കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം. 2016 ലെ തെരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കിയ മത്സരമായിരുന്നു മഞ്ചേശ്വരത്ത് നടന്നത്.
ബി.ജെ.പിയും മുസ്‌ലിം ലീഗും നേര്‍ക്കുനേര്‍ പോരാടിയ മണ്ഡലത്തില്‍ വിജയം കൊയ്തത് ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്നു. ലീഗിന്റെ പി.ബി. അബ്ദുള്‍ റസാഖിനോട് നേരിയ വോട്ടിന്റെ വ്യത്യാസത്തിലാണ് ബി.ജെ.പിയുടെ കെ.സുരേന്ദ്രന്‍ പരാജയപ്പെട്ടത്.
പി.ബി. അബ്ദുള്‍ റസാഖിന്റെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലും എം.സി. കമറുദ്ദീനിലൂടെ വിജയം ലീഗിനൊപ്പമായിരുന്നു.
നേരിയ വോട്ടുകള്‍ക്ക് മാത്രം കൈവിട്ടുപോയ മഞ്ചേശ്വരം മണ്ഡലം ഇത്തവണ എന്തു വില കൊടുത്തും സ്വന്തമാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. അതിനുള്ള തന്ത്രങ്ങളും മെനഞ്ഞു തുടങ്ങി.
മഞ്ചേശ്വരത്ത് ചിത്രം തെളിയുന്നു
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മഞ്ചേശ്വരത്ത് ആരൊക്കെ മത്സരിക്കുമെന്നകാര്യത്തില്‍ മുന്നണികളില്‍ പ്രാഥമിക ധാരണ ആയതായാണ് വിവരങ്ങള്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി കെ.ആര്‍.ജയാനന്ദ, മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി ടി.ഇ.അബ്ദുള്ള എന്നിവരായിക്കും മത്സരിക്കുക. പ്രഥമപരിഗണനയിലുള്ളത് ഈ പേരുകളാണ്.
കഴിഞ്ഞ മൂന്ന് തവണ വിജയം ഉറപ്പിച്ചിട്ടും കൈവിട്ടുപോയ മണ്ഡലം ഇത്തവണ പിടിച്ചെടുക്കാനുള്ള തന്ത്രം മെനഞ്ഞാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്തിനെ രംഗത്തിറക്കുന്നത്. ഉപതെരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ച് വിജയം നേടിയ സിറ്റിംഗ് എം.എല്‍.എ എം.സി.കമറുദ്ദീന്‍ സ്വര്‍ണ്ണനിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായി ജയിലില്‍ ആയതിനാല്‍ ഇത്തവണ സീറ്റ് നല്‍കാന്‍ സാധ്യത ഇല്ല.
പകരം കാസര്‍ഗോഡ് മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാനും ജില്ലാ ലീഗ് പ്രസിഡന്റുമായ ടി.ഇ.അബ്ദുള്ളയുടെ പേരാണ് പ്രഥമ പരിഗണനയുള്ളത്. അതേസമയം ജില്ലാ ലീഗ് ട്രഷറര്‍ കല്ലട്ര മാഹിന്‍ഹാജിയുടെ പേരും ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ മഞ്ചേശ്വരത്തിന് പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥികളെ വേണ്ടെന്ന നിലപാടുമായി ഒരുവിഭാഗം ലീഗ് പ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്. പക്ഷേ, ടി.ഇ.അബ്ദുള്ളയാകുമ്പോള്‍ ഈ എതിര്‍പ്പുകളെ മറികടക്കാന്‍ കഴിയുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്.