തിരുവനന്തപുരം: അഡ്വ: പി.എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചതിന് പിന്നാലെ കേരള ബി.ജെ.പിയില്‍ പുതിയ അധ്യക്ഷ സ്ഥാനത്തിനായി നേതാക്കളുടെ ചരടുവലികള്‍ ആരംഭിച്ചു.
ശോഭ സുരേന്ദ്രന്‍, കെ.സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍ തുടങ്ങിയവരുടെ പേരുകളാണ് ചര്‍ച്ചകളില്‍ സജീവമായി കേള്‍ക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിക്ക് പിന്നാലെയാണ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിക്കുന്നത്.
ഡിസംബറില്‍ സംഘടന തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെയാണ് പിള്ളയുടെ സ്ഥാനമാറ്റം. തെരഞ്ഞെടുപ്പിലെ തിരിച്ചടി അധ്യക്ഷനെതിരെ ആയുധമാക്കാന്‍ കൃഷ്ണദാസ് പക്ഷവും മുരളീധരന്‍ പക്ഷവും തീരുമാനിച്ചിരിക്കെയാണ് കേന്ദ്രനേതൃത്വത്തിന്റെ അപ്രതീക്ഷിത നീക്കം.
ഇതോടെ പുതിയ അധ്യക്ഷ സ്ഥാനത്തിന് വേണ്ടിയുള്ള ചരടുവലികള്‍ ആരംഭിച്ചുകഴിഞ്ഞു. കെ.സുരേന്ദ്രന്റെ പേരാണ് ബി.ജെ.പിയിലെ മുരളീധരന്‍ പക്ഷം മുന്നോട്ട് വെയ്ക്കുന്നത്. ശോഭ സുരേന്ദ്രനെയാണ് കൃഷ്ണദാസ് പക്ഷം പിന്തുണയ്ക്കുന്നത്.
അതേസമയം കുമ്മനം രാജശേഖരനെയും വീണ്ടും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിനായി ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് എത്തിയ കുമ്മനത്തെ സ്ഥാനങ്ങളില്ലാതെ നിര്‍ത്തുന്നതില്‍ ആര്‍.എസ്.എസിന് അതൃപ്തിയുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അത്‌കൊണ്ട് തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് കുമ്മനത്തെയാണ് ആര്‍.എസ്.എസ് പിന്തുണയ്ക്കുന്നത്. നേരത്തെ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഒഴിവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ.സുരേന്ദ്രനെ പ്രസിഡന്റാക്കാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. മുരളീധരന്‍ പക്ഷത്ത് നിന്നുള്ള സുരേന്ദ്രനെ പ്രസിഡന്റാക്കുന്നതിനെതിരെ കൃഷ്ണദാസ് പക്ഷം രംഗത്തെത്തിയതോടെ് ദേശീയ നേതൃത്വം പ്രതിസന്ധിയിലാവുകയും തുടര്‍ന്ന് ഒത്തുതീര്‍പ്പെന്ന നിലയില്‍ ശ്രീധരന്‍പിള്ളയുടെ പേര് ഉയര്‍ന്നുവരികയുമായിരുന്നു.
എന്നാല്‍ കെ.സുരേന്ദ്രനോട് നിലവില്‍ ആര്‍.എസ്.എസിന് എതിര്‍പ്പില്ല. ഇതോടെ കുമ്മനം രാജശേഖരനും കെ.സുരേന്ദ്രനുമാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള സാധ്യതകള്‍. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയിലെ ജനകീയതയും കോന്നി ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വോട്ട് ഉയര്‍ത്തിയതും സുരേന്ദനുള്ള സാധ്യതകളാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനായി രാജിവെച്ച് എത്തിയ കുമ്മനത്തിന് സ്ഥാനങ്ങള്‍ നല്‍കാത്തതില്‍ പാര്‍ട്ടിയില്‍ മുറുമുറപ്പ് ഉയരുന്നുണ്ട്. വട്ടിയൂര്‍കാവ് തെരഞ്ഞെടുപ്പില്‍ കുമ്മനത്തിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്നായിരുന്നു അവസാന നിമിഷം വരെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ അപ്രതീക്ഷിതമായി എസ്.സുരേഷിനെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. ഇതും കുമ്മനത്തിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.
2015ല്‍ ബി.ജെ.പി അധ്യക്ഷനായിരുന്ന വി.മുരളീധരന് പകരക്കാരനായി കുമ്മനം രാജശേഖരന്‍ എത്തിയത് കടുത്ത ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കൊടുവിലായിരുന്നു. 2015 ഡിസംബര്‍ 18 നായിരുന്നു കുമ്മനം അധ്യക്ഷനായത്. അന്ന് ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്കൊടുവില്‍ ആര്‍.എസ്.എസില്‍ നിന്ന് അധ്യക്ഷനെ കണ്ടെത്താന്‍ തീരുമാനമാകുകയായിരുന്നു. അന്ന് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ച് ബാലശങ്കറിനെ വെട്ടി ഹിന്ദു ഐക്യവേദി അധ്യക്ഷനായ കുമ്മനത്തിനെ അധ്യക്ഷനായി തെരഞ്ഞെടുക്കുകയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം നേട്ടം എന്ത് കൊണ്ടും പി.എസ് ശ്രീധരന്‍പിള്ളയ്ക്കാണ്. അടുത്തമാസത്തോടെ കാലാവധി കഴിയുന്ന ശ്രീധരന്‍ പിള്ളയ്ക്ക് എതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ പ്രതിഷേധം ഉയരാന്‍ തുടങ്ങാനിരിക്കുന്നതിനിടെയാണ് പുതിയ സ്ഥാനനേട്ടം. സ്ഥാനങ്ങളില്ലാതെ അധ്യക്ഷ സ്ഥാനത്ത് നിന്ന് ഇറങ്ങുന്നതിനേക്കാള്‍ നേട്ടമാണ് കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പേ ഗവര്‍ണറായി മിസോറാമിലേക്കുള്ള മാറ്റം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ