| Wednesday, 24th July 2019, 5:57 pm

ജാമ്യമോ പരോളോ ലഭിക്കാതെ 23 വര്‍ഷം വിചാരണത്തടവുകാരായി ജയിലില്‍ കഴിഞ്ഞു; രാജസ്ഥാനില്‍ ജയിലിലടയ്ക്കപ്പെട്ട യുവാക്കളെ കോടതി വിട്ടയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: 23 വര്‍ഷം വര്‍ഷം പരോളോ ജാമ്യമോ ലഭിയ്ക്കാതെ ജയിലില്‍ കിടക്കേണ്ടി വന്ന അഞ്ചു പേരെ ജയ്പൂര്‍ ഹൈക്കോടതി നിരപരാധികളെന്ന് വിധിച്ച് വെറുതെ വിട്ടു. 1996 മേയ് 22 ആഗ്ര -ജയ്പൂര്‍ ഹൈവേയിലെ സംലേതി സംലേതി ഗ്രാമത്തിന് സമീപം നടന്ന ബസ് സ്‌ഫോടനക്കേസിലാണ് കോടതിയുടെ വിധി.

23 വര്‍ഷം കിട്ടിയിട്ടും പ്രോസിക്യൂഷന് തെളിവ് ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ജാവേദ് ഖാന്‍, ലത്തീഫ് അഹമ്മദ് ബാജ (42), അലി ഭട്ട് (48), മിര്‍സ നാസര്‍ (39), അബ്ദുല്‍ഗനി (57), റഈസ് ബേഗ് (56) എന്നിവരെയാണ് കോടതി വിട്ടയച്ചത്.

തങ്ങള്‍ക്ക് നഷ്ടമായ 23 വര്‍ഷങ്ങള്‍ ആരാണ് തിരിച്ചു നല്‍കുകയെന്ന് ഇവര്‍ ചോദിക്കുന്നു.

”ഞങ്ങള്‍ക്ക് ബന്ധുക്കളെ നഷ്ടപ്പെട്ടു. ഉമ്മയും ഉപ്പയും രണ്ട് അമ്മാവന്‍മാരും മരിച്ചുപോയി. ഞങ്ങളെ ഇപ്പോള്‍ കുറ്റവിമുക്തരാക്കി. പക്ഷേ, ഞങ്ങള്‍ക്ക് നഷ്ടപ്പെട്ട 23 വര്‍ഷങ്ങള്‍ ആര് തിരിച്ചുതരും…?. റഈസ് ബേഗ് ചോദിയ്ക്കുന്നു.

മോചനത്തിന്റെ തലേനാള്‍ തങ്ങള്‍ക്ക് ഉറങ്ങാന്‍ സാധിച്ചില്ലെന്ന് 16ാം വയസ്സില്‍ ജയിലിലടയ്ക്കപ്പെട്ട മിര്‍സാ നിസാര്‍ പറഞ്ഞു. തനിക്ക് 19 വയസ് ആയെന്ന് പ്രോസിക്യൂഷന്‍ കള്ളം പറയുകയായിരുന്നു. ഇനി, തന്റെ 39ാമത്തെ വയസ്സില്‍ വിവാഹമൊക്കെ കഴിച്ച് പുതിയൊരു ജീവിതം തുടങ്ങണമെന്ന ആഗ്രഹത്തിലാണ് നിസാര്‍.

ലത്തീഫ് അഹമ്മദ് ബാജയുടെ വിവാഹം കഴിഞ്ഞിരുന്നില്ല. 42ാമത്തെ വയസില്‍ തനിയ്ക്ക് ഇനിയൊരു വധുവിനെ കിട്ടുമോയെന്ന് ബാജ ചോദിയ്ക്കുന്നു. ‘ജയിലില്‍ താനും നിസാറും ദിവസവും വ്യായാമം ചെയ്യാറുണ്ടായിരുന്നു. അലി ഭട്ട് രണ്ടു തവണ ഖുര്‍ആന്‍ പകര്‍ത്തിയെഴുതി, ഒരു കോപ്പി ശ്രീനഗറിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് അയച്ചുകൊടുത്തു.’ അഹമ്മദ് ബാജ പറയുന്നു.

രണ്ട് ദശകക്കാലം ദല്‍ഹി, അഹമ്മദാബാദ് ജയിലുകളില്‍ മാറി മാറി പാര്‍പ്പിച്ച ഇവര്‍ക്ക് ഒരിക്കല്‍ പോലും ജാമ്യമോ പരോളോ ലഭിച്ചിരുന്നില്ല. 1996-1997 വര്‍ഷങ്ങളിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 1997ല്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ വലിച്ചു നീട്ടുകയായിരുന്നു.

1996ലെ സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 37 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച ഡോ. അബ്ദുല്‍ ഹമീദുമായി ഇവരെ ബന്ധപ്പെടുത്താനാണ് പൊലീസ് ശ്രമിച്ചത്.

കേസില്‍ ആകെ 12 പേര്‍ക്കെതിരേയാണ് കുറ്റപത്രം ചുമത്തിയിരുന്നത്. ഇതില്‍ ഏഴുപേരെ കുറ്റവിമുക്തരാക്കി. ഒരാളെ 2014ല്‍ വെറുതെവിട്ടു. ബാക്കി ആറുപേരെ ചൊവ്വാഴ്ചയാണ് ഹൈക്കോടതി ബെഞ്ച് വെറുതെവിട്ടത്. ലജ്പത് നഗര്‍ സ്ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജാവേദ് ഖാന്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. രണ്ടുപേരെ നേരത്തേ കീഴ്ക്കോടതി മോചിപ്പിച്ചിരുന്നു. ഒരാള്‍ മരണപ്പെടുകയും ചെയ്തു

Latest Stories

We use cookies to give you the best possible experience. Learn more