ആരാണ് ബിര്‍സ മുണ്ട
ബീഹാര്‍, ഝാര്‍ഘണ്ട്, പശ്ചിമ ബംഗാള്‍, ഒഡീഷ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പര്‍വ്വത മേഖലകളിലാണ് മുണ്ട ഗോത്രത്തില്‍പ്പെടുന്ന ആദിവാസികള്‍ ജീവിച്ചുവരുന്നത്. ഏതാണ്ട് 90 ലക്ഷം ആളുകളാണ് മുണ്ട വിഭാഗത്തിലുള്ളത്. ഇന്ത്യയുടെ ഏറ്റവും ദുര്‍ഘടമായ, ഇന്നും സഞ്ചാരസൗകര്യങ്ങള്‍ കുറഞ്ഞ, പ്രദേശങ്ങളിലാണ് ഈ വിഭാഗത്തെ കാണാന്‍ സാധിക്കുക.
സാന്താളികളെപ്പോലെത്തന്നെ മണ്ണില്‍ പണിയെടുത്തു കഴിയുന്നവരാണ് മുണ്ട ജനവിഭാഗം. മണ്ണിനോടുള്ള അവരുടെ സ്നേഹം വെളിവാക്കുന്ന നിരവധി ആചാരങ്ങള്‍ ആ വിഭാഗത്തിന്റെ നിത്യ ജീവിതത്തിന്റെ ഭാഗമായുണ്ട്. ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍മ്മിച്ച 1882ലെ വന നിയമങ്ങള്‍ മറ്റ് ആദിവാസികളെയെന്നപോലെ മുണ്ട വിഭാഗത്തെയും കാടുകളില്‍ നിന്ന് അകറ്റുന്നതിന് കാരണമായി.
ജമീന്ദാര്‍മാരുടെയും വട്ടിപ്പലിശക്കാരുടെയും ഇരകളായി മാറുകയായിരുന്നു അവര്‍. പുനംകൃഷി പോലുള്ള കാര്‍ഷിക രീതികള്‍ അവലംബിച്ചു ജീവിച്ചിരുന്ന മുണ്ടകളെ സംബന്ധിച്ചിടത്തോളം ബ്രിട്ടീഷുകാരുടെ പെര്‍മെനന്റ് സെറ്റില്‍മെന്റ് ആക്ടും അനുബന്ധ നിയമങ്ങളും അവരുടെ വനമേഖലയിലെ സൈര്യസഞ്ചാരത്തിന് വിഘാതമായി മാറി. ആദിവാസികള്‍ക്കിടയില്‍ മതപരിവര്‍ത്തനം നടത്തുന്നതിനായി നിരവധി ക്രിസ്ത്യന്‍ മിഷണറിമാരും ഗവണ്‍മെന്റിന്റെ തീരുമാനങ്ങള്‍ ആദിവാസികളെ പഠിപ്പിക്കുന്നതിനുള്ള ഏജന്റുമാരായി പ്രവര്‍ത്തിക്കുകയായിരുന്നു.
ബംഗാള്‍ പ്രസിഡന്‍സിയില്‍ അങ്ങോളമിങ്ങോളം ലുതേരന്‍, ആഗ്ലിക്കന്‍, കാത്തലിക് മിഷണറിമാര്‍ തങ്ങളുടെ സ്വാധീനം ചെലുത്തിവന്നിരുന്നു. ഗവണ്‍മെന്റ് നയങ്ങള്‍ ഭൗതികജീവിതത്തിലും മിഷണറി പ്രവര്‍ത്തനങ്ങള്‍ അവരുടെ ആചാര-വിശ്വാസങ്ങളുടെ തലത്തിലും വന്‍തോതിലുള്ള ആഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന കാലമായിരുന്നു ഇത്. മതപരിവര്‍ത്തനം നടത്തിയ ക്രിസ്ത്യന്‍ മുണ്ടകളും ആദിവാസി മുണ്ടകളും തമ്മിലുള്ള ആന്തരിക സംഘര്‍ഷങ്ങള്‍ പോലും ഇക്കാലയളവില്‍ ഉണ്ടായിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ബ്രിട്ടീഷ് ഭരണകൂടം, ഭൂസ്വാമിമാര്‍, വട്ടിപ്പലിശക്കാര്‍, മിഷണറിമാര്‍ തുടങ്ങി പുറത്തുനിന്നെത്തിയ (ദിക്കൂസ്) വിവിധ വിഭാഗങ്ങള്‍ ആദിവാസികളെ ഉദ്ധരിക്കുവാനും, ചൂഷണം ചെയ്യുവാനും അവരുടെ മേല്‍ ആധിപത്യം ചെലുത്തുവാനും, വിശ്വാസപരമായ മേധാവിത്വം പുലര്‍ത്താനും ശ്രമിച്ചത് ആദിവാസി ജീവിതത്തെ കൂടുതല്‍ അസ്വസ്ഥമാക്കുവാന്‍ മാത്രമായിരുന്നു സഹായിച്ചത്. പരസ്പര സഹകരണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആദിവാസി വ്യവസ്ഥയിലേക്ക് നാണയ സമ്പദ്വ്യവസ്ഥയെ തിരുകിക്കയറ്റാനുള്ള ശ്രമങ്ങള്‍ നടന്നതും അവരുടെ സാംസ്‌കാരിക-സാമ്പത്തിക വിനിമയ രീതികളിന്മേല്‍ കനത്ത പ്രഹരമായിരുന്നു ഏല്‍പ്പിച്ചിരുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും പുറത്തുനിന്നുള്ളവരാല്‍ തയ്യാറാക്കപ്പെട്ട നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ട് ആദിവാസികളുടെ ജീവിതം കൂടുതല്‍ കൂടുതല്‍ ദുരിതമയമാകാന്‍ തുടങ്ങി. ഭൂമിയില്‍ നിന്നുള്ള ആദിവാസികളുടെ അന്യവല്‍ക്കരണത്തെ സംബന്ധിച്ച് പില്‍ക്കാലത്ത് നടത്തിയ പല പഠനങ്ങളും തെളിവുനല്‍കുന്നുണ്ട്.
1910ല്‍ സെന്‍ട്രല്‍ പ്രൊവിന്‍സില്‍ നടത്തിയ പഠനത്തില്‍ 3,614 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ ആദിവാസികള്‍ കൈവശം വെച്ച് അനുഭവിച്ചിരുന്ന ഏറ്റവും ഫലഭൂയിഷ്ഠമായ ഭൂമിയില്‍ കേവലം 11ശതമാനം മാത്രമേ ആദിവാസികളുടെ സ്വന്തമായുണ്ടായിരുന്നുള്ളൂ.(Bardhan, 197334) മറ്റ് ഭൂമിയെല്ലാം തന്നെ ആദിവാസികളുടെ കൈകളില്‍ നിന്നും ജമീന്ദാര്‍മാരും ജാഗീദാര്‍മാരും കബളിപ്പിച്ചെടുക്കുകയായിരുന്നു.
ജമീന്ദാരി സമ്പ്രദായം നിലനിര്‍ത്തുന്നതില്‍ ശുഷ്‌കാന്തി കാണിച്ച ബ്രിട്ടീഷ് സര്‍ക്കാര്‍ ഇത്തരം കൊള്ളകള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നു.
ബ്രിട്ടീഷ് ഭരണത്തിന്റെ കയ്പുകള്‍ നേരിട്ടറിഞ്ഞ ബിര്‍സാ മുണ്ട എന്ന ആദിവാസി യുവാവ് തന്റെ ജനത നേരിടുന്ന ചൂഷണങ്ങള്‍ക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കുവാന്‍ നിശ്ചയിച്ചു.
ക്രിസ്ത്യന്‍ മിഷണറി സ്‌കൂളില്‍ തേര്‍ഡ് ഫോറത്തില്‍ പഠിച്ചുകൊണ്ടിരുന്ന ബിര്‍സ, മുണ്ട ആദിവാസികള്‍ക്കെതിരായി അധിക്ഷേപം നിറഞ്ഞ ഭാഷ ഉപയോഗിച്ചതിന്റെ പേരില്‍ വിദ്യാഭ്യാസം തന്നെ ഉപേക്ഷിക്കുകയായിരുന്നു. ആദിവാസി ആത്മാഭിമാനത്തിന്റെ ഏറ്റവും ഉന്നതമായ ഉദാഹരണമായിട്ടാണ് മുണ്ടകള്‍ ഇതിനെ കാണുന്നത്. ഔപചാരികമായ വിദ്യാഭ്യാസം ബിര്‍സ ഉപേക്ഷിച്ചുവെങ്കില്‍ കൂടിയും സ്വപ്രയത്നത്തിലൂടെ ആദിവാസി ജനതയുടെ നേതൃത്വത്തിലേക്ക് ഉയരുകയായിരുന്നു.
‘ദിക്കു’കളുടെ ഭരണം തങ്ങളുടെ ജംഗ്ള്‍ മഹലിനെ മലിനമാക്കുന്നതായി ബിര്‍സ തിരിച്ചറിഞ്ഞു. ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരെയും ജമീന്ദാര്‍, ജാഗീദാര്‍, ടിക്കേദാര്‍ (വട്ടിപ്പലിശക്കാര്‍) എന്നിവര്‍ക്കെതിരെയും ആയുധം കയ്യിലെടുക്കുവാന്‍ ബിര്‍സ തീരുമാനിച്ചു. 1890ല്‍ ജംഗ്ള്‍ മഹല്‍ പ്രദേശത്ത് (ഛോട്ടാനാഗ്പൂര്‍) വ്യാപകമായ പ്രതിഷേധ പരിപാടികള്‍ക്ക് ബിര്‍സ തുടക്കമിട്ടു. ”അബുവാ രാജ് സ്തേ ജാനാ, മഹാറാണി രാജ് താണ്ടു ജാനാ” (മഹാറാണിയുടെ ഭരണം അവസാനിക്കട്ടെ, നമ്മുടെ ഭരണം പുനഃസ്ഥാപിക്കട്ടെ). ബ്രിട്ടീഷ് ഭരണത്തിനെതിരായി ബിര്‍സയുടെ ആഹ്വാനം ഇതായിരുന്നു.
ആദിവാസി കാര്‍ഷിക വ്യവസ്ഥയെ ജമീന്ദാരി സമ്പ്രദായത്തിലേക്ക് പരിവര്‍ത്തിപ്പിക്കാനുള്ള നീക്കത്തിനെതിരെയുള്ള തുറന്ന യുദ്ധത്തിനുള്ള ആഹ്വാനമായിരുന്നു ഇത്. ആദിവാസി കാര്‍ഷിക രീതികളോട് തികഞ്ഞ അവജ്ഞ കാണിച്ചിരുന്ന ബ്രിട്ടീഷ് ഭരണാധികാരികള്‍ ഉത്പാദന വര്‍ദ്ധനവിനായി ഛോട്ടാനാഗ്പൂര്‍ പ്രദേശങ്ങളില്‍ നിന്ന് ആദിവാസിയേതര വിഭാഗങ്ങളെ ഭൂമിയുടെ ഉത്തരവാദിത്വം ഏല്‍പ്പിക്കുകയായിരുന്നു.
ഭൂമിയുടെ മേലുള്ള പൊതു ഉടമസ്ഥത നിലനിര്‍ത്തിക്കൊണ്ടുള്ള ‘ഖുന്‍തഖാട്ടി’ (Khuntakttai) സമ്പ്രദായമായിരുന്നു മുണ്ടകള്‍ അടക്കമുള്ള ആദിവാസികള്‍ക്കിടയില്‍ നിലനിന്നിരുന്നത്. ഈ സമ്പ്രദായമനുസരിച്ച് കൃഷി ചെയ്യാനുള്ള ഭൂമിക്ക് പ്രത്യേക പരിധി നിശ്ചയിച്ചിരുന്നില്ല. പുറത്തുനിന്നുള്ള ഇടപെടല്‍ ശക്തമായതോടെ ആദിവാസികള്‍ക്ക് ഭൂമിയിന്മേലുള്ള അവകാശം പൂര്‍ണ്ണമായും നഷ്ടപ്പെടാന്‍ തുടങ്ങി.
ഛോട്ടാനാഗ്പൂര്‍ പ്രദേശത്തുള്ള 150ഓളം ഗ്രാമങ്ങളില്‍ ജാഗീദാര്‍മാര്‍ ഭൂമിയുടെ അധിപന്മാരായി മാറി. 1856 തൊട്ട് 74 വരെയുള്ള കാലയളവിലായിരുന്നു ഈ മാറ്റം. പുതിയ ഭൂവുടമസ്ഥതാ ബന്ധം ‘ബേത് ബേഗാരി’ (Beth Begariനിര്‍ബ്ബന്ധിച്ച് ജോലി ചെയ്യിക്കല്‍) സമ്പ്രദായം ശക്തമാക്കി. ഭൂമിയുടെ ഉടമകളായിരുന്ന ആദിവാസികള്‍ പതുക്കെ പതുക്കെ അടിമത്തൊഴിലാളികളായി മാറി.
തങ്ങളുടെ ഗോത്ര വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അനുരൂപമായിട്ടാണ് അദ്ദേഹം ജനങ്ങളെ സംഘടിപ്പിച്ചത്. ഒരു ജനതയെന്ന നിലയിലുള്ള തങ്ങളുടെ അസ്തിത്വത്തെ ഉറപ്പിച്ചുനിര്‍ത്താന്‍ ഇത് സഹായിക്കുമെന്ന് ബിര്‍സ വിശ്വസിച്ചിരുന്നു. തങ്ങള്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ ‘ജംഗ്ള്‍രാജ്’ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ബിര്‍സയുടെ നേതൃത്വത്തിലുള്ള ‘ഉല്‍ഗുലാനി’ന്റെ (സായുധപ്രക്ഷോഭം) തുടക്കം.
ഇതേ കാലയളവില്‍ തന്നെ സമൂദായ പരിഷ്‌കരണം അടക്കമുള്ള പ്രവര്‍ത്തനങ്ങളും ബിര്‍സ സംഘടിപ്പിച്ചിരുന്നു. കരം നല്‍കുന്നതടക്കമുള്ള പരിപാടികള്‍ നിര്‍ത്തിവെച്ചതോടെ ബ്രിട്ടീഷ് സര്‍ക്കാര്‍ ആദിവാസികള്‍ക്കെതിരെ സൈന്യത്തെ ഉപയോഗിക്കുവാന്‍ നിശ്ചയിച്ചു. 1895 ആഗസ്ത് 1ാം തീയ്യതി ബിര്‍സയുടെ പിതാവ് സുഗുണ മുണ്ട, മറ്റനേകം കൂട്ടാളികള്‍ എന്നിവരെ ബിര്‍സയോടൊപ്പം പോലീസ് അറസ്റ്റു ചെയ്തു. രണ്ട് വര്‍ഷത്തെ തടവും 40രൂപ പിഴയുമായിരുന്നു കോടതി വിധിച്ചത്.
1897ല്‍ ജയില്‍ മോചിതനായ ബിര്‍സ അടങ്ങിയിരിക്കുവാന്‍ കൂട്ടാക്കിയില്ല. ഇത്തവണ ക്രിസ്ത്യന്‍ മിഷണറിമാരെയും മതംമാറ്റം നടത്തിയ മുണ്ടകളെയും കൂടി എതിര്‍ചേരിയില്‍ നിര്‍ത്തി. പരമ്പരാഗത ആയുധങ്ങളുമായിട്ടായിരുന്നു ബിര്‍സയുടെ യുദ്ധം. ബിര്‍സയുടെ നേതൃത്വത്തില്‍ ‘ഫിരംഗി'(വെള്ളക്കാര്‍)കള്‍ക്കെതിരെ പ്രക്ഷോഭം നടക്കുന്നതറിഞ്ഞ് ആയിരക്കണക്കിന് ആദിവാസി യുവാക്കള്‍ ആയുധസജ്ജരായ കൂട്ടത്തോടെ ബിര്‍സയുടെ പാളയത്തിലേക്കെത്തിത്തുടങ്ങിയിരുന്നു.
1898 ഫെബ്രുവരി മാസത്തില്‍ ഗോണ്ട് വനമേഖലയില്‍ ഏഴായിരത്തോളം വരുന്ന ആദിവാസികള്‍ യോഗം ചേരുകയും ‘ജംഗ്ള്‍ രാജി’-നായി പോരാടുമെന്ന് ശപഥം ചെയ്യുകയും ചെയ്തു. തന്റെ കൈവിരലിലെ രക്തം നെറ്റിയില്‍ പതിച്ചുകൊണ്ടായിരുന്നു ബിര്‍സ ശപഥം ചെയ്തത്. ബന്ദ്ഗാവ്, സര്‍ഗുജ, ജാംജ്ഗീര്‍ തുടങ്ങിയ വനമേഖലകളില്‍ നിന്നുള്ള ആദിവാസികളായിരുന്നു ബിര്‍സയുടെ അനുയായികള്‍. ആദിവാസി അസ്തിത്വത്തെ മുറുകെപ്പിടിച്ചുകൊണ്ടുള്ള ആചാര രീതികളോടെയായിരുന്നു ഓരോ പദ്ധതിയും ബിര്‍സ ആസൂത്രണം ചെയ്തത്.
ഒരേ സമയം രാഷ്ട്രീയാധികാരത്തിനായുള്ള സമരം നയിക്കുന്നതോടൊപ്പം തന്നെ സാമൂഹികവും മതപരവുമായ മാനങ്ങളും ബിര്‍സയുടെ മുന്നേറ്റങ്ങള്‍ക്കുണ്ടായിരുന്നു. ‘ജംഗ്ള്‍രാജ്’ പ്രഖ്യാപനവും സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും മതപരിവര്‍ത്തനത്തിനെതിരായ നിലാപാടുകളും ഇതാണ് സൂചിപ്പിക്കുന്നത്.
1899 ക്രിസ്തുമസ് ദിനത്തില്‍ ബ്രിട്ടീഷ് സൈന്യത്തെ ആക്രമിക്കുവാന്‍ ബിര്‍സയും സംഘവും തീരുമാനിച്ചു. തങ്ങളുടെ സ്വയംഭരണ പ്രദേശങ്ങളില്‍ നിന്ന് പിന്മാറാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ അവഗണിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. ആക്രമണ പദ്ധതി നടപ്പില്‍ വരുത്തിയതിന് ശേഷമായിരുന്നു സൈന്യത്തിന് ഇതേക്കുറിച്ചുള്ള വിവരം ലഭിച്ചത്! പോലീസ് സ്റ്റേഷനുകളും ചര്‍ച്ചുകളും ആക്രമിക്കപ്പെട്ടു.
റാഞ്ചി-സിങ്ഭം പ്രദേശങ്ങളില്‍ ആദിവാസികള്‍ വന്‍തോതിലുള്ള പ്രക്ഷോഭം ആരംഭിച്ചിരുന്നു. ജനുവരി മാസം പ്രക്ഷോഭകാരികള്‍ റാഞ്ചിയിലുള്ള ബ്രിട്ടീഷ് കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന ഊഹാപോഹങ്ങള്‍ വ്യാപകമായി പ്രചരിക്കുകയുണ്ടായി. വനമേഖലയില്‍ ആദിവാസികള്‍ക്കുള്ള പരിചയവും ഒളിപ്പോരിലുള്ള പ്രാഗത്ഭ്യവും ബ്രിട്ടീഷ് സൈന്യത്തെ വല്ലാതെ കഷ്ടപ്പെടുത്തി.
1900 ജനുവരി 1ാം തീയ്യതി സൈന്യം ഗ്രാമം വളയുകയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന 2000ത്തോളം വരുന്ന ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. പരമ്പരാഗത ആയുധങ്ങളായ അമ്പും വില്ലുമായിരുന്നു ആദിവാസികളുടെ കയ്യിലുണ്ടായിരുന്നത്. ആധുനിക ആയുധങ്ങള്‍ക്ക് മുന്നില്‍ തോല്‍ക്കാനായിരുന്നു അവരുടെ വിധി. എങ്കില്‍പ്പോലും പരാജയം സമ്മതിക്കാനോ കീഴടങ്ങാനോ തയ്യാറാകാതെ അവസാനത്തെ അമ്പും നഷ്ടമാകുംവരെ ആ ധീരന്മാര്‍ പോരാടി. നൂറുകണക്കിന് ആദിവാസികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുത്തേണ്ടി വന്നു. ‘ഹുംബാരി-ബുരുജ് കൂട്ടക്കൊല’ എന്ന പേരിലായിരുന്നു ഇത് അറിയപ്പെട്ടത്.
ഫെബ്രുവരി 3ാം തീയ്യതി ബിര്‍സയെയും കൂട്ടാളികളെയും പോലീസ് അറസ്റ്റുചെയ്തു. 25ാമത്തെ വയസ്സില്‍ ജയിലില്‍ വെച്ച് ബിര്‍സ മുണ്ട മരണപ്പെട്ടു. ബിര്‍സയെ കൊലപ്പെടുത്തിയതാണെന്ന് ആദിവാസികള്‍ വിശ്വസിക്കുന്നു.
മുണ്ട ആദിവാസികളെ സംബന്ധിച്ചിടത്തോളം ബിര്‍സ ആത്മാഭിമാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമാണ്. ‘ഭഗവാന്‍ ബിര്‍സ’ എന്നാണ് ബിര്‍സ മുണ്ട ആദിവാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ബിര്‍സയുടെ നേതൃത്വത്തില്‍ നടന്ന ‘ഉല്‍ഗുലാന്‍’ പിന്നീട് നടന്ന ആദിവാസി പോരാട്ടങ്ങള്‍ക്ക് കരുത്തുപകരുന്നതായി മാറി. മുണ്ട പ്രക്ഷോഭമുണ്ടാക്കിയ പരിക്കുകള്‍ ഉണക്കാനും ആദിവാസികള്‍ക്കിടയില്‍ വിശ്വാസം വീണ്ടെടുക്കാനും വേണ്ടി ബ്രിട്ടീഷ് ഗവണ്‍മെന്റ് പിന്നീട് നിരവധി ശ്രമങ്ങള്‍ നടത്തുകയുണ്ടായി.
കെ.സഹദേവന്‍ രചിച്ച ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും ആദിവാസികളും എന്ന പുസ്തകം
1902-10 കാലയളവില്‍ നടന്ന സര്‍വ്വേകളും സെറ്റില്‍മെന്റ് പദ്ധതികളും 1908ലെ ഛോട്ടാ നാഗ്പൂര്‍ ടെനന്‍സി ആക്ടും ഒക്കെ ഈ ശ്രമത്തിന്റെ ഭാഗമായി. ‘ദിക്കു'(പുറത്തുനിന്നുള്ളവര്‍)കളും കൊളോണിയല്‍ ഗവണ്‍മെന്റും ഒരുമിച്ച് ചേര്‍ന്ന് ആദിവാസികളുടെ കാര്‍ഷിക-ജീവിതാടിത്തറ തകര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കെതിരായുള്ള മുന്നേറ്റം എന്ന നിലയില്‍ തന്നെയാണ് ബിര്‍സയുടെ നേതൃത്വത്തില്‍ ഉരുത്തിരിഞ്ഞ പ്രക്ഷോഭങ്ങളെ കാണേണ്ടത്.
തങ്ങളുടെ കൈകളില്‍ നിന്നും എടുത്തുമാറ്റപ്പെട്ടുകൊണ്ടിരുന്ന ഭൂഅവകാശത്തെ സംരക്ഷിക്കുവാനുള്ള ഉറച്ച പോരാട്ടമായിരുന്നു അത്. നഷ്ടപ്പെട്ട ‘മാതൃരാജ്യം’ തിരിച്ചുപിടിക്കുക എന്നതായിരുന്നു മുണ്ട പ്രക്ഷോഭത്തിന്റെ ഉള്ളടക്കം. ഭൂമിക്കായുള്ള പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതുകൊണ്ടുതന്നെയായിരുന്നു ബിര്‍സയെ ‘ധരതി ആബ’ (ഭൂമിയുടെ പിതാവ്) എന്ന് ആദിവാസികള്‍ വിശേഷിപ്പിക്കുന്നതും. ഭൂമിയെ കച്ചവടത്തിനുള്ള ഉപാധിയായി കാണുന്നവരെ ‘ദിക്കു’ (Aliens) കളായി പരിഗണിക്കുന്നത് ഇതുസംബന്ധിച്ച വീക്ഷണപരമായ വ്യതിയാനം നിലനില്‍ക്കുന്നതുകൊണ്ടുതന്നെയാണ്.
കെ.സഹദേവന്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും ആദിവാസികളും എന്ന പുസ്‌തകത്തിന് കടപ്പാട്
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Who was Birsa Munda