ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്കടുക്കുകയാണ്. ഇനി കേവലം അഞ്ച് മത്സരങ്ങള്‍ മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ അവശേഷിക്കുന്നത്.
നവംബര്‍ 15നാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന സെമി ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍ ആരാണെന്ന് ഇനിയും ഉറപ്പായിട്ടില്ല.
നിലവില്‍ മൂന്ന് ടീമുകള്‍ മാത്രമാണ് സെമി ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. ഇന്ത്യക്ക് പുറമെ സൗത്ത് ആഫ്രിക്കയും ഓസ്‌ട്രേലിയയുമാണ് സെമി ബെര്‍ത് ഉറപ്പിച്ച മറ്റ് ടീമുകള്‍.
രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ പോയിന്റ് പട്ടികയിലെ രണ്ട്, മൂന്ന് സ്ഥാനക്കാരാണ് ഏറ്റുമുട്ടുക. ഇക്കാരണത്താല്‍ സൗത്ത് ആഫ്രിക്കയും ഓസ്‌ട്രേലിയയുമാകും നവംബര്‍ 16ന് നടക്കുന്ന രണ്ടാം സെമി ഫൈനല്‍ കളിക്കുക.
സെമി ഫൈനലില്‍ പ്രവേശിക്കുന്ന നാലാമത് ടീം ഏതായിരിക്കും എന്നതില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. മൂന്ന് ടീമുകള്‍ക്കാണ് നിലവില്‍ സാധ്യത കല്‍പിക്കുന്നത്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ന്യൂസിലാന്‍ഡ് എന്നിവരാണ് ആ ടീമുകള്‍.
മൂന്ന് ടീമുകള്‍ക്കും ഇനി സെമി ഫൈനല്‍ കളിക്കണമെങ്കില്‍ ശേഷിക്കുന്ന മത്സരം വിജയിച്ചാല്‍ മാത്രം പോര, മറ്റ് ടീമുകളുടെ ജയപരാജയങ്ങള്‍ കണക്കിലെടുക്കുകയും വേണം.
ഓരോ ടീമുകളുടെയും സെമി ഫൈനല്‍ സാധ്യതകള്‍
ന്യൂസിലാന്‍ഡ്
നവംബര്‍ ഒമ്പതിന് നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡ് ശ്രീലങ്കയെ പരാജയപ്പെടുത്തുകയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനും പരാജയപ്പെടുകയും ചെയ്താല്‍ ന്യൂസിലാന്‍ഡിന് വഴി തെളിയും. മൂന്ന് മത്സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടാലും സാധ്യത ന്യൂസിലാന്‍ഡിനാണ്.
പാകിസ്ഥാന്‍
പ്രാഥമികമായി നവംബര്‍ 11ന് ഇംഗ്ലണ്ടിനെതിരെ വിജയിക്കുകയാണ് പാകിസ്ഥാന്‍ ചെയ്യേണ്ടത്. ഒപ്പം ശ്രീലങ്ക ന്യൂസിലാന്‍ഡിനെയും സൗത്ത് ആഫ്രിക്ക അഫ്ഗാനിസ്ഥാനെയും വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തുകയും ചെയ്യണം.
അഫ്ഗാനിസ്ഥാന്‍
നവംബര്‍ പത്തിന് നടക്കുന്ന സൗത്ത് ആഫ്രിക്ക – അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ വിജയിക്കുകയും ന്യൂസിലാന്‍ഡും പാകിസ്ഥാനും പരാജയപ്പെടുകയും ചെയ്താല്‍ അഫ്ഗാന് ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ സെമി ഫൈനല്‍ കളിക്കാന്‍ സാധിച്ചേക്കും.
മൂന്ന് ടീമുകളും അവരുടെ മത്സരങ്ങള്‍ വിജയിക്കുകയാണെങ്കില്‍ നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലാകും സെമി ഫൈനല്‍ കളിക്കുന്ന അവസാന ടീമിനെ കണ്ടെത്തുക.
Content highlight: Who will India face in the semi-finals?