'വധഭീഷണികള്‍ എനിക്ക് ഓരോ വര്‍ഷവും ലഭിക്കുന്ന പ്രണയലേഖനങ്ങളാണ്'; ആരായിരുന്നു സല്‍മാന്‍ റുഷ്ദി? റുഷ്ദിക്ക് ഫത്‌വ കല്‍പിച്ചത് എന്തിന്?
details
'വധഭീഷണികള്‍ എനിക്ക് ഓരോ വര്‍ഷവും ലഭിക്കുന്ന പ്രണയലേഖനങ്ങളാണ്'; ആരായിരുന്നു സല്‍മാന്‍ റുഷ്ദി? റുഷ്ദിക്ക് ഫത്‌വ കല്‍പിച്ചത് എന്തിന്?
ഐഷ ഫർസാന
Saturday, 13th August 2022, 1:21 pm

ന്യൂയോര്‍ക്കിലെ പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനിടെ ഇരുപത്തിനാലുകാരനായ യുവാവിന്റെ കുത്തേറ്റ് വീണ സല്‍മാന്‍ റുഷ്ദി വാര്‍ത്തകളില്‍ നിറഞ്ഞതോടെ ചര്‍ച്ചയാകുന്നത് 1980കളില്‍ ഇറാന്റെ പരമോന്നത നേതാവ് പുറപ്പെടുവിച്ച ഫത്‌വ കൂടിയാണ്.

ഇന്ത്യന്‍ വംശജനായ അഹ്‌മദ് സല്‍മാന്‍ റുഷ്ദിയുടെ ജനനം മുംബൈയില്‍ 1947 ജൂണ്‍ 19നായിരുന്നു. ചുരുങ്ങിയ കാലയളവില്‍ തന്നെ തന്റെ പുസ്തകങ്ങളിലൂടെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ എഴുത്തുകാരനായി മാറാന്‍ റുഷ്ദിക്ക് സാധിച്ചു. 1975ലാണ് സല്‍മാന്‍ റുഷ്ദിയുടെ ആദ്യ നോവല്‍ പുറത്തിറങ്ങുന്നത്. സയന്‍സ് ഫിക്ഷന്‍ നോവലായ ഗ്രിമസ് ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ നോവല്‍.

1981ല്‍ പുറത്തിറങ്ങിയ രണ്ടാമത്തെ നോവലായ മിഡ്നൈറ്റ് ചില്‍ഡ്രന്‍ ആണ് റുഷ്ദിയുടെ കരിയറിലെ പ്രധാന ഏടായി മാറിയത്. ഈ നോവലിന് റുഷ്ദിക്ക് ബുക്കര്‍ പ്രൈസും ലഭിച്ചിരുന്നു. ലോകവ്യാപകമായി റുഷ്ദിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ പക്ഷേ സജീവമായത് അദ്ദേഹത്തിന്റെ നാലാമത്തെ പുസ്തകമായ ‘ദി സാത്താനിക് വേഴ്സസി’ലൂടെയാണ്.

പ്രവാചകനെ മുന്‍നിര്‍ത്തിയെഴുതിയ പുസ്തകം പ്രസിദ്ധീകരിച്ചതോടെ റുഷ്ദി ഇസ്ലാമിക രാഷ്ട്രങ്ങളുടെ കണ്ണിലെ കരടായി മാറി. പ്രവാചക നിന്ദ നടത്തിയെന്ന് ആരോപിച്ച് പുസ്തകത്തിന്റെ പ്രസിദ്ധീകരണവും വില്‍പനയും ഇറാന്‍ ഭരണകൂടം അന്ന് വിലക്കി. ലോകത്ത് ആദ്യമായി പക്ഷേ റുഷ്ദിയുടെ പുസ്തകത്തിന് വിലക്കേര്‍പ്പെടുത്തുന്ന രാജ്യം ഇന്ത്യയായിരുന്നു. 1989 ഫെബ്രുവരി 14ന് റുഷ്ദിയെ വധിക്കാന്‍ ഇറാന്‍ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല ഖുമൈനി ഉത്തരവും പുറപ്പെടുവിച്ചു. വര്‍ഷങ്ങള്‍ നീണ്ടു നിന്നു ഈ ഉത്തരവും റുഷ്ദിയോടുള്ള വൈരാഗ്യവും.

പുസ്തകം എഴുതിയവരെയും പ്രസിദ്ധീകരിച്ചവരേയും വധിക്കണം എന്നായിരുന്നു നേതാവിന്റെ ഉത്തരവ്. ഇനിയൊരിക്കലും ഒരാളും ഇത്തരത്തില്‍ എഴുതാന്‍ ധൈര്യം കാണിക്കരുതെന്നായിരുന്നു ഖുമൈനിയുടെ ഭീഷണിയുടെയും ഉത്തരവിന്റേയും പിന്നിലെ ഉദ്ദേശം. പ്രഖ്യാപനത്തില്‍ നിന്നും കാലക്രമേണ ഇറാന്‍ വിട്ടുനിന്നെങ്കിലും റുഷ്ദി വിരുദ്ധ വികാരം രാജ്യത്ത് അതിശക്തമായി തന്നെ മുന്നിട്ടുനിന്നു. 2.8 മില്യണ്‍ ഡോളറായിരുന്നു റുഷ്ദിയുടെ തലയ്ക്ക് ഇറാന്‍ കല്‍പിച്ച വില.

1998ല്‍ ഇറാന്‍ റുഷ്ദിക്കെതിരായ ഫത്‌വ ഔദ്യോഗികമായി പിന്‍വലിച്ചു. എന്നിട്ടും വര്‍ഷങ്ങളോളം റുഷ്ദിക്ക് നേരെയുള്ള വധഭീഷണികള്‍ തുടര്‍ന്നു. സുരക്ഷയും വര്‍ധിപ്പിച്ചു. പിന്നീട് കാലക്രമേണ ഭീഷണികള്‍ക്കും അയവു വന്നു തുടങ്ങി. പില്‍ക്കാലത്ത് പ്രണയദിനത്തില്‍ തനിക്ക് ലഭിക്കുന്ന പ്രണയലേഖനമാണ് ഈ വധഭീഷണികളെന്ന് റുഷ്ദി തമാശയായി പറഞ്ഞിരുന്നു.

വധഭീഷണികള്‍ സജീവമായതോടെ റുഷ്ദി എന്ന എഴുത്തുകാരന്‍ ഒമ്പത് വര്‍ഷങ്ങളോളം ബ്രിട്ടനില്‍ ഒളിവില്‍ കഴിഞ്ഞു. അവിടെ റുഷ്ദിക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ സംരക്ഷണവും ഒരുക്കി. സ്വന്തം മേല്‍വിലാസം വെളിപ്പെടുത്താനാകാതെ മറ്റൊരു പേരില്‍ ജീവിച്ചു. സ്ഥിരതയില്ലാതെ സ്ഥലങ്ങള്‍ മാറി. പിന്നീട് 2016ല്‍ റുഷ്ദി യു.എസ് പൗരത്വം സ്വീകരിച്ചു.

യു.കെയും ഇറാനും നയതന്ത്രബന്ധം വിച്ഛേദിക്കുന്നതടക്കമുള്ള ഒട്ടേറെ രാഷ്ട്രീയ നീക്കങ്ങള്‍ക്കായിരുന്നു റുഷ്ദിയുടെ ദി സാത്താനിക്ക് വേഴ്സസ് വഴിയൊരുക്കിയത്. മതനിന്ദ ആരോപണങ്ങള്‍ വ്യാപകമായതോടെ പുസ്തകം പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും നിരോധിച്ചിരുന്നു. റുഷ്ദിക്കെതിരെ തെരുവുകളില്‍ പ്രതിഷേധങ്ങള്‍ നടന്നു. റുഷ്ദി വിരുദ്ധ കലാപത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടു. തെഹ്റാനിലെ ബ്രിട്ടീഷ് എംബസിക്ക് നേരെ കല്ലേറുണ്ടായി. ഇറാന്റെ ഫത്വയെ വിമര്‍ശിച്ചതിന് ഇന്ത്യയിലെ ശിവസേന നേതാവ് ബാല്‍താക്കറെ, ഹിന്ദുസ്ഥാനി ആന്തോളന്‍ കണ്‍വീനര്‍ മധു മെഹ്ത തുടങ്ങിയവര്‍ക്ക് വധഭീഷണി ലഭിച്ചു. സാത്താനിക് വേഴ്സസ് സൂക്ഷിച്ചതിന് യു.കെ, കാലിഫോര്‍ണിയ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ കടകള്‍ തകര്‍ക്കപ്പെട്ടു.

പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും തീവ്രമായതോടെ 1990 ഡിസംബര്‍ 24ന് റുഷ്ദി പൊതു ക്ഷമാപണം നടത്തിയെങ്കിലും അതാരും ചെവികൊണ്ടില്ല. ഫത്‌വ തുടര്‍ന്നു. പ്രതിഷേധങ്ങളും.

ഇന്ത്യയും റുഷ്ദിയും, ദി സാത്താനിക് വേഴ്സസും

തന്റെ ജന്മനാടായ ഇന്ത്യ തന്നെയാണ് സല്‍മാന്‍ റുഷ്ദിയുടെ ദി സാത്താനിക് വേഴ്സസ് എന്ന പുസ്തകത്തിന് ആദ്യം നിരോധനമേര്‍പ്പെടുത്തുന്നത്. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി. പുസ്തകം വായിക്കുകപോലും ചെയ്യാതെയാണ് ഇന്ത്യ തന്റെ പുസ്തകം നിരോധിച്ചതെന്ന് റുഷ്ദി പലപ്പോഴായി പറഞ്ഞിരുന്നു.

യു.കെയില്‍ പുസ്തകം പ്രസിദ്ധീകരിച്ച് ഒമ്പത് ദിവസങ്ങള്‍ക്കുള്ളിലാണ് രാജ്യത്ത് പുസ്തകത്തിന് നിരോധനമേര്‍പ്പെടുത്തിയത്. ഇസ്‌ലാമിനെ ബോധപൂര്‍വം അപമാനിക്കാന്‍ വേണ്ടി രചിച്ച പുസ്തകമാണ് ദി സാത്താനിക് വേഴ്സസ് എന്നായിരുന്നു ജനതാ പാര്‍ട്ടി എം.പി സയ്യിദ് ഷിഹാബുദ്ദീന്റെ ആരോപണം. ഇതിന് പിന്നാലെയാണ് രാജ്യത്ത് സാത്താനിക് വേഴ്സസിനും റുഷ്ദിക്കും എതിരായ വികാരം ശക്തമാകുന്നത്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തോട് അനുകൂല നിലപാടാണെങ്കിലും അത് മറ്റൊരാളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാകരുതെന്ന വാദമായിരുന്നു അന്ന് കോണ്‍ഗ്രസ് എം.പി ഖുര്‍ഷിദ് ആലം ഖാന്‍ ഉയര്‍ത്തിയത്.

ജീവിച്ചിരിക്കുന്നത് തന്നെ റുഷ്ദിയെ സംബന്ധിച്ച് ഇനി പ്രയാസമായിരിക്കും എന്നാണ് ദല്‍ഹി ജുമാ മസ്ജിദിലെ ഇമാം ബുഖാരി പറഞ്ഞത്. പ്രാരംഭത്തില്‍ പുസ്തകം നിരോധിക്കാന്‍ ഇറാന്റെ ഭാഗത്തു നിന്നും നീക്കങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ ഇന്ത്യയിലെ പ്രതിഷേധങ്ങളാണ് ഇറാനില്‍ നിന്നും റുഷ്ദിക്കെതിരായ വധഭീഷണി മുഴക്കുന്നത് വരെ കാര്യങ്ങള്‍ എത്തിച്ചതെന്നുമുള്ള റിപ്പോര്‍ട്ടുകളും അന്ന് പുറത്തുവന്നിരുന്നു.

റുഷ്ദിക്കെതിരായ ആക്രമണം

വര്‍ഷങ്ങള്‍ നീണ്ട കൊലവിളികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ശമനം വന്നതോടെയാണ് റുഷ്ദി പൊതുവേദികളില്‍ സജീവമാകാന്‍ തുടങ്ങിയത്.

2022 ആഗസ്റ്റ് 12ന് യു.എസിലെ ന്യൂയോര്‍ക്കില്‍ ഒരു വേദിയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു റുഷ്ദിക്ക് നേരെ ഒരു യുവാവ് പാഞ്ഞടുത്തത്. വേദിയിലേക്ക് ഓടിക്കയറിയ യുവാവ് തന്റെ ലക്ഷ്യമായ റുഷ്ദിയെ ഇടിച്ചുവീഴ്ത്തി. കയ്യില്‍ കരുതിയ കത്തിക്കൊണ്ട് വയറിലും കഴുത്തിലും ആഴത്തില്‍ കുത്തി പരിക്കേല്‍പ്പിച്ചു. കുത്തില്‍ റുഷ്ദിയുടെ കരളിന് സാരമായി പരിക്കേറ്റു. ശരീരത്തിലെ പല ഞരമ്പുകളും മുറിഞ്ഞു. കണ്ണുകള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടേക്കാമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് റുഷ്ദിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

ന്യൂജേഴ്‌സിയില്‍ താമസിക്കുന്ന ഹാദി മറ്റാര്‍ എന്ന 24കാരനാണ് റുഷ്ദിയെ വധിക്കാന്‍ ശ്രമിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. റുഷ്ദിയെ വധിക്കാന്‍ യുവാവിനെ പ്രേരിപ്പിച്ച കാര്യമെന്താണെന്ന് പൊലീസ് അന്വേഷണം തുടരുകയാണ്. സാത്താനിക് വേഴ്‌സസും വധശ്രമവും ചേര്‍ത്തുവായിക്കേണ്ടതുണ്ടോ എന്നതില്‍ അന്വേഷണത്തിലാണ് അധികാരികള്‍.

Content Highlight: who was Salman Rushdie? Why was he aimed?

 

ഐഷ ഫർസാന
ഡൂള്‍ ന്യൂസില്‍ മൾട്ടിമീഡിയ ജേർണലിസ്റ്റ്ട്രെയ്നി ജേർണലിസത്തിൽ ബിരുദവും പി.ജി ഡിപ്ലോമയും പൂർത്തിയാക്കിയിട്ടുണ്ട്.