| Friday, 9th October 2020, 7:39 pm

രാം വിലാസ് പാസ്വാന്‍ ഒറ്റുകാരനോ വിപ്ലവകാരിയോ

ഷഫീഖ് താമരശ്ശേരി

തൊട്ടുകൂടായ്മയടക്കമുള്ള ജാതീയ ഉച്ഛനീചത്വങ്ങള്‍ അതി തീവ്രമായി നിലനിന്നിരുന്ന ബീഹാറില്‍ സവര്‍ണ വിഭാഗങ്ങളാല്‍ വലിയ അടിച്ചമര്‍ത്തലുകള്‍ ഏറ്റുവാങ്ങിയ വിഭാഗമായിരുന്നു പാസ്വാന്‍ എന്ന ദളിത് വിഭാഗം. വിദ്യാഭ്യാസം ലഭിച്ചിരുന്നില്ലാത്ത, കൃഷിപ്പണിയും പന്നിവളര്‍ത്തലുമെല്ലാം തൊഴിലാക്കിയ പാസ്വാന്‍ ജാതിക്കാര്‍ക്ക് സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ ഒരു പ്രാതിനിധ്യവുമില്ലാതിരുന്ന കാലത്ത് അവരില്‍ നിന്നും ഒരു യുവാവ് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നേറി.

പഠിച്ചു, ജോലി നേടി, പൊതുപ്രവര്‍ത്തനരംഗത്തെത്തി, ജനപ്രതിനിധിയായി, പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തിനുള്ള ലോക റെക്കോര്‍ഡും നേടി, ഒടുവില്‍ പലതവണ കേന്ദ്രമന്ത്രിയുമായി. രാഷ്ട്രീയാധികാരത്തിലൂടെ തന്റെ സമുദായത്തിന് വിമോചനത്തിന്റെ വഴികള്‍ തുറന്നുകൊടുത്തു. ദേശീയ രാഷ്ട്രീയത്തില്‍ കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി തിളങ്ങി നില്‍ക്കുന്ന പേരാണ് രാം വിലാസ് പാസ്വാന്‍. കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാന്‍ ഓര്‍മയാകുമ്പോള്‍ അദ്ദേഹത്തിന്റെ ജീവിതം ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഒരു പാഠമാവുകയാണ്.

രാം വിലാസ് പാസ്വാന്‍

ബീഹാറിലെ ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടും ആ ജോലി ഉപേക്ഷിച്ച് പൊതു പ്രവര്‍ത്തനരംഗത്തേക്കിറങ്ങിയ വിപ്ലവകാരി, അടിയന്തിരാവസ്ഥാ വിരുദ്ധ സമരങ്ങളുടെ ഭാഗമായി ജലിലടയ്ക്കപ്പെട്ട സോഷ്യലിസ്റ്റ്, ദളിത് ന്യൂനപക്ഷ ഉണര്‍വുകളുടെ ചാലക ശക്തിയായ അവകാശ പോരാളി, ദേശീയ രാഷ്ട്രീയ രസതന്ത്രങ്ങളില്‍ ഒരിക്കലും ഉന്നം പിഴയ്ക്കാത്ത നേതാവ്, ഗുജറാത്ത് കലാപത്തെത്തുടര്‍ന്ന് ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിയോജിപ്പറിയിച്ച് എന്‍.ഡി.എ സഖ്യം വിട്ട നേതാവ്, അധികാര താത്പര്യങ്ങള്‍ക്കായി ദളിത് മുന്നേറ്റ രാഷ്ട്രീയത്തെ വഞ്ചിച്ച് സംഘപരിവാറുമായി സഖ്യമുണ്ടാക്കിയ ഒറ്റുകാരന്‍,… ഇങ്ങനെ നിരവധി വിശേഷണങ്ങളുണ്ട് രാം വിലാസ് പാസ്വാന്.

ബീഹാറിലെ ഖകാരിയ ജില്ലയിലെ ഷഹര്‍ബാനി ഗ്രാമത്തിലെ ഒരു ദളിത് കുടുംബത്തില്‍ 1946 ജൂലൈ 5 നാണ് രാം വിലാസ് പാസ്വാന്‍ ജനിക്കുന്നത്. പട്‌ന യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. അറുപതുകളിലും എഴുപതുകളിലും രാജ്യത്ത് പുത്തന്‍ ഉണര്‍വായി അലയടിച്ച സോഷ്യലിസ്റ്റ് രാഷ്ട്രീയത്തില്‍ ആകൃഷ്ടനായ രാം വിലാസ് പാസ്വാന്‍ ഉശിരനായ വിദ്യാര്‍ത്ഥി നേതാവായി മാറി.
പഠനത്തിന് ശേഷം ബീഹാര്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസ്സായി. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായി തെരഞ്ഞടുക്കപ്പെട്ടെങ്കിലും ആ ജോലി ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാവുകയായിരുന്നു. ബിഹാറിലെ ജാതിരാഷ്ട്രീയത്തില്‍ ദളിതനായ ഒരു യുവനേതാവ് നേരിടേണ്ടി വന്ന കഠിനമായ തിക്താനുഭവങ്ങളെ അതിജീവിച്ചാണ് പാസ്വാന്‍ മുന്നേറിയത്.

ചൗധരി ചരണ്‍ സിങ്, എ.ബി വാജ്‌പേയി എന്നിവരോടൊപ്പം രാം വിലാസ് പാസ്വാന്‍

സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായിരിക്കെ 1969-ല്‍ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് എം.എല്‍.എയായി. ബീഹാര്‍ രാഷ്ട്രീയത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എ ആയിരുന്നു പാസ്വാന്‍.

അടിയന്തരാവസ്ഥാ വിരുദ്ധ സമരങ്ങളുടെ ഭാഗമായി എഴുപതുകളില്‍ രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളില്‍ അണിചേര്‍ന്ന പാസ്വാന്‍ ജയിലിലടയ്ക്കപ്പെട്ടു. ബീഹാറിലെ അടിയന്തരാവസ്ഥാ വിരുദ്ധ സമരങ്ങളെ മുന്നില്‍ നിന്ന് നയിച്ച ദളിത് യുവ എം.എല്‍.എ യെ ജയില്‍മോചിതനായ ശേഷം പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്‍ നേരില്‍ കാണാനായി വിളിപ്പിച്ചു. 1977-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹാജിപ്പുരില്‍നിന്ന് ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കണമെന്ന് ജയപ്രകാശ് നാരായണന്‍ പാസ്വാനോട് ആവശ്യപ്പെട്ടു. അതോടെ പാസ്വാന്‍ ജനതാ പാര്‍ട്ടിയിലെത്തി.

ജയപ്രകാശ് നാരായണന്‍

ഇന്ദിരാഗാന്ധിയെ കടപുഴക്കിയ 1977 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബലേശ്വര്‍ റാമിനെ 4,24,545 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പാസ്വാന്‍ തോല്‍പ്പിച്ചത്. പോള്‍ ചെയ്ത വോട്ടിന്റെ 89.3 ശതമാനം വോട്ടും പാസ്വാനായിരുന്നു. ലോകചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് ഗിന്നസ് റെക്കോഡ് നേടി പാസ്വാന്‍. 33 വയസ്സുകാരനായ ആ ദളിത് യുവനേതാവിന്റെ പേര് രാജ്യമാസകലം ശ്രദ്ധിക്കപ്പെട്ടു. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ അതേ മണ്ഡലത്തില്‍ തന്നെ തന്റെ റെക്കോര്‍ഡ് അദ്ദേഹം തിരുത്തി. പിന്നീട് ഏഴുവട്ടം ഹാജിപുരില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ദളിത് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച്് രാഷ്ട്രീയത്തിലെത്തിയ പാസ്വാന്‍ പിന്നീട് ദേശീയ – സംസ്ഥാന രാഷ്ട്രീയങ്ങളുടെ ചലനങ്ങള്‍ക്കനുസരിച്ച് തന്ത്രപരമായ നീക്കങ്ങള്‍ നടത്തുന്നതാണ് രാജ്യം കണ്ടത്. പാര്‍ട്ടിയും മുന്നണിയും മാറി മാറി അധികാരത്തില്‍ എന്നും നിലകൊള്ളാന്‍ അദ്ദേഹം കരുക്കള്‍ നീക്കി.

”മൈലാഞ്ചി ഇലകള്‍ പോലെയാണ് ഞാന്‍. കൈകളിലിട്ട് ഞെരടിയാല്‍ ചുവപ്പ് നിറം വരും. ഇവര്‍ക്കൊന്നും വിപ്ലവമെന്താണെന്നറിയില്ല. ജയിലിലേക്ക് കൊണ്ടുപോയാല്‍ കരഞ്ഞുവിളിക്കുന്നവരാണ് ഈ കപട വിപ്ലവകാരികള്‍.” എന്നായിരുന്നു പഴയ കാല സോഷ്യലിസ്റ്റ് സുഹൃത്തായ ലാലു പ്രസാദ് യാദവ് തനിക്കെതിരേ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് ഒരിക്കല്‍ പാസ്വാന്‍ മറുപടി നല്‍കിയത്.

ലാലു പ്രസാദ് യാദവ്

1989-ല്‍ ജനതാദള്‍ പ്രതിനിധിയായി വി.പി. സിങ് സര്‍ക്കാരില്‍ തൊഴില്‍ മന്ത്രിയായി. പിന്നീട് ദേവഗൗഡ, ഐ.കെ. ഗുജ്റാള്‍ സര്‍ക്കാരുകളില്‍ റെയില്‍വേ മന്ത്രി. 1999-ല്‍ സോഷ്യലിസ്റ്റ് പാത വിട്ട് എന്‍.ഡി.എ.യില്‍ ചേര്‍ന്ന പാസ്വാന്‍ വാജ്പേയി സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിയായി. ഇതിനിടയില്‍ ജനതാദള്‍ പലതായി പിരിഞ്ഞപ്പോള്‍ സ്വന്തമായി ലോക്ജനശക്തി എന്ന പാര്‍ട്ടി രൂപീകരിച്ചു. ഗുജറാത്ത് കലാപത്തെത്തുടര്‍ന്ന് ബി.ജെ.പിയോടുള്ള വിയോജിപ്പറിയിച്ച് എന്‍.ഡി.എ സഖ്യം വിട്ടു.

2004 ല്‍ അധികാരത്തിലെത്തിയ ഒന്നാം യു.പി.എ സര്‍ക്കാറില്‍ മന്‍മോഹന്‍ സിങിന് കീഴില്‍ രാസവളം മന്ത്രിയായി. 2009 ല്‍ പക്ഷേ പാസ്വാന്‍ ജീവിതത്തില്‍ ആദ്യമായി തോല്‍വിയുടെ കയ്പറിഞ്ഞു. തന്റെ എക്കാലത്തെയും മണ്ഡലമായ ഹാജിപ്പൂരില്‍ ജെ.ഡി.യു. സ്ഥാനാര്‍ത്ഥി രാം സുന്ദര്‍ ദാസിനോട് അദ്ദേഹം പരാജയപ്പെട്ടു. പക്ഷേ, അധികാരം കൈവിടാന്‍ പാസ്വാന്‍ തയ്യാറായില്ല. രാജ്യസഭയിലൂടെ പാര്‍ലമെന്റിലെത്തി രണ്ടാം യു.പി.എ സര്‍ക്കാറിലും അദ്ദേഹം മന്ത്രി സ്ഥാനം നിലനിര്‍ത്തി.

2014-ലെ പൊതു തെരഞ്ഞടുപ്പിന് മുമ്പായി അദ്ദേഹം വീണ്ടും മുന്നണി മാറി. യു.പി.എ. സര്‍ക്കാര്‍ ദളിത് വിഷയങ്ങള്‍ കാര്യമായി പരിഗണിക്കുന്നില്ല എന്ന് ആരോപിച്ച് എന്‍.ഡി.എ.യിലേക്ക് അദ്ദേഹം കൂറുമാറി. മോദി സര്‍ക്കാരില്‍ കഴിഞ്ഞ ആറ് വര്‍ഷമായി ഭക്ഷ്യമന്ത്രിയാണ് പാസ്വാന്‍. രാജ്യത്തെ ആറ് പ്രധാനമന്ത്രിമാരുടെ കീഴില്‍ മന്ത്രിയായി പ്രവര്‍ത്തിച്ചുവെന്ന അപൂര്‍വ റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്.

രാം വിലാസ് പാസ്വാന്‍

2019-ല്‍ പാസ്വാന്‍ ലോക്സഭയിലേക്ക് മത്സരിച്ചില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിത്തുടങ്ങിയതായിരുന്നു വിട്ടു നില്‍പ്പിന് കാരണം. പാര്‍ട്ടിയും മത്സരവും മകന് വിട്ടുകൊടുത്ത് രാജ്യസഭയിലൂടെ മന്ത്രിപദം നിലനിര്‍ത്തി അദ്ദേഹം അധികാരത്തില്‍ തുടര്‍ന്നു. മരിക്കുമ്പോഴും അദ്ദേഹം മന്ത്രിയായിരുന്നു.

അധികാരം ദല്‍ഹിയിലും ഹൃദയം ബീഹാറിലുമെന്നായിരുന്നു പാസ്വാനെക്കുറിച്ച് പലരും വിശേഷിപ്പിച്ചിരുന്നത്. ദേശീയ രാഷ്ട്രീയത്തിലെന്ന പോലെ ബീഹാറിലെ സംസ്ഥാന രാഷ്ട്രീയത്തിലും നിര്‍ണായക സാന്നിധ്യമായി എക്കാലത്തും പാസ്വാന്‍ ഉണ്ടായിരുന്നു. പ്രായോഗിക രാഷ്ട്രീയം തന്നെയായിരുന്നു എല്ലായിടത്തും പാസ്വാന്‍ പയറ്റിയിരുന്നത്. ദേശീയതലത്തില്‍ ഒരു മുന്നണി, സംസ്ഥാനരാഷ്ട്രീയത്തില്‍ മറ്റൊരു മുന്നണി എന്ന പ്രായോഗിക തന്ത്രവും പാസ്വാന്‍ പലവട്ടം പയറ്റിയിരുന്നു.

തന്റെ സുഹൃത്തുക്കളും ബീഹാര്‍ രാഷ്ട്രീയത്തിലെ രണ്ട് നായകരുമായ ലാലു പ്രസാദ് യാദവുമായും നിതീഷ്‌കുമാറുമായും ഇണങ്ങിയും പിണങ്ങിയും ഭരണത്തിന്റെ ഭാഗമായി പാസ്വാന്‍ നിലകൊണ്ടു. ബീഹാര്‍ രാഷ്ട്രീയത്തില്‍ ലാലു, നിതീഷ് എന്നീ പേരുകള്‍ക്കൊപ്പം മൂന്നാമതായി പാസ്വാന്‍ നിലകൊണ്ടു.

ഏറ്റവുമൊടുവില്‍ സീറ്റ് വിഹിതത്തില്‍ ജെ.ഡി.യു.വിനോട് കലഹിച്ച് വരാന്‍ പോകുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ലോക് ജനശക്തി പാര്‍ട്ടി ബീഹാറിലെ എന്‍.ഡി.എ മുന്നണി വിട്ട് സ്വന്തമായി മത്സരിക്കാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചിരിക്കെയാണ് അസുഖബാധിതനായി അദ്ദേഹം ആശുപത്രിയിലാകുന്നതും തുടര്‍ന്ന് മരണപ്പെടുന്നതും.

രാം വിലാസ് പാസ്വാന്‍ നരേന്ദ്ര മോദിയോടൊപ്പം

ഭൂമിയാര്‍മാരും രാജ്പുത്തുകളും അടക്കിവാണിരുന്ന ബീഹാര്‍ രാഷ്ട്രീയത്തിലേക്കും അതുവഴി ദേശീയ രാഷ്ട്രീയത്തിലേക്കും കരുത്തോടെ നടന്നുകയറിയ പാസ്വാന്‍ എന്ന ദളിത് നേതാവ് ബീഹാറിലെ ന്യൂനപക്ഷ മുന്നേറ്റങ്ങള്‍ക്ക് ഊര്‍ജവും ആവേശവുമായിരുന്നു. ‘ഊപര്‍ ഭഗവാന്‍ നീചേ പസ്വാന്‍’ എന്നായിരുന്നു അവര്‍ മുദ്രാവാക്യം മുഴക്കിയിരുന്നത്. ബീഹാറിലെ ദളിത് – പിന്നോക്ക രാഷ്ട്രീയത്തിന് അവരുടെ ഭഗവാന്‍ തന്നെയായിരുന്നു പാസ്വാന്‍.

രാഷ്ട്രീയത്തിന്റെ രസതന്ത്രം പാസ്വാനെക്കാള്‍ നന്നായി മനസ്സിലാക്കിയ മറ്റൊരു നേതാവ് ഇന്ത്യയിലുണ്ടോ എന്നത് സംശയകരമാണ്.
രാഷ്ട്രീയാധികാരത്തിലൂടെ മാത്രമേ എന്റെ ജനതയുടെ വിമോചനങ്ങള്‍ സാധ്യമാകൂ, അധികാരത്തിന് വേണ്ടിയുള്ള പോരാട്ടം എന്റെ ജനതയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണെന്നും താന്‍ എന്നും തികഞ്ഞ അംബേദ്കറൈറ്റ് ആണെന്നും വിമര്‍ശകരോട് അദ്ദേഹം മറുപടി പറഞ്ഞു.

രാജ്യത്തെ ദളിത് മുന്നേറ്റങ്ങളുടെ എക്കാലത്തെയും രാഷ്ട്രീയ ശത്രുക്കളായ സംഘപരിവാറിനോട് സന്ധിചെയ്തതിന്റെ പേരില്‍ ദളിത് വഞ്ചകനായും ഒറ്റുകാരനായും വിമര്‍ശിക്കപ്പെടുന്ന പാസ്വാന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു അപൂര്‍വ അധ്യായമാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ram Vilas Paswan’s Life and Politics

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more