ചരിത്രത്തില്‍ ആരായിരുന്നു ലെനിന്‍
Discourse
ചരിത്രത്തില്‍ ആരായിരുന്നു ലെനിന്‍
ബിബിത്ത് കോഴിക്കളത്തില്‍
Wednesday, 22nd April 2020, 5:09 pm

”ഒരു മഹാവിപത്തിന്റെ ആര്‍ത്തിരമ്പിവരുന്ന കൊടുങ്കാറ്റില്‍ ജന്മമെടുത്തുകൊണ്ട് ഒരു മുഴുവന്‍ യുഗത്തിലും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുന്ന വ്യക്തികള്‍ ചരിത്രത്തില്‍ അപൂര്‍വമായുണ്ടാകാറുണ്ട്. ആത്മവീര്യത്തിലും ഇഛാശക്തിയിലും അതിമാനുഷരായിട്ടുള്ള ഇവരിലൊരാളാണ് വ്‌ളാദിമിര്‍ ഇലിയിച്ച് ലെനിന്‍.” വിഖ്യാത മാര്‍ക്‌സിസ്റ്റ് ഫെമിനിസ്റ്റും സോവിയറ്റ് റഷ്യന്‍ വിപ്ലവത്തിലെ മൂര്‍ച്ചയേറിയ കുന്തമുനയുമായ സഖാവ് അലക്‌സാന്ദ്രിയ കൊല്ലന്തായ് ലെനിനെക്കുറിച്ച് പറയുന്നതാണിത്.

മഹാനായ വിപ്ലവകാരിയുടെ, തൊഴിലാളിവര്‍ഗനേതാവിന്റെ, സൈദ്ധാന്തികന്റെ നൂറ്റിയമ്പതാം ജന്മദിനമാണിന്ന്. ജന്മദിനാഘോഷങ്ങളുടെ നിരര്‍ത്ഥകത ചൂണ്ടിക്കാട്ടി, സഖാക്കളേയും സുഹൃത്തുക്കളേയും നിരന്തരം നിരുത്സാഹപ്പെടുത്തുന്നൊരാളുടെ ജന്മദിനം.

തന്റെ അമ്പത്തിയൊന്നാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച ലെനിനെ സംബന്ധിച്ചിടത്തോളം അതെല്ലാം തികച്ചും അനാവശ്യമായ കാര്യങ്ങളായിരുന്നു. ഇത്തരം ആഘോഷങ്ങള്‍ മേലില്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം സ്‌നേഹപൂര്‍വം ആവശ്യപ്പെടുന്നുണ്ട്. ഇനിയും കുറച്ചുകാലംകൂടി ജീവിച്ചിരുന്നെങ്കില്‍ എന്ന് ആരെക്കുറിച്ചെങ്കിലും എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?  എങ്കിലുകള്‍ക്ക് ജീവിതത്തിലോ ചരിത്രത്തിലോ വലിയ സ്ഥാനങ്ങളൊന്നുമില്ലെങ്കിലും…..

നമ്മുടെ നൂറ്റാണ്ടില്‍ ജീവിക്കുകയും അതിനെ മാനവ ചരിത്രത്തിന്റെ ഇതഃപര്യന്തമുള്ള സാമൂഹ്യചരിത്രത്തില്‍ അസംഭവ്യമെന്നു കരുതാവും വിധവും സമാനതകളില്ലാത്തവിധവും നിയന്ത്രിക്കുകയും മാറ്റിത്തീര്‍ക്കുകയും ചെയ്ത വ്യക്തിയെന്ന നിലയില്‍ സഖാവ് ലെനിന്‍ കുറേക്കാലംകൂടി ജീവിച്ചിരിക്കേണ്ടതായിരുന്നുവെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ലെനിന്‍ 54 വര്‍ഷം മാത്രമാണ് ജീവിച്ചത്.

ചരിത്രത്തിന്റെ ക്വാണ്ടം ജംപുകള്‍ക്ക് രാസത്വരകമായി വര്‍ത്തിച്ചുവെന്നതാണ് ആ ജീവിതത്തെ മഹത്തരമാക്കുന്നത്. സ്വാഭാവികമായ പ്രക്രിയയിലൂടെ അനേക കാലങ്ങളിലൂടെ ഉരുത്തിരിഞ്ഞുവരേണ്ടിയിരുന്ന, മുന്‍പൊരിക്കലും കേട്ടുകേള്‍വിപോലുമില്ലാത്ത, എന്നാല്‍ ഒരു സങ്കല്‍പം മാത്രമായ ഒരു സാമൂഹ്യ വ്യവസ്ഥയെയാണ്, ചരിത്ര പ്രക്രിയയൊണ് അത്യന്തം ധിഷണാശാലിത്വത്തോടെയും മനുഷ്യസാധ്യമെന്നു നാം അല്‍ഭുതപ്പെടുമാറ് ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്.

അതിനെയാണ് വിപ്ലവം അല്ലെങ്കില്‍ പൊടുന്നനെയുണ്ടാകുന്ന മാറ്റം എന്നു വിശേഷിപ്പിക്കപ്പെടുന്നത്. സാമൂഹ്യചരിത്രത്തിന്റെ അടരുകളില്‍ അങ്ങനെയൊരു സംഭവം അതിന് മുമ്പോ ശേഷമോ ഇല്ലെന്നുപറയാം. ”മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെല്ലാം നേടാനാകുമെന്ന് ആദ്യമായി കാണിച്ചത് ബൂര്‍ഷ്വാസിയാണ്” എന്നും ”സാമൂഹ്യാദ്ധ്വാനത്തിന്റെ മടിത്തട്ടില്‍ ഇത്തരം ഉല്പാദനശക്തികള്‍ ഉറങ്ങിക്കിടക്കുന്നുണ്ടെന്നു മുമ്പേതൊരു നൂറ്റാണ്ടിനാണു ഒരു സംശയമെങ്കിലുമുണ്ടായിട്ടുള്ളത്?” എന്നും 1848ല്‍ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ മാര്‍ക്‌സും ഏംഗല്‍സും കുറിക്കുമ്പോള്‍ ലെനിന്‍ ജനിച്ചിട്ടില്ല. ലെനിന്റെ അച്ഛനന്ന് പതിനേഴു വയസ്സാണ് പ്രായം.

മാര്‍ക്‌സുപോലും വിഭാവനം ചെയ്യാത്ത തരത്തില്‍ ലോകത്തെ മാറ്റിത്തീര്‍ത്തുവെന്നതാണ് ലെനിന്റെ ചരിത്രപ്രാധാന്യം. ചരിത്രപ്രസിദ്ധമായ പാരീസ് കമ്യൂണിന്റെ അനുഭവം മറന്നല്ല ഇത് പറയുന്നത്. പാരീസ് കമ്യൂണിന്റെ ചരിത്രകാരനാണ് മാര്‍ക്‌സെങ്കില്‍ അതിന്റെ വ്യാഖ്യാതാവും പ്രയോക്താവുമാണ് സഖാവ് ലെനിന്‍.

തൊഴിലാളിവര്‍ഗ സര്‍വാധിപത്യമെന്ന കമ്യൂണിസത്തെ സംബന്ധിച്ച ഏറ്റവും മൗലികമായ സംജ്ഞ മാനിഫെസ്റ്റോയില്‍ വരുന്നതും മാര്‍ക്‌സിയന്‍ സാഹിത്യത്തില്‍ ഇടംപിടിച്ചതും പാരീസ് കമ്യൂണിനുശേഷമാണല്ലോ. അതിന്റെ അത്യന്തം അനുക്രമവും കുറേക്കൂടി വികസിച്ചതുമായ ഒന്നാണ് ധിഷണാശാലിത്വത്തോടേയും ഉജ്വലമായ നേതൃപാടവത്തിലൂടേയും ലെനിന്‍, ലോകത്തിലെ ഏറ്റവുംവലിയ രാജ്യത്ത് നടപ്പിലാക്കിയത്. റഷ്യന്‍ വിപ്ലവം വിജയിച്ച് അറുപത്തിരണ്ടാം ദിവസം ലെനിന്‍ ആഹ്ലാദനൃത്തം ചവുട്ടിയ ഒരു രംഗത്തെക്കുറിച്ച് കേട്ടിരുന്നു. പാരീസ് കമ്യൂണ്‍ അനുഭവങ്ങള്‍ അത്രമാത്രം സ്വാധീനിച്ച ഒരു വ്യക്തിയെസംബന്ധിച്ച് അത്തരമൊരു ആഹ്ലാദനൃത്തത്തില്‍ അത്ഭുതത്തിനവകാശമില്ല.

തനിക്കുചുറ്റും അമ്പരന്നുനിന്നവരോടായി ഇങ്ങനെപറഞ്ഞു:”പാരിസ് കമ്മ്യൂണ്‍ അറുപത്തൊന്നു ദിവസമാണ് അതിജീവിച്ചത് നമ്മള്‍ അറുപത്തിരണ്ടായി”. തികച്ചും ന്യായമായതെന്ന് നിങ്ങള്‍ക്ക് തോന്നണമെങ്കില്‍ ‘ഭരണകൂടവും വിപ്ലവവും’ എന്ന അത്യന്തം മാരകമായ പുസ്തകം വായിക്കണം. ഭഗത് സിംഗ് എന്ന ഇരുപത്തിമൂന്നുവയസ്സുകാരന്‍ തൂക്കിലേറ്റപ്പെടുന്നതിന് തൊട്ടുമുമ്പ് വായിച്ചത് ഈ പുസ്തകമായിരുന്നു.

ചുരുക്കത്തില്‍ മറ്റൊരുലോകം സാധ്യമാണെന്ന് ലെനിന്‍ തെളിയിച്ചു. അതിനദ്ദേഹമുപയോഗിച്ച ഏറ്റവും മൂര്‍ച്ചയേറിയ ആയുധമാണ് മാര്‍ക്‌സിസം. തത്വശാസ്ത്രജ്ഞര്‍ ചരിത്രത്തെ വ്യാഖ്യാനിച്ചാല്‍പ്പോരാ അതിനെ മാറ്റിമറിക്കണമെന്നു ഫൊയര്‍ബാഹിനെക്കുറിച്ചുള്ള തീസിസുകളില്‍ പറഞ്ഞത് ശരിക്കും അന്വര്‍ഥമാക്കുകയായിരുന്നു ലെനിന്‍.

വിപ്ലവം സംബന്ധിച്ച എല്ലാ പരിഷ്‌കരണ നിലപാടുകളോടും മാര്‍ക്‌സിയന്‍ സിദ്ധാന്തത്തില്‍ പരിഷ്‌ക്കരണവാദികളുടേയും പിന്തിരിപ്പന്‍മാരുടേയും നേതൃത്വത്തില്‍ വരുത്തുന്ന വെള്ളം ചേര്‍ക്കലുകള്‍ക്കെതിരേയും തുടര്‍ച്ചയായതും നിര്‍ഭയവുമായ സന്ധിയില്ലാത്ത പോരാട്ടം നടത്തിയാണ് ലെനിന്‍ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റേയും സോവിയറ്റ് യൂണിയന്റെ പാര്‍ട്ടി നേതൃത്വത്തിലേക്കും ഉരുക്കുപോലുറച്ച ഒരു സംഘടനയെന്ന നിലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതിലേക്കും തുടര്‍ന്ന് സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് നടന്നുകയറുകയും ചെയ്യുന്നത്.

വളരെയെളുപ്പം പറഞ്ഞുപോകാവുന്ന ഒന്നല്ല അത്തരത്തിലുള്ളൊരു ദീര്‍ഘവും കഠിനവുമായ പ്രക്രിയകള്‍. സോവിയറ്റ് വിപ്ലവം ഈ ലേഖനപരിധിയില്‍ വരുന്നില്ല. മാര്‍ക്‌സിന്റെ സിദ്ധാന്തങ്ങളില്‍ വെള്ളം ചേര്‍ക്കുകയും മാര്‍ക്‌സിസം കയ്യൊഴിയുകയും തൊഴിലാളിവര്‍ഗത്തിന്റെ താല്‍പര്യങ്ങളെ വഞ്ചിക്കുകയും ചെയ്ത രണ്ടാം ഇന്റര്‍നാഷണലിന്റെ അവസരവാദപരമായ സമീപനത്തില്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നപ്പോള്‍ ലെനിന്‍ നല്‍കിയ നിര്‍ദ്ദേശങ്ങളെക്കുറിച്ച് വിശദീകരിക്കവേ, വിഖ്യാത മാര്‍ക്‌സിസ്റ്റ് ഫെമിനിസ്റ്റ് അലക്‌സാന്ദ്രിയ കൊല്ലന്തായ് ഇങ്ങനെ പറയുന്നുണ്ട്: ”ഏതു ഭിത്തിക്കെതിരായാണോ ഞാന്‍ എന്റെ തലയിട്ടടിച്ചുകൊണ്ടിരുന്നത് ആ ഭിത്തിയെ ലെനിന്റെ ലേഖനങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കി, അഗാധമായൊരു കിണറ്റില്‍ നിന്നും കരകയറി സൂര്യപ്രകാശത്തിലെത്തിയ ഒരനുഭൂതിയാണ് എനിക്കുണ്ടായത്. കാരണം ഞാന്‍ പിന്തുടരേണ്ട പാത ഏതെന്നു ഞാന്‍ കണ്ടു. അത് വളരെ വ്യക്തമായി തെളിഞ്ഞുകാണാമായിരുന്നു. വിപ്ലവതൊഴിലാളിവര്‍ഗത്തിന്റെ അണികളില്‍ വ്‌ളാദിമിര്‍ ഇലിയിച്ചിനെ പിന്തുടരുക ഇതു മാത്രമായിരുന്നു എന്റെ വഴി” അവര്‍ തുടരുന്നു

”അക്കാലത്ത് എനിക്കുതോന്നി മുഴുവന്‍ മനുഷ്യാരാശിയുടേയും മുകളിലാണ് ലെനിന്‍ നിന്നിരുന്നതെന്ന്, നമുക്ക് കാണാന്‍ കഴിയാത്തത് തന്റെ അസാമാന്യമായ ദര്‍ശന ശക്തികൊണ്ട് അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞിരുന്നുവെന്ന്. അന്നാണെനിക്കു മനസ്സിലായത് ധാര്‍മികവും ആത്മീയവുമായ അദ്ദേഹത്തിന്റെ ധൈര്യത്തിന് അതിരില്ലായിരുന്നുവെന്ന്. അവസരവാദികള്‍ എത്രകണ്ട് അധഃപ്പതിച്ചുവോ അത്രകണ്ട് വ്യക്തമായി ഞങ്ങള്‍ രക്തരൂഷിതമായ ആ ഭയങ്കരകുഴപ്പത്തില്‍ പോംവഴി ചൂണ്ടിക്കാട്ടിയ ആ മനുഷ്യന്റെ നിര്‍ഭയവും അജയ്യവുമായ രൂപംകണ്ടു.”

”നമ്മുടെ പാര്‍ട്ടിയുടെ മറ്റു നേതാക്കളുമായി അദ്ദേഹത്തെ താരതമ്യം ചെയ്യുമ്പോള്‍, എനിക്ക് എപ്പോഴും തോന്നുന്നത് അദ്ദേഹം തന്റെ മറ്റ് സഹപ്രവര്‍ത്തകരേക്കാളും ഉന്നതശീര്‍ഷനായിരുന്നു എന്നാണ്. പ്ലെഖനോവ്, മാര്‍ട്ടോവ്, ആക്സല്‍റോഡ് തുടങ്ങിയവരുമായൊക്കെ താരതമ്യപ്പെടുത്തുമ്പോള്‍, ലെനിന്‍ കേവലം നേതാക്കളില്‍ ഒരാള്‍ മാത്രമായിരുന്നില്ല. ഏറ്റവും ഉന്നതശ്രേണിയിലുള്ള നേതാവായിരുന്നു. പോരാട്ടത്തില്‍ ഭയം എന്തെന്നറിയാത്ത, പര്‍വ്വതങ്ങള്‍ക്കുമേലെ ഉയര്‍ന്നുപറക്കുന്ന ഗരുഡനെപ്പോലെ ഉന്നതനായ പോരാളി.”

എന്നാണ് സ്റ്റാലിന്‍ ലെനിന്റെ അനുസ്മരണ പ്രസംഗത്തില്‍ പറയുന്നത്.

സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ ഉയര്‍ന്നഘട്ടമെന്ന് ലെനിനാണ് ലോകത്തിന് കാട്ടിക്കൊടുത്തത്. അതുകൊണ്ടാണ് സാമ്രാജ്യത്വ കാലത്തെ മാര്‍ക്‌സിസമാണ് ലെനിനിസമെന്നു സ്റ്റാലിന്‍ പറയുന്നത്. മാര്‍ക്‌സിസത്തിന്റെ സയുക്തികമായ തുടര്‍ച്ചയാണ് ലെനിനിലൂടെ സംഭവിക്കുന്നത്. മുതലാളിത്തത്തെ സംബന്ധിച്ച് അത് അത്യന്തം അപകടകരമായിരിക്കുന്നത്. അതുകൊണ്ടാണ് മാര്‍ക്‌സിസത്തെപ്പറ്റി പറയുമ്പോള്‍ മുതലാളിത്ത ചിന്തകന്‍മാര്‍ക്കൊപ്പം പല ‘മാര്‍ക്‌സിസ്റ്റുകളും’ ലെനിനെ ബോധപൂര്‍വം തമസ്‌ക്കരിക്കുന്നത്. അത്രമാത്രം സമജ്ജസമാണ് ആ വ്യക്തിത്വം; മാരകവും.

”ചിന്താവൈഭവവും ഇഛാശക്തിയും വികാരസാന്ദ്രതയും ഇതിലേറെ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്ന ഒരു മനുഷ്യനെക്കുറിച്ച് ചിന്തിക്കാന്‍ വിഷമമാണ്. ഒരൊറ്റ കരിങ്കല്‍പ്പാറയില്‍ നിന്നു ഒരു വിടവുപോലുമില്ലാതെ കൊത്തിയെടുക്കപ്പെട്ടിട്ടുള്ളതാണ് വ്‌ലാദിമിര്‍ ഇലിയിച്ച്.
നിങ്ങള്‍ ഏതു വഴിക്ക് അദ്ദേഹത്തെ സമീപിച്ചാലും ശരി, ആ ഒരേയൊരു ബൃഹത്തായ ആശയത്തില്‍ അദ്ദേഹം തികച്ചും ആമഗ്‌നനായിരിക്കുന്നതായിരിക്കും നിങ്ങള്‍ അനിവാര്യമായും കാണുക. മറ്റു താല്പര്യങ്ങള്‍ക്കൊന്നും അവിടെ ഇടമില്ല. ”

ഉജ്വല ബോള്‍ഷെവിക്കും പത്രപ്രവര്‍ത്തകനുമായ വെറോവ്‌സ്‌കിയ് പറയുന്നത് ഈ ഒരൊറ്റ മനുഷ്യനെക്കുറിച്ചാണ്. ”പുതുക്കിപ്പണിയാനുള്ള ലോകത്തെ മനസ്സിലാക്കാനുള്ള ഒരു ഉപാധിയായിട്ടാണ് ലെനിന്‍ സിദ്ധാന്തത്തെ എപ്പോഴും കരുതിയിരുന്നത്.” എന്നു വിശദീകരിച്ചതിനുശേഷം അദ്ദേഹം ഇങ്ങനെയാണ് തുടരുന്നത്: ”പാറക്കെട്ടുകള്‍ തിങ്ങിനിറഞ്ഞ ഒരിടുക്കില്‍ക്കൂടി തന്റെ കപ്പലിനെ സുരക്ഷിതമായി കടത്തിക്കൊണ്ടു പോകാന്‍വേണ്ടി സമര്‍ഥമായി ചുക്കാന്‍ പിടിക്കുന്ന ഒരു അമരക്കാരനെപ്പോലെയാണ് ബഹുജനങ്ങളുടെ തനിയേ ഉളവാകുന്ന പ്രസ്ഥാനത്തിന് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ വേണ്ടി തന്റെ പ്രായോഗിക മുദ്രാവാക്യങ്ങളുടെ കടമകളും അദ്ദേഹം കൈകാര്യം ചെയ്യുന്നത്.

തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമല്ല പല സഹപ്രവര്‍ത്തകരുടേയും പ്രകടമായ അഭിപ്രായം കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബോധ്യമാകാതെ അദ്ദേഹം ഒരിക്കലും ഒരു തീരുമാനമെടുക്കില്ല. ഒരടി മുന്നോട്ടുവയ്ക്കില്ല. അദ്ദേഹത്തിന്റെ സാമൂഹ്യജീവിതവും സ്വകാര്യജീവിതവും തമ്മില്‍ വ്യത്യാസമില്ല ഇക്കാര്യത്തിലും ഒരൊറ്റ പാറയില്‍നിന്നും കൊത്തിയെടുക്കപ്പെട്ടിട്ടുള്ളതാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം അദ്ദേഹത്തിന്റെ സാമൂഹ്യപ്രവര്‍ത്തിനത്തിനു വിധേയമാണ്. ആന്തരിക സംഘട്ടനങ്ങള്‍ക്കോ ദുരന്തങ്ങള്‍ക്കോ ഒത്തുതീര്‍പ്പുകള്‍ക്കോ ഇടത്തരം വര്‍ഗ്ഗത്തിന്റെ പൈതൃകമായി കിട്ടിയിട്ടുള്ള മറ്റെന്തിനുമെങ്കിലുമോ -വിപ്ലവകാരികളായ ഒന്നിലധികം ബുദ്ധിജീവികളുടെ ജീവിതം തകര്‍ത്തിട്ടുള്ള ഈ വക സംഗതികള്‍ക്കൊന്നും – ഇവിടെ സ്ഥാനമില്ല.’

തൊഴിലാളിവര്‍ഗവും അതിന്റെ പാര്‍ട്ടിയും എക്കാലവും മനസ്സില്‍ കുറിച്ചിടേണ്ട ഒരു സന്ദര്‍ഭത്തെക്കുറിച്ച് ഗോര്‍ക്കി വിശദീകരിക്കുന്നുണ്ട്. പാര്‍ലമെന്ററി സമ്പ്രദായമാണ് ജനാധിപത്യത്തിന്റെ ഏറ്റവും അവസാനത്തെ തുരുത്തെന്നു കരുതുന്ന പലരും മനസ്സിലാക്കാതെ പോകുന്ന അത്യന്തം പ്രഹരശേഷിയുള്ള വാചകമാണ് അത്.

ഒരിക്കല്‍ ശുദ്ധഗതിക്കാരനായ ഒരു സഖാവ്(അയാള്‍ പാര്‍ട്ടി കോണ്‍ഗ്രസ് വരെ എങ്ങനെയെത്തിയെന്നു ലെനിന്‍ അത്ഭുതപ്പെടുന്നുണ്ട്) ലെനിനോട് ഇങ്ങനെ ചോദിക്കുകയുണ്ടായി. ”എന്താണ് നമ്മുടെ അഭിപ്രായ ഭിന്നതക്കുള്ള യഥാര്‍ഥ കാരണ”മെന്ന്. ഇതിന് ലെനിന്‍ നല്‍കുന്ന മറുപടിയാണ് പ്രധാനം. “നിങ്ങളുടെ സഖാക്കള്‍ പാര്‍ലമെന്റിലിരിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ക്ക് തീര്‍ച്ചയാണ് തൊഴിലാളിവര്‍ഗം സമരത്തിന് തയാറെടുക്കുകയാണ് വേണ്ടതെന്ന്.” തുടര്‍ന്ന്, ”ഞാന്‍ പറഞ്ഞത് അയാള്‍ക്ക് മനസ്സിലായെന്നു തോന്നുന്നു….” എന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ഇതൊക്കെ എക്കാലത്തേയും മാര്‍ക്‌സിസ്റ്റു പാര്‍ട്ടികള്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കും പാഠമാകേണ്ട അനുഭവങ്ങളും സ്വാംശീകരിക്കപ്പെടേണ്ട ചിന്തകളും പ്രയോഗങ്ങളുമാണ്. താന്‍ ജീവിച്ചിരുന്ന കാലത്തെ എല്ലാ മഹാന്മാരേക്കാളും പ്രകടമായ വിധത്തില്‍ പ്രതിഭയുടെ മൂര്‍ത്തീകരണമായിരുന്ന ഒരാള്‍” എന്നാണ് മാക്‌സിം ഗോര്‍ക്കി ലെനിനെപ്പറ്റി പറയുന്നത്.

അത് പൂര്‍ണമായ അര്‍ഥത്തില്‍ ശരിയുമാണ്. വിജ്ഞാനവും മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക ധാരണയും ജ്ഞാനവും പ്രയോഗവും ഇത്രയേറെ സമജ്ജസമായി സമ്മേളിച്ച ഒരു വ്യക്തി അതിനു മുന്‌പോ ശേഷമോ ഉണ്ടായിട്ടില്ല. ലെനിന്റെ ഏറ്റവും മുന്തിനില്‍ക്കുന്ന സവിശേഷത എന്തെന്ന മാക്‌സിം ഗോര്‍ക്കിയുടെ ചോദ്യത്തിന് ഒരു തൊഴിലാളിയായ ദിമിത്രി പാവ്‌ലോവ് പറഞ്ഞത് ഇങ്ങനെയാണ് :”ലാളിത്യം! സത്യത്തെപ്പോലെ ലളിതമാണ് അദ്ദേഹം.” ഒരു വടക്കുനോക്കിയന്ത്രത്തിലെ സൂചിപോലെ അദ്ദേഹത്തിന്റെ ചിന്ത എപ്പോഴും അധ്വാനിക്കുന്ന ജനങ്ങളുടെ വര്‍ഗതാല്പര്യങ്ങളിലേക്ക് ചൂണ്ടിയാണിരുന്നത്.

ചെലവു കുറഞ്ഞ ഹോട്ടലില്‍ കയറി കുറച്ചുമാത്രം ഭക്ഷണം കഴിക്കുന്ന ലെനിന്‍, തൊഴിലാളി സഖാക്കള്‍ക്ക് വേണ്ടത്ര ഭക്ഷണംകിട്ടിയോ ആര്‍ക്കും വിശക്കുന്നില്ലല്ലോ എന്ന് അന്വേഷിക്കുന്ന സഖാക്കളുടെ പ്രിയപ്പെട്ട സഖാവ്. എല്ലാവരും വിശന്നുവലയുമ്പോ പട്ടാളക്കാരും കൃഷിക്കാരും അയച്ചുകൊടുക്കുന്ന ഭക്ഷണം കഴിക്കാന്‍ ലെനിന്‍ ലജ്ജിച്ചു. യാതൊരു സുഖസൗകര്യങ്ങളുമില്ലാത്ത അദ്ദേഹത്തിന്റെ വാസസ്ഥലത്ത് തനിക്കു കിട്ടുന്ന ഭക്ഷണം രോഗികള്‍ക്കോ ക്ഷീണംബാധിച്ച സഖാക്കള്‍ക്കോ കൊടുക്കാന്‍ തിടുക്കംകാട്ടുന്ന ലെനിനെ വരച്ചുവെക്കുന്ന ഗോര്‍ക്കി.

തൊഴിലാളികള്‍ക്കിടയില്‍ നിരന്തരം ചെലവഴിക്കുന്ന ലെനിന്‍ അവരുടെ ജീവിതത്തിലെ ഏറ്റവും സൂക്ഷ്മമായ അംശങ്ങളെപ്പോലും അന്വേഷിച്ചിരുന്നുവെന്ന് ഗോര്‍ക്കി പറയുന്നുണ്ട്. ”സ്ത്രീകളുടെ കാര്യമെങ്ങനെ? വീട്ടുജോലി അവര്‍ക്ക് ബുദ്ധിമുട്ടായി തോന്നുന്നില്ലേ? അവര്‍ക്കു പഠിക്കാനോ വായിക്കാനോ സമയംകിട്ടുമോ?” അത്രസൂക്ഷ്മമമായിരുന്നു അദ്ദേഹത്തിന്റെനിരീക്ഷണങ്ങള്‍.

വൊറേവ്‌സ്‌കിയ് പറഞ്ഞതുപോലെ ”ചരിത്രപ്രധാനമായ മുന്നേറ്റങ്ങളുടെ മഹത്തായ യുഗങ്ങള്‍ കാലത്തിന്റെ അന്തസ്സത്തയെ പ്രത്യക്ഷത്തില്‍ മൂര്‍ത്തീകരിക്കുന്ന മനുഷ്യരെസൃഷ്ടിക്കുന്നു. മുതലാളത്തത്തില്‍നിന്നും സോഷ്യലിസത്തിലേക്കുള്ള വഴിത്തിരിവിലെ, അത്തരമൊരാളാണ് വ്‌ളാദിമിര്‍ ഇലിയിച്ച് ഉല്യാനോവ് ലെനിന്‍.”

ലോകത്തെവിടേയും ലിബറല്‍ ബൂര്‍ഷ്വാസികളും ‘വിപ്ലവകാരികളും’ മാര്‍ക്‌സിസത്തെ കൊണ്ടാടുമ്പോള്‍ മാര്‍ക്‌സിസത്തെ മാര്‍ക്‌സിസത്തിനു വിരുദ്ധമായി ഒരു ഇസമായി മാത്രം കൊണ്ടാടുകയും അക്കാദമിക സദസ്സുകളിലെ നേരംകൊല്ലി വിഷയമായി അവതരിപ്പിക്കപ്പെടുകയും, പ്രയോഗിക്കപ്പെടാത്ത ശാസ്ത്രമായി ആര്‍ക്കും കൊണ്ടുനടക്കാവുന്ന ഒന്നാക്കി ചുരുക്കിക്കെട്ടുകയും ചെയ്യുന്ന ഒന്നാക്കി അതിനെ തരംതാഴ്ത്തുകയും ചെയ്യുമ്പോള്‍ അത്തരത്തിലുള്ള എല്ലാ പ്രവണതകള്‍ക്കെതിരേയും നിര്‍ദാക്ഷിണ്യം പോരാടിയ വ്യക്തികൂടിയായിരുന്നു ലെനിന്‍ എന്ന് മറക്കാതിരുന്നാല്‍ നന്ന്.

കാരണം ലെനിനാണ് ‘……വര്‍ഗസമരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സമൂഹത്തില്‍ ‘നിഷ്പക്ഷമായ’ ഒരു സാമൂഹ്യശാസ്ത്രം സാധ്യമല്ല. ഔദ്യോഗിക ലിബറല്‍ ശാസ്ത്രമെല്ലാംതന്നെ കൂലിയടിമത്തത്തെ ന്യായീകരിക്കുന്‌പോള്‍, മാര്‍ക്‌സിസം ആ അടിമത്തത്തിനെതിരായി നീക്കുപോക്കില്ലാത്ത സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.” എന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചത്.

അതുകൊണ്ടുതന്നെയാണ് ലെനിനെ അവഗണിക്കാനുള്ള നീക്കങ്ങള്‍ക്ക് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍പോലും മൗനമായ അനുവാദം നല്‍കുന്നത്.
ലെനിനെ വായിക്കുകയെന്നതുപോലെ വിപ്ലവപ്രവര്‍ത്തനമാകുന്നത് അതുകൊണ്ടാണ്. മാര്‍ക്‌സിസം എവിടങ്ങളിലൊക്കെ തിരുത്തപ്പെടുന്നുണ്ട് എന്നദ്ദേഹം അത്യന്തം ഉജ്ജ്വലമായി വിവരിക്കുമ്പോള്‍ സമകാലിക ലോകത്ത് അത്തരം വ്യക്തികളെകണ്ട് നാം ഒരുപക്ഷേ അന്പരന്നേക്കാം.

വായനക്കും പഠനത്തിനും മാത്രമല്ല, ചെസ് കളിക്കുന്നതിലും സംഗീതമാസ്വദിക്കുന്നതിലും മറ്റു സാഹിത്യകൃതികള്‍ വായിക്കുന്നതിലും സമയം കണ്ടെത്തിയിരുന്ന വ്യക്തിത്വമായിരുന്നു ലെനിന്റേത്. ഒരിക്കല്‍ ടോള്‍സ്‌ററോയിയെക്കുറിച്ച് ലെനിന്‍ ഗോര്‍ക്കിയോട് പറയുന്നത്
”ഒരു പാറതന്നെ, അല്ലേ ?” എന്നാണ്. ‘മനുഷ്യരാശിയില്‍പ്പെട്ട ഒരു അതിമാനുഷന്‍ ! എന്റെ സ്‌നേഹിതാ, അതാണൊരു കലാകാരന്‍…. പിന്നെ, എന്നെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു സംഗതി എന്താണെന്നു നിങ്ങള്‍ക്കറിയാമോ ? ആ പ്രഭു തൂലികയുമായി രംഗത്തുവരുന്നതുവരെ സാഹിത്യത്തില്‍ യഥാര്‍ഥ കര്‍ഷകന്‍ ഇല്ലായിരുന്നു. ?”

അപ്പോഴും അല്പംമാത്രം തുറന്നിരുന്നു ആ തിളങ്ങുന്ന കണ്ണുകള്‍ അദ്ദേഹം എന്റെ നേരേ തിരിച്ചു:‘യൂറോപ്പില്‍ അദ്ദേഹത്തിന് കിടപിടിക്കാനാരുണ്ട്. ?” ‘ആരുമില്ല” കൈ തിരുമ്മിക്കൊണ്ട്, സന്തുഷ്ടനായി അദ്ദേഹംചിരിച്ചു.

”വളരെ സന്ദര്‍ഭോചിതമായ ഗ്രന്ഥം” എന്നാണ് മാക്‌സിം ഗോര്‍ക്കിയുടെ വിഖ്യാത നോവലായ ‘അമ്മ’യെക്കുറിച്ച് ലെനിന്‍ പറഞ്ഞത്.

ലെനിന്റെ മനസ് തന്നെ ഒരു മികച്ച ഉപകരണമാണെന്ന് തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധനായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറയുന്നത് താരിഖ് അലി ഓര്‍ത്തെടുക്കുന്നുണ്ട്

സാമ്രാജ്യത്വം അത്യന്തം പ്രതിസന്ധിയില്‍നിന്നും പ്രതിസന്ധിയിലേക്കു പോകുന്ന വര്‍ത്തമാനത്തില്‍ കൂലിയടിമത്തം അത്യന്തം വിനാശകരമായി മനുഷ്യരാശിയെ കൊള്ളചെയ്യുന്ന വര്‍ത്തമാനത്തില്‍ സാമ്രാജ്യത്വത്തിനെതിരായ ആക്രമണങ്ങള്‍ക്ക് ആയുധം തിരയുമ്പോള്‍ ലെനിന്റെ പോരാട്ടങ്ങളേയും ചിന്തകളേയും അവഗണിച്ചു മുന്നോട്ടുപോകാന്‍ കഴിയില്ലെന്നുതന്നെയാണ് സൂചിപ്പിക്കാനുള്ളത്.

ബൂര്‍ഷ്വാഭരണകൂടത്തിനെതിരായ സമരത്തില്‍ തൊഴിലാളിവര്‍ഗത്തിന് എടുത്തുപയോഗിക്കാനുള്ളത് അതിന്റെ ഉരുക്കുപോലുറച്ച സമര സംഘടനയാണെന്നുമുള്ളത് ലെനിന്റെ മാത്രം കണ്ടുപിടുത്തമാണ്. അതുപോലും വേണ്ടെന്നുവെക്കുന്നതും ദുര്‍ബലപ്പെടുത്തുന്നതുമായ പരിഷ്‌ക്കരണവാദികളുടേയും പൂര്‍വവിപ്ലവകാരികളുടേയും സമൂഹത്തിലാണ് നാമിന്ന് ജീവിക്കുന്നത്.

മാക്‌സിം ഗോര്‍ക്കി പറഞ്ഞതുപോലെ ”ലോകം മുഴുവനാലും അനശ്വരമായി സ്മരിക്കപ്പെടാന്‍ അദ്ദേഹത്തേക്കാളേറെ അര്‍ഹതയുള്ള ഒരാള്‍ ഇതേവരെയുണ്ടായിട്ടില്ല.