ഇംഗ്ലണ്ടിലെ അല്‍ഖ്വസ്റ്റ്(ALQST)എന്ന മനുഷ്യാവകാശ സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു അല അല്‍ സിദ്ദീഖി. യു.എ.ഇ., ഗള്‍ഫ് രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നിലകൊണ്ട സംഘടനായിരുന്നു ഇത്.
2013ല്‍ അല അല്‍ സിദ്ദീഖിയുടെ പിതാവ് മുഹമ്മദ് അല്‍ സിദ്ദീഖിയെ യു.എ.ഇ. ഭരണകൂടം തടവിലാക്കിയിരുന്നു. തുടര്‍ന്ന് പിതാവിന്റെ മോചനത്തിനായി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് അല അല്‍ സിദ്ദീഖിയെന്ന പെണ്‍കുട്ടി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് പാത്രമായത്.
പ്രതിഷേധങ്ങള്‍ ശക്തമായതോടെ അല സിദ്ദീഖിയും ഭര്‍ത്താവും ഖത്തറില്‍ അഭയം തേടുകയായിരുന്നു. അവിടെ നിന്ന് പബ്ലിക് പോളിസിയില്‍ അവര്‍ തന്റെ ബിരുദപഠനം പൂര്‍ത്തിയാക്കി.
രാജ്യത്തെ വിയോജിപ്പിന്റെ ശബ്ദങ്ങള്‍ക്കെതിരെ യു.എ.ഇ. നടപടികള്‍ സ്വീകരിച്ചുവരുന്ന കാലമായിരുന്നു അത്. യു.എ.ഇ. ആക്ടിവിസ്റ്റ് കൂടിയായ അലയുടെ ഖത്തറിലേക്കുള്ള പലായനം ഇരു രാജ്യങ്ങള്‍ക്കിടയിലും ചില ഉരസലുകളുണ്ടാക്കി.
ഈ ഉരസലുകള്‍ക്ക് കാരണം അല അല്‍ സിദ്ദീഖിയ്ക്ക് അഭയം നല്‍കിയതാണെന്ന് സ്ഥിരീകരിച്ച് ഖത്തര്‍ ഉപമുഖ്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി പറഞ്ഞിരുന്നു.
തുടര്‍ന്ന് അലയെ ചോദ്യം ചെയ്യാനായി വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് അബുദാബിയും ഖത്തറിനെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം ഖത്തര്‍ ഭരണകൂടം നിരാകരിക്കുകയായിരുന്നു.
അല സിദ്ദീഖിയെ തിരിച്ചയയ്ക്കണമെന്നാവശ്യപ്പെട്ടാണ് യു.എ.ഇ. സമ്മര്‍ദ്ദം ശക്തമാക്കിയതെന്ന് ഖത്തറിലെ അല്‍- അറബ് പത്രത്തിന്റെ എഡിറ്റര്‍ അബ്ദുള്ള അല്‍-അത്ബാഹ് നടത്തിയ വെളിപ്പെടുത്തല്‍ നിരവധി ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്.
അതിനിടെ 2019 ല്‍ അലയും കുടുംബവും ഇംഗ്ലണ്ടിലേക്ക് പലായനം ചെയ്തു. അലയ്ക്ക് ഇംഗ്ലണ്ട് ഭരണകൂടം അഭയം നല്‍കിയതോടെ മനുഷ്യാവകാശ സംരക്ഷണങ്ങള്‍ക്ക് വേണ്ടിയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ അല സിദ്ദീഖി പുനരാരംഭിച്ചു.
പിതാവിന്റെ മോചനത്തിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്യായമായി തടവിലാക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായും നിരവധി പരിപാടികളും അഭിമുഖങ്ങളും അല സിദ്ദീഖി നടത്തിയിരുന്നു.
ഒരു അഭയാര്‍ത്ഥിയായി കാലം കഴിക്കാന്‍ തനിക്ക് താല്പര്യമില്ലെന്നും തന്റെ രാജ്യത്തെ അത്രമാത്രം താന്‍ സ്‌നേഹിക്കുന്നുവെന്നും സ്വന്തം രാജ്യത്തിന്റെ പുരോഗതി മാത്രമെ തന്റെ മനസ്സിലുണ്ടായിരുന്നുള്ളുവെന്നുമാണ് അല സിദ്ദീഖി മരിക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ പരിപാടിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.