| Sunday, 5th April 2020, 9:00 pm

'പാതിവഴിയിൽ നിലച്ചുപോയ വിപ്ലവത്തിന്റെ പാട്ടുകാരി' ആരായിരുന്നു ഹെലിൻ ബോലെക്

ഷഫീഖ് താമരശ്ശേരി

‘രാഷ്ട്രങ്ങളുടെയുറച്ച ശബ്ദം മണ്ണുംവിണ്ണുമുടച്ച് തകര്‍ക്കുന്നു,
തഴമ്പാര്‍ന്ന മുഷ്ടികള്‍ വന്‍ചുറ്റികപോല്‍ പതിക്കുന്നു,
വിപ്ലവത്തിന്റെ തിളങ്ങുന്ന തിര നമ്മുടെയുലകത്തിന്മേല്‍ ചുഴലുന്നു.

ഒരുനാള്‍ വരും, സ്വേച്ഛാധിപതികള്‍ ഇല്ലാതെയാകുന്നത്,
വിപ്ലവത്തിന്റെ ജ്വലിക്കുന്നവഴികളില്‍ കടലാസുപോലെ എരിഞ്ഞമരുന്നത്.’

ഇസ്താംബൂളിലെയും അന്കാരയിലെയുമെല്ലാം തെരുവീഥികളില്‍ തുര്‍ക്കി ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ സ്വാതന്ത്രത്തിന്റെയും വിപ്ലവപ്രതീക്ഷകളുടെയും ഈ പാട്ടുകള്‍ പാടിക്കൊണ്ടിരുന്ന ഹെലിന്‍ ബോലക് എന്ന 28 വയസ്സുകാരി ലോകത്തോട് വിടപറഞ്ഞിരിക്കുന്നു.

മരണം വരെ നിരാഹാരം എന്ന പ്രഖ്യാപനത്തിന് വലിയ രാഷ്ട്രീയമാനങ്ങള്‍ നല്‍കിക്കൊണ്ട്. സ്വാതന്ത്ര്യത്തെക്കുറിച്ച്, മനുഷ്യാവകാശങ്ങളെക്കുറിച്ച്, നീതിനിഷേധങ്ങള്‍ക്കെതിരെ, തുല്യതനിലനില്‍ക്കുന്ന ഒരു ലോകത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങളില്‍ നിന്ന്, പാട്ടുകള്‍ പാടി എന്നതിന്റെ പേരില്‍ തീവ്രവാദിയായി മുദ്രകുത്തപ്പെട്ട് ജയിലലടയ്ക്കപ്പെട്ടിട്ടും അവിടെയും സമരങ്ങള്‍ തുടര്‍ന്ന്, ഒടുവില്‍ 288 ദിവസത്തെ നിരാഹാരത്തിന് ശേഷം രക്തസാക്ഷിയായി മാറിയ ഹെലിന്‍ ബോലക് ആരായിരുന്നുവെന്ന് ലോകം അറിയേണ്ടതുണ്ട്.

തുര്‍ക്കിയിലെ എര്‍ദൊഗാന്‍ ഭരണകൂടത്തിന്റെ ഏകാധിപത്യ രീതികള്‍ക്കെതിരെ കലാപരമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടിരുന്ന ഗ്രുപ് യോറം എന്ന മ്യൂസിക് ബാന്‍ഡിലെ ഒരംഗമായിരുന്നു ഹെലിന്‍ ബോലക്. പ്രതിഷേധ ഗാനങ്ങളിലൂടെ തുര്‍ക്കിഷ് സര്‍ക്കാരിനെ നിരന്തരം അസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരുന്നതിനാല്‍ ഗ്രുപ് യോറത്തിന്റെ സംഗീതപരിപാടികളെ എര്‍ദോഗാന്‍ ഭരണകൂടം നിരന്തരമായി വിലക്കുകയുണ്ടായി.

പോരാത്തതിന് അവര്‍ കുട്ടികള്‍ക്ക് പാട്ടുകള്‍ പഠിപ്പിച്ചുകൊണ്ടിരുന്ന സ്ഥലങ്ങളില്‍ വന്ന് തുടര്‍ച്ചയായ അറസ്റ്റുകളും റെയിഡുകളും നടത്തിക്കൊണ്ടിരുന്നു. പൊലീസുകാര്‍ അവരുടെ സംഗീതോപകരണങ്ങളും പുസ്തകങ്ങളും അലമാരകളുമെല്ലാം നശിപ്പിച്ചു. ഗായക സംഘത്തില്‍ ചിലരെ ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തു. ഒടുവില്‍ 2016 ല്‍ ഗ്രുപ് യോറം എന്ന മ്യൂസിക് ബാന്‍ഡിനെ തന്നെ തുര്‍ക്കിയിലാകമാനം നിരോധിക്കുകയുണ്ടായി. വിവിധ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുള്ള തീവ്ര ഇടതുപക്ഷ ഗ്രൂപ്പായ റവല്യൂഷനറി പീപിള്‍സ് ലിബറേഷന്‍ പാര്‍ട്ടി ഫ്രണ്ടുമായി ഗ്രുപ് യോറത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു നിരോധനം. ഗായക സംഘത്തിലുള്ളവരെ തുര്‍ക്കിഷ് ഭരണകൂടം ജയിലിലടയ്ക്കുകയും ചെയ്തു.

ഗ്രുപ് യോറത്തിന് നേരെയുള്ള നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തുര്‍ക്കിയിലെ പ്രതിപക്ഷ കക്ഷികളും സാമൂഹ്യപ്രവര്‍ത്തകരും കമ്യൂണിസ്റ്റുകാരുമെല്ലാം രംഗത്ത് വന്നിരുന്നു. എന്നാല്‍ എര്‍ദോഗാന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഇവരെയും വേട്ടയാടുന്ന നിലപാടാണ് സ്വീകരിച്ചത്. ഒടുവില്‍ തങ്ങള്‍ക്ക് നേരെയുള്ള നിരോധനം പിന്‍വലിക്കണം, ജയിലടച്ച സഹപ്രവര്‍ത്തകരെ വിട്ടയ്ക്കണം എന്നാവശ്യപ്പെട്ട് ഹെലിന്‍ ബോലെക്കും ബാന്‍ഡിലെ മറ്റൊരംഗമായ ഇബ്രാഹിം ഗോക്സെക്കും നിരാഹാര സമരം ആരംഭിക്കുകയായിരുന്നു.

കഴിഞ്ഞ നവംബര്‍ മാസത്തില്‍ രണ്ടുപേരൊഴികെയുള്ള ബാന്‍ഡ് അംഗങ്ങളെ ജയിലില്‍ നിന്ന് വിട്ടയച്ചുവെങ്കിലും ബാന്‍ഡിന്റെ നിരോധനം പിന്‍വലിക്കണം, ബാന്‍ഡിന് നേരയുള്ള കേസുകള്‍ അവസാനിപ്പിക്കണം, ബാക്കിയുള്ളവരെ കൂടി ജയിലില്‍ നിന്ന് മോചിപ്പിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹെലിനും ഇബ്രാഹിമും നിരാഹാര സമരം പിന്നെയും തുടര്‍ന്നു.

ഹെലിന്റെയും ഇബ്രാഹിമിന്റെയും നിരാഹാരം ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ശ്രദ്ധ ക്ഷണിച്ചിരുന്നു. ഒരു സംഘം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇതിനായി തുര്‍ക്കി സര്‍ക്കാറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇരുവരും നിരാഹാരം അവസാനിപ്പിച്ചാല്‍ മാത്രം ചര്‍ച്ചയ്ക്ക് തയ്യാറാവാം എന്ന നിലയിലാണ് തുര്‍ക്കി ഭരണകൂടം പ്രതികരിച്ചത്. എന്നാല്‍ ബാന്‍ഡിന്റെ നിരോധനം പിന്‍വലിക്കുകയും സഹപ്രവര്‍ത്തകരെ വിട്ടയക്കുകയും ചെയ്യാതെ തങ്ങള്‍ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ഹെലിനും ഇബ്രാഹിമും ഉറപ്പിച്ചു പറഞ്ഞു.

നിരാഹാര സമരം 260ലധികം ദിവസം പിന്നിട്ടതോടെ ഇക്കഴിഞ്ഞ മാര്‍ച്ച് 12ന് ഹെലിനെയും ഇബ്രാഹിമിനെയും പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. പൊലീസ് കസ്റ്റഡിയിലിരിക്കെ ആശുപത്രിയിലും അവര്‍ നിരാഹാരം തുടരുകയും ചികിത്സയ്ക്ക് വിസമ്മതിക്കുകയും ചെയ്തു. എന്നാല്‍ ആരോഗ്യനില അങ്ങേയറ്റം മോശമായതിനെ തുടര്‍ന്ന് ഒടുവില്‍ ഹെലിന്‍ മരണത്തിന് കീഴടങ്ങുകയാണുണ്ടായത്.

പൂര്‍ണ ആരോഗ്യവാന്‍മാരായിരുന്നു ഹെലിനും ഇബ്രാഹിമും. എന്നാല്‍ നീണ്ടകാലത്തെ നിരാഹാര സമരം അവരുടെ ശരീരത്തെ വലിയ രീതിയില്‍ തളര്‍ത്തി. പൊലീസ് കസ്റ്റഡിയിലെടുക്കുന്ന സമയത്ത് തന്നെ പരിപൂര്‍ണമായും ആരോഗ്യം നഷ്ടപ്പെട്ട നിലയിലായിരുന്നു ഇരുവരും. കഴിഞ്ഞ ദിവസം ഹെലിന്റെ മൃതദേഹത്തിന് അന്തിമാവിഭാദ്യങ്ങളര്‍പ്പിക്കാനെത്തിയ ഇബ്രാഹിമിന് സ്വന്തമായി നിവര്‍ന്ന് നില്‍ക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. തന്റെ സഹപോരാളിയുടെ ചലനമറ്റ ശരീരത്തിന് മുന്നില്‍ നിന്നുകൊണ്ടും ഇബ്രാഹിം സംസാരിച്ചത് എര്‍ദോഗാന്‍ ഭരണകൂടത്തിന്റെ ഭീകരവും കിരാതവുമായ നടപടികളെക്കുറിച്ചായിരുന്നു.

ഹെലിന്‍ ഇന്ന് ഒരു പ്രതീകമാവുകയാണ്. തുര്‍ക്കിയിലെ പ്രതിപക്ഷ കക്ഷികളിലൊന്നായ കുര്‍ദിഷ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ അനേകം പ്രവര്‍ത്തകര്‍, നിരവധി സാമൂഹ്യ – മനുഷ്യാവാകാശ പ്രവര്‍ത്തകര്‍, സാഹിത്യ – സാംസ്‌കാരികപ്രവര്‍ത്തകര്‍ ഒട്ടനേകം മാധ്യമപ്രവര്‍ത്തകര്‍, എല്ലാം എര്‍ദോഗാന്‍ ഭരണകൂടം അധികാരത്തിലെത്തിയതിന് ശേഷമുള്ള നാളുകളില്‍ ജയിലിലടയ്ക്കപ്പെട്ടിരിക്കുകയാണ്. ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ ആവിഷ്‌കാര സ്വാതന്ത്ര്യമുള്ള നാടുകളിലൊന്നായി തുര്‍ക്കി മാറിക്കഴിഞ്ഞു. തുര്‍ക്കി ഭരണകൂടത്തിനെതിരായ ഏതൊരു ചെറിയ ശബ്ദവും അവിടെ ഭീകരമായി അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്.

തുര്‍ക്കിയില്‍ നീണ്ട കാലം ജയിലിലടയ്ക്കപ്പെടുകയും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്ത കുര്‍ദിഷ് വംശജനായ തുര്‍ക്കിഷ് എഴുത്തുകാരന്‍ ബുര്‍ഹാന്‍ താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു.
‘ഒരു തടവറയിലാണ് അവര്‍ എന്നെ അടച്ചത്. കുപ്രശസ്തമായ ഒരു പീഡന കേന്ദ്രം. എന്നെപ്പോലെ അനേകം പേര്‍ അവിടെയുണ്ടായിരുന്നു. ചിട്ടയോടു കൂടിയ പീഡന രീതികളാണ് അവിടെ അനുവര്‍ത്തിച്ചിരുന്നത്. വൈദ്യുതാഘാതമേല്‍പ്പിക്കുക, കുരിശില്‍ തറയ്ക്കുക, മര്‍ദ്ദിച്ച് അവശരാക്കുക തുടങ്ങിയ പല തരത്തിലുള്ള ദണ്ഡനമുറകള്‍. ആഴ്ചകള്‍ ഞങ്ങളവിടെ കുരുങ്ങിക്കിടന്നു. അതിനു ശേഷം, അവരെന്നെ ജയിലിലേക്ക് മാറ്റി. പീഡനങ്ങള്‍ ഞങ്ങളുടെ സമൂഹത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഞങ്ങള്‍ ചായകഴിക്കാനായി നാലഞ്ചു പേരുമായി ഒരു മേശയ്ക്കു ചുറ്റും ഇരിക്കുകയാണെന്നിരിക്കട്ടെ, അവരില്‍ ഏറ്റവും ചുരുങ്ങിയത് രണ്ടുപേരെങ്കിലും ഇത്തരത്തില്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാവും. നേരത്തെ പറഞ്ഞതുപോലെ ഞങ്ങളെ സംബന്ധിച്ചിടത്തോളം, പീഡനമെന്നത് വളരെ സ്വാഭാവികവും സാധാരണവുമായ ഒന്നാണിപ്പോള്‍’.

ജനാധിപത്യത്തിന് വേണ്ടി തുര്‍ക്കിയില്‍ വര്‍ഷങ്ങളായി നടക്കുന്ന പോരാട്ടങ്ങളില്‍ ഹെലിന്‍ ബോലെകിന്റെ ജീവിതവും രക്തസാക്ഷിത്വവും ഒരു പുതിയ അധ്യായമായി മാറിയിരിക്കുകയാണ്. മരണത്തിന് ശേഷവും കണ്ണുകളടയാത്ത ഹെലിന്‍ ബോലെക്, ചുവന്ന പൂക്കള്‍ കൊണ്ട് മൂടിയ ഹെലിന്റെ മൃതദേഹത്തിനരികെ ആ കണ്ണുകളിലേക്ക് നോക്കി നിസ്സഹായനായി ഇരിക്കുന്ന ഇബ്രാഹീം. ലോകമെമ്പാടുമുള്ള മനുഷ്യസ്‌നേഹികളുടെ ഹൃദയത്തെ സ്പര്‍ശിച്ചിരിക്കുകയാണ് ഈ ചിത്രങ്ങള്‍. പാതിവഴിയില്‍ നിലച്ചുപോയ വിപ്ലവത്തിന്റെ പാട്ടുകാരിയുടെ രക്തസാക്ഷിത്വം നീതിയ്ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള തുര്‍ക്കിയുടെ പോരാട്ടങ്ങളിലേക്ക് ഒരിക്കല്‍കൂടി ലോകത്തിന്റെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു….

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍