ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നാല് സംസ്ഥാനങ്ങളിലും വിജയിക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി.
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ രാജ്യസഭയില്‍ ബി.ജെ.പിയുടെ പിടി ശക്തിപ്പെടുത്തിയിട്ടുമുണ്ട്. പുതിയ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള ചുക്കാന്‍ ബി.ജെ.പിയുടെ കയ്യില്‍ തന്നെയാണ്.
ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ റെക്കോര്‍ഡ് വിജയം മാര്‍ച്ച് 31ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലും ജൂലൈയില്‍ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിലും സ്വാധീനമുണ്ടാക്കും.
776 പാര്‍ലമെന്റംഗങ്ങളും 4,120 നിയമസഭാംഗങ്ങളും ചേര്‍ന്ന് രൂപീകരിച്ച ഇലക്ടറല്‍ കോളേജാണ് ഇന്ത്യയുടെ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. ഇലക്ടറല്‍ കോളേജിന്റെ ആകെ അംഗബലം 10,98,903 വോട്ടുകളാണ്, ബി.ജെ.പിയുടെ അംഗബലം പകുതിയിലധികമാണ്.
ഒരു എം.പിയുടെ വോട്ടിന്റെയും മൂല്യം 708. എം.എല്‍.എമാരുടെ കാര്യത്തില്‍ ഓരോ സംസ്ഥാനത്തും വോട്ടിന്റെ മൂല്യം വ്യത്യസ്തമാണ്. ഉത്തര്‍പ്രദേശിലെ എം.എല്‍.എമാരുടെ വോട്ടുകള്‍ക്കാണ് ഏറ്റവും ഉയര്‍ന്ന മൂല്യം (208).
രാഷ്ട്രപതി സ്ഥാനത്തേക്ക് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവാണ് സാധ്യത കൂടുതല്‍. എന്നാല്‍ നിലവിലെ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ രണ്ടാമതും രാഷ്ട്രപതി സ്ഥാനത്തേക്ക് എത്തിക്കണോ എന്ന കാര്യം ബി.ജെ.പി നേതൃത്വം തീരുമാനിച്ചിട്ടില്ല.
ഇതുവരെ രാഷ്ട്രപതി സ്ഥാനത്തേക്ക് രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടത് ആദ്യ പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് മാത്രമാണ്.
ഒരുപാട് പരിശോധനകള്‍ ആവശ്യമായതുകൊണ്ട്, അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെ നന്നായി വിലയിരുത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Content Highlights: Who Will Be Next President? BJP Leads Search, Powered By Poll Wins