മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച ശിവസേനയുടെ തലവേദന തീരുന്നില്ല. 50:50 ഫോര്‍മുലയില്‍ ബി.ജെ.പിയുമായി ഇടഞ്ഞ് കോണ്‍ഗ്രസും എന്‍.സി.പിയുമായും സര്‍ക്കാര്‍ രൂപീകരണത്തിനു ശ്രമിക്കുമ്പോഴും മുഖ്യമന്ത്രി സ്ഥാനമാണ് ഏറ്റവും വലിയ കടമ്പയായി അവശേഷിക്കുന്നത്.
ബി.ജെ.പിക്കൊപ്പം നിന്നാല്‍ മുഖ്യമന്ത്രിസ്ഥാനം കിട്ടില്ലെന്ന ആശങ്ക കോണ്‍ഗ്രസിനും എന്‍.സി.പിക്കും ഒപ്പം നിന്നാല്‍ സേനയെ ബാധിക്കാനിടയില്ല. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ആരു മുഖ്യമന്ത്രിയാകുമെന്ന ആശങ്കയാണ് ഇപ്പോള്‍ അവരെ പിടികൂടിയിരിക്കുന്നത്.
പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ പേരാണു പ്രഥമ പരിഗണനയിലുള്ളതെങ്കിലും യുവനേതാവും ഉദ്ധവിന്റെ മകനുമായ ആദിത്യ താക്കറെയും ആ പദവിയിലേക്കു പരിഗണിക്കപ്പെടുന്ന നേതാവാണ്.
മുംബൈയിലെ ശിവാജി പാര്‍ക്കില്‍ ആദിത്യ തന്നെ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുമെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തന്‍ രാഹുല്‍ എന്‍. കനല്‍ കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. പാര്‍ട്ടി സ്ഥാപകന്‍ ബാല്‍ താക്കറെയ്‌ക്കൊപ്പം നില്‍ക്കുന്ന ആദിത്യയുടെ ബാല്യകാലത്തെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
മുംബൈയിലെ വോര്‍ലി മണ്ഡലത്തില്‍ നിന്ന് 67,000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 29-കാരനായ ആദിത്യ ജയിച്ചത്. സേനയുടെ ചരിത്രത്തില്‍ ആദ്യമായാണ് താക്കറെ കുടുംബത്തില്‍ നിന്നൊരാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
2010-ല്‍ യുവസേനാ അധ്യക്ഷനായ ആദിത്യ എട്ടുവര്‍ഷത്തിനു ശേഷമാണ് ശിവസേനാ നേതാവായി വളരുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദിത്യ നടത്തിയ ‘മഹാ ജനാര്‍ശീര്‍വാദ് യാത്ര’ അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിലെ വളരെ പ്രധാനപ്പെട്ട നീക്കമായിരുന്നു.
എന്നാല്‍ എല്ലാ തീരുമാനങ്ങളും ഉദ്ധവ് എടുക്കുമെന്നാണ് ആദിത്യ പോലും പറയുന്നത്. പക്ഷേ നിയമസഭാ കക്ഷി നേതാവായി ഏക്‌നാഥ് ഷിന്‍ഡെയുടെ പേരാണ് ആദിത്യ നിര്‍ദേശിക്കുന്നത്. ഷിന്‍ഡെയുടെ പേരും ചീഫ് വിപ്പ് സ്ഥാനത്തേക്ക് സുനില്‍ പ്രഭുവിന്റെ പേരുമാണ് അദ്ദേഹം ഇതുവരെ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഒരുപക്ഷേ താക്കറെ കുടുംബം മുഖ്യമന്ത്രിപദത്തില്‍ നിന്നു മാറിനിന്നാല്‍ ഷിന്‍ഡെയായിരിക്കും ആ പദവിയിലെത്തുകയെന്ന സൂചനയും ആദിത്യ നല്‍കുന്നുണ്ട്.