നിന്റെ ആത്മമിത്രത്തിന്റെ മുഖത്ത്
ആരെയാണ് നീ കാണുന്നത്?
നിന്നെത്തന്നെയോ അതോ
ദൈവത്തിന്റെ സ്‌നേഹമഹിമയോ?
റൂമി
യുക്തിയുക്തതയുടെയും വിചാരസരണിയുടെയും ലോകങ്ങള്‍ക്ക് അത്രയൊന്നും പ്രാധാന്യമില്ലാത്ത ഒരു പ്രപഞ്ചമാണ് മിസ്റ്റിക്കുകള്‍ക്കു ചുറ്റും വലയംചെയ്തു നില്‍ക്കുന്നത്. ഹര്‍ഷോന്മാദത്തിന്റെ ആനന്ദനൃത്തം അകവും പുറവും പെയ്തുകൊണ്ടേയിരിക്കുന്നു. കാന്തികവലയത്തില്‍ അകപ്പെട്ടുപോയ ഇരുമ്പുതരിയെപ്പോലെ വട്ടംകറങ്ങുകയാണ് മിസ്റ്റിക്കുകള്‍. സ്വന്തമായൊരു നിലപാടെടുക്കാനാവാത്ത നിസ്സഹായര്‍. കരച്ചിലില്‍ നിന്നും പൊട്ടിച്ചിരിയിലേക്കും അവിടെനിന്നും മൗനത്തിലേക്കും മാറിമാറിയൊഴുകുന്നവര്‍. സ്ഥിതപ്രജ്ഞത്വം അവിടെ ഇല്ലേയില്ല. നിയതമായ ഒരു വഴിയുമില്ല. ആകപ്പാടെ ഒരു ‘മിസ്റ്റേക്കാ’ണവര്‍. അതുകൊണ്ടാകാം അവരെ മിസ്റ്റിക്കുകള്‍ എന്നു വിളിച്ചത്.
വേര്‍പാടിനെയും സമാഗമത്തെയും ഒരേ വൈകാരിക തീവ്രതയോടെ അവര്‍സ്വീകരിക്കുന്നു. എല്ലാറ്റിലും ദൈവപ്രേമം ദര്‍ശിക്കുന്നവര്‍. നിസ്സാര കാര്യങ്ങള്‍ക്കു തകരുന്നവര്‍. ദുരന്തങ്ങള്‍ക്കു മുന്നില്‍ നിസ്സംഗര്‍. നിശ്ചിതമായ ഒരു കള്ളിയില്‍ ഒതുക്കാന്‍ ശ്രമിച്ചാല്‍ നാം പരാജയപ്പെടുകയേയുള്ളൂ. അവര്‍ക്ക് അവരുടേതായ വഴികളില്ല. അവര്‍ ഒരു വഴിയും സ്വീകരിക്കുന്നുമില്ല. വഴി അവരെ സ്വീകരിക്കുമ്പോള്‍ അതിനു വഴങ്ങിക്കൊടുക്കുക മാത്രമേ വഴിയുള്ളൂവെന്നറിഞ്ഞവര്‍. പൂര്‍ണ്ണസമര്‍പ്പണത്തിന്റെ പാത അങ്ങനെയാണ് അവരില്‍ നിറയുന്നത്. അത് ബോധപൂര്‍വ്വമുള്ള ഒരു സമര്‍പ്പണമല്ല. നിസ്സഹായതയില്‍ നിന്നും സംഭവിച്ചുപോകുന്ന വീഴലാണ്. അങ്ങനെയുള്ളവരുടെ കൂട്ടത്തിലെ ഒരു കണ്ണിയായിരുന്നു റൂമിയും.
സൂഫീപാരമ്പര്യത്തിന്റെ ഏറ്റവും സൗന്ദര്യാത്മകമായ പ്രതീകമായി ലോകഹൃദയത്തെ വശീകരിച്ചവന്‍. ദൈവപ്രേമത്തിന്റെ വശ്യതയില്‍ ഉന്മത്തനായവന്‍. നൃത്തവും സംഗീതവും കഥയും കവിതയും ദര്‍ശനവുംകൊണ്ട് മനുഷ്യഹൃദയത്തെ സ്‌നേഹവിഹായസ്സിലേക്ക് ഉണര്‍ത്തിയവന്‍. സത്യത്തിലേക്ക് ആനുഭൂതികലോകത്തിലൂടെ വഴികാണിച്ചവന്‍. അവിടെ ജാതിയില്ല, മതമില്ല, വര്‍ണ്ണവര്‍ഗ്ഗദേശങ്ങളില്ല. ഞാനും നീയും ഇല്ല. അവന്‍ മാത്രം. അവനോടുള്ള ദിവ്യമായ പ്രേമം മാത്രം. ഭയത്തിനും പ്രലോഭനങ്ങള്‍ക്കും റൂമീ പ്രപഞ്ചത്തിലേക്ക് പ്രവേശനമില്ല. സ്വര്‍ഗ്ഗനരകങ്ങള്‍ അവനു മുമ്പില്‍ അകന്നു നില്ക്കും. പ്രണയപരതയുടെ ധ്വനിയില്‍ അപസ്വരങ്ങളെല്ലാം അടകൂം. സ്‌നേഹപ്രപഞ്ചത്തിന്റെ വികാസപരിണാമങ്ങള്‍ മാത്രമാണ് ആത്മീയതയെന്ന്, ജീവിതമെന്ന് റൂമി പറഞ്ഞുകൊണ്ടേയിരിക്കുന്നു. ആത്മാവില്‍ പ്രണയത്തിന്റെ അഗ്‌നിയുണര്‍ത്തുക; ചിന്തകളെയും വാക്കുകളെയും എരിച്ചു കളയുക എന്നാണ് റൂമി പറയുന്നത്.
മതങ്ങളും പുരോഹിതന്മാരും മനുഷ്യാത്മാവിലേക്ക് വെളിച്ചത്തേക്കാള്‍ ഇരുട്ടു പകരുമ്പോള്‍ ഒരനുഗ്രഹംപോലെ വിരിഞ്ഞുവരുന്ന പ്രകാശങ്ങളാണ് റൂമിയെപ്പോലുള്ളവര്‍. അവര്‍ നമ്മുടെ ഹൃദയത്തോടു ചേര്‍ന്നിരുന്ന് സ്‌നേഹം പറയുമ്പോള്‍ നാം നമ്മില്‍ മറഞ്ഞിരിക്കുന്ന ഉണര്‍വ്വുകളെ തൊട്ടറിയുന്നു. ജീവിതത്തിന്റെ നനവ് അനുഭവിച്ചറിയുന്നു. നിരര്‍ത്ഥകതയുടെയും നിസ്സഹായതയുടെയും പാട്ടുകള്‍ക്കു പകരം ഉണര്‍വ്വിന്റെയും ഉദാത്തതയുടെയും ഗാനങ്ങള്‍കൊണ്ട് അവര്‍നമ്മെ തലോടുന്നു.
സൗന്ദര്യത്തിന്റെയും അനുഭൂതിയുടെയും കാഴ്ചകളിലേക്കാണ് അവര്‍നമ്മെ ക്ഷണിക്കുന്നത്. കണ്ണീരിനും പുഞ്ചിരിക്കുമിടയില്‍ വിളങ്ങുന്ന ദൈവമഹിമയുടെ രശ്മികള്‍ നമ്മിലേക്കു പകരുന്നു. ജീവിതം എത്രമാത്രം അനുഗൃഹീതമാണെന്നും സ്‌നേഹത്തിന്റെ തണലേറ്റതിനാലാണ് നാമിപ്പോള്‍ ജീവിച്ചിരിക്കുന്നതെന്നും ഉണര്‍ത്തിക്കുന്നു. ജീവിതത്തിലെ നോവുകളിലേക്കുമാത്രം നോക്കി വിലപിക്കാതെ ജീവനിലേക്കു നോക്കി ആഹ്ലാദിക്കാന്‍ അവര്‍വഴി കാണിക്കുന്നു. അവനവനെ സ്‌നേഹിക്കുന്നതിലൂടെയും ആദരിക്കുന്നതിലൂടെയും മാത്രമെ അപരനെ മാനിക്കാനാകൂവെന്ന് വീണ്ടുംവീണ്ടും പറയുന്നു. ജീവിതത്തെ അതിന്റെ എല്ലാ വൈകാരികതകളോടുംകൂടി അനുഭവിച്ച റൂമിയുടെ കഥയാണ് നാം പറയുന്നത്.
പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, 1207ല്‍ ഇന്നത്തെ അഫ്ഗാനിസ്ഥാനിനടുത്തുള്ള ബാല്‍ഖിലാണ് റൂമി ജനിച്ചത്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. എവിടെയും പുതുനക്ഷത്രങ്ങള്‍ വിരിഞ്ഞില്ല. സാധാരണ ജനനം. പണ്ഡിതനും സര്‍വ്വോപരി ആത്മാന്വേഷകനും ഒക്കെയായിരുന്ന ഒരു പിതാവിന്റെ മകനായി ജനിച്ചുവെന്നത് മഹാഭാഗ്യം. ബഹാവുദ്ദീന്‍ വലാദ് എന്ന ആ സ്‌നേഹഹൃദയം റൂമിക്ക് കുഞ്ഞുനാള്‍ മുതല്‍ തന്നെ അറിവിന്റെ നിശ്വാസങ്ങള്‍ പകര്‍ന്നുകൊടുത്തിരിക്കണം. സാര്‍വ്വലൗകികമായ ദാര്‍ശനികപരിസരം ബോധവികാസത്തിന് എത്രമാത്രം പ്രയോജനകരമാകുമെന്നതിന് റൂമിതന്നെ സാക്ഷി. ഹൃദയത്തെ വിമലീകരിക്കുന്ന ദാര്‍ശനികസ്പര്‍ശങ്ങളെല്ലാം തന്റെ രചനകളിലൂടെ ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ച എഴുത്തുകാരന്‍ കൂടിയായിരുന്നു ബഹാവുദ്ദീന്‍. ആ വചനസാഹിത്യം തെല്ലൊന്നുമല്ല റൂമിയെ സഹായിച്ചിട്ടുണ്ടാകുക. മാതാവായ മൗമിനാ ഖാത്തുമിന്റെ വാത്സല്യവും പിതാവിന്റെ കരുതലും ജ്ഞാനവും തണല്‍ വിരിച്ചപ്പോള്‍ മംഗോളിയന്‍ അധിനിവേശത്തിന്റെ ദുരന്തങ്ങളില്‍ നിന്നും പോറലേല്‍ക്കാതെ രക്ഷപ്പെടാന്‍ ആ ബാല്യത്തിനായി. ചെങ്കിസ്ഖാന്റെ കടന്നുകയറ്റം മണത്ത ബഹാവുദ്ദീന്‍ കുടുംബത്തോടൊപ്പം പലായനം തുടങ്ങി.
റൂമി മുലക്കുഞ്ഞായിരിക്കുമ്പോള്‍ത്തന്നെ ബഹാവുദ്ദീന്‍ കുടുംബത്തോടൊപ്പം യാത്ര തുടങ്ങിയിരുന്നുവെന്നും പറയപ്പെടുന്നു. ബാഗ്ദാദ്, ഡമാസ്‌കസ്, മെക്ക തുടങ്ങിയ ഇടങ്ങളിലെല്ലാം താമസിക്കുകയും അവസാനം കൊന്യയില്‍, ഇന്നത്തെ തുര്‍ക്കിയില്‍ സ്ഥിരവാസമുറപ്പിക്കുകയും ചെയ്തു. പത്തു വര്‍ഷത്തോളം ഈ യാത്ര തുടര്‍ന്നിരിക്കണം. ആ യാത്രയ്ക്കിടയില്‍ മാതാവ് മരണപ്പെട്ടു. ഫരീഉദ്ദീന്‍ അത്താര്‍, ഇബ്നു അറബി തുടങ്ങിയ ആത്മജ്ഞാനികളെ കണ്ടുമുട്ടാനും അവരുടെ അനുഗ്രഹങ്ങള്‍ക്കു പാത്രമാകാനും ഈ യാത്രകള്‍ റൂമിക്ക് അവസരം നല്കി. നിഷാപ്പൂരില്‍(ഇറാന്‍) വെച്ചാണത്രെ പേര്‍ഷ്യന്‍ കവിയും മഹാനായ സൂഫിവര്യനുമായ അത്താറിനെ കണ്ടുമുട്ടുന്നകത്. പിതാവിന്റെ പിന്നാലെ നടന്നു വരുന്ന റൂമിയെകണ്ട് അത്താര്‍പറഞ്ഞുവത്രെ; ഇതാ കടലിനു പിന്നാലെ ഒരു സാഗരം ഒഴുകി വരുന്നു!
പതിനെട്ടാം വയസ്സില്‍ സംഭവിച്ച ആ സമാഗമം തെല്ലൊന്നുമല്ല റൂമിയെ സഹായിച്ചിട്ടുണ്ടാകുക. ഭൗതികലോകത്തിന്റെ വര്‍ണ്ണപ്പകിട്ടുകള്‍ ആത്മശുദ്ധിയെ എങ്ങനെയൊക്കെയാണ് മറച്ചിരിക്കുന്നതെന്നു വിശദീകരിക്കുന്ന തന്റെ തന്നെ ഒരു ഗ്രന്ഥം അത്താര്‍ റൂമിയ്ക്ക് സമ്മാനിച്ചുവെന്നും പറയപ്പെടുന്നു. ഇതിനിടയില്‍ അലെപ്പോ, ഡമാസ്‌കസ് എന്നിവിടങ്ങളില്‍ വെച്ച് ഔപചാരിക വിദ്യാഭ്യാസം റൂമി പൂര്‍ത്തിയാക്കിയിരുന്നു. യാത്രയ്ക്കിടയില്‍ പതിനെട്ടാമത്തെ വയസ്സില്‍, 1225ല്‍ അദ്ദേഹം വിവാഹിതനായി. ഖൗഹര്‍ഖത്തുമില്‍ രണ്ടു മക്കള്‍. സുല്‍ത്താന്‍ വലാദ്, അലാവുദ്ദീന്‍ ചലാബി.
ബഹാവുദ്ദീന്‍ വലാദിന്റെ മരണശേഷം അദ്ദേഹം ഗുരുവായിരുന്ന മെവ്ലവി പരമ്പരയുടെ സാരഥ്യം റൂമിയില്‍ വന്നുചേര്‍ന്നു. അന്ന് റൂമിക്ക്
ഇരുപത്തിയഞ്ചു വയസ്സുപ്രായം. ബഹാവുദ്ദീന്‍ വലാദിന്റെ പ്രിയശിഷ്യനായിരുന്ന ബുര്‍ഹാനുദ്ദീന്‍ മുഹാഖഖിന്റെ ശിക്ഷണവുംകൂടി ലഭിച്ചതോടെ റൂമിയുടെ ഹൃദയം ആത്മീയോര്‍ജ്ജത്തിന്റെ പ്രവാഹത്തിന് തയ്യാറായിക്കഴിഞ്ഞിരിക്കണം. ശംസ് തബ്രീസ് എന്ന ആത്മപാതിയെ കണ്ടുമുട്ടുന്നതോടെ റൂമിയുടെ ജീവിതം എല്ലാ നിയന്ത്രിതമേഖലകളെയും ഉല്ലംഘിച്ച് പ്രവഹിക്കാന്‍ തുടങ്ങി. അതോടെയാണ് റൂമിയില്‍ നിന്നും ആത്മാനുഭൂതിയുടെ ഉണര്‍വ്വുകള്‍ പടര്‍ന്നൊഴുകാന്‍ തുടങ്ങിയത്.
ശംസ് തബ്രീസിനെ കണ്ടുമുട്ടുന്നതുവരെ റൂമിയുടെ ജീവിതം സാധാരണമായിരുന്നു. പിതാവിന്റെ പരമ്പരയില്‍ വരുന്ന ശിഷ്യരുടെ ഷേക്കായി, ഉസ്താദായി അവര്‍ക്ക് ജ്ഞാനം പകര്‍ന്നു കൊടുക്കുന്ന ഒരാള്‍. സമചിത്തതയും ഉത്തരവാദിത്വവുമുള്ള അദ്ധ്യാപകന്‍. പ്രഗത്ഭനായ പ്രഭാഷകന്‍. ലോകത്തെമ്പാടും ഇന്നും തുടരുന്ന അനേകം സൂഫിപരമ്പരകളില്‍ ഒന്നിന്റെ അമരക്കാരന്‍. എന്നാല്‍ 1244ല്‍ കൊന്യയിലെ തെരുവുകളിലൂടെ നൃത്തംചെയ്ത് അലഞ്ഞുതിരിഞ്ഞിരുന്ന അവധൂതനിലേക്ക് റൂമിയുടെ ഹൃദയം ആകൃഷ്ടമായതോടെ എല്ലാം തകിടം മറിഞ്ഞു. സര്‍വ്വേശ്വരസാന്നിദ്ധ്യം ആത്മാവിലേക്ക് പ്രവേശിച്ചപോലെയാണ് പ്രഥമദൃഷ്ട്യാ റൂമിക്കു തോന്നിയത്. എല്ലാ ഉത്തരവാദിത്വങ്ങളും മറന്ന റൂമിയെയാണ് നാം പിന്നീട് കാണുന്നത്.
റൂമി അദ്ദേഹത്തെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. പിന്നീട് ഉറക്കമില്ലാത്ത ദിനരാത്രങ്ങളായിരുന്നു. മിണ്ടിയും കേട്ടും മിണ്ടാതിരുന്നും ആ പ്രണയം മുറിയില്‍ നിന്നും പുറത്തിറങ്ങാതായി. രണ്ടുപേരും ഏതോ മഹിമാവില്‍ അകപ്പെട്ടു പോകുകയായിരുന്നിരിക്കണം. ചില ശരീരങ്ങള്‍ കണ്ടുമുട്ടിയാല്‍ അങ്ങനെയാണ്. പാരസ്പര്യമുള്ള രണ്ടു വ്യക്തികളുടെ സമാഗമം സമഷ്ടിയുടെ സാന്നിദ്ധ്യത്തെ അനുഭവിപ്പിക്കും. പിന്നെ അവിടെ വ്യക്തിയോ വ്യക്തിതാല്പര്യമോ ഉണരുകയില്ല. സമഷ്ടിയുടെ പ്രഭാവത്തില്‍ അകപ്പെട്ടുപോകുന്നതോടെ കാലം ചുരുങ്ങിച്ചുരുങ്ങി ഇല്ലാതാകും. കാലദേശമറ്റ ബോധം മറ്റെല്ലാ ചിന്തകളില്‍ നിന്നും മുക്തമാകും. ഇതിന്റെ നേരിയ രുചി അനുഭവിക്കാത്ത ആരുമുണ്ടാകില്ല. ആത്മാര്‍ത്ഥ സുഹൃത്തുക്കളോടൊത്തും പ്രണയഭാജനത്തോടൊത്തും ചിലവഴിച്ച നിമിഷങ്ങളെ ഓര്‍ത്തു നോക്കുക. സമയം ഒഴുകിപ്പോകുന്നതറിയാതെ എത്ര നേരമാണ് നാമെല്ലാം ഇരുന്നിട്ടുള്ളത്.
രാത്രിയില്‍ നടക്കാനിറങ്ങിയ ഞങ്ങള്‍ സുഹൃത്തുക്കള്‍ വീടുകളിലേക്ക് വഴി പിരിയുന്നിടത്ത് നേരം പുലരുവോളം സംസാരിച്ചും മൗനമായും ചിലവഴിച്ച രാത്രികള്‍ ഞാനുമോര്‍ക്കുന്നു. തികച്ചും സാധാരണക്കാരായ നമ്മില്‍ പോലും കാലം ചുരുങ്ങി വരുമ്പോള്‍ ആത്മാനുഭൂതിയുടെ സാഗരസാന്നിദ്ധ്യമനുഭവിച്ചവരുടെ സമാഗമം എപ്രകാരമായിരിക്കും. ‘പരയുടെ പാലുനുകര്‍ന്ന ഭാഗ്യവാന്മാര്‍ക്ക് ഒരു പതിനായിരമാണ്ട് ഒരല്പനേരം’ എന്ന് നാരായണഗുരു പറയുന്നത് മറ്റൊരര്‍ത്ഥത്തില്‍ ഇവിടെ റൂമിയുടെയും ശംസിന്റെയും സമാഗമത്തില്‍ സംഭവിക്കുകയായിരുന്നു. രണ്ടു വര്‍ഷത്തോളം വേര്‍പിരിയാനാവാത്ത സൗഹൃദവലയത്തിലകപ്പെട്ടു കഴിഞ്ഞുകൂടി. കൂടുതല്‍ സമയവും അവര്‍തനിച്ച് മുറിയില്‍ കഴിഞ്ഞു. കുറച്ചുനാളത്തേക്കു യാത്രപോയ ശംസിന്റെ അസാന്നിദ്ധ്യം താങ്ങാനാവാതെ മകനെ വിട്ട് വീണ്ടും ശംസിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുന്നുണ്ട് റൂമി.
ഒന്നിനോടുള്ള അടുപ്പം മറ്റു പലതിനോടുമുള്ള അകല്‍ച്ചയായി മാറുക സ്വാഭാവികമാണ്. എന്നാല്‍ ഇവിടെ റൂമി അകന്നു മാറിയത് തന്റെ മക്കളില്‍ നിന്നും ശിഷ്യരില്‍ നിന്നുമാണ്. മാര്‍ഗ്ഗദര്‍ശനം തേടി തന്നോടൊപ്പം കഴിയുന്നവരെ അവഗണിച്ചത് ശരിയായിരുന്നോ എന്നു ചോദിച്ചാല്‍; അല്ല. എന്നാല്‍ റൂമി മനഃപൂര്‍വ്വം അവരെ അവഗണിക്കുകയായിരുന്നില്ല. ഇവിടെയാണ് ഭൗതികലോകത്തിന്റെയും മിസ്റ്റിക് ലോകത്തിന്റെയും നിയമങ്ങളും മര്യാദകളും എത്രമാത്രം വിഭിന്നമാണെന്ന് നാം അറിയുന്നത്. റൂമി ശരിയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യരുടെ വേദനയും ശരിയായിരുന്നു. നിസ്സഹായതയുടെ പരമാവധിയാണ് ഇത്തരം സന്ദര്‍ഭങ്ങള്‍. കരുണയും ക്രൂരതയും പരസ്പരം ഇഴുകിച്ചേര്‍ന്നിരിക്കുന്ന വൈരുദ്ധ്യംനിറഞ്ഞ സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ സാധാരണമാണ്. ബുദ്ധന്‍ ഭാര്യയെയും കുഞ്ഞിനെയും നാടിനെയും ഉപേക്ഷിച്ച് ഭിക്ഷാംദേഹിയായി തെരുവിലിറങ്ങിയത് ശരിയോ തെറ്റോ എന്നു ചോദിച്ചാല്‍ വിവേകിയായവന് മൗനം ദീക്ഷിക്കാനേ കഴിയൂ. ശരിതെറ്റുകളുടെ ലോകം എത്രമാത്രം ആപേക്ഷികമാണെന്ന് അനുഭവിപ്പിക്കുന്ന സന്ദര്‍ഭങ്ങളാണ് ഇതൊക്കെ.
ഇവിടെയും മറിച്ചല്ല സംഭവിച്ചത്. ശിഷ്യരുടെ അക്ഷമ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയിരിക്കണം. ഒരു ദിവസം രാത്രി പതിവുപോലെ പ്രണയപരവശരായി ദൈവമഹിമയില്‍ ലയിച്ചിരിക്കുകയായിരുന്നു റൂമിയും ശംസും. അവരുടെ ബന്ധം ഗുരുശിഷ്യബന്ധം ആയിരുന്നില്ല. സൗഹൃദമായിരുന്നില്ല. എന്നാല്‍ ഇതെല്ലാമായിരുന്നു. ആരാരെയാണ് തേടിയത്, ആരാരെയാണ് കണ്ടെത്തിയത് എന്നൊന്നും ചോദിക്കരുത്. ഉത്തരം മുട്ടുകയേയുള്ളൂ. ഏതെങ്കിലുമൊരു കള്ളിയിലൊതുക്കാവുന്നതല്ല ആ ബന്ധം. ദൈവത്തിലേക്ക് ഉന്മുഖമായ രണ്ടാത്മാക്കളുടെ അപൂര്‍വ്വ സമാഗമം എന്നേ പറയാനാകൂ. രണ്ടു ശരീരവും ഒരാത്മാവും. മൗനത്തിന്റെ പാരസ്പര്യം തികവാര്‍ന്ന് രണ്ടു വ്യക്തികളിലൂടെ പ്രവഹിക്കുകയായിരുന്നു. അത് അതിന്റെ എല്ലാ ആദരവോടും അനുഭവിക്കുക മാത്രമായിരുന്നു അവര്‍.
എന്നാല്‍ മകനായ അലാവുദ്ദീനും ശിഷ്യര്‍ക്കും അത് അസഹനീയമായി. ശംസിനെ കാണാനായി ഒരാള്‍ വന്നിട്ടുണ്ടെന്നും പുറത്തു കാത്തുനില്ക്കുന്നെന്നും പറഞ്ഞ് ആ പാതിരാത്രിയില്‍ റൂമിയുടെ മകന്‍ അലാവുദ്ദീന്‍ ശംസിനെ കൂട്ടിക്കൊണ്ടു പോയി. പിന്നീട് ശംസ് തിരിച്ചു വന്നില്ല. വിരഹവേദനയില്‍ ആളിക്കത്തിയ ആ നാളുകളില്‍ മകന്‍ സുല്‍ത്താന്‍ വലാദാണ് റൂമിയ്ക്ക് തണലായത്. ആ നോവിന്റെ ആവിഷ്‌ക്കാരമായാണ് റൂമിയില്‍ നിന്നും നൃത്തവും കവിതയും ഒഴുകിയിറങ്ങിയത്. ഭ്രമണനൃത്തം(whirling dance) എന്ന് നാം ആഘോഷിക്കുന്ന ആനന്ദനൃത്തത്തിന്റെ അടിയൊഴുക്കായി മുറിവേറ്റ ഒരാത്മാവിന്റെ ദീനരോദനമുണ്ട്. എന്നാല്‍ എല്ലാ രോദനങ്ങളും മെല്ലെമെല്ലെ ദൈവപ്രേമത്തില്‍ വിലയിക്കുന്നതാണ് നാം പിന്നീട് കാണുന്നത്. ദീവാന്‍ ശംസ് തബ്രീസ് എന്ന പേരില്‍ ശംസിനെ സ്മരിച്ച് എഴുതിയ കവിതകളുടെയും ഗീതകങ്ങളുടെയും സമാഹാരം നോവിന്റെയും ആനന്ദത്തിന്റെയും മഹാപ്രവാഹമായി. ദീവാനില്‍ റൂമി പാടുന്നു; നിന്റെ ആത്മമിത്രത്തിന്റെ മുഖത്ത് ആരെയാണ് നീ കാണുന്നത്? നിന്നെയോ അതോ ദൈവത്തിന്റെ സ്‌നേഹമഹിമയോ? പലതരത്തില്‍ നിനക്കവനെ ദര്‍ശിക്കാം. നിന്നെപ്പോലെത്തന്നെ മറ്റൊരാളായി അവനെ കാണാം. നീ തന്നെയാണ് അവനെന്ന് കാണാം. അവസാനം നീ ഇല്ലാതെ അവനെ മാത്രം കാണാം.
ശംസ്-റൂമി ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്ന റൂമിയുടെ മറ്റൊരു കാവ്യം ഇങ്ങനെയാണ്. ഇവിടെ വ്യക്തിബന്ധം എങ്ങനെയാണ് സമഷ്ടിയോളം വളര്‍ന്ന് ദെവപ്രേമമായി പരിണമിക്കുന്നതെന്ന് നാം അറിയുന്നു. ദെവത്തിന്റെ വെളിച്ചം നിന്റെ കാന്തിയുമായി പ്രണയത്തിലായിരിക്കെ ഏത് സൃഷ്ടിക്കാവും നിന്റെ അനുരാഗത്തിന്നവകാശമുന്നയിക്കാന്‍? പ്രേമത്താല്‍ വേട്ടയാടപ്പെടുന്ന എനിക്ക് ഏത് മരുന്നാണ് നിനക്ക് നിര്‍ദ്ദേശിക്കാനാവുക? എന്റെ സുഖദായകനായ പ്രഭോ! പ്രണയത്തിന്റെ നൂറായിരം അടുക്കുകളില്‍പെട്ടുഴലുകയാണ് ഞാന്‍. നിന്റെ ഔദാര്യമെന്നോട് വരാന്‍ പറയുന്നു. നിന്റെ ഗൗരവമെന്നോട് മാറിനില്‍ക്കാനും പറയുന്നു. പ്രിയപ്പെട്ടവനേ, ഞാനേത് കല്‍പ്പനയ്ക്ക് വഴിപ്പെടണം?
ഹേ, ആത്മാവിന്റെ സൂര്യതേജസ്സേ, തീസില്‍ നിന്നുള്ള പകല്‍ താരകമേ! നിന്റെ ഓരോ കിരണങ്ങളിലും വാചാലമായ, ആനന്ദമയമായ ആത്മാവ് പ്രസാദിച്ചുകൊണ്ടേയിരിക്കുന്നു.1
ശംസ് തന്റെ ആത്മസഖാവായ റൂമിയെക്കുറിച്ചു പറയുന്നതും ഹൃദയസ്പര്‍ശിയാണ്:
നിന്റെ മുഖം ദര്‍ശിക്കുന്നത് എന്തൊരനുഗ്രഹമാണ്. ആരെങ്കിലും പ്രവാചകവദനം കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ റൂമിയെ വന്നു കാണട്ടെ. ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ അവനെ കാണേണ്ട. സകലമഴിഞ്ഞ് തണിഞ്ഞ് തന്റെ പ്രിയതമനില്‍ ശാന്തനായി ഇരിക്കുമ്പോള്‍ റൂമിയെ കാണുക. പ്രവാചകദര്‍ശനസുഖം അവിടെ നിങ്ങള്‍ക്കനുഭവിക്കാം.
ശംസിന്റെ തിരോധാനത്തിനുശേഷം റൂമിക്കു ലഭിച്ച അനുഗൃഹീത സൗഹൃദമായിരുന്നു സലാഹുദ്ദീന്‍ സര്‍ക്കബ്. ഹൃദയത്തില്‍ ദൈവപ്രേമത്തിന്റെ അഗ്‌നിയുണര്‍ന്നവര്‍ക്കെല്ലാം സമാനഹൃദയരുടെ സാമീപ്യം പകര്‍ന്നുകൊടുക്കുന്ന ആശ്വാസം ചെറുതല്ല. ശിഷ്യന് ഗുരു എത്രമാത്രം ഉണര്‍വ്വായിരിക്കുന്നുവോ അതുപോലെത്തന്നെയാണ് ഗുരുവിന് ശിഷ്യനും പ്രചോദനമായിരിക്കുന്നത്. ഗുരുശിഷ്യ ബന്ധങ്ങള്‍ക്കുമപ്പുറം ആത്മീയസൗഹൃദങ്ങളുടെ പാരസ്പര്യം എത്രമാത്രം സജീവമാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട് റൂമിയുടെ ജീവിതം.
1261ല്‍ സലാഹുദ്ദീന്‍ മരണമടഞ്ഞു. പിന്നീട് റൂമിക്ക് പ്രചോദനമായി വന്നത് ശിഷ്യനായ ഹുസാമുദ്ദീനാണ്. ആ സൗഹൃദത്തിന്റെ നിറനിലാവില്‍ വിരിഞ്ഞതാണ് ഇന്ന് ലോകം മുഴുവന്‍ നെഞ്ചിലേറ്റിയ ബൃഹദ്ഗ്രന്ഥമായ മസ്നവീ. കവിതയും കഥയും ദര്‍ശനങ്ങളും കൊണ്ട് ഹൃദയത്തെ വിമലീകരിക്കുന്ന അത്യുദാത്തമായ രചനയാണത്. ഹുസാമിന്റെ പുസ്തകം എന്നാണ് റൂമി മസ്നവീയെ വിളിച്ചത്. ഒരു ശിഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹം എന്നല്ലാതെ വേറെന്തു പറയാന്‍.
കൊന്യയിലെ മേരം എന്ന സ്ഥലത്തുള്ള മുന്തിരിത്തോട്ടത്തിലൂടെ നടക്കുകയായിരുന്നു ഗുരുവും ശിഷ്യനും. ഹുസാമിന്റെയുള്ളില്‍ വിങ്ങിനിന്നിരുന്ന താല്പര്യം അദ്ദേഹം തുറന്നുപറഞ്ഞത്രെ: സനായ് എഴുതിയ ഇലാഹിനാമ പോലെയും അത്താറിന്റെ പക്ഷികളുടെ സംഭാഷണം പോലെയും ഒരു കൃതി അങ്ങേയ്ക്കും എഴുതിക്കൂടെ? അത് സര്‍വകാവ്യങ്ങളുടെയും ഒരു സ്വരലയമായി മാറും. അങ്ങയുടെ രചന ഏവരെയും ആഹ്ലാദിപ്പിക്കുകയും സംഗീതലോകത്തിന് പ്രചോദനമാകുകയും ചെയ്യും.
റൂമി പുഞ്ചിരിച്ചു. തന്റെ തലപ്പാവിനിടയില്‍ നിന്നും ഒരു തുണ്ടു കടലാസെടുത്ത് റൂമി വായിച്ചു തുടങ്ങി; ഒരു പുല്ലാങ്കുഴല്‍ അതിന്റെ വിരഹകഥ പറയുന്നത് കേള്‍ക്കുവിന്‍! മുളങ്കാട്ടില്‍ നിന്നും എന്നെ വേര്‍പ്പെടുത്തിയ കാലംമുതല്‍ അടക്കാനാവാത്ത വേദനയോടെ ഞാന്‍ വിതുമ്പിക്കൊണ്ടിരിക്കുന്നു. വേര്‍പാടിന്റെ വേദന അറിയാവുന്ന ഒരു തകര്‍ന്ന ഹൃദയം എനിക്കു വേണം. അതിനെ പുണര്‍ന്നുകൊണ്ടുവേണം എന്റെ ഹൃദയരഹസ്യം അതിനു പകര്‍ന്നുകൊടുക്കുവാന്‍. ഉറ്റവരില്‍ നിന്നും ഉടയവരില്‍ നിന്നും അടര്‍ന്നുപോയവര്‍ക്ക് ഒരു സ്വപ്നമേയുള്ളൂ; വിട്ടുപോയ കുടുംബത്തിലേക്ക് എന്നിനി മടങ്ങിയെത്തി അന്തിയുറങ്ങാമെന്ന്. ആരുടെയെങ്കിലും ദയാവായ്പ് എന്നിലേക്ക് തിരിഞ്ഞാല്‍ മതി എന്റെ കണ്ണുകള്‍ നിറഞ്ഞു തൂവാന്‍! ആശ്വാസം മൊഴിയാനും മധുരോക്തി പറയാനും ആളുകള്‍ ധാരാളം. എന്നാല്‍ എന്റെ വേദനയെന്തെന്ന് അവര്‍ അറിയുന്നില്ല. എന്റെ അകമേ കടന്ന് എന്നെ അറിയുവാന്‍ കഴിയുന്ന ഒരു മനസ്സുമില്ല.
എന്റെ കണ്ണില്‍ നിന്ന് ദൂരെയല്ല എന്റെ കദനഭാരം. എന്നിരുന്നാലും അതു കാണുവാന്‍ വെറും കണ്ണു പോരാ. എന്റെ വിതുമ്പല്‍ കേള്‍ക്കാന്‍ ആര്‍ക്കും തന്നെ കഴിയുന്നില്ല. ഈ ശരീരത്തില്‍ നിന്നും എന്റെ ആത്മാവിനെ എവിടെയും പിരിച്ചുമാറ്റി വെച്ചിട്ടില്ല. അതിന്നൊരൊളിസ്ഥലമില്ല. എന്നിട്ടും എന്റെ ആത്മാവിനെ ആരും കാണുന്നില്ല. ഈ പുല്ലാങ്കുഴലിന്റെ പ്രാണന്‍ അഗ്‌നിയാണ്. ഞാന്‍ ശ്വസിക്കുന്നത് വെറും വായുവല്ല. ആളിക്കത്തുന്ന തീയാണ്. ഉള്ളില്‍ ഈ അഗ്‌നിയില്ലാത്തവരായി ആരുമില്ല. കമിതാവിന്റെ ഉള്ളിലിരുന്ന് തിളങ്ങുന്ന സ്‌നേഹം ഒരു തീമലയായി പൊട്ടിയൊഴുകി അവന്റെ ശരീരപഞ്ജരം എരിഞ്ഞുപോയാലേ അവന്റെ ആഗ്രഹത്തിന് അറുതിയുണ്ടാകൂ….
അത് മസ്നവീയെന്ന മഹത്തായ കൃതിയുടെ തുടക്കമായിരുന്നു. റൂമിയുടെ കാവ്യപ്രപഞ്ചത്തില്‍ ലയിച്ചുപോയ ഹുസാമിന്റെ പ്രചോദനംകൂടിയായപ്പോള്‍ ആ ഗ്രന്ഥം വികസിച്ചുകൊണ്ടേയിരുന്നു. റൂമി പറഞ്ഞുകൊണ്ടേയിരുന്നു. ഹുസാമുദ്ദീന്‍ എഴുതിയെടുത്തു. പന്ത്രണ്ടു വര്‍ഷത്തോളമെടുത്താണ് ആ രചന പൂര്‍ത്തിയാക്കിയത്. ഹുസാമുദ്ദീന്‍ തന്നെ ആ രചനയെക്കുറിച്ചു പറയുന്നത് കേള്‍ക്കുക: അന്നത്തെ മുന്തിരിത്തോട്ടത്തിലെ റൂമിയുടെ കവിതാപാരായണത്തിനുശേഷം റൂമി ഒരിക്കലും ഒരു വരിപോലും മസ്നവീക്കുവേണ്ടി എഴുതുകയുണ്ടായിട്ടില്ല. മുന്തിരിത്തോട്ടത്തിലോ പാഠശാലയിലോ ധ്യാനാലയത്തിലോ പുസ്തകശേഖരങ്ങള്‍ക്കിടയിലോ വീട്ടിലോ കടുത്ത ചൂടുകാലത്ത് കുളക്കടവിലോ എവിടെ ആയിരുന്നാലും അദ്ദേഹം ഉരുവിടും. ഞാനെഴുതും. ചിലപ്പോള്‍ ദിവസങ്ങളോളം ഒന്നും ഉരിയാടില്ല. ഞാന്‍ കാത്തിരിക്കും. രണ്ടു വര്‍ഷം ഒരക്ഷരം എഴുതിയില്ല. ചിലപ്പോള്‍ പ്രവാഹമായിരിക്കും വരിക. മറ്റു ചിലപ്പോള്‍ തിരുത്തലുകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍.
1273 ഡിസംബര്‍പതിനേഴാം തിയ്യതി തന്റെ അറുപത്തിയാറാം വയസ്സില്‍ റൂമി ശരീരം വെടിഞ്ഞു. എല്ലാ വിഭാഗത്തിലുംപെട്ട മനുഷ്യര്‍ അവിടെ ഒത്തുകൂടി. ഒരു ക്രിസ്തുമതവിശ്വാസി പൊട്ടിക്കരയുന്നതുകണ്ട് ഒരാള്‍ ചോദിച്ചുവത്രെ; ഒരു മുസ്ലിം ഗുരുവിന്റെ മരണത്തില്‍ നിങ്ങളെന്തിനാണ് ഇത്രയും വിഷമിക്കുന്നത്? അതിനദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞത്രേ: ഞങ്ങള്‍ അദ്ദേഹത്തെ മോസസിനെയും ദാവീദിനെയും പോലെ ആരാധിക്കുന്നു. പുതിയ കാലത്തിന്റെ യേശുവാണദ്ദേഹം. ഞങ്ങളെല്ലാം അദ്ദേഹത്തിന്റെ അനുയായികളും ശിഷ്യരുമാണ്.
മനുഷ്യഹൃദയത്തില്‍ എത്രമാത്രം ആഴത്തിലാണ് റൂമി തന്റെ സ്‌നേഹസാന്നിദ്ധ്യം നിറച്ചതെന്ന് ഇതു വെളിവാക്കുന്നു. നമ്മുടെ വിശ്വാസം എന്തുമായിക്കൊള്ളട്ടെ. നാം ഹൃദയമുള്ള മനുഷ്യരാണെങ്കില്‍ അവിടെ റൂമിയുടെ സാന്നിദ്ധ്യമനുഭവിക്കാനാകും. അദ്ദേഹം തന്റെ അന്വേഷണത്തെക്കുറിച്ചു പറയുന്നതിങ്ങനെയാണ്: കുരിശില്‍ ഞാന്‍ അവനെ അന്വേഷിച്ചു. അവിടെ അവന്‍ ഇല്ലായിരുന്നു. പൗരാണികമായ ഹിന്ദു ക്ഷേത്രങ്ങളില്‍ പോയി. അവിടെ അവന്റെ നിഴല്‍പോലുമുണ്ടായിരുന്നില്ല. മലമുകളിലും താഴ്വരകളിലും അന്വേഷിച്ചു. കാഫ് മലയിലും പോയിനോക്കി. പക്ഷികളുടെ ചിറകടി മാത്രം കേട്ടു. ഞാന്‍ കഅബയിലും ചെന്നു. അവന്‍ അവിടെയുമുണ്ടായിരുന്നില്ല. അവനെക്കുറിച്ച് ഇബ്നു സിന്നയോടും ചോദിച്ചു. അവസാനം ഞാനെന്റെ ഹൃദയത്തിലേക്കു നോക്കി. അവിടെ ഞാന്‍ അവനെ കണ്ടു. അവന്‍ വേറെ എവിടെയുമില്ലെന്ന് ഞാനറിഞ്ഞു.
കൊന്യയിലെ അദ്ദേഹത്തിന്റെ ഖബറിടം ലോകത്താകമാനമുള്ള ആസ്വാദകര്‍സന്ദര്‍ശിക്കുന്നു. ഖബറിടത്തിലേക്കുള്ള കവാടത്തില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ എഴുതിവെച്ചിട്ടുണ്ടത്രെ:
വരിക, വരിക, നിങ്ങള്‍ ആരുമായ്‌ക്കൊള്ളട്ടെ.
അലഞ്ഞുതിരിയുന്നവരാകട്ടെ
ഭക്തോത്തമന്മാരാകട്ടെ
വിഗ്രഹാരാധകരോ അഗ്‌നിപൂജചെയ്യുന്നവരോ ആകട്ടെ…
വരിക! നിങ്ങള്‍ക്കു സ്വാഗതം!
ഈ ഇടത്താവളം നിരാശയുടേതല്ല.
എല്ലാം നഷ്ടപ്പെട്ടവരായാലും
പ്രേമത്തിന്റെ കടന്നല്‍ക്കുത്തേറ്റവരായാലും
നാടോടികളായാലും പ്രശ്‌നമില്ല.
ആയിരംതവണ ശപഥമെടുത്തു ലംഘിച്ചവരായാലും
കുഴപ്പമില്ല.
വരിക! വീണ്ടും വരിക!
സ്വാഗതം.
റൂമിയുടെ സ്‌നേഹം എത്രമാത്രം മാതൃത്വം തുളുമ്പുന്നതാണെന്നതിനു തെളിവാണ് ഈ വാക്കുകള്‍. മാതൃത്വം താഴ്വരപോലെയാണ്. അത് എല്ലാറ്റിനെയും തന്നിലേക്കു സ്വീകരിക്കുന്നു. അവിടെ വിവേചനമില്ല. നല്ലതും ചീത്തയുമില്ല. സ്വീകാര്യത മാത്രമേയുള്ളൂ. തന്റെ ആത്മസൗന്ദര്യത്തിലേക്ക് എല്ലാ ഹൃദയങ്ങളെയും സ്വാഗതം ചെയ്യുന്ന മഹാമനസ്‌കതയുടെ പാരമ്പര്യത്തിന്റെ കണ്ണിയായാണ് നാം റൂമിയെ അറിയുന്നതും ആദരിക്കുന്നതും.
പാശ്ചാത്യലോകത്തും പൗരസ്ത്യലോകത്തും ഒരുപോലെ ആദരിക്കുന്ന മഹാനായ കവിയും മിസ്റ്റിക്കുമാണ് റൂമി. പാശ്ചാത്യഭാഷകളില്‍ റൂമിയുടെ കൃതികള്‍ക്ക് അത്ഭുതാവഹമായ സ്വീകാര്യതയാണ് അടുത്ത കാലത്തായി ലഭിച്ചുപോരുന്നത്. മനുഷ്യചരിത്രത്തിലെ ഏറ്റവും മഹാനായ മിസ്റ്റിക് കവിയായാണ് റൂമിയെ പാശ്ചാത്യപഠിതാക്കള്‍പോലും വിലയിരുത്തുന്നത്. മൂന്ന് പ്രധാനകൃതികളിലൂടെയാണ് റൂമി തന്റെ ആത്മപ്രപഞ്ചത്തെ ആവിഷ്‌കരിച്ചത്. മസ്നവീ(ആദ്ധ്യാത്മിക ഈരടികള്‍), ദീവാന്‍, ഫീഹി മാ ഫീഹി(അതിലെന്താണുള്ളത്, അതാണുള്ളത്). മസ്നവീയുടെ സന്ദര്‍ഭം നാം പറഞ്ഞു. ദീവാന്‍ എന്ന കാവ്യസമാഹരണം പിറന്നത് ശംസിന്റെ തിരോധാനത്തിന്റെ പശ്ചാത്തലത്തിലാണ്. റൂമിയുടെ പ്രഭാഷണങ്ങളുടെ സമാഹാരമാണ് ഫീഹി മാ ഫീഹി.
ഉപനിഷത് ദര്‍ശനങ്ങളുടെ അന്തര്‍ധാരതന്നെയാണ് റൂമിയിലും നിഴലിക്കുന്നതെന്ന് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ സഞ്ചരിക്കുമ്പോള്‍ അനുഭവിക്കാനാകുന്നു. പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങള്‍ക്കെല്ലാം അധിഷ്ഠാനമായ പൊരുളിനെ സ്പര്‍ശിച്ച ഒരാത്മാവിന്റെ വെളിപ്പെടുത്തലുകളായാണ് റൂമിയെ നാം വായിക്കുക..
ഞാനൊരു ക്രിസ്ത്യനല്ല, ജൂതനല്ല, മുസ്ലിമല്ല.
കിഴക്കുള്ളവനല്ല; പടിഞ്ഞാറുള്ളവനുമല്ല.
കരയില്‍ നിന്നോ കടലില്‍ നിന്നോ അല്ല.
ഞാന്‍ പ്രകൃതിയുടെ ഭാഗമോ സ്വര്‍ഗ്ഗത്തിന്റെ
അംശമോ അല്ല.
ഭൂമിയോ ജലമോ വായുവോ അഗ്‌നിയോ അല്ല.
ആകാശത്തുനിന്നോ പൊടിയില്‍ നിന്നോ ഉണ്ടായവനല്ല.
ഉള്ളവനോ ഇല്ലാത്തവനോ അല്ല.
ഇന്ത്യക്കാരനോ ചൈനക്കാരനോ ബള്‍ഗേറിയനോ അല്ല.
ഇറാഖിയോ കൊറാസാനിയോ അല്ല.
ഞാന്‍ ഈ ലോകത്തുള്ളവനോ
ആ ലോകത്തുള്ളവനോ അല്ല.
സ്വര്‍ഗ്ഗീയനോ നരകീയനോ അല്ല.
ആദമില്‍ നിന്നോ ഹവ്വയില്‍ നിന്നോ ഉണ്ടായവനല്ല.
ഏദനില്‍ നിന്നോ ആനന്ദത്തില്‍ നിന്നോ വന്നതല്ല.
എന്റെ ഇടം എന്നു പറയാന്‍ ഒരിടമില്ല.
എന്റെ രൂപം എന്നുപറയാന്‍ രൂപവുമില്ല.
ഞാന്‍ ശരീരമോ ആത്മാവോ അല്ല.
ഞാന്‍ പ്രാണനാഥന്റെ പ്രാണാംശം മാത്രം.
എല്ലാ ദ്വൈതങ്ങളും എനിക്കന്യം.
രണ്ടായിരിക്കുന്നതിലെല്ലാം ഞാന്‍ ഒന്നുമാത്രം കാണുന്നു.
അന്വേഷിക്കുന്നതും അറിയുന്നതും കാണുന്നതും
വിളിക്കുന്നതും എല്ലാം ഒന്നുതന്നെ.
അതാണ് ആദി. അതാണ് അന്ത്യം.
അകവും അതുതന്നെ പുറവും അതുതന്നെ.
അതല്ലാതെ മറ്റൊന്നും ഞാനറിയുന്നില്ല. യാ ഹൂ!
എല്ലാ ദ്വൈതങ്ങളെയും വിലയിപ്പിക്കുന്ന
ആനന്ദാതിരേകത്തിന്റെ സ്‌നേഹപാത്രമാണിവന്‍!
അതോടൊപ്പമല്ലാതായാല്‍ ഞാന്‍ വിരഹാര്‍ത്തനാകും.
അതോടൊപ്പമായാലോ;
ഈ ലോകങ്ങളില്‍ നിന്നെല്ലാമുണര്‍ന്ന്,
ഹര്‍ഷോന്മാദത്തോടെ നൃത്തം ചെയ്യും.
ഓ! ശംസ് തബ്രീസ്,
ഞാന്‍ ഈ ലോകത്തില്‍ ലഹരിപിടിച്ചവനാണ്.
ഈ ലഹരിയെയും വിരഹത്തെയും കുറിച്ചല്ലാതെ
ഒരു പാട്ടും എനിക്കു പാടാനില്ല.
ഒരു കഥയും എനിക്കു പറയാനില്ല.
റൂമിയുടെ ആന്തരിക സത്തയാണ് ഈ വരികളില്‍ ഉന്മത്തനൃത്തം ചെയ്യുന്നത്. ജീവിതത്തിന്റെ സമസ്ത തലങ്ങളെയും സ്പര്‍ശിച്ചൊഴുകുന്ന പ്രവാഹമാണത്. ഒരിക്കലും വറ്റാത്ത നീരുറവയാണ് റൂമി. എഴുതിയാലും എഴുതിയാലും തീരാത്തത്ര മുത്തുകളാണ് റൂമീരചനകളില്‍ വ്യാപിച്ചു കിടക്കുന്നത്. അതിന്റെ അല്പമാത്രമായ രുചിയെങ്കിലും നുണയാന്‍ ഭാഗ്യം ലഭിച്ചവര്‍ക്ക് ഇപ്പറയുന്നത് അതിശയോക്തിയല്ലെന്നറിയാം. സ്‌നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ഏകലോകമാനവികതയുടെയും പ്രസരണങ്ങളാണ് അദ്ദേഹത്തിന്റെ രചനകളെ മഹത്തരമാക്കുന്നത്. മതാതീതമായ ഒരു ദര്‍ശനം റൂമിയില്‍ അന്തര്‍ധാരയായി വര്‍ത്തിക്കുന്നുവെന്നതാണ് ലോകരെ അതിലേക്കിത്രമാത്രം ആകര്‍ഷിച്ചതും.
1. വിവ. കെ.ടി. സൂപ്പി
2. വിവ: നിത്യചൈതന്യയതി