| Tuesday, 21st February 2023, 8:22 pm

മെസിയോ എംബാപ്പെയോ നദാലോ? വിഖ്യാതമായ ലോറസ് പുരസ്‌കാരത്തിന് ആര് അര്‍ഹനാകും; അന്തിമ പട്ടിക പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

കായിക രംഗത്തെ ഓസ്‌കാര്‍ എന്ന് വിശേഷണമുള്ള ലോറസ് പുരസ്‌കാരത്തിനുള്ള അന്തിമ പട്ടിക പുറത്ത്. ആറ് താരങ്ങളാണ് വിഖ്യാതമായ ലോറസ് അവാര്‍ഡിനുള്ള അന്തിമ പട്ടികയില്‍ ഇടം നേടിയത്.

ഫുട്‌ബോള്‍ ഇതിഹാസമായ അര്‍ജന്റീനയുടെ ലയണല്‍ മെസി, ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ, ടെന്നീസ് ഇതിഹാസവും സ്പാനിഷ് ഇന്റര്‍നാഷണലുമായ റാഫേല്‍ നദാല്‍, അമേരിക്കന്‍ പ്രൊഫഷണല്‍ ബാസ്‌കറ്റ് ബോള്‍ താരമായ സ്റ്റീഫന്‍ കറി, സ്വീഡിഷ് അമേരിക്കന്‍ പോള്‍വാള്‍ട്ടര്‍ മോണ്ടോ ഡൂപ്ലാന്റിസ്, ഫോര്‍മുല വണ്‍ ചാമ്പ്യന്‍ മാക്‌സ് വേസ്റ്റാപ്പാന്‍ എന്നിവരാണ് പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ട താരങ്ങള്‍.

ഒരിക്കല്‍കൂടി ഫ്രഞ്ച് ഓപ്പണ്‍ കിരീടം ജേതാവായി ചരിത്രം കുറിച്ച നദാലിന് മികച്ച നേട്ടമാണ് 2022 സമ്മാനിച്ചത്. എക്കാലത്തെയും മികച്ച ബാസ്‌കറ്റ് ബോള്‍ താരങ്ങളില്‍ ഒരാളായി പരിഗണിക്കപ്പെടുന്നയാളാണ് അമേരിക്കന്‍ പ്രൊഫഷണല്‍ ബാസ്‌കറ്റ് ബോളില്‍ ഗോള്‍ഡന്‍ സ്‌റ്റേറ്റ് വാരിയേഴ്‌സിന്റെ ഷൂട്ടറായ സ്റ്റീഫന്‍ കറി.

കരിയറില്‍ രണ്ട് തവണ വേള്‍ഡ് അത്‌ലെറ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് നേടി ചരിത്രം കുറിച്ച താരമാണ് ഡൂപ്ലാന്റിസ്. അതേസമയം ഫോര്‍മുല വണ്‍ റൈസിങ്ങില്‍ ലോകചാമ്പ്യനായാണ് റെഡ് ബുള്ളിന്റെ മാക്‌സ് വേസ്റ്റാപ്പന്‍ ഷോര്‍ട് ലിസ്റ്റ് ചെയ്യപ്പെടുന്നത്.

മറുവശത്ത് ഫിഫ ലോക ചാമ്പ്യനായിക്കൊണ്ടാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെ ലോറസ് അവാര്‍ഡ് നോമിനിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

ദേശീയ ടീമിനൊപ്പം വിശ്വകിരീടം ഉയര്‍ത്തിയതോടെ തന്റെ കരിയര്‍ സമ്പൂര്‍ണമാക്കിയിരിക്കുകയാണ് മെസി. മാത്രമല്ല ഖത്തര്‍ ലോകകപ്പില്‍ ഏഴ് ഗോളും മൂന്ന് അസിസ്റ്റും നേടി ഗോള്‍ഡന്‍ ബോളും താരം സ്വന്തമാക്കിയിരുന്നു.

അതേസമയം ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയോട് തോല്‍വി വഴങ്ങിയെങ്കിലും എട്ട് ഗോളുകള്‍ അക്കൗണ്ടിലാക്കി ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ താരമാണ് കിലിയന്‍ എംബാപ്പെ.

ലോകകപ്പ് ചരിത്രത്തില്‍ ഫൈനലില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമെന്ന ഖ്യാതിയും എംബാപ്പെ നേടിയിരുന്നു.

മാക്‌സ് വേസ്റ്റാപ്പാനാണ് 2022ലെ ലോറസ് പുരസ്‌കാരത്തിന് അര്‍ഹനായത്. പത്ത് ഗ്രാന്‍ഡ് പ്രീ വിജയങ്ങളും റെക്കോഡ് 18 പോഡിയം ഫിനിഷുകളുമടക്കമാണ് 24കാരനായ താരം ജേതാവായത്. അബുദാബി ഗ്രാന്‍ഡ് പ്രിയുടെ അവസാന ലാപ്പില്‍ ലൂയിസ് ഹാമില്‍ട്ടനെ മറികടന്നായിരുന്നു വേസ്റ്റാപ്പാന്റെ നേട്ടം.

Content Highlights: Who will Lionel Messi battle for the 2023 Laureus Award for Best Male Athlete

We use cookies to give you the best possible experience. Learn more