ജറുസലേം: നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം കണ്ടെത്താനാകാതായതോടെ പ്രതിപക്ഷത്തിന് ഭരണത്തിലെത്താന്‍ സാധ്യത തെളിയുന്നു. പ്രതിപക്ഷ പാര്‍ട്ടിയായ യെഷ് അറ്റിഡ് പാര്‍ട്ടി തലവന്‍ യെര്‍ ലാപിഡിനാണ് പ്രധാനമന്ത്രി പദത്തിലെത്താന്‍ കൂടുതല്‍ സാധ്യത തെളിയുന്നത്.
മാര്‍ച്ച് 23ന് നടന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം നേടാന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയ്ക്കായിരുന്നില്ല. തുടര്‍ന്ന് ആകെയുള്ള 120 സീറ്റില്‍ 61 സീറ്റുകള്‍ നേടിയ ലികുഡ് പാര്‍ട്ടിയ്ക്ക് താല്‍ക്കാലിക സര്‍ക്കാര്‍ രൂപീകരിയ്ക്കാന്‍ അവസരം നല്‍കുകയും 28 ദിവസത്തിനുള്ളില്‍ കേവല ഭൂരിപക്ഷം കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
സമയപരിധി അവസാനിച്ചിട്ടും ഭൂരിപക്ഷം കണ്ടെത്താനാകാതായതോടെ സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്ന് നെതന്യാഹു ഔദ്യോഗികമായി അറിയിച്ചതായി ഇസ്രാഈല്‍ പ്രസിഡന്റ് റൂവേന്‍ റിവ്ലിന്‍ അറിയിച്ചു.
ഇതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ചുള്ള പദ്ധതികളും കാഴ്ചപ്പാടുകളും തുറന്നുപറഞ്ഞിരിക്കുകയാണ് പ്രതിപക്ഷ നേതാവ് യെര്‍ ലാപിഡ്. ‘ഇസ്രാഈല്‍ സമൂഹത്തിന്റെ ഹൃദയത്തിലെ മതിലുകള്‍ തകര്‍ത്തുകളയാനുള്ള ചരിത്രനിമിഷമാണിത്. മതവാദികളും മതേതരവാദികളും വലതും ഇടതും സെന്ററുമെല്ലാം ഒന്നിച്ചു വരാനുള്ള ചരിത്രനിമിഷം,’ ലാപിഡ് പറഞ്ഞു.
ഒരുമയുടെ ഒരു സര്‍ക്കാര്‍ വേണോ അതോ ഇപ്പോഴത്തെ വിഭജനവുമായി തുടര്‍ന്നുപോകണോ എന്ന് നിശ്ചയിക്കാനുള്ള സമയമാണിതെന്നും ലാപിഡ് കൂട്ടിച്ചേര്‍ത്തു. നെതന്യാഹുവിനോടുള്ള എതിര്‍പ്പ് എന്ന ധാരണയില്‍ വ്യത്യസ്ത രാഷ്ട്രീയധാരയിലുള്ള പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിക്കുന്ന കൂട്ടുകക്ഷി സര്‍ക്കാര്‍ എല്ലാം തികഞ്ഞതായിരിക്കില്ല, പക്ഷെ തങ്ങളെപ്പോഴും രാജ്യതാല്‍പര്യത്തിനായിരിക്കും പ്രധാന്യം നല്‍കുകയെന്ന് ലാപ്പിഡ് കൂട്ടിച്ചേര്‍ത്തു.
ഇസ്രാഈല്‍ സാങ്കേതിക വിദ്യാരംഗത്തെ അതിസമ്പന്ന വ്യവസായി നഫ്താലി ബെന്നറ്റുമായി ചേര്‍ന്നാണ് ലാപിഡ് ഭരണം പിടിക്കാന്‍ ഉദ്ദേശിക്കുന്നത്. അധികാരത്തിലെത്തിയാല്‍ ബെന്നറ്റുമായി പ്രധാനമന്ത്രി പദം പങ്കുവെയ്ക്കുമെന്നും ലാപിഡ് അറിയിച്ചിട്ടുണ്ട്. നേരത്തെ നെതന്യാഹുവിന്റെ വലിയ അടുപ്പക്കാരനും അദ്ദേഹത്തിന്റെ പിന്‍ഗാമിയുമാകുമെന്ന് കരുതപ്പെട്ടിരുന്ന വ്യക്തിയുമായിരുന്നു ബെന്നറ്റ്. എന്നാല്‍ പിന്നീട് നെതന്യാഹുവും ബെന്നറ്റും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയായിരുന്നു.
1996 – 1999 വരെയും പിന്നീട് 2009 മുതലും ഇസ്രാഈലിന്റെ പ്രധാനമന്ത്രിയായി തുടര്‍ന്ന നെതന്യാഹു രണ്ട് വര്‍ഷത്തിനുള്ളില്‍ നേരിടുന്ന നാലാമത്തെ തെരഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞത്.
കേവല ഭൂരിപക്ഷം നേടാനാകാതായതോടെ അധികാരത്തില്‍ തുടരാനായി ഇസ്രാഈലിന്റെ തെരഞ്ഞെടുപ്പ് രീതികളില്‍ മാറ്റം വരുത്താന്‍ നെതന്യാഹു ശ്രമിച്ചിരുന്നു. പ്രധാനമന്ത്രിയെ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതിയില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ ശ്രമം നടത്തിയെങ്കിലും പാളിപ്പോകുകയായിരുന്നു. സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ ലികുഡ് പാര്‍ട്ടിയ്ക്ക് പിന്നാലെ സീറ്റുകള്‍ നേടിയ ഇസ്ലാമിക് റാം പാര്‍ട്ടി, റിലീജിയസ് സിയണിസം അലയന്‍സ് എന്നീ വിരുദ്ധ ചേരികളില്‍ നില്‍ക്കുന്ന രണ്ട് പാര്‍ട്ടികളുമായി നെതന്യാഹുവിന് സഖ്യമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
ഇസ്രാഈലിലെ 20 ശതമാനം വരുന്ന അറബ് സമൂഹത്തിന് ഗുണകരമാകുന്ന നടപടി സ്വീകരിക്കുന്ന ആരുമായും സഹകരിക്കാന്‍ തയ്യാറാണെന്നാണ് റാം പാര്‍ട്ടിയുടെ നിലപാട്. എന്നാല്‍ റാം പാര്‍ട്ടി തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരാണെന്നും ഇവരുമായി സഹകരിക്കാന്‍ തയ്യാറല്ലെന്നുമാണ് സിയണിസം പാര്‍ട്ടിയുടെ നിലപാട്.
തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് റാം പാര്‍ട്ടി നേതാവ് മന്‍സൂര്‍ അബാസും സിയണിസം നേതാവ് ബെസലേല്‍ സ്മോട്രിച്ചും തമ്മില്‍ വലിയ വാഗ്വാദങ്ങളും നടന്നിരുന്നു. അതിനാല്‍ ഇരുപാര്‍ട്ടികളെയും ഒരുമിച്ച് തന്റെ സഖ്യകക്ഷിയാക്കാന്‍ നെതന്യാഹുവിന് കഴിഞ്ഞില്ല.
അടുത്ത പാര്‍ട്ടിയായ ന്യൂ ഹോപ് നെതന്യാഹുവിനെ പുറത്താക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ലികുഡ് പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ ഗിഡിയോണ്‍ സാറാണ് ന്യൂ ഹോഹിന്റെ സ്ഥാപകന്‍.
നെതന്യാഹുവിന് സര്‍ക്കാര്‍ രൂപീകരണം സാധ്യമാകാതായതോടെ ഇസ്രാഈല്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ മറ്റൊരു പാര്‍ട്ടിയ്ക്ക് കേവല ഭൂരിപക്ഷം കണ്ടെത്താന്‍ സമയം അനുവദിക്കാനും ഇസ്രാഈല്‍ ഭരണഘടന അവസരം നല്‍കുന്നുണ്ട്.
വര്‍ഷങ്ങള്‍ക്ക് ശേഷം ഇസ്രാഈലിന്റെ പ്രധാനമന്ത്രിയായി മറ്റൊരു നേതാവ് എത്തുമോയെന്ന ആകാംക്ഷയിലാണ് ലോകം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Who will come to power in Israel if Netanyahu steps down, possibilities explained