| Monday, 15th May 2023, 11:29 am

മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കുമെന്ന് സൂചന; ആദ്യ അവസരം ആര്‍ക്കെന്ന പ്രഖ്യാപനം ഇന്ന് രാത്രിയോടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ പുതിയ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്ന് രാത്രിയോടെ ഉണ്ടായേക്കുമെന്ന് സൂചന. എ.ഐ.സി.സി പ്രതിനിധി സംഘം ഇന്നലെ രാത്രി നിയുക്ത കോണ്‍ഗ്രസ് എം.എല്‍.എമാരുമായി ചര്‍ച്ച നടത്തിയിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണി വരെ ചര്‍ച്ചകള്‍ നീണ്ടെന്ന് എ.ഐ.സി.സി പ്രതിനിധി ഭന്‍വര്‍ ജിതേന്ദ്ര സിങ് മാധ്യമങ്ങളോട് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ദല്‍ഹിയിലെത്തി ഇന്ന് തന്നെ ഹൈക്കമാന്‍ഡിന് കൈമാറുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

അതേസമയം, എം.എല്‍.എമാരില്‍ 70 ശതമാനം പേരും സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതായാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമവായത്തിന് ഒരുക്കമാണെന്നും മുഖ്യമന്ത്രി പദം പങ്കിടാമെന്നും സിദ്ധരാമയ്യ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം താനും പിന്നീടുള്ള മൂന്ന് വര്‍ഷം ഡി.കെ ശിവകുമാറും മുഖ്യമന്ത്രിയാകാമെന്നാണ് അദ്ദേഹം മുന്നോട്ടുവെച്ച നിര്‍ദ്ദേശം.

സിദ്ധരാമയ്യ ഇന്ന് ദല്‍ഹിയിലേക്ക് പുറപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. എം.എല്‍.എമാരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം എ.ഐ.സി.സി പ്രതിനിധികള്‍ ദല്‍ഹിയിലേക്ക് മടങ്ങി. റിപ്പോര്‍ട്ട് ഇന്ന് തന്നെ ഖാര്‍ഗെക്ക് കൈമാറും.

സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളെല്ലാം ഐക്യകണ്‌ഠേനയാണ് എടുത്തതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ ബെംഗളൂരുവില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘അന്തിമ തീരുമാനം പാര്‍ട്ടി ഹൈക്കമാന്‍ഡിന് വിടുകയാണ്. ഞാന്‍ ദില്ലിയിലേക്ക് പോകാന്‍ തല്‍ക്കാലം തീരുമാനിച്ചിട്ടില്ല. എന്നെ ഏല്‍പ്പിച്ച ജോലികളെല്ലാം ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്,’ ശിവകുമാര്‍ പറഞ്ഞു. അതേസമയം, ഉപമുഖ്യമന്ത്രി, സംസ്ഥാന പാര്‍ട്ടി അധ്യക്ഷ പദവികള്‍ ഒന്നിച്ച് കൈകാര്യം ചെയ്യാന്‍ ഡി.കെയെ അനുവദിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

CONTENT HIGHLIGHTS: who will be next karnataka CM, DK SHIVAKUMAR or BS YEDYURAPPA?

Latest Stories

We use cookies to give you the best possible experience. Learn more