| Monday, 27th November 2023, 3:29 pm

15 കോടിക്ക് അവന്‍ മുംബൈയിലേക്ക് ചേക്കേറി, ഇനി ജി.ടിയെ ആര് നയിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുന്നോടിയായി പല വമ്പന്‍ ടീമുകളും താരങ്ങളെ നിലനിര്‍ത്തുകയും വിട്ടയക്കുകയും ട്രേഡ് ചെയ്യുകയും നടത്തിയിരുന്നു. നവംബര്‍ 26ന് ആയിരുന്നു ഇതിനുള്ള അവസാന തിയ്യതി. ഐ.പി.എല്‍ ആരാധകര്‍ കാത്തിരുന്ന താരകൈമാറ്റത്തില്‍ ഗുജറാത്ത് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍ റൗണ്ടറുമായ ഹര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് 15 കോടിക്ക് സ്വന്തമാക്കിയിരിക്കുകയാണ്. എന്നാല്‍ 0.5 കോടി മാത്രം കൈവശമുണ്ടായിരുന്ന മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ സ്റ്റാര്‍ ഓള്‍റൗണ്ടറായ കാമറൂണ്‍ ഗ്രീനിനെ 17.5 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് കൈമാറിയാണ് ഹര്‍ദിക്കിനെ സ്വന്തമാക്കാനുള്ള സാമ്പത്തികശേഷിയില്‍ എത്തിയത്.

എന്നാല്‍ 2022ല്‍ നിലവില്‍ വന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ മികച്ച ക്യാപ്റ്റനായ ഹര്‍ദിക് മുംബൈയിലേക്ക് ചേക്കേറിയാല്‍ ആരാവും അടുത്ത നായകന്‍ എന്നതില്‍ ആരാധകര്‍ ഏറെ ആശങ്കയില്‍ ആയിരുന്നു.
ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്യംസണും അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനും ഇന്ത്യയുടെ ശുഭ്മന്‍ ഗില്ലും അടങ്ങിയ മികച്ച പെര്‍ഫോമിങ് നിരയാണ് ഗുജറാത്തിനുള്ളത്.

എന്നാല്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരില്‍ മികച്ച പ്രകടനം നടത്തുന്ന ശുഭ്മന്‍ ഗില്ലിനെ തേടിയാണ് ക്യാപ്റ്റന്‍ സ്ഥാനം എത്തുന്നതെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോകകപ്പില്‍ ഭേദപ്പെട്ട പ്രകടനമാണ് ഗില്‍ പുറത്തെടുത്തത്. 2023 ഐ.പി.എല്ലില്‍ 17 മത്സരത്തില്‍ നിന്നും 890 റണ്‍സാണ് താരം നേടിയത്. സീസണിലെ ഓറഞ്ച് ക്യാപും ഗില്ലിനായിരുന്നു.

നിലവില്‍ വന്ന സീസണില്‍ തന്നെ ജി.ടി ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയിരുന്നു. 2023 ഐ.പി.എല്‍ സീസണിലും ഹര്‍ദിക്കിന്റെ നേതൃത്വത്തില്‍ ഫൈനലിലും എത്തിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് ഫൈനലില്‍ പരാജയപ്പെട്ടാണ് ജി.ടിയുടെ രണ്ടാം ഐ.പി.എല്‍ കിരീടം എന്ന സ്വപ്നം പാഴായത്.

രോഹിത് ശര്‍മ നയിക്കിന്ന മുംബൈ ഇന്ത്യന്‍സിന്റെ വൈസ് ക്യാപ്റ്റനായിട്ടായിരിക്കും ഇനി ഹര്‍ദിക്കിന്റെ പടയോട്ടം. 2023 ലോകകപ്പില്‍ പരിക്കിനെ തുടര്‍ന്ന് നാല് മത്സരങ്ങളില്‍ മാത്രമാണ് പാണ്ഡ്യക്ക് കളിക്കാന്‍ സാധിച്ചത്. ശേഷം ലോകകപ്പില്‍ നിന്നും വിട്ടുനിന്ന താരം 2024 ഐ.പി.എല്ലില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്. ഇതോടപ്പം ഗില്ലിന്റെ കരിയറിലെ പുതിയ തുടക്കമാകും 2024 ഐ.പി.എല്‍ എന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Who will lead Gujarat Titans in IPL?

We use cookies to give you the best possible experience. Learn more