30 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഒരു ഡാന്‍സ് പെര്‍ഫോമന്‍സിലൂടെ കേരളത്തിലെ വൈറല്‍ താരങ്ങളായി മാറിയിരിക്കുകയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ജാനകിയും നവീനും. ഇരുവരുടെയും വൈറല്‍ വീഡിയോയും തുടര്‍ന്നുവന്ന ചര്‍ച്ചകളുമെല്ലാം വലിയ രീതിയില്‍ തരംഗമായി മാറിയപ്പോള്‍ വീണ്ടും മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു കാര്യം കൂടിയുണ്ട്. ഇരുവരും ചുവടുവെച്ച റാസ്പുട്ടിന്‍ എന്ന ഗാനം. ജാനകിയുടെയും നവീന്റെയും റാസ്പുട്ടിന്‍ ഡാന്‍സ് വൈറലായതിന് പിന്നാലെ മറ്റ് പലരും ഇപ്പോള്‍ റാസ്പുട്ടിന്‍ സംഗീതത്തിന് ചുവടുകള്‍ വെച്ചുകൊണ്ട് വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നുമുണ്ട്.
അന്താരാഷ്ട്ര തലത്തില്‍ വലിയ ഹിറ്റായി മാറിയ റാ… റാ… റാസ്പുട്ടിന്‍ എന്നു തുടങ്ങുന്ന ഗാനം 1978ലാണ് പുറത്തിറങ്ങിയത്. ഡാഡി കൂള്‍ എന്ന എക്കാലത്തെയും ഹിറ്റ് ഗാനത്തിലൂടെ ലോകത്തിന് പരിചിതരായ ജര്‍മന്‍ സംഗീത ഗ്രൂപ്പായ ‘ബോണി എം’ തന്നെയാണ് റാസ്പുട്ടിന്‍ എന്ന പാട്ടും ലോകത്തിന് സമ്മാനിച്ചത്. വ്യത്യസ്തമായ സംഗീതശൈലി കൊണ്ട് മാത്രമല്ല റാസ്പുട്ടിന്‍ ഗാനം ശ്രദ്ധയാകര്‍ഷിച്ചത്. ആ സംഗീതം ആരെക്കുറിച്ചായിരുന്നു എന്നതുകൊണ്ട് കൂടിയായിരുന്നു.
ആരായിരുന്നു റാസ്പുട്ടിന്‍. ലോകം കണ്ടതിലേറ്റവും വലിയ അരാജകവാദിയായി വിശേഷിപ്പിക്കപ്പെടുന്നയാള്‍. ആഴമുള്ള കണ്ണുകള്‍ കൊണ്ട്, മാന്ത്രികമായ ജീവിതം കൊണ്ട് ഒരുകാലത്ത് റഷ്യയെ പിടിച്ചുകുലുക്കിയ ദിവ്യ സന്യാസി. സര്‍ ചക്രവര്‍ത്തിമാരുടെ തീരാതലവേദനയായി മാറിയ നിഷേധി. യാഥാസ്ഥിതിക അധികാര വര്‍ഗത്താല്‍ കൊല്ലപ്പെട്ട രക്തസാക്ഷി. മരണത്തിന് ശേഷവും റഷ്യയില്‍ രാഷ്ട്രീയ അട്ടിമറികള്‍ക്ക് തിരികൊളുത്തിയവന്‍.
റാസ്പുട്ടിന്‍
1869ല്‍ സൈബീരിയയിലെ ട്യൂമെനില്‍ ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച ഗിഗറി യെഫിമോവിച്ച് നോവ്യക് ആണ് പില്‍ക്കാലത്ത് റാസ്പുട്ടിന്‍ ആയി മാറിയത്. കുട്ടിക്കാലത്ത് കാലികളെ മേയ്ച്ചും മീന്‍ പിടിച്ചും പിതാവിനെ കാര്‍ഷിക ജോലികളില്‍ സഹായിച്ചും ജീവിച്ചിരുന്ന റാസ്പുട്ടിന്‍ നിരക്ഷരനായിരുന്നു. സൈബീരിയയിലെ കൗമാര ജീവിതത്തിന് ശേഷം റാസ്പുടിന്‍ ഖൈലിസ്റ്റി എന്ന സന്യാസ സമൂഹത്തില്‍ ചേര്‍ന്നെങ്കിലും സന്യാസ സമൂഹത്തിന്റെ വിശ്വാസപ്രമാണങ്ങളുമായി ഒത്തു ചേര്‍ന്നുപോകാന്‍ സാധിക്കാത്തതിനാല്‍ സന്യാസം ഉപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തി.
കര്‍ഷക കുടുംബത്തില്‍ നിന്ന് തന്നെയുള്ള പ്രോസ്‌കോവ്യ ഡുബ്രോവിന എന്ന പെണ്‍കുട്ടിയെ 19ാമത്തെ വയസ്സില്‍ വിവാഹവും കഴിച്ചു. അതില്‍ നാല് കുട്ടികളുമുണ്ടായി. സന്യായം ഉപേക്ഷിച്ചെങ്കിലും റാസ്പുടിന്റെ ഉള്ളില്‍ അവധൂതനായ ഒരു സഞ്ചാരി അവശേഷിക്കുന്നുണ്ടായിരുന്നു. പരമ്പരാഗതമായ കുടുബ ജീവിതത്തിന്റെ പതിവ് രീതികളില്‍ മുന്നോട്ടുപോകാന്‍ റാസ്പുട്ടിന് സാധിച്ചില്ല. അധികം വൈകാതെ റാസ്പുട്ടിന്‍ വീടുവിട്ടിറങ്ങി. ലോകസഞ്ചാരമാരംഭിച്ചു.
റാസ്പുട്ടിന്‍ മക്കളോടൊപ്പം
ഗ്രീസിലെ ആതോസ് പര്‍വതനിരകളിലും ജറുസലേമിലും ഏഷ്യയിലെ പല ഭാഗങ്ങളിലുമൊക്കെ കാലങ്ങളോളം ഏകാന്ത സഞ്ചാരിയായി അലഞ്ഞുതിരിഞ്ഞ റാസ്പുട്ടിന്‍ തിരിച്ചെത്തിയത് ദിവ്യാത്ഭുതങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരു അവധൂതനെ പോലെയായിരുന്നു. അങ്ങനെ റാസ്പുട്ടിന്‍ രോഗികളെ സുഖപ്പെടുത്താരംഭിച്ചുവെന്നാണ് കഥകള്‍.
റഷ്യയുടെ പലഭാഗങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടന്ന റാസ്പുട്ടിന്‍ 1903ല്‍ റഷ്യയുടെ കേന്ദ്രമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെത്തി. അക്കാലത്ത് റഷ്യ ഭരിച്ചിരുന്ന സര്‍ ചക്രവര്‍ത്തിമാരുടെ ആസ്ഥാനമായിരുന്നു സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്.
സര്‍ നിക്കോളാസ് രണ്ടാമനായിരുന്നു അന്ന് റഷ്യ ഭരിച്ചിരുന്നത്. ബ്രിട്ടനിലെ വിക്ടോറിയ റാണിയുടെ പരമ്പരയില്‍ പെട്ട റാണി അലക്‌സാന്‍ഡ്ര റഷ്യയുടെ മഹാറാണിയും. നാല് പെണ്‍കുട്ടികളുണ്ടായിരുന്ന നിക്കോളാസ് – അലക്‌സാന്‍ഡ്ര രാജ ദമ്പതികള്‍ക്ക് 1904ലാണ് അലക്‌സി എന്ന ഒരു പുത്രന്‍ ജനിക്കുന്നത്.
നിക്കോളാസ് രണ്ടാമനും അലക്‌സാന്‍ഡ്രയും
നിക്കോളാസ് രണ്ടാമന്റെ അക്കാലത്തെ ഏറ്റവും വലിയ സങ്കടം തന്റെ പത്‌നിക്ക് പാരമ്പര്യമായി പകര്‍ന്നുകിട്ടിയ ഹീമോഫീലിയ എന്ന രോഗമായിരുന്നു. മുറിവുകള്‍ സംഭവിക്കുമ്പോള്‍ രക്തം കട്ട പിടിക്കാതെ ഒഴുകുന്ന ഒരു ജനിതക രോഗമാണ് ഹിമോഫീലിയ. രാജകുമാരനായ അലക്‌സിയും പാരമ്പര്യത്തിലൂടെ ഹീമോഫീലിയയുടെ ഇരയായി. റഷ്യയില്‍ സര്‍ ഭരണകൂടത്തിനെതിരെ വലിയ രീതിയിലുള്ള ജനകീയ പ്രതിഷേധങ്ങള്‍ കൊടുമ്പിരി കൊള്ളുമ്പോഴും നിക്കോളാസിനെയും അലക്‌സാന്‍ഡ്രയെയും വേദനിപ്പിച്ചതും ഭയപ്പെടുത്തിയതും അലക്‌സിയുടെ അസുഖമായിരുന്നു.
അലക്‌സിയുടെ അസുഖം ഭേദമാക്കാനായി അക്കാലത്ത് റഷ്യയിലുണ്ടായിരുന്ന എല്ലാ ഡോക്ടര്‍മാരെയും നിക്കോളാസ് കൊട്ടാരത്തിലെത്തിച്ചിരുന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല. അങ്ങനെയിരിക്കെയാണ് റാസ്പുട്ടിന്‍ എന്ന മാത്രികന്‍ തന്റെ അത്ഭുത സിദ്ധിയിലൂടെ ആളുകളുടെ രോഗം മാറ്റുന്നതായി നിക്കോളാസ് അറിഞ്ഞത്. അവര്‍ റാസ്പുട്ടിനെ കൊട്ടാരത്തിലെത്തിച്ചു.
അതിനിടയിലാണ് 1908ല്‍ അലക്‌സിക്ക് ശരീരത്തില്‍ ഒരു മുറിവുണ്ടാകുകയും നിലയ്ക്കാതെ രക്തമൊഴുകുകയും ചെയ്തത്. അലക്‌സി മരണപ്പെടുമെന്ന് പരലും പറഞ്ഞെങ്കിലും റാസ്പുട്ടിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് അലക്‌സിയെ പരിചരിച്ചതോടെ വളരെ ആകസ്മികമായി അലക്‌സി രക്ഷപ്പെട്ടു. ഇത് രാജകുടുംബത്തിന് റാസ്പുടിനിലുള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചു. പതിയെ റാസ്പുടിന്‍ രാജകുടുംബത്തിന് മേലും അതുവഴി റഷ്യന്‍ ഭരണകൂടത്തിലും ശക്തമായ സ്വാധീനം ചെലുത്തിത്തുടങ്ങി.
അലക്‌സി
റഷ്യന്‍ ഭരണകേന്ദ്രത്തിലെ പ്രധാനിയായിരുന്ന റാസ്പുട്ടിന്‍ പക്ഷേ, തന്റെ പതിവ് ജീവിത രീതി കൈയൊഴിഞ്ഞില്ല. അടിമുടി അരാജകവാദിയായിരുന്ന റാസ്പുട്ടിന്‍ തെരുവുകളിലും മദ്യശാലകളിലും വേശ്യാഗൃഹങ്ങളിലുമെല്ലാം സജീവ സാനിധ്യമായിരുന്നു. റാസ്പുട്ടിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നു. രാജകുടുംബം പക്ഷേ അത് വിശ്വസിച്ചില്ല. അങ്ങനെ റഷ്യയില്‍ റാസ്പുട്ടിന്‍ ഒരു വിവാദനായകനായി മാറി. മഹാറാണി അലക്‌സാന്‍്രഡ്രയെയും റാസ്പുട്ടിനെയും ചേര്‍ത്തുള്ള കഥകളും അന്തപുരങ്ങള്‍ക്കകത്തും പുറത്തും പ്രചരിച്ചു.
ഒന്നാംലോകമഹായുദ്ധ സമയത്ത് സാര്‍ നിക്കോളാസ് നേരിട്ട് യുദ്ധത്തില്‍ പങ്കെടുക്കാനായി ഇറങ്ങിത്തിരിച്ചതോടെ റഷ്യയുടെ ഭരണം അലക്‌സാന്‍ഡ്രയുടെ കൈകളിലായി. അലക്‌സാന്‍ഡ്രയുടെ ഉറ്റസഹായിയായി റാസ്പുട്ടിനും കൂടെ നിന്നു. ഒരര്‍ത്ഥത്തില്‍ റാസ്പുട്ടിന്‍ തന്നെ റഷ്യ ഭരിക്കുന്ന അവസ്ഥയിലെത്തിയെന്നാണ് കഥകള്‍.
റാസ്പുട്ടിന്‍ റഷ്യയുടെ അധികാര ചക്രം തിരിക്കാന്‍ തുടങ്ങിയതോടെ റഷ്യന്‍ ഭരണകൂടത്തിലെ വിമതരായിരുന്ന അനേകം പേര്‍ അദ്ദേഹത്തെ ഒതുക്കാന്‍ തീരുമാനിച്ചു. നിക്കോളാസിന്റെ അനന്തരവനായ യൂസുപോവ് രാജകുമാരന്റെ നേതൃത്വത്തില്‍ ഒരു സംഘം ഇതിനായി പരിശ്രമിച്ചു. അവര്‍ ഒരു ഒരു ഗൂഢാലോചന തയാറാക്കി.
1916 ഡിസംബര്‍ 16ന് റാസ്പുട്ടിന്‍ കൊല്ലപ്പെട്ടു. റാസ്പുട്ടിനെ വിരുന്ന് സത്കാരത്തിന് വിളിച്ച അവര്‍ കേക്കില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചുവെന്നും കേക്ക് കഴിച്ചിട്ടും വിഷമേല്‍ക്കാതായ റാസ്പുട്ടിനെ യൂസുപോവ് തന്റെ തോക്കെടുത്ത് വെടിവച്ചുവെന്നും വെടിയേറ്റ് നിലത്ത് വീണ റാസ്പുട്ടിനെ ഇവര്‍ നേവാ നദിയിലേക്ക് വലിച്ചെറിഞ്ഞുമെന്നുമാണ് റാസ്പുട്ടിന്റെ മരണത്തെക്കുറിച്ചുള്ള ഒരു കഥ. റഷ്യന്‍ ചരിത്രത്തില്‍ എക്കാലവും ഏറെ ദുരൂഹതകള്‍ നിറഞ്ഞതാണ് റാസ്പുട്ടിന്റെ ജീവിതവും മരണവും.
റാസ്പുട്ടിന്റെ മൃതദേഹം
നേവാനദിയിലെ തണുത്തുറഞ്ഞ ജലത്തില്‍ നിന്ന് പുറത്തെടുത്ത റാസ്പുട്ടിന്റെ മൃതദേഹത്തില്‍ നാല് വെടിയുണ്ടകളുണ്ടായിരുന്നു. റാസ്പുട്ടിന്റെ ദുരൂഹമരണം വീണ്ടും റഷ്യയില്‍ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു. സര്‍ ഭരണകൂടത്തിന് അധികനാള്‍ പിടിച്ചുനില്‍ക്കാനായില്ല. റഷ്യയിലെ കമ്യൂണിസ്റ്റ് വിപ്ലവത്തിന് മുന്നില്‍ സര്‍ ചക്രവര്‍ത്തിമാരുടെ യുഗം അവസാനിച്ചു.
ലോകം കണ്ടതില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച ദുരൂഹ മരണങ്ങളിലൊന്നാണ് റാസ്പുട്ടിന്റെ മരണം. റാസ്പുട്ടിന്‍ കൊല്ലപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ യൂസുപോവ് പാലസ് ഇന്ന് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ബോണി എം എന്ന മ്യൂസിക് ഗ്രൂപ്പിന്റെ സംഗീതത്തിലൂടെ റഷ്യയുടെ ഭ്രാന്തനായ സന്യാസിയുടെ ജീവിതം ഇന്ന്് ലോകമൊട്ടാകെയുള്ള സംഗീത പ്രേമികള്‍ ഏറ്റുപാടുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Who was Rasputin and the specialty of Rasputin Song