കേരളത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി; ആര്, എന്നാകും?
ശ്രിന്‍ഷ രാമകൃഷ്ണന്‍

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിലനിന്നിരുന്ന രാജഭരണകാലം, പിന്നീടുവന്ന കൊളോണിയല്‍ അധിനിവേശ കാലം, അതിന് ശേഷം നാമെത്തിച്ചേര്‍ന്ന സ്വാതന്ത്ര്യത്തിന്റെ ജനാധിപത്യകാലം. നമ്മുടെ നാടിന്റെ ഭൂതകാലം എക്കാലത്തും പുരുഷന്‍മാരായ അധികാരികളിലൂടെയായിരുന്നു രാഷ്ട്രീയ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിരുന്നത്.

ജനസംഖ്യയുടെ പാതിഭാഗമായ സ്ത്രീകള്‍ക്ക് നേതൃത്വഗുണമോ ഭരണനിര്‍വഹണ ശേഷിയോ ഇല്ലാത്തതുകൊണ്ടായിരുന്നില്ല.പൊതു കാര്യങ്ങളില്‍ സ്ത്രീകള്‍ക്കിടമില്ലാത്ത പരമ്പരാഗത മൂല്യ വ്യവസ്ഥയായിരുന്നു ഇവിടെ പുലര്‍ന്നുപോന്നിരുന്നത് എന്നതായിരുന്നു കാരണം.

എന്നാല്‍ 1992ല്‍ നമ്മുടെ രാജ്യം ഒരു നിശബ്ദ വിപ്ലവത്തിന് തുടക്കം കുറിച്ചു. പലവിധ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് നടപ്പിലാക്കപ്പെട്ട ആ നിര്‍ണായക തീരുമാനത്തിന്റെ ഫലമായി പതിനായിരക്കണക്കിന് സ്ത്രീകള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലൂടെ രാജ്യത്തിന്റെ അധികാര സ്ഥാപനങ്ങളിലേക്കെത്തി. ഗ്രാമീണ മേഖലയിലെ ഭരണ കേന്ദ്രങ്ങളുടെ ചുക്കാന്‍ പിടിക്കാന്‍ സ്ത്രീകളും മുന്‍ നിരയിലേക്ക് വന്നു തുടങ്ങി.

1993ലാണ് സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന 73, 74ാമത് ഭരണഘടനാ ഭേദഗതി രാജ്യത്ത് നിലവില്‍ വന്നത്. അതുവരെ പൊതുധാരയിലും ഭരണ നേതൃത്വത്തിലും അര്‍ഹമായ പ്രാതിനിധ്യം ഇല്ലാതിരുന്ന ഇന്ത്യന്‍ സ്ത്രീകള്‍ക്ക് അവസരസമത്വം സൃഷ്ടിക്കാനും ഭരണ നേതൃത്വത്തിലേക്ക് അവരെ എത്തിക്കാനുമുള്ള ഏറ്റവും വലിയ ശ്രമങ്ങളിലൊന്നായിരുന്നു അത്.

പിന്നീടുവന്ന വര്‍ഷങ്ങളില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ സ്ത്രീകളും അങ്കത്തിനിറങ്ങി. സ്ത്രീകള്‍ വോട്ട് തേടി വീടുവിട്ട് പുറത്തിറങ്ങി. ഗ്രാമങ്ങളില്‍ സ്ത്രീകളുടെ ശബ്ദവും ഉയര്‍ന്നു കേട്ടു. അവര്‍ രാഷ്ട്രീയ മണ്ഡലത്തിലേക്ക് ഉറച്ച കാല്‍വെപ്പുകള്‍ നടത്തി.

പക്ഷേ രാജ്യത്തങ്ങോളമിങ്ങോളമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആദ്യഘട്ടത്തില്‍ അത്ര എളുപ്പമായിരുന്നില്ല വനിതാ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുക എന്നത്. എല്ലാ പാര്‍ട്ടികള്‍ക്കും 33 ശതമാനം വനിതാ സംവരണം തികയ്ക്കാന്‍ വലിയ രീതിയില്‍ പ്രയാസപ്പെടേണ്ടി വന്നു.

കേരളത്തില്‍ 1995ലെ തെരഞ്ഞെടുപ്പിലാണ് 33 ശതമാനം വനിതാ സംവരണം നടപ്പിലാകുന്നത്.

വനിതാ സംവരണത്തിലൂടെ അനേകം സ്ത്രീകളാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നത്. ഇതില്‍ പലരും ഇപ്പോഴും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി തുടരുന്നു. ഒറ്റത്തവണ തെരഞ്ഞെടുപ്പില്‍ വിജയിച്ച് പിന്നീട് മത്സരരംഗത്ത് നിന്ന് തന്നെ വിട്ടു നിന്നവരും അനേകമാണ്. നിയമം മൂലം സംവരണം നിലനില്‍ക്കുന്നത് കൊണ്ട് മാത്രം സ്ത്രീകളെ മുന്നില്‍ നിര്‍ത്തി പിറകില്‍ നിന്ന് പുരുഷന്‍മാര്‍ തന്നെ ഭരണം കയ്യാളുന്ന പ്രവണതയും വ്യാപകമായിരുന്നു.

പുരുഷന്മാരുടെ ഡമ്മിയായി, പുരുഷന്‍മാര്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ മാത്രം നടപ്പിലാക്കാന്‍ ഒരു അധികാര സ്ഥാനത്തിരിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലുറച്ച് രാജിവെച്ച് പുറത്ത് പോയവരുമുണ്ട്. ഇത്തരം രാജിയും പൊട്ടിത്തെറികളും വിരളമായി മാത്രമേ കേരളം കണ്ടിട്ടുള്ളൂ.

2005ലെ പഞ്ചായത്തീ രാജ് ആക്ടിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലെ വനിതാ സംവരണം 50 ശതമാനമായി കേരളം ഉയര്‍ത്തി. പക്ഷേ അപ്പോഴും നിയമസഭയിലേക്കുള്ള സ്ത്രീകളുടെ പ്രാതിനിധ്യം ഉയര്‍ത്താനുള്ള നിയമനിര്‍മ്മാണം ഇന്ത്യയിലെവിടെയും നടപ്പിലായിട്ടില്ല. രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടേക്കാവുന്ന, പാര്‍ലമെന്റിലും നിയമസഭയിലുമുള്ള സ്ത്രീ സംവരണം തുടര്‍ച്ചയായി തഴയപ്പെടുകയായിരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണമേര്‍പ്പെടുത്തിയെന്ന് അഭിമാനത്തോടെ പറയുന്ന രാഷ്ട്രീയ കക്ഷികള്‍ക്കാര്‍ക്കും നിയമസഭയിലും പാര്‍ലമെന്റിലും സംവരണം നടപ്പിലാക്കാന്‍ ഉത്സാഹവുമില്ല.

73മാത് ഭരണഘടന ഭേദഗതി സ്ത്രീകള്‍ക്കും പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കുമുള്ള സംവരണം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. വനിതാ സംവരണം നടപ്പിലാക്കിയ ആദ്യ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ഒരു ലക്ഷത്തിനടുത്ത് സ്ത്രീകള്‍ വിവിധ പഞ്ചായത്തുകളിള്‍ മെമ്പര്‍മാരായും ചെയര്‍പേഴ്സണായും അധികാരത്തിലെത്തിയെന്നത് വനിതാ സംവരണത്തിന്റെ വിപ്ലവാത്മകതയെ വ്യക്തമാക്കുന്നതാണ്.

കേരളത്തില്‍ സംവരണമില്ലാതെ തന്നെ സ്്ത്രീകള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പുകളില്‍ വിജയിക്കുകയും ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെയുള്ള സ്ഥാനത്തിലേക്ക് എത്തുകയും ചെയ്ത ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കൂട്ടമായി സ്ത്രീകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കെത്തുന്നത് വനിതാ സംവരണത്തിലൂടെ തന്നെയാണ്.

സാക്ഷരതയിലും വിദ്യാഭ്യാസത്തിലുമെല്ലാം മികച്ച നേട്ടം കൈവരിച്ച കേരളത്തിലും വനിതകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രാതിനിധ്യം ലഭിക്കാന്‍ വനിതാ സംവരണം തന്നെ വേണ്ടി വന്നു. അന്നു മുതല്‍ ഇന്ന് വരെ മത്സര രംഗത്തുണ്ടായിരുന്ന സ്ത്രീകള്‍ പറയുന്നു തങ്ങള്‍ക്ക് മത്സരിക്കാനും വിജയം കൈവരിക്കാനും സാധിച്ചത് സംവരണമൊന്നുകൊണ്ട് മാത്രമാണെന്ന്. അതില്‍ ഇടത് വലത് പാര്‍ട്ടികളുടെ വ്യത്യാസം ഇല്ല.

ആഗോളാടിസ്ഥാനത്തിലുള്ള അനുഭവങ്ങള്‍ വ്യക്തമാക്കുന്നത് ഭരണമേഖലയില്‍ സ്ത്രീകളുടെ സ്വാഭാവിക പങ്കാളിത്തം മെച്ചപ്പെടുത്തുന്നില്ല എന്നാണ്. രാഷ്ട്രീയത്തിലെ സ്ത്രീകളുടെ വളര്‍ച്ചയ്ക്ക് എപ്പോഴും തടസ്സങ്ങള്‍ നില നില്‍ക്കുന്നുണ്ട്. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് വനിതാ സ്ഥാനാര്‍ത്ഥികള്‍ പുരുഷ സ്ഥാനാര്‍ത്ഥിയോട് എതിരായി മത്സരിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെറിയ ഫണ്ട് മാത്രമേ ചിലവിടുന്നുള്ളൂ എന്നാണ്.

വനിതാ സ്ഥാനാര്‍ത്ഥികള്‍ മികച്ച രീതിയില്‍ പ്രകടനം കാഴ്ചവെക്കുന്നില്ല എന്നതാണ് ഇന്ത്യയിലുടനീളമുള്ള മറ്റൊരു പൊതുധാരണ. പക്ഷേ ഐക്യരാഷ്ട്ര സഭയുടെ യൂണിവേഴ്‌സിറ്റി വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്‌മെന്റ് എക്കണോമിക് റിസര്‍ച്ചിന്റെ ഒരു പഠനം വ്യക്തമാക്കുന്നത്. തങ്ങളുടെ മണ്ഡലങ്ങളില്‍ വനിതാ നിയമസഭാസമാജികര്‍ പുരുഷന്മാരേക്കള്‍ 1.8 ശതമാനം മികച്ച പ്രകടനം കാഴ്ചവെച്ചു എന്നാണ്. രാത്രിയാത്രകള്‍ക്ക് ഫലപ്രദമാകുന്ന വിധത്തില്‍ സ്ട്രീറ്റ് ലൈറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍  മെച്ചപ്പെടുത്തുന്നതിലും
ജല വിതരണം, റോഡ് വികസനം തുടങ്ങിയ വിഷയങ്ങളിലും സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ശ്രദ്ധ കൊടുക്കുന്നുവെന്നുമാണ് കണക്കുകള്‍  പറയുന്നത്.

വനിതാ സംവരണം ഗുണകരമായ ഒട്ടേറെ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചിട്ടും പാര്‍ലമെന്റിലും നിയമസഭയിലും വനിതാ സംവരണം ഇതുവരെ നടപ്പിലായിട്ടില്ല. 1996 സെപ്തംബര്‍ 12ന് ലോക്്‌സഭയില്‍  യുണൈറ്റഡ് ഫ്രണ്ട് ഗവണ്‍മെന്റാണ് സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്ന ബില്ല് ആദ്യം അവതരിപ്പിക്കുന്നത്. പുരുഷ കേന്ദ്രീകൃതമായ സഭയുടെ അംഗീകാരം ലഭിക്കാത്ത ബില്ല് ജോയിന്‍ പാര്‍ലമെന്ററി കമ്മിറ്റിയിലേക്ക് റഫര്‍ ചെയ്യപ്പെട്ടു.

1998 എന്‍.ഡി.എയും വനിതാ സംവരണ ബില്ല് അവതരിപ്പിച്ചു. അതും ഫലം കണ്ടില്ല. 1999ലും, 2002ലും 2003ലും ബില്ല് വീണ്ടും അവതരിപ്പിക്കപ്പെട്ടെങ്കിലും വിജയം കണ്ടില്ല. പിന്നീട് 2008ല്‍ യു.പി.എ സര്‍ക്കാര്‍ രാജ്യസഭയില്‍ വനിതാ സംവരണ ബില്ല് പാസാക്കിയെടുത്തെങ്കിലും ഇതുവരെ ലോക്‌സഭയില്‍ ബില്ല് പാസായില്ല. മഹാഭൂരിപക്ഷവും പുരുഷന്മാര്‍ മാത്രമായിരിക്കുന്ന ലോക്‌സഭയില്‍ പാര്‍ലമെന്റിലെ വനിതാ സംവരണം ഇനിയെന്ന് പാസാകുമെന്ന് അറിയുകയുമില്ല.

2017ല്‍ രാഷ്ട്രീയത്തിലെ സ്ത്രീകള്‍ എന്ന പേരില്‍ ഐക്യരാഷ്ട്ര സഭ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പാര്‍ലമെന്റിലെ സ്ത്രീകളുടെ സാന്നിധ്യത്തില്‍ ഇന്ത്യയുടെ റാങ്ക് 148ാമതാണ്. മന്ത്രി സ്ഥാനങ്ങളില്‍ ഇത് 88ആണ്.

നമ്മുടെ പാര്‍ലമെന്റില്‍ 11.8 ശതമാനം മാത്രമാണ് വനിതാ സാന്നിധ്യം. സംസ്ഥാന നിയമസഭയില്‍ ഇത് 9 ശതമാനമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തം ആവേശത്തോടെ ഏറ്റെടുക്കുന്നവരൊന്നും നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും സ്്ത്രീകളെ എത്തിക്കാന്‍ യാതൊരു ഉത്സാഹവും കാണിക്കുന്നില്ല. ഇന്ത്യന്‍ ജനസംഖ്യയുടെ 48.3 ശതമാനവും സ്ത്രീകളായിരിക്കെ പാര്‍ലമെന്റിലെയും നിയമസഭയിലെയും പങ്കാളിത്തം ഈ ജനസംഖ്യാനുപാതത്തോട് തട്ടിച്ചു നോക്കാന്‍ പോലും സാധിക്കാത്തത് ജനാധിപത്യത്തിന് കൂടി അപമാനമാവുകയാണ്.