ഫെബ്രുവരി 16നാണ് റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി റഷ്യയിലെ ജയിലില്‍ വെച്ച് മരണപ്പെട്ടത്. തലകറങ്ങി വീണതിന് പിന്നാലെ മരണപ്പെട്ടുവെന്നാണ് പുറത്ത് വന്ന വാർത്തകൾ. ദുരൂഹ സാഹചര്യങ്ങളില്‍ തുടര്‍ച്ചയായി മരണപ്പെട്ട പുടിന്‍ വിമര്‍ശകരുടെ പട്ടികയിലേക്കാണ് നവാല്‍നിയുടെ പേരും കൂട്ടിച്ചേർക്കപ്പെട്ടത്.
മരിച്ചതാണോ കൊന്നതാണോയെന്ന തരത്തിലുള്ള തലക്കെട്ടുകളിട്ട് മലയാള മാധ്യമങ്ങളടക്കം നവാൽനിയെ ആഘോഷമാക്കി. എന്നാൽ ജനാധിപത്യവാദിയെന്നും സമാധാന പ്രേമിയെന്നും പാശ്ചാത്യ മാധ്യമങ്ങൾ കൊട്ടിഘോഷിച്ച നാവാൽനി യഥാർഥത്തിൽ ആരാണ്? എന്തായിരുന്നു റഷ്യൻ രാഷ്ട്രീയ ചരിത്രത്തിൽ നവാൽനിയുടെ പ്രസക്തി.
അഭിഭാഷകനിൽ നിന്നും രാഷ്ട്രീയത്തിലേക്ക്
അഭിഭാഷകനായിരുന്ന നവാല്‍നി 2000ത്തിലാണ് റഷ്യന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് 2007 വരെ അദ്ദേഹം ലിബറല്‍ യാബ്ലോക്കോ പാര്‍ട്ടിയില്‍ അംഗമായിരുന്നു. പിന്നീട് ‘നരോദ്’ എന്ന പേരില്‍ ഒരു ദേശീയ പ്രസ്ഥാനത്തിന് രൂപം നല്‍കി.
ചെച്‌നിയ, ടാജിസ്താന്‍ തുടങ്ങിയ മുസ്‌ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്നും മോസ്‌കോയിലെത്തി അവിടെ ജോലി ചെയ്ത് താമസിക്കുകയായിരുന്ന മുസ്‌ലിങ്ങളായിരുന്നു നവാൽനിയുടെ ആദ്യത്തെ ഇര. ഇവരില്‍ ഭൂരിഭാഗവും ഡ്രൈവര്‍ ജോലി ഉള്‍പ്പടെയുള്ള ചെറിയ ജോലികള്‍ അന്വേഷിച്ചായിരുന്നു മോസ്‌കോയിലേക്ക് എത്തിയത്. ഇവർക്കെതിരെ യൂറ്റൂബ് വിഡിയോകൾ ചെയ്താണ് നവാൽനിയുടെ രംഗ പ്രവേശനം.
റഷ്യയിലെ തെക്കന്‍ കോക്കാസിലെ മുസ്‌ലിം കലാപകാരികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഇവര്‍ക്കതിരെ തോക്കെടുത്ത് പോരാടാന്‍ അനുവദിക്കുകണമെന്നാവശ്യപ്പെട്ടായിരുന്നു ആദ്യത്തെ യൂറ്റൂബ് വിഡിയോ. മുസ്‌ലീം ഭൂരിപക്ഷ പ്രദശങ്ങളില്‍ നിന്നെത്തിയ കുടിയേറ്റക്കാരെ വിമര്‍ശിക്കുന്നതായിരുന്നു മറ്റൊരു വിഡിയോ.
നരോദ് ഗ്രൂപ്പിന് വേണ്ടി ചെയ്ത ഈ രണ്ട് വിഡിയോകള്‍ക്ക് പിന്നാലെ മുസ്‌ലീം കുടിയേറ്റക്കാര്‍ക്കെതിരായ പ്രതിഷേധം നവാല്‍നിയുടെ നേതൃത്വത്തില്‍ തെരുവുകളിലേക്കും വ്യാപിച്ചു. വിഷയത്തില്‍ റാലികളും മറ്റ് പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ച നവാൽനി തെരുവിനെ ആളിക്കത്തിക്കാൻ തുടങ്ങി.
കുടിയേറ്റക്കാരായ മുസ്‌ലിങ്ങള്‍ മോസ്കോ വിട്ട് പുറത്ത് പോകണമെന്നും മോസ്‌കോ സ്ലാവിക് ജനങ്ങളുടെത് മാത്രമാണെന്നും നവാല്‍നി വാദിച്ചു. മുസ്‌ലിം വിരുദ്ധ പരിപാടികള്‍ അങ്ങനെ നിയോ നാസി സ്വഭാവത്തിലേക്ക് മാറാന്‍ തുടങ്ങി. പരിപാടികള്‍ക്ക് ജനശ്രദ്ധ ലഭിച്ച് തുടങ്ങിയതോടെ നവാല്‍നിയുടെ സംഘടനക്ക് പതുക്കെ പല സ്ഥലങ്ങളില്‍ നിന്നായി സംഭാവനകളും ലഭിച്ച് തുടങ്ങി. നവാല്‍നിയുടെ നാസി വാദങ്ങള്‍ ശക്തി പ്രാപിച്ചതോടെയാണ് അദ്ദേഹത്തെ തീവ്രവാദക്കുറ്റം ചുമത്തി റഷ്യന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്.
പുടിനെതിരെ അഴിമതി ആരോപണങ്ങളുമായി രംഗത്ത്
2008ല്‍ റോസ്‌നെഫ്റ്റ്, ഗാസ്‌പ്രോം, ലുക്കോയില്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അഴിമതി ആരോപിച്ച് കൊണ്ട് നവാല്‍നി രംഗത്തെത്തി. 2011 ഫെബ്രുവരിയോടെയാണ് നവാല്‍നി രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. പുടിന്റെ പാർട്ടിയായ ഭരണ കക്ഷി യുണൈറ്റഡ് റഷ്യയെ വഞ്ചകരുടെയും കള്ളന്‍മാരുടെയും പാര്‍ട്ടിയെന്ന് നവാല്‍നി വിശേഷിപ്പിച്ചു.
തുടര്‍ന്ന് അതേവര്‍ഷം ഡിസംബറില്‍ നടന്ന റഷ്യന്‍ പൊതു തെരഞ്ഞെടുപ്പില്‍ പുടിന്‍ കൃത്രിമത്വം കാണിച്ചതായി നവാല്‍നി ആരോപിച്ചു. പിന്നീടങ്ങോട്ട് പുടിനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും സ്ഥിരമായി വിമര്‍ശിച്ചു കൊണ്ടിരുന്ന നവാല്‍നിക്ക് പാശ്ചത്യ മാധ്യമങ്ങൾ ചേർന്ന് റഷ്യന്‍ പ്രതിപക്ഷ നേതാവെന്ന പട്ടവും ചാര്‍ത്തി നല്‍കി.
2013 ജൂലൈയില്‍ നടന്ന മോസ്‌കോ മേയര്‍ തെരഞ്ഞെടുപ്പായിരുന്നു നവാല്‍നിയുടെ തെരഞ്ഞെടുപ്പ് രംഗത്തേക്കുള്ള ആദ്യ ചുവടുവെപ്പ്. തെരഞ്ഞെടുപ്പില്‍ 27.24 ശതമാനം വോട്ടുകള്‍ നേടി സെര്‍ജി സോബിയാനിനോട് പരാജയപ്പെട്ടെങ്കിലും രണ്ടാം സ്ഥാനത്തെത്താൻ നവാൽനിക്ക് സാധിച്ചു. പിന്നീട് 2018ലെ റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങിയെങ്കിലും ക്രിമിനല്‍ റെക്കോര്‍ഡുകള്‍ കാരണം നവാൽനി മത്സരിക്കുന്നതിൽ നിന്നും വിലക്കപ്പെടുകയായിരുന്നു.
അഴിമതി കേസുകളിൽ തടവ് ശിക്ഷ
2013 ജൂലൈയിൽ കിറോവ്‌ലെസ് അഴിമതിക്കേസില്‍ നവാല്‍നിക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിച്ചു. എന്നാല്‍ കേസിനെതിരെ നവാൽനി കോടതിയിൽ അപ്പീൽ സമർപ്പിച്ചു. അപ്പീലില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വിധിച്ചു. പിന്നീട് സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ നവാല്‍നി പുനരാരംഭിച്ചു.
2014ല്‍ യെവ്‌സ് റോച്ചര്‍ കേസുമായി ബന്ധപ്പെട്ട് നവാല്‍നിയും അദ്ദേഹത്തിന്റെ സഹോദരനും കുറ്റകാരനാണെന്ന് കണ്ടെത്തി. സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും നവാൽനി പരോളിൽ പുറത്തിറങ്ങി. പിന്നീട് വീട്ടുതടങ്കലിലായിരുന്ന നവാൽനിക്ക് ഇൻർനെറ്റ് സേവനങ്ങൾ നൽകുന്നത് സർക്കാർ നിർത്തലാക്കി.
വിഷബാധയും അറസ്റ്റും
2020 ആഗസ്റ്റ് 20തിന് ടോംസ്‌കില്‍ നിന്നും മോസ്‌കോയിലേക്കുള്ള വിമാനത്തില്‍ വെച്ച് ശാരീരിക അസ്വസ്തത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി നവാല്‍നിയെ ആശുപത്രിയിലെത്തിച്ചു. വിഷബാധയേറ്റ നവാൽനി കോമയിലാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. അസുഖം ബേധമായതിന് പിന്നാലെ തനിക്ക് വിഷബാധ ഏറ്റത്തില്‍ ക്രെംലിനെ കുറ്റപ്പെടുത്തി നവാല്‍നി രംഗത്തെത്തിയിരുന്നു. എന്നാല്‍ റഷ്യന്‍ ഭരണകൂടം അദ്ദേഹത്തിന്റെ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞു.
2021 പെബ്രുവരി രണ്ടിന് പരോള്‍ ചട്ടങ്ങൾ ലംഘിച്ചതിന് നവാല്‍നിയെ മോസ്‌കോ കോടതി രണ്ടര വര്‍ഷം തടവിന് ശിക്ഷിച്ചു. 2022 മാര്‍ച്ച് 22ന് വഞ്ചനയിലും കോടതി അലക്ഷ്യ കേസിലും നവാല്‍നിയെ ഒമ്പത് വര്‍ഷത്തെ അധിക തടവിനും കോടതി ശിക്ഷിച്ചു. എന്നാല്‍ കുറ്റങ്ങള്‍ തന്റെ രാഷ്ട്രീയ എതിരാളികള്‍ തനിക്കെതിരെ കെട്ടിച്ചമച്ചതാണെന്നായിരുന്നു നവാല്‍നി അന്ന് അവകാശപ്പെട്ടത്.
2023 ഓഗസ്റ്റില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ചെന്നും നാസി പ്രത്യയശാസ്ത്രം രാജ്യത്ത് പ്രചരിപ്പിച്ചെന്ന കുറ്റത്തിലും ആകെ 19 വര്‍ഷത്തേക്ക് കോടതി നവാൽനിയെ ശിക്ഷിച്ചു. വിധിയെ തുടർന്ന് നവാൽനിയുടെ ആന്റി കറപ്ഷന്‍ ഫൗണ്ടേഷനെന്ന സംഘടനയെ റഷ്യന്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി. 2023 ഡിസംബറില്‍ വടക്കന്‍ സൈബീരിയയിലെ ഒരു പീനല്‍ കോളനിയിലേക്ക് മാറ്റിയ നവാല്‍നി വെള്ളിയാഴ്ചയാണ് ജയിലില്‍ വെച്ച് മരണപ്പെട്ടത്. എന്നാല്‍ മരകാരണം ഇപ്പോഴും വ്യക്തമല്ല.
Contant Highlight: Who was Russian opposition activist Alexei Navalny