ഉമ്മന്‍ചാണ്ടി എന്ന കളിക്കാരന്റെ സുവിശേഷം
Discourse
ഉമ്മന്‍ചാണ്ടി എന്ന കളിക്കാരന്റെ സുവിശേഷം
പ്രമോദ് പുഴങ്കര
Wednesday, 23rd September 2020, 11:54 am

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ബ്രിട്ടീഷുകാരുടെ കീഴില്‍ വലിയ പദവികള്‍ വഹിച്ചിരുന്ന നിരവധി ഇന്ത്യക്കാരുണ്ടായിരുന്നു. അവരെ ഓര്‍മ്മിച്ചെടുക്കാന്‍ നമുക്ക് അക്കാലത്തെ സര്‍ക്കാര്‍ രേഖകള്‍ തപ്പേണ്ടിവരും. ഒരു കൊന്നത്തെങ്ങോ കുടുംബയോഗങ്ങളിലെ വാഴ്ത്തുപാട്ടോ ഒക്കെയായി അവര്‍ കാലത്തിന്റെ വഴികളില്‍ മാഞ്ഞുപോയി. പക്ഷെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ ഭഗത് സിംഗിനെ നമുക്കോര്‍മ്മയുണ്ട്. അവര്‍ തടവിലിട്ട ഗാന്ധിയെ ഓര്‍മ്മയുണ്ട്. ചരിത്രം എല്ലായ്‌പ്പോഴും വിജയികളുടെത് മാത്രമല്ല. വിജയികളുടെ നിത്യപരാജയങ്ങളായി അത് ഓര്‍മ്മകളുടെ രാഷ്ട്രീയത്തെ കാത്തുസൂക്ഷിക്കുന്നു.

വ്യക്തികളെ അവരുടെ കാലത്തില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും സമര്‍ത്ഥമായി വേര്‍പ്പെടുത്തുക എന്നത് ഒട്ടും നിഷ്‌കളങ്കമല്ലാത്ത ഒരു രാഷ്ട്രീയ നിര്‍മ്മിതിയാണ്. കേരളത്തിലിപ്പോള്‍ ഉമ്മന്‍ചാണ്ടിക്കായി നടക്കുന്നത് അത്തരത്തിലൊരു രാഷ്ട്രീയ പ്രതിച്ഛായ നിര്‍മ്മാണമാണ്. അതൊരു പൊതുബോധം എന്ന മട്ടില്‍ എതിര്‍പ്പുകളില്ലാതെ സ്വീകരിക്കപ്പെടുമ്പോള്‍ അതങ്ങനെയാകരുത് എന്ന് പറയാന്‍ ആളുണ്ടാകണം. മുഖ്യധാരാ രാഷ്ട്രീയ നേതൃത്വം അത് ചെയ്യില്ല. കാരണം, തങ്ങള്‍ക്കുകൂടി പാകമായ വ്യാകരണമാണ് ഉണ്ടാക്കുന്നത് എന്നവര്‍ക്കറിയാം.

ജീവിത കാലഘട്ടത്തില്‍ നിന്നും സാമൂഹ്യ പരിതഃസ്ഥിതികളില്‍ നിന്നും അന്നത്തെ രാഷ്ട്രീയ-സാമ്പത്തിക യാഥാര്‍ഥ്യങ്ങളില്‍ നിന്നും വേണം നാം വ്യക്തികളെ വിലയിരുത്താന്‍. അങ്ങനെയാണ് അയ്യങ്കാളിയേയും നാരായണഗുരുവിനേയും നാം വിലയിരുത്തേണ്ടത്. എന്നാല്‍ അതങ്ങനെയല്ല നാം ചെയ്യുന്നതെന്ന് നമുക്കെല്ലാവര്‍ക്കും ഏതാണ്ടറിയാം. നാരായണന്‍ ഗുരുവാകുന്നത് ഭക്തികവിതയുടെ ബലത്തിലല്ല മറിച്ച് ഭക്തിയുടെ സാമൂഹ്യ അടിത്തറയുടെ ജീര്‍ണതയെ ചോദ്യം ചെയ്താണ് എന്നറിഞ്ഞില്ലെങ്കില്‍ നാരായണഗുരുവിന് ഭക്തരുണ്ടാവുന്ന ദുരന്തമാണ് ഇപ്പോള്‍ സംഭവിക്കുന്നതുപോലെ രൂപപ്പെടുക.

നാരായണഗുരുവിന് സംഭവിച്ചത് അതിന്റെ മറുദിശയില്‍ ഉമ്മന്‍ചാണ്ടിക്ക് സംഭവിക്കുന്നു എന്നത് ഉമ്മന്‍ചാണ്ടിക്ക് സന്തോഷമുണ്ടാക്കാമെങ്കിലും ഒരു സമൂഹം എന്ന നിലയില്‍ നമ്മെ ലജ്ജിപ്പിക്കേണ്ടതുണ്ട്. നിയമസഭാ പ്രവേശനത്തിന്റെ അരനൂറ്റാണ്ട് പിന്നിടുകയാണ് ഉമ്മന്‍ചാണ്ടി. പുതുപ്പള്ളി എന്ന ഒരേ മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി വിജയിച്ചുകൊണ്ട്. റെക്കോര്‍ഡിട്ട രാഷ്ട്രീയ കളിക്കാരന്‍ എന്ന ആഘോഷത്തിന് അദ്ദേഹം അര്‍ഹനാണ്. പക്ഷെ കേരളം എന്ന രാഷ്ട്രീയ സമൂഹം അതില്‍ എത്രത്തോളം ആനന്ദിക്കേണ്ടതുണ്ട്?

ഉമ്മന്‍ചാണ്ടി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയമില്ലെങ്കില്‍ അദ്ദേഹത്തിന്റെ സാമൂഹ്യപ്രസക്തി കോട്ടയത്ത് എത്ര ഉമ്മന്‍ചാണ്ടിമാരുണ്ട് എന്നൊരു തമാശക്കപ്പുറം പോകില്ല. ആ രാഷ്ട്രീയമാണ് അദ്ദേഹത്തിന്റെ പ്രസക്തി. എന്നാല്‍ ആ രാഷ്ട്രീയത്തെ തീര്‍ത്തും മാറ്റിവെക്കുകയും കേവലമായ, രൂപക്കൂട്ടിലേക്ക് പാകമാകുന്ന തരത്തില്‍ ഉണ്ടാക്കിയെടുക്കുന്ന ഒരു വലതുപക്ഷ ബിംബമാണിപ്പോള്‍ ഉമ്മന്‍ചാണ്ടി.

ഒരു കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ ഒരു തരത്തിലുള്ള പുരോഗമന സ്വഭാവവും അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല. സ്തുതിഗീതങ്ങളില്‍ പോലും പറയുന്നത് ”അതും ശരിയാണ്, ഇതും ശരിയാണ്” എന്ന വഷളന്‍ മെയ് വഴക്കമാണ് അദ്ദേഹത്തിന്റെ പ്രധാന സംഭാവന എന്നാണ്. ഒരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലും കോണ്‍ഗ്രസിന്റെ അഥവാ തന്റെ അധികാര രാഷ്ട്രീയത്തിനപ്പുറം അദ്ദേഹം പോലും അവകാശപ്പെട്ടിട്ടില്ല. അടിയന്തരാവസ്ഥയോ അക്കാലത്തുണ്ടായ ഭരണകൂട അതിക്രമങ്ങളോ ജനാധിപത്യ ധ്വംസനങ്ങളോ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ബോധത്തിലെവിടെയെങ്കിലും പോറലേല്‍പ്പിച്ചു എന്ന് ഒരു സ്വകാര്യ സംഭാഷണത്തില്‍ പോലും പറഞ്ഞതായി അറിവില്ല.

ആദര്‍ശ നാടകത്തിന്റെ ഏതോ ഒരു ചെറു രംഗത്തില്‍, ഇന്ദിരാ കോണ്‍ഗ്രസില്‍ നിന്നും വേറിട്ട എ. കെ. ആന്റണി ശേഷം നോഹയുടെ പെട്ടകവുമായി ഇടതുമുന്നണിയില്‍ എത്തിയപ്പോള്‍ അതിനോട് വിയോജിപ്പായിരുന്നു തനിക്കെന്ന് തുറന്നു പറയുന്നത്ര ജനാധിപത്യ ആകുലതകളെ ഉമ്മന്‍ചാണ്ടിക്ക് അന്നും ഇന്നുമുള്ളു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം ഏതെങ്കിലും ഒരു ഭാഷയില്‍ അദ്ദേഹം സംസാരിച്ചിട്ടില്ല. തിരുവിതാംകൂര്‍ മേഖലയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉണ്ടാക്കിയെടുത്ത ആള്‍ബലത്തെ സമര്‍ത്ഥമായി കേരളത്തിന്റെ ഭരണനേതൃത്വത്തിലേക്കെത്താനായി ഉപയോഗിച്ചു എന്നതിനെ ചാണക്യബുദ്ധിയായി വാഴ്ത്തുന്നവര്‍ അദ്ദേഹത്തിനൊപ്പം വളര്‍ന്നവരാണ്. അങ്ങനെ വളര്‍ന്നുവന്ന ഒരു പ്രബലധാരയുടെ ഏറ്റവും ശക്തനായ പ്രതിനിധിയാണ് ഉമ്മന്‍ചാണ്ടിയെന്നാണ് പറയാവുന്നത്.

അത് വിമോചനസമരത്തിന്റെ ജനാധിപത്യ വിരുദ്ധ വളക്കൂറില്‍ വിളഞ്ഞ വിത്തുകളാണ്. മത, സാമുദായിക, രാഷ്ട്രീയ കക്ഷി ബാന്ധവം ഒരു വിജയ സമവാക്യമായി മാറിയിരുന്നു. മലയാള മനോരമയും മാതൃഭൂമിയും ദീപികയുമെല്ലാം അടങ്ങുന്ന മാധ്യമങ്ങള്‍ അതിന്റെ ഗുണഫലം നുകരാന്‍ തുടങ്ങി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നു. കോണ്‍ഗ്രസ് ഇന്ദിരാ കോണ്‍ഗ്രസായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് തടവറയും മരണവും സൗജന്യമായി നല്‍കി. ഇന്ദിരാഗാന്ധിയുടെ ഇന്ദിരയാണ് ഇന്ത്യ എന്ന അശ്‌ളീല മുദ്രാവാക്യത്തിന്റെ പ്രതിധ്വനികള്‍ മാത്രമായി കോണ്‍ഗ്രസ്. വിമോചനസമരം ഇതിഹാസമായി കൊണ്ടാടുന്ന രാഷ്ട്രീയമൂല്യബോധത്തില്‍ മാമോദീസ മുങ്ങിയ ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് തലമുറയ്ക്ക് ജനാധിപത്യ രാഷ്ട്രീയത്തിന് മാതൃകകള്‍ പോലും കമ്മിയായിരുന്നു.

പിന്നീടിങ്ങോട്ടെല്ലാം കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് രാഷ്ട്രീയത്തിലെ മികച്ച കളിക്കാരനുള്ള സമ്മാനമായ കീറിയ ഖദര്‍കുപ്പായം അയാള്‍ വാങ്ങിക്കൊണ്ടിരുന്നു. കേരളത്തേയോ കേരളീയ സമൂഹത്തേയോ അതിന്റെ മുന്നോട്ടുള്ള പോക്കിനെയോ സമ്പുഷ്ടമാക്കുന്ന ഒന്നും അയാളുടെ മേഖലകളായിരുന്നില്ല. മന്ത്രിസ്ഥാനത്തു നിന്നുള്ള രാജി പോലും കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിലെ തര്‍ക്കങ്ങളായിരുന്നു. അങ്ങനെയങ്ങനെ അതേ ഗ്രൂപ്പ് രാഷ്ട്രീയത്തിലെ ഒരു നീക്കത്തില്‍ അയാള്‍ മുഖ്യമന്ത്രിയായി. ഇതില്‍ അയാളെ ഓര്‍ത്തുവെക്കാവുന്ന ഒന്നുമില്ല. ജീര്‍ണമായ പ്രത്യായനം നടത്തിയ കേരളീയ സമൂഹത്തിന്റെ ഒരു രാഷ്ട്രീയധാര എന്നതുമാത്രമാണ് അയാള്‍ പോയ വഴി.

ആള്‍ക്കൂട്ടമില്ലെങ്കില്‍, ആവലാതിക്കാരില്ലെങ്കില്‍ ഉറക്കം വരാത്ത ഉമ്മന്‍ചാണ്ടിയുടെ കഥകള്‍ മാറിമാറിപ്പറഞ്ഞുകൊണ്ടേയിരിക്കുന്നു. ആധുനിക സമൂഹത്തിനു പാകമാകാത്ത ഒരു നാടുവാഴിയെ ഓര്‍മ്മിപ്പിക്കുന്നു ഉമ്മന്‍ചാണ്ടി. ദയാലുവായ നാടുവാഴി. മുലക്കരം വാങ്ങിയപ്പോഴും പദ്മനാഭ ദാസനായ പൂയില്യന്‍ തിരുനാളുമാരുടെ എളിമ. ഹിരണ്യഗര്‍ഭം നടത്തിയപ്പോഴും കാലിലെ പൊടിതട്ടി പല്ലക്കിലേറി കൊട്ടാരത്തിലെത്തിയ ആ വിശുദ്ധി. അതിന്റെ പകര്‍പ്പിനെയാണ് പുതുപ്പള്ളിക്കൊട്ടാരത്തിലെ ആസ്ഥാനഗായകര്‍ പാടുന്നത്.

ആവലാതിക്കാരുടെ ആള്‍ക്കൂട്ടം ജനാധിപത്യത്തിന്റെ പരാജയമാണ്. ആള്‍ക്കൂട്ടത്തിന് മുഖമില്ല. മുഖമില്ലാത്ത മനുഷ്യര്‍ക്ക് അവകാശങ്ങളില്ല, അവര്‍ ഇപ്പോഴും ഡേയ്ക്ക് വേണ്ടി കാത്തു നില്‍ക്കും. അങ്ങനെയുള്ള ആള്‍ക്കൂട്ടങ്ങളായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടികളില്‍ വന്നവര്‍. ചാണ്ടിയുടെ മനമോടുന്ന മാര്‍ഗങ്ങളില്‍ മാത്രം നഷ്ടപരിഹാരത്തുകയുടെ വലിപ്പം നിശ്ചയിക്കപ്പെട്ടിരുന്നവര്‍. പുതുപ്പള്ളി മിശിഹായെ കാത്തിരുന്നു അവന്‍ വന്നപ്പോള്‍ കാല്‍ക്കല്‍ വീണവര്‍; അങ്ങനെ മലയാള മനോരമയിലെ കാരുണ്യഹസ്തചിത്രങ്ങളായവര്‍. ഇതൊക്കെയാണ് ഉമ്മന്‍ചാണ്ടിയുടെ ഭരണപരിഷ്‌ക്കാരങ്ങള്‍.

കേരളം കണ്ട ഏറ്റവും പരിസ്ഥിതി വിരുദ്ധമായ സര്‍ക്കാരിനെ അയാളാണ് നയിച്ചത്. അഴിമതിയുടെ കുന്നോളം കഥകള്‍. വ്യവസായ സംരഭകയെന്ന പേരില്‍ തട്ടിപ്പു നടത്തിയ ഒരു സ്ത്രീയെ ലൈംഗികമായി ചൂഷണം നിരവധി സഹപ്രവര്‍ത്തകര്‍, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ആ സ്ത്രീയെ ഉമ്മന്‍ചാണ്ടി തന്നെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന് അവര്‍ സാക്ഷ്യം പറഞ്ഞ ജുഡീഷ്യല്‍ കമ്മീഷന്‍ വിസ്താരങ്ങള്‍, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യപാദത്തിലെ കേരളമായിരുന്നു അതെന്ന് ചാണ്ടിക്ക് ശേഷം എന്ന കണക്കെടുപ്പിലെങ്കിലും രേഖപ്പെടുത്തുമായിരിക്കും. ഒരു രാഷ്ട്രീയക്കാരനും ഉന്നതോദ്യഗസ്ഥനും അഴിമതിക്കോ മറ്റു കുറ്റകൃത്യങ്ങള്‍ക്കോ ശിക്ഷിക്കപ്പെടാത്ത സമ്മോഹന സമൂഹമെന്ന ദുഷ്‌പ്പേര് മുന്നണികള്‍ മത്സരിച്ചു നിലനിര്‍ത്തുന്നതുകൊണ്ട് പുതുപ്പള്ളിയില്‍ നിന്നുള്ള വിശുദ്ധന് ഉദിഷ്ടകാര്യത്തിന് ഉപകാരസ്മരണ ഇനിയും ഉണ്ടാകും.

മലയാള മാധ്യമ പ്രവര്‍ത്തനം അതിന്റെ ഏറ്റവും ജീര്‍ണമായ കാലത്തിലൂടെയാണ് കടന്നുപോകുന്നത്. വലതുപക്ഷത്തെയും ഹിന്ദുത്വ ഫാഷിസത്തേയും അത് മറയില്ലാതെ പ്രീണിപ്പിക്കുന്നു. മോദിഭരതം തലക്കെട്ടാകുന്നു. മോദിയുടെ സപ്തതി പത്രങ്ങളില്‍ ആഘോഷിക്കപ്പെടുന്നു. അയാള്‍ പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയം അയാള്‍ക്കൊപ്പം അലിഞ്ഞുചേരുന്നു. അതിമാനുഷനായ നരേന്ദ്ര മോദിക്ക് അതിദേശീയതയുടെ വാഴ്ത്തുപാട്ട്.

രാഷ്ട്രീയത്തില്‍ നിന്നും ചരിത്രത്തില്‍ നിന്നും ഒരു വ്യക്തിയെ മാറ്റിയെടുക്കുന്നത് എല്ലായ്‌പ്പോഴും ഒരേ ഉദ്ദേശത്തിലല്ല. ഗാന്ധി മോണകാട്ടി ചിരിക്കുന്ന ഗാന്ധിയപ്പൂപ്പനായി മാറുമ്പോള്‍, തെരുവുകളില്‍ കത്തിച്ച കൊളോണിയല്‍ വിരുദ്ധ സമരത്തിന്റെ തീ കെടുത്തുകയാണ്. ചര്‍ക്ക ഒരു നിരുപദ്രവകാരിയായ പ്രദര്‍ശനവസ്തുവാക്കുമ്പോള്‍ അതിന്റെ രാഷ്ട്രീയസമരത്തെ ഒറ്റുകൊടുക്കുകയാണ്. ഇത് ചെയ്യുന്നത് ചരിത്രത്തിന്റെ രാഷ്ട്രീയ ഓര്‍മ്മയെ നിര്‍വ്വീര്യമാക്കാനാണ്.

കടപ്പാട്: ഹിരണ്‍ വേണുഗോപാലന്‍

കേരളത്തിന്റെ രാഷ്ട്രീയ നടപ്പ് ദീനത്തിലെ രോഗാതുരമായ സാന്നിധ്യമായ ഉമ്മന്‍ചാണ്ടിയെ വളരെ വേഗം വിശുദ്ധനായി പ്രഖ്യാപിക്കുന്നത് ഇത്തരത്തില്‍ രാഷ്ട്രീയമായ ഓര്‍മ്മയെ നിര്‍വ്വീര്യമാക്കാനാണ്. ഒരു മലയാളി ആണിന്റെ എല്ലാ ആനുകൂല്യങ്ങളും അയാള്‍ക്കുണ്ട്. വീട്ടുകാര്യങ്ങള്‍ നോക്കിനടത്താണ് ഭാര്യ. എന്തിനേറെ, മുടിവെട്ടികൊടുക്കാന്‍ വരെ എന്ന് കൊട്ടാരം വിദൂഷകര്‍. രാജ്യഭാരത്തിന്റെ തിരക്കില്‍ നിന്നും ഓടിയെത്തുന്ന വീട്ടില്‍ കാത്തിരിക്കുന്ന കുടുംബം. പ്രായപൂര്‍ത്തിയായപ്പോള്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ പാകത്തില്‍ തയ്യാറാക്കിയ പുത്രന്‍. അങ്ങനെയങ്ങനെ ഉത്തമനായ ഒരു ഓര്‍ത്തഡോക്‌സ് നസ്രാണി കോണ്‍ഗ്രസുകാരനായി അദ്ദേഹം പരിലസിക്കുന്നു.\

എത്ര വേഗത്തിലാണ് നരേന്ദ്ര മോദിയുടെ സപ്തതി നമുക്ക് രാഷ്ട്രീയം പറയേണ്ടാത്ത ആഘോഷമായത് എന്നതുപോലെ ഉമ്മന്‍ചാണ്ടിയുടെ അരനൂറ്റാണ്ടുകാലത്തെ നിയമസഭാ രാഷ്ട്രീയ ജീവിതവും രാഷ്ട്രീയമില്ലാത്ത ആഘോഷമാക്കുകയാണ്. അയാളുടെ രാഷ്ട്രീയം അതിനോട് ചേര്‍ത്തുവെക്കുന്നതോടെ രാഷ്ട്രീയ കേരളത്തിന്റെ ജീര്‍ണതയുടെ ഭാഗത്ത് അയാളുണ്ടാകും. കേവലമായ ഉദാരതയുടെ പുരാണങ്ങള്‍ അതിനെ മറയ്ക്കാനുള്ള തട്ടിപ്പുകള്‍ മാത്രമാണ്. ലക്ഷക്കണക്കിന് മനുഷ്യരെ വറുതിയുടെ തെരുവുകളിലേക്ക് അയച്ച് മയിലുകള്‍ക്ക് തീറ്റ കൊടുക്കാനിരുന്ന സാധുവായ മോദിയുടെ ചിത്രം നമ്മോട് സംവദിക്കുന്ന ഹിംസ ഒരുപാട് മനുഷ്യര്‍ക്ക് മനസിലാകുന്നില്ല എന്ന പോലെ.

ഉമ്മന്‍ചാണ്ടിയുടെ ആഘോഷം നമുക്കുള്ള മുന്നറിയിപ്പാണ്. രാഷ്ട്രീയമായ ഓര്‍മ്മകളെ മായ്ച്ചു കളയുന്ന ഒരു പ്രചാരണവ്യവസായം എത്ര സജീവമാണ് എന്നതിന്റെ അടയാളമാണിത്. അതിന്റെ നിര്‍മ്മാണശാലകളില്‍ നിന്നും ഇനി മറ്റു സമാന ഉത്പന്നങ്ങള്‍ വരും എന്ന ഉറച്ച ഭീഷണി കൂടിയുണ്ട്. ആ സാധ്യതയാണ് ആ വ്യവസായത്തെ വിമര്‍ശനമുക്തമാക്കി സംരക്ഷിക്കുന്നത്.

സൂത്രശാലിയായ ഉപജാപക നേതാവില്‍ നിന്നും പരിപക്വനും വൃദ്ധ സാത്വികനുമായ പ്രജാവത്സലനിലേക്കുള്ള ഈ ചരിത്രമെഴുത്ത് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ മാത്രമല്ല, ഒരു ആധുനിക സമൂഹത്തിന്റെ ജനാധിപത്യബോധത്തെയും സാമൂഹ്യവ്യവഹാരങ്ങളേയും കൊഞ്ഞനം കുത്തലാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Ommen chandy, Indian National Congress, Kerala Politics

പ്രമോദ് പുഴങ്കര
സുപ്രീംകോടതി അഭിഭാഷകന്‍