| Monday, 17th May 2021, 2:07 pm

ഫലസ്തീന് വേണ്ടി ശബ്ദിച്ചതിന് ഇസ്രാഈല്‍ ബുള്‍ഡോസര്‍ കയറ്റിക്കൊന്ന ജൂത പെണ്‍കുട്ടി റേച്ചല്‍ കോറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

2003 മാര്‍ച്ച് 16. ഇസ്രാഈല്‍ അധിനിവേശം ഫലസ്തീന്‍ ഗ്രാമങ്ങളെ തകര്‍ത്തുതരിപ്പണമാക്കിക്കൊണ്ടിരുന്ന കാലം. ഗാസയിലെ റാഫയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ബുള്‍ഡോസറുകള്‍ ഇരമ്പിയാര്‍ക്കുകയാണ്. മേഖലയില്‍ അവശേഷിക്കുന്ന ഫലസ്തീന്‍ കെട്ടിടങ്ങള്‍ കൂടി തകര്‍ത്തുതരിപ്പണമാക്കിക്കൊണ്ട് ഇസ്രാഈല്‍ സൈന്യം സംഹാരതാണ്ഡവമാടുന്നു. തങ്ങളുടെ വീടുകള്‍, ഗ്രാമങ്ങള്‍, ദേവാലയങ്ങള്‍ എല്ലാം തവിടുപൊടിയാകുന്നത് കണ്ട് നിസ്സഹായതയോടെ നോക്കി നില്‍ക്കുന്ന അനേകം ഫലസ്തീന്‍ കുടുംബങ്ങള്‍.

ഇതിനിടയില്‍ ഫ്‌ളൂറസെന്റ് നിറമുള്ള വസ്ത്രം ധരിച്ച ഒരു പെണ്‍കുട്ടി കയ്യില്‍ ഒരു മെഗാഫോണുമായി സൈന്യത്തിന്റെ ബുള്‍ഡോസറിന് മുന്നില്‍ ചെന്ന് നിന്നു. ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു… ‘ഞാനും ഒരു അമേരിക്കക്കാരിയാണ്. നിങ്ങള്‍ കാട്ടുന്നത് നീതികേടാണ്. ഈ ക്രൂരതയില്‍ നിന്ന് നിങ്ങള്‍ പിന്മാറണം. ഈ പാവങ്ങളെ ജീവിക്കാന്‍ അനുവദിക്കണം. ഇത് അവരുടെ മണ്ണാണ്…’

ഏതാനും ദിവസങ്ങളായി പ്രദേശത്തെ ഫലസ്തീന്‍ കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി അത്രമോത്സുകതയോടെ മുന്നേറുകയായിരുന്ന ഇസ്രാഈല്‍ സൈനികര്‍ക്ക് ആ പെണ്‍കുട്ടിയുടെ എതിര്‍പ്പ് ഒട്ടും സഹിച്ചില്ല. വഴിയില്‍ നിന്നും മാറാന്‍ അവര്‍ ഭീഷണിയുയര്‍ത്തി. പെണ്‍കുട്ടി പിന്‍മാറിയില്ല. സൈന്യം ബുള്‍ഡോസറുകള്‍ തകര്‍ത്ത കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ അവള്‍ക്ക് മുന്നിലേക്ക് കോരിയിട്ടു ഭയപ്പെടുത്താന്‍ ശ്രമിച്ചു. സൈന്യത്തിന്റെ ഭീകരതയ്ക്ക് മുന്നില്‍ ഒട്ടും കുലുങ്ങാതെ ഒറ്റയാള്‍ പട്ടാളമായി ആ പെണ്‍കുട്ടി നിന്നു. കെട്ടിടക്കൂമ്പാരങ്ങള്‍ക്ക് മുകളില്‍ കയറി നിന്ന് അവള്‍ സൈന്യത്തിനെതിരെ മെഗാഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടിരുന്നു.

സൈന്യത്തിന് ഇത് സഹിച്ചില്ല. അമേരിക്കന്‍ നിര്‍മിത ഡി-9 കാറ്റര്‍പില്ലര്‍ ബുള്‍ഡോസര്‍ ആ പെണ്‍കുട്ടിക്ക് നേരെ പാഞ്ഞടുത്തു. അവള്‍ പിറകോട്ട് മാറിയില്ല. മരണത്തിന് മുന്നില്‍ ഉറച്ച മനസ്സോടെ നിന്നു. അങ്ങയേറ്റം ക്രൂരമായി, സൈന്യം അവള്‍ക്ക് മുകളിലൂടെ ബുള്‍ഡോസര്‍ പായിച്ചു. ഒന്നല്ല, രണ്ടുവട്ടം. ഒരു നിര്‍ജ്ജീവ വസ്തുവിനെ മണ്ണിലേക്ക് ചവിട്ടി താഴ്ത്തുന്ന ലാഘവത്തോടെ ബുള്‍ഡോസര്‍ നീങ്ങി.

ബുള്‍ഡോസറിന്റെ ബ്ലേഡിനടിയില്‍ പെട്ട് തലയോട്ടി തകര്‍ന്ന് മണ്ണില്‍ പുതഞ്ഞുപോയ ആ ശരീരം കൂടെയുണ്ടായിരുന്നവര്‍ വാരിയെടുത്തു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. അല്‍പം ജീവന്‍ ബാക്കിയുണ്ടായിരുന്ന ആ ശരീരം അപ്പോഴും ഫലസ്തീന് വേണ്ടി വിതുമ്പി. വൈകാതെ ജീവന്‍ വെടിഞ്ഞു. ആശുപത്രി റെക്കോര്‍ഡില്‍ ഡോക്ടര്‍മാര്‍ എഴുതി. ‘തലയോട്ടിയും നെഞ്ചും തകര്‍ത്ത ക്ഷതങ്ങളാണ് മരണകാരണം.’ 23ാമത്തെ വയസ്സില് ഫലസ്തീന് വേണ്ടി രക്തസാക്ഷിയായ അമേരിക്കന്‍ പെണ്‍കുട്ടി റേച്ചല്‍ കോറി.

2003 ഫെബ്രുവരിയില്‍, കൊല്ലപ്പെടുന്നതിന്റെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് റേച്ചല്‍ കോറി തന്റെ പ്രിയപ്പെട്ടവര്‍ക്കയച്ച കത്തിലെ ചില ഭാഗങ്ങള്‍ ഇങ്ങനെയായിരുന്നു.

‘പ്രിയ സുഹൃത്തുക്കളെ, കുടുംബാംഗങ്ങളേ,

ഞാന്‍ ഫലസ്തീനില്‍ എത്തിയിട്ട് രണ്ടാഴ്ച്ചയും ഒരു മണിക്കൂറുമായിരിക്കുന്നു. ഞാനിവിടെ കണ്ടതിനെ കുറിച്ച് ചിലത് കുറിക്കാനുണ്ട്. അമേരിക്കയിലേയ്ക്ക് ഈ കത്തെഴുതാനായി ഇരിക്കുമ്പോള്‍ എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നതെന്ന് ചിന്തിക്കാന്‍കൂടി എനിക്ക് സാധിക്കുന്നില്ല.

തങ്ങളുടെ വീട്ടുചുമരിലേയ്ക്ക് പാറിയെത്തുന്ന വെടിയുണ്ടകളെ ചെറുക്കാന്‍ ഇവിടുത്തെ വീടുകളില്‍ ഇനിയും കുഞ്ഞുങ്ങള്‍ അവശേഷിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. ഇവിടുത്തെ പോലെയല്ല എല്ലായിടത്തെയും ജീവിതങ്ങള്‍ എന്ന് ഈ കൊച്ചു കുഞ്ഞുങ്ങള്‍ തിരിച്ചറിയുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ ഇവിടെ എത്തുന്നതിനും രണ്ട് ദിവസം മുമ്പ് ഒരു എട്ടുവയസ്സുകാരനെ ഇസ്രായേലി പട്ടാളം വെടിവെച്ച് കൊന്നിട്ടേ ഉണ്ടായിരുന്നുള്ളു. മറ്റു കുഞ്ഞുങ്ങളുടെ ചുണ്ടുകളില്‍ അവന്റെ പേര് ഇപ്പോഴും മര്‍മര ശബ്ദമായി അവശേഷിക്കുന്നുണ്ട്, ”അലി”.

ലേഖനങ്ങളോ പഠനങ്ങളോ കോണ്‍ഫെറന്‍സുകളോ ഡോക്യുമെന്ററികളോ അല്ല ഇവിടുത്തെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് എനിക്ക് പറഞ്ഞ് തന്നിട്ടുള്ളത്. ഇവിടെ വന്ന് നിങ്ങളിത് കാണാത്തിടത്തോളം നിങ്ങള്‍ക്ക് ഇതൊന്നും ചിന്തിക്കാന്‍ കൂടി കഴിയില്ല. എന്നിട്ടും നിങ്ങള്‍ക്കറിയാം ഫലസ്തീനെ കുറിച്ച് നിങ്ങളറിഞ്ഞവ യാഥാര്‍ത്ഥ്യങ്ങളല്ലെന്ന്. ഉരുളന്‍ കല്ലുകള്‍ക്കു മുകളിലൂടെയാണ് ഞാന്‍ നടക്കുന്നത്. ഒരിക്കല്‍ ഇവിടെ വീടുകള്‍ ഉണ്ടായിരുന്നു. ഇന്നാട്ടുകാരെ ഈ യുദ്ധം എങ്ങനെയാണ് ബാധിക്കുന്നതെന്ന് ജനങ്ങള്‍ ചിന്തിച്ച് തുടങ്ങിയെങ്കില്‍ നിങ്ങള്‍ സമരം തുടങ്ങുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’

വാഷിങ്ടണിലെ ഒളിമ്പിയ നഗരത്തിലെ എവര്‍ഗ്രീന്‍ സ്റ്റേറ്റ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു റേച്ചല്‍ കോറി. ഒളിമ്പിയന്‍സ് ഫോര്‍ പീസ് ആന്റ് സോളിഡാരിറ്റി എന്ന ഗ്രൂപ്പിലെ പ്രവര്‍ത്തകയും. വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും ഇസ്രായേലി പട്ടാളത്തിന്റെ ക്രൂരമായ നീക്കങ്ങളെ സമാധാനപരമായ മാര്‍ഗങ്ങളിലൂടെ ചെറുക്കാന്‍ വേണ്ടി രൂപം നല്‍കിയതായിരുന്നു ആ സംഘം.

റാഫയിലെ അഭയാര്‍ത്ഥി ക്യാമ്പിനെ തകര്‍ക്കുന്ന ഇസ്രായേല്‍ നീക്കത്തിനെതിരെ മനുഷ്യമതില്‍ തീര്‍ക്കുന്നതിനായി സഹപ്രവര്‍ത്തകരായ എട്ട് പേരോടൊപ്പം ഗാസയിലെത്തിയതായിരുന്നു റേച്ചല്‍ കോറി.

റേച്ചലിനെ കൊലപ്പെടുത്തിയ ഇസ്രാഈില്‍ സൈന്യത്തിന്റെ ക്രൂരതകള്‍ക്കെതിരെ മാതാപിതാക്കള്‍ നിയമപോരാട്ടം നടത്തിയിരുന്നു. പ്രതീകാത്മകമായും പ്രതിഷേധ സൂചകമായും വെറും ഒരു ഡോളര്‍ മാത്രം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് റേച്ചലിന്റെ മാതാപിതാക്കള്‍ കോടതിയില്‍ കേസ് ഫയല്‍ചെയ്തത്. 23 കാരിയുടെ ജീവന്റെ വിലയായിട്ടല്ല ഒരു ഡോളറിനെ ആ മാതാപിതാക്കള്‍ കണ്ടത്. ഇസ്രായേല്‍ ഭരണകൂടത്തിന് തെറ്റു പറ്റിയെന്ന് ലോകത്തിന് ബോധ്യപ്പെടുത്തണമായിരുന്നു. അതായിരുന്നു അവരുടെ ലക്ഷ്യം.

2012 ഓഗസ്റ്റ് 28ന് ഇസ്രാഈല്‍ വിചാരണക്കോടതിയുടെ വിധി വന്നു: ”റേച്ചല്‍ കോറിയുടെ മരണത്തിന് ഇസ്രാഈല്‍ സ്റ്റേറ്റ് ഉത്തരവാദിയല്ല”എന്നായിരുന്നു അത്. ”റേച്ചലിന്റെ മരണത്തിന് ഒരു ഇസ്രാഈലി സൈനികനും ഉത്തരവാദിയല്ല. ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു അത്. ഇര തന്നെയാണ് സ്വന്തം മരണത്തിന് ഉത്തരവാദി. ബുള്‍ഡോസര്‍ ഡ്രൈവര്‍ റേചലിനെ കാണാതെയാണ് മുന്നോട്ട് എടുത്തത് എന്നെല്ലാമായിരുന്നു പിന്നീടുയര്‍ന്നുവന്ന വാദഗതികള്‍.

ഇതാരു ഇരുണ്ട ദിവസമാണ്, എന്റെ കുടുംബത്തിന് മാത്രമല്ല മനുഷ്യകുലത്തിനുതന്നെ. ലോകത്തെ നീതിവ്യവസ്ഥക്കും ഇസ്രാഈല്‍ എന്ന രാജ്യത്തിനും ഇത് നാണക്കേടാണ്”- വിധിക്കുശേഷം റേച്ചലിന്റെ അമ്മ സിന്‍ഡി കോറി പ്രതികരിച്ചു. റേച്ചലിനെ ക്രൂരമായി കൊല ചെയ്തിട്ടും പട്ടാളക്കാര്‍ ശിക്ഷിക്കപ്പെട്ടില്ല എന്ന് അറിഞ്ഞ ദിവസം ഇസ്രാഈല്‍ പട്ടാളക്കാരുടേ ഫേസ് ബുക്ക്‌പേജുകളില്‍ ഒരു ആഘോഷം നടന്നു. ”റേച്ചല്‍ കോറി പാന്‍കേക്ക്” എന്ന പേരില്‍.

ഒരു കേക്കു പോലെ ആ ചെറുപ്പക്കാരിയെ പരത്തി എടുത്തു എന്നതിന്റെ പ്രതീകാത്മക ആഘോഷം. റേച്ചലിനെ സ്വന്തം രാജ്യം ഓര്‍ക്കുന്നില്ലെങ്കിലും ഫലസ്തീന്‍ മറന്നിട്ടില്ല. തങ്ങള്‍ക്കുവേണ്ടി രക്തസാക്ഷിയായ അവളുടെ ഓര്‍മക്കായി എല്ലാവര്‍ഷവും ഗാസയിലെ ഫുട്‌ബോള്‍ പ്രേമികള്‍ സോക്കര്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാറുണ്ട്.

റേച്ചലിന്റെ മെയിലുകളും ഡയറിക്കുറിപ്പുകളും കവിതകളും സമാഹരിച്ച് പുറത്തിറങ്ങിയ പുസ്തകമാണ് ‘Let Me Stand Alone. ‘My name is Rachel Corrie’ എന്ന പേരില്‍ റേച്ചലിന്റെ ജീവിതത്തെക്കുറിച്ചുള്ള നാടകവും അരങ്ങുകളിലെത്തി. റിക്മാന്‍ സംവിധാനം ചെയ്ത നാടകം ലണ്ടനിലെ റോയല്‍ കോര്‍ട്ട് തിയറ്ററില്‍ 2005 ഏപ്രിലിലാണ് ആദ്യമായി കളിച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ കളിക്കപ്പെട്ട നാടകം ഭരണാധികാരികളുടെ ഇടപെടലിനെ തുടര്‍ന്ന് പല തവണ നിര്‍ത്തി വച്ചു.

റേച്ചലിന്റെ സ്മരണാര്‍ത്ഥം യുദ്ധത്തിനും അധിനിവേശത്തിനും എതിരായി പ്രവര്‍ത്തിക്കുന്ന റേച്ചല്‍ കോറി ഫൗണ്ടേഷന്‍ ഫോര്‍ പീസ് ആന്‍ഡ് ജസ്റ്റിസ് എന്ന സംഘടനയും രൂപം കൊണ്ടു.

ഫലസ്തീന്‍ ജനതയ്ക്ക് നേരെ ഇസ്രാഈലിന്റെ വെടിയുണ്ടകളും ബോംബുകളും പതിയ്ക്കുന്ന കാലങ്ങളിലെല്ലാം വീണ്ടും വീണ്ടും ഓര്‍മയില്‍ വരുന്ന പേരാണ് റേച്ചല്‍ കോറി. അമേരിക്കയിലെ ഒരു മധ്യവര്‍ഗ കുടുംബത്തിന്റെ സുഖലോലുപകതകളില്‍ ജനിച്ചിട്ടും അതെല്ലാമുപേക്ഷിച്ച് ലോകത്തിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന ജനതയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച അനശ്വര രക്തസാക്ഷി. അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടങ്ങളുടെ പ്രതീകമായ റേച്ചല്‍ കോറി

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Who was Rachel Corrie – American girl martyred for Palestine

We use cookies to give you the best possible experience. Learn more