടുന്നത്. എന്നാല്‍ വോട്ടിന്റെ കാര്യത്തില്‍ കാര്യമായ കുറവൊന്നും വന്നിട്ടില്ലാത്തതിനാല്‍ മണ്ഡലം നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Who will replace MC Kamaruddin in Manjeshwar to protect the face of the League?

അളക എസ്. യമുന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.